2011, നവംബർ 19, ശനിയാഴ്‌ച

പണ്ഡിറ്റ്‌ VS പണ്ഡിതന്മാര്‍


എവിടെ നോക്കിയാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഇതു ചാനല്‍ തുറന്നാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഒടുവില്‍ ഒരു അവാര്‍ഡും. അതും ധീരതയ്ക്ക്. അവിരാമവും ഇന്ന് സന്തോഷ്‌ പണ്ടിറ്റിനെ കുറിച്ചാകട്ടെ. അയാളെക്കുറിച്ച് പറയരുത്, വെറുതെ എന്തിനാ അയാള്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത് എന്നൊക്കെ ചില പണ്ഡിതന്മാര്‍ പറയുന്നുണ്ട്. സന്തോഷ്‌ പണ്ടിട്ടിന്റെ കൃഷ്ണനും രാധയും എന്ന സിനിമയുടെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണ്, ആ സന്തോഷ്‌ പണ്ടിട്ടിനു വട്ടാണ് എന്നൊക്കെ ചില സിനിമ ബുദ്ധിജീവികള്‍ പറഞ്ഞത് ഞാനും കേട്ടു. എന്നാല്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാതെ വയ്യ. 

സിനിമയില്‍ അഭിനയിക്കുക അല്ലെങ്കില്‍ സിനിമയുടെ ഭാഗമാകാന്‍ പറ്റുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ സിനിമ മോഹങ്ങള്‍ 90% മലയാളി ചെറുപ്പക്കാര്‍ക്കും ഉണ്ട്. പക്ഷെ അതില്‍ 20 % മാത്രമേ അതിനു വേണ്ടി കഷ്ടപ്പെടുകയുള്ളൂ. വളരെ കുറച്ചു പേര്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ. ബാക്കി ഉള്ളവര്‍ തങ്ങളുടെ ആ ആഗ്രഹം മനസ്സിലൊതുക്കി തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകും. ഇവരില്‍ കഴിവുള്ളവരും, കഴിവില്ലാത്തവരും, സുന്ദരന്മാരും, അല്ലാത്തവരും, വെളുത്തവരും, കറുത്തവരും എല്ലാവരും ഉണ്ടാകും. നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്താണ് ചെയ്തത്. സ്വന്തമായി ഒരി സിനിമ നിര്‍മ്മിച്ച്‌, സംവിധാനവും, പാട്ടുകളും ഉള്‍പ്പടെ ഏതാണ്ടെല്ല ജോലിയും ഒറ്റയ്ക്ക് ചെയ്തു ഒരു സിനിമ പുറത്തിറക്കിയിരിക്കുന്നു. ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡോ സര്‍ക്കാരോ ഒരു വിലക്കും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവുകയും ചെയ്തു. ഒരു സിനിമ സൂപ്പര്‍ ഹിറ്റ്‌ ആകുന്നതു ജനം കാണുമ്പോഴും സാമ്പത്തികമായി ലാഭം കൊയ്യുംബോഴും ആണ്. അങ്ങനെ നോക്കിയാല്‍ ഈ ചിത്രം മെഗാ ഹിറ്റ്‌ ആണ്. ഭരതന്റെയും പദ്മരാജന്റെയും സിനിമ കാണുന്നത് പോലെ ഇത് കാണരുത്. കാരണം ഇത് ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍(ഒരു സിനിമ സെറ്റ് പോലും കണ്ടിട്ടില്ലത്തവന്‍) ചെയ്ത സിനിമയാണ്. വെറുതെ ചെയ്തതല്ല. മുഴുവന്‍ ജോലിയും ഒറ്റയ്ക്ക് ചെയ്തു. 

സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌.
'എനിക്കിങ്ങനെ മാത്രമേ സിനിമയെടുക്കാന്‍ അറിയൂ, എന്റെ സിനിമ കാണാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടോ' എന്ന് ചോദിക്കുന്ന മൌലിക സ്വാതന്ത്ര്യത്തിനു ഒരു സലാം പറയാതെ വയ്യ. സിനിമ നടന്‍ സുന്ദരനായിരിക്കണം, പാട്ടുകള്‍ രാഗസാന്ദ്രമായിരിക്കണം എന്നൊക്കെ വാശി പിടിക്കാന്‍ നമ്മളെ പഠിപ്പിച്ചവര്ക്ക് മുഖമടച്ചു ഒരു അടി കൊടുത്തിട്ട് മുന്നോട്ടു പോകുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ അത്രവലിയ ഒരു കോമാളിയാണെന്ന് അങ്ങനെ അങ്ങ് സമ്മതിക്കാന്‍ ആവില്ല. ഇന്‍റര്‍നെറ്റ് കാലത്ത് അടയാളപ്പെടുത്തപ്പെടേണ്ട ആള്‍ തന്നെയാണ് ശ്രീ പണ്ഡിറ്റ്‌‌. മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."
ഇതര സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്തവിധം 'വിവാഹ ആല്ബം' പിടിക്കുന്ന ഒരു സംസ്കാരം മലയാളിക്കുണ്ട്‌. കല്യാണം കഴിഞ്ഞുള്ള ഒരു ചെറിയ പ്രണയ നാടകം (പെണ്ണും ചെക്കനും സുന്ദരനാണോ സുന്ദരിയാണോ, ചെക്കന്റെ പല്ല് പൊങ്ങിയതാണോ എന്നത് ഇവിടെ വിഷയമല്ല). പ്രണയത്തെ അത്രകണ്ട് ഇന്നും അംഗീകരിച്ചു തരാത്ത മലയാളികള്ക്ക് ഈ വിവാഹ ആല്ബം വലിയ വീക്നെസ് ആണ്. ചില വീടുകളില്‍ ചെന്നാല്‍ മക്കളുടെ ഹണീമൂണ്‍ ഫോട്ടോ വീട്ടീല്‍ വരുന്നവരെ എല്ലാം ഇരുത്തി കാണിക്കും. വീട് സന്ദര്ശനങ്ങളിലെ ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങ് കൂടി ആണ് ഇത്. വീണു കിടക്കുന്ന മരത്തിന്റെ മുകളില്‍ കയറി നിന്നും, കൈതക്കാട്ടിന്റെ ഓരത്ത് ഇരുന്നു മുള്ള് കടിച്ചുകൊണ്ടും നവവധുവിന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന പുത്തന്‍ ഭര്ത്താവും, ഭാര്യയുടെ കയ്യും പിടച്ചു അടുത്തുള്ള തോട്ടുവക്കത്തോ കുളത്തിന്റെ കരയിലോ ഒക്കെ പോയിരുന്നു ആടുന്ന...പാടുന്ന ശൃംഗാരചേഷ്ടകള്‍, റബ്ബര്‍ മരത്തിന്റെ ഇടയിലൂടെയും തെങ്ങിന്‍ തടത്തില്‍ നിന്നും ഒക്കെ നിന്നുകൊണ്ട് വീഡിയോ എടുക്കുന്ന - അത് അഭിമാനത്തോടെ അവതരിക്കപ്പെടുമ്പോള്‍ ആ വീട്ടുകാരില്‍ പ്രകടമാകുന്ന അഭിമാനത്തേക്കാള്‍ ചെറുതാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ അഭിമാനം എന്ന് കരുതുന്നത് മോശമല്ലേ?
വാല്‍ക്കഷ്ണം :- സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ഒരൊറ്റ ചിത്രത്തിലെ ഭേദപ്പെട്ട അഭിനയത്തിന്‍റെ പേരും പറഞ്ഞു നടന്‍ ബാബുരാജ്‌ സന്തോഷ്‌ പണ്ഡിറ്റ്‌നു എന്ത് തരം മനോരോഗം ആണെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു.പ്രസ്തുത ചിത്രം മാറ്റി വെച്ചാല്‍ പിന്നെ അദേഹം ഗുണ്ടയായും മറ്റും അഭിനയിച്ച തല്ലിപ്പൊളി ചിത്രങ്ങളുടെ നീണ്ട നിരയും. പോരാത്തതിനു നമ്മെയൊക്കെ സംവിധാനം ചെയ്തു അനുഗ്രഹിച്ച മനുഷ്യ മൃഗം ടൈപ്പ് പടങ്ങളും ആണ് ബാക്കി എന്നോര്‍ക്കുക.

