2010, ജൂലൈ 31, ശനിയാഴ്‌ച

ആള്‍ ദൈവങ്ങളേ എന്നെക്കൂടി രക്ഷിക്കണേ.

 പുരാണങ്ങള്‍ പ്രകാരം മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണത്രേ ഉള്ളത്. ഇത് പഴയ കണക്ക്. ഇപ്പോള്‍ ഇത്രയൊന്നുമല്ല. ദൈവങ്ങളുടെ ജനസംഖ്യയിലും (ദൈവസംഖ്യ ?) വന്‍ വര്‍ധനവ്‌ ആണ് ഉണ്ടായിരിക്കുന്നത്. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,02,87,37,436  ആണ്.  ഇപ്പോളത്  ഇരുപത് ശതമാനമെങ്കിലും കൂടിയിട്ടുണ്ടാവും. കഴിഞ്ഞ സെന്‍സസ് പ്രകാരം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 21.54 %. 2011 ലെ സെന്‍സസില്‍ ആള്‍ദൈവങ്ങളുടെ/സ്വാമിമാരുടെ  കണക്ക് കൂടി എടുക്കുകയാണെങ്കില്‍ ദൈവങ്ങളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ്‌ കൂടി മനസിലാക്കാനും അതിന് വ്യാപകമായ പ്രചാരം നല്‍കി ആത്മീയ - ഭക്തി ടൂറിസം വളര്‍ത്തുവാനും കഴിയുന്നതാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാളും അധികം ആയിരിക്കും ദൈവസംഖ്യാ വളര്‍ച്ചാ നിരക്ക് എന്നുള്ളതില്‍ സംശയമില്ല. എങ്കിലും വളര്‍ച്ചാ  ഗ്രാഫ് ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ ഇടക്കാലത്ത് ഒരു ഇടിവ് കാണാവുന്നതാണ്. അതിനു കാരണമായി വന്നത് സന്തോഷ്‌ മാധവ സ്വാമി, സ്വാമി ഹിമവല്‍ ഭദ്രാനന്ദ, മാതാ ദിവ്യാ ജോഷി തുടങ്ങിയവരുടെ ശനിദശ  ആണെന്ന്  കാണാം. സ്വാമി നിത്യാനന്ദ തിരുവടികള്‍  സന്യാസം താത്കാലികമായി ഉപേക്ഷിച്ചുവെന്നും കേള്‍ക്കുന്നു. ശിഷ്യ ഗണങ്ങള്‍ വഴിയാധാരമാകാതെ മറ്റേതെങ്കിലും ദൈവങ്ങള്‍ ഏറ്റെടുത്താല്‍ മതിയായിരുന്നു.
                ദൈവമില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആള്‍ദൈവങ്ങള്‍. കാണാം. സംസാരിക്കാം. അനുഗ്രഹങ്ങള്‍ വാങ്ങാം. ചില്ലറ ചെലവ് ഉണ്ടാവും. അത് പിന്നെ എല്ലാത്തിനും വിലക്കയറ്റം ഉള്ള കാലം അല്ലേ.  ആള്‍ദൈവങ്ങള്‍/അവതാര പുരുഷന്മാര്‍ ജനിച്ചത്‌ ഭൂമിയില്‍ സമാധാനം പുന:സ്ഥാപിക്കുവാനാണ് എന്നതില്‍ സംശയമില്ല. ഇത്തരം ആള്‍ദൈവ അവതാരപുരുഷന്മാര്‍ എല്ലാ മതങ്ങളിലും കാണപ്പെടുന്നു.ഇവര്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ശിഷ്യര്‍ ആയി സ്വീകരിച്ചു വരുന്നു.   ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന സ്വാമി ഇടയ്ക്ക് എല്ലാ മതങ്ങളിലെയും ദൈവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം ആലപിക്കുന്നു. അതോടെ മത സൌഹാര്‍ദ്ദം ആയി.  എത്ര വിദേശ ശിഷ്യന്മാര്‍ ഉണ്ട് ? വിദേശങ്ങളില്‍ എത്ര ആശ്രമങ്ങള്‍ / ക്ഷേത്രങ്ങള്‍ ഉണ്ട് ? എന്നത് ഇത്തരം ദൈവങ്ങളുടെ പൊക്കം അളക്കുവാന്‍ ഉള്ള അളവുകോല്‍ ആയി പരിഗണിക്കപ്പെടുന്നു. ഇവരുടെ വാസസ്ഥാനങ്ങളെ ആശ്രമം / ക്ഷേത്രം (ഫൈവ് സ്റ്റാര്‍) എന്ന് വിളിക്കപ്പെടുന്നു.  ഇവരുടെ പ്രഥമ ശിഷ്യരായി സമൂഹത്തിലെ ഉന്നതകുല ജാതര്‍ വരുകയും തുടര്‍ന്ന് താഴെ തട്ടിലുള്ളവര്‍  അണി ചേരുകയും ചെയ്യുന്നു. കള്ളപ്പണക്കാരന്‍ മനശാന്തിക്കായി മുട്ടുകുത്തി കിടക്കുന്നതിനെ കാവ്യ നീതി ആയി കണക്കാക്കാവുന്നതാണ്.  രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, കായികതാരങ്ങള്‍, ബിസിനെസ്കാര്‍ തുടങ്ങിയവരെല്ലാം സ്വാമിയുടെ അനുഗ്രഹം വഴി കൂടുതലായി വല്ലതും തടഞ്ഞാലോ എന്ന് കരുതി ശിഷ്യത്വം കൈക്കൊള്ളുന്നു. ആശ്രമത്തിലെ ടെലിഫോണ്‍ ബൂത്ത്‌  ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍   പ്രസിഡന്റ്‌ വരെ  വരുന്നു.
            ഇതൊക്കെ വായിച്ചു ഏതെങ്കിലും സ്വാമിയുടെ ശിഷ്യന്‍ ആയി ആശ്രമത്തില്‍ കഴിയാം എന്ന് കരുതി ചെല്ലുന്നവര്‍ ദയവായി താമസതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കുവാനുള്ള തുക കൂടി കരുതേണ്ടതാണ്. കാശ് ഇല്ലാത്തവര്‍ ശിഷ്യത്വം സ്വീകരിക്കുവാന്‍ യോഗ്യര്‍ അല്ലതന്നെ. ചില സ്വാമി/ ദൈവങ്ങളാകട്ടെ കോഴ്സുകള്‍ നടത്തുന്നു. പഠിക്കുവാന്‍ ഫീസ് കൊടുക്കേണ്ടതാണ്. എന്നാല്‍ സ്വാമിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്ക് മൂല്യം പണം ആയി കണക്കാക്കുന്നതല്ല. അത് ഗുരുസേവ ഇനത്തില്‍ വരവ് വെക്കുന്നതാണ്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയെങ്കിലും ചിലരൊക്കെ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. അതുമല്ല, ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് പോലെ വല്ല അരിയോ ഗോതമ്പോ തരാന്‍ പറഞ്ഞാല്‍ വലഞ്ഞത്‌ തന്നെ. (മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ ജഗതി സ്വാമി ഇങ്ങനെ ഒരു കെണിയില്‍  പെട്ടിരുന്നു )
           സ്വദേശത്തു നിന്നും വിദേശത്ത് നിന്നും കിട്ടുന്ന കോടികളുടെ കണക്ക് ആരും ചോദിക്കാത്തത് കൊണ്ട് മാത്രമാണ് പറയാത്തത്. അധ്വാനിച്ചു ഉണ്ടാക്കുന്നതിനു മതിയല്ലോ ടാക്സ് കൊടുക്കുന്നത്. കിട്ടുന്ന കോടികളുടെ ഒരു അഞ്ച് - പത്ത് ശതമാനം ആശുപത്രി, സ്കൂള്‍ എന്നൊക്കെ പറഞ്ഞു ചെലവാക്കാറുണ്ട്‌. അതൊരു ചൂണ്ട ആണ്. ചെറിയ മീനിട്ട് വലിയ മീനെ പിടിക്കുന്ന രീതി. ദാനവുമായി, ധര്‍മവുമായി. എന്തൊക്കെ വേലത്തരങ്ങള്‍ ആണെങ്കിലും ഇത്രയൊക്കെ പൊതുജന സേവനം ചെയ്യുന്നില്ലേ എന്ന് പൊതുജനം. മോഷണ മുതലില്‍ കുറെ ദാനം ചെയ്തുവെന്ന് വച്ച് മോഷണം മോഷണമല്ലാതെ ആകുന്നില്ലല്ലോ. അതല്ല, ഒരു സംശയം. എന്തിനാണ് സര്‍വസംഗ പരിത്യാഗികള്‍ ആയ സന്യാസി വര്യന്മാര്‍ക്ക് ഇത്ര പണം ?  ഫിലിപൈന്സിലെ ഇമെല്ട മാര്‍കോസിനെ തോല്‍പ്പിക്കുന്ന ആഡംബരങ്ങള്‍ ? 
           തുടങ്ങിയിടത് നിന്ന് വഴി മാറിപ്പോയി. ആള്‍ദൈവങ്ങളുടെ എണ്ണത്തെ പറ്റി ആയിരുന്നു പറഞ്ഞു വന്നത്. സ്വാമിമാരുടെ മാന്ദ്യ കാലം കഴിഞ്ഞുവെന്നും ഭാവി നല്ലതായിരിക്കുമെന്നും കരുതാം.  ഇപ്പോള്‍ മുക്കിനു മുക്കിനു സപ്താഹം തുടങ്ങിയത് കാരണം പ്രഭാഷണത്തിന് ആളെ കിട്ടാതായത് ചെറിയ സ്വാമിമാര്‍ക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അല്പം പുരാണം, അല്പം ഇതിഹാസം, അല്പം സംസ്കൃതം പിന്നെ ഇതൊക്കെ ശാസ്ത്രീയം എന്ന് സ്ഥാപിക്കുവാന്‍ കുറച്ചു സയന്‍സ് - അതും ഇംഗ്ലീഷില്‍. ഇത്രയൊക്കെ മതി.  ലോക്കല്‍ സ്വാമിമാരും ആള്‍ദൈവങ്ങളും ഫസ്റ്റ് ഗ്രേഡ് ആകുന്ന കാലം വിദൂരമല്ല. ആള്‍ ദൈവങ്ങളേ എന്നെ രക്ഷിക്കണേ. 

2010, ജൂലൈ 30, വെള്ളിയാഴ്‌ച

രണ്ടു കവിതകള്‍

ഒന്ന് - ഒറ്റയ്ക്ക് 
ഒറ്റയ്ക്ക് യുദ്ധം ചെയ്യുക ദുഷ്കരമാണ്
ഒന്ന് തളര്‍ന്നാല്‍ ...ഒന്ന് കാലിടറിയാല്‍...
ഒരു പിന്താങ്ങ് നല്കാന്‍ ആരുമില്ല

യുദ്ധതന്ത്രം മെനയുമ്പോള്‍ കൂടി ആലോചിക്കുവാന്‍ ...
ശത്രുവിന്റെ നീക്കം മുന്‍കൂട്ടി അറിയിക്കുവാന്‍ ...
ആരുമില്ലാത്ത യുദ്ധം ദുഷ്കരം തന്നെ.
ഇതെല്ലം അറിഞ്ഞിട്ടും ഞാന്‍ തനിച്ചു
യുദ്ധം ചെയ്തു