2011, നവംബർ 9, ബുധനാഴ്‌ച

മരുന്ന് കച്ചവടത്തിലെ ചില ഉള്ളുകളികള്‍

കഴിഞ്ഞദിവസം എന്റെ സഹോദരിയുടെ കുഞ്ഞിനു ചെറിയ പനിയും ജലദോഷവും കാരണം തിരുവനന്തപുരത്തെ പെരൂര്കട ഗവണ്മെന്റ് ആശുപത്രിയില്‍ കാണിച്ചു. അവിടുത്തെ ഡോക്ടര്‍ ഒരു മരുന്നിനു കുറിച്ചു. ആ കുറിപ്പടിയുമായി ഞാന്‍ പെരുര്കട പരിസരത്തും, മെഡിക്കല്‍ കോളേജ് പരിസരത്തും ഉള്ള സര്‍വമാന മെഡിക്കല്‍ സ്റൊരുകളും കയറി ഇറങ്ങി. അവരാരും ഈ മരുന്നിന്റെ പേര് പോലും കേട്ടിട്ടില്ലത്രെ. എന്ത് ചെയ്യാം വീണ്ടും ഞാന്‍ തപ്പിയിറങ്ങി. 
                                              ഒടുവില്‍ അമ്പലമുക്കിലെ ഒരു മെഡിക്കല്‍ സ്റൊരില്‍ നിന്നും മരുന്ന് കിട്ടി. തിരുവനന്തപുരത്തെ ഏതാണ്ട് നൂറോളം വരുന്ന മെഡിക്കല്‍ സ്റൊരുകളില്‍ കയറിയിറങ്ങിയ എനിക്ക് ആശ്വാസമായി. മരുന്ന് കിട്ടിയല്ലോ. ഞാന്‍ വെറുതെ ഈ മരുന്നിനെകുരിച്ചു ഒന്ന് അന്വേഷിച്ചു. അത് ഒരു പോഷക ‌ ടോണിക് ആണ്. അതെ രാസനാമം ‍ ഉള്ള മരുന്നുകള്‍ വേറെ ധാരാളം ഉണ്ട്. പക്ഷെ വേറെ കമ്പനി ആണ്. ഈ മരുന്ന് ഒരു കമ്പനി പുതിയതായി ഇറക്കിയതാണ്. അതുകൊണ്ടാണ് ബാക്കി ഉള്ള മെഡിക്കല്‍ സ്റൊരിലോന്നും ഇത് കിട്ടാഞ്ഞത്. അപ്പോഴാണ് ഡോക്ടര്‍മാര്‍ ചെയ്യുന്ന ഈ ചതി മനസ്സിലായത്. മരുന്ന് കമ്പനിയില്‍ നിന്നും കമ്മീഷന്‍ വാങ്ങി ജനങ്ങളെ കബളിപ്പിക്കുകയാണ് അയാള്‍ ചെയ്തത്. അപ്പോള്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംഫാം ചെയ്യുന്ന എന്റെ സുഹൃത്തിനോട് ഈ മരുന്നിനെക്കുറിച്ച് തിരക്കി. ഇതേ രാസനാമം ‍ ഉള്ള വേറെ നല്ല മരുന്നുകള്‍ ഇതിന്റെ പകുതി വിലക്ക് ലഭ്യമാണ് എന്നറിയാന്‍ കഴിഞ്ഞു. ആ മരുന്ന് അമ്പലമുക്കിലുള്ള കടയില്‍ തിരിച്ചേല്‍പ്പിച്ചു പൈസയും വാങ്ങി അതെ കൊമ്ബിനഷന്‍ ഉള്ള വില കുറഞ്ഞ മരുന്ന് വേറെ കടയില്‍ നിന്ന് ഞാന്‍ വാങ്ങി സ്ഥലം വിട്ടു. 
                                        ഇവിടെ ഡോക്ടര്‍മാരും മരുന്ന് കമ്പനികളും തമ്മിലുള്ള കരാറിന്റെ പുറത്താണ് എല്ലാ മരുന്നുകളും വില്‍ക്കപെടുന്നത്. മെഡിക്കല്‍ നിയമമനുസരിച്ച് മരുന്നുകളുടെ ബ്രാന്റ് നാമം ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുവാന്‍ പാടില്ല. രാസനാമം മാത്രമേ കുറിച്ചു കൊടുക്കാവൂ. പക്ഷേ, ഈ നിയമമൊക്കെ കടലാസ്സില്‍ കിടക്കുകയാണ്. പാവം രോഗികള്‍! ഡോക്ടര്‍മാര്‍ കമ്മീഷന്‍ വാങ്ങി കുറിച്ചു കൊടുക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍മാരുടെ അളിയന്‍മാരുടെയും കാമുകിമാരുടെയും കടകളിലോ ഡോക്ടര്‍മാര്‍ക്കും മരുന്നു കമ്പനികള്‍ക്കും ബന്ധമുള്ള മറ്റു മരുന്നു കടകളിലോ പോകണം. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആരോഗ്യ നയത്തിനുവേണ്ടി മുറവിളി തുടങ്ങിയിട്ട് കാലം കുറേയായി.
                                               ഒരു ചെറിയ ഉദാഹരണം നോക്കാം . എന്റെ എം ഫാം സുഹൃത്ത്‌ പറഞ്ഞതാണ്‌. ഓമീപ്രസോള്‍ (OMEPRAZOLE) എന്ന അള്‍സര്‍ മരുന്നു omez, omezone, poppi, ometab, omate,എന്നിങ്ങനെ ഇരുപതിനുമേല്‍ ബ്രാന്റുകളായി കേരളത്തില്‍ മാത്രം കിട്ടും. ഇതിലെല്ലാം ഒരേ ഉള്ളടക്കം – ഓമീപ്രസോള്‍; വിലയില്‍ വളരെ വ്യതാസവും. കൂടുതല്‍ ഡോക്ടര്‍മാരും വിലകൂടിയ poppi  കുറിച്ചു നല്‍കുന്നു. ഡോക്ടര്‍ക്ക് പേനയില്‍ തുടങ്ങി ഡി.വി.ഡീ പ്ലേയറും, ഫ്രിഡ്ജം, വിദേശയാത്രാ സ്പോണ്‍സര്‍ഷിപ്പും എന്തിനു മക്കളുടെ കല്യാണത്തിനു ഗിഫ്റ്റ് വരെ നീളുന്ന “കോമ്പ്ലിമെന്റ്” എന്ന ഓമനത്തമുള്ള കൈക്കൂലി.പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ അടക്കം ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. മരുന്നു കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ‘സൌജന്യ‘ മെഡിക്കല്‍ ക്യാമ്പുകള്‍ ആണ് അവരുടെ മറ്റൊരു ചതി.
                                   ഇതിനെതിരെ നമുക്ക് ഒന്ന് ചെയ്യാന്‍ പറ്റും. ഡോക്ടര്‍ എഴുതുന്ന കമ്പനിയുടെ മരുന്നുകള്‍ വാങ്ങാതെ അതെ രാസനാമം ഉള്ള വേറെ മരുന്നുകള്‍ വാങ്ങുക. ഇങ്ങനെ മാത്രമേ നമുക്ക് ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ പറ്റൂ. അങ്ങനെ വാങ്ങുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. ഡോക്ടര്‍മാരോട് മരുന്നിന്റെ രാസനാമം മാത്രം എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്യാം. നാം അറിയാതെ നമ്മെ വഞ്ചിക്കുന്ന ഡോക്ടര്‍മാരോട് ഇങ്ങനെ നമുക്ക് പ്രതിഷേധിക്കാം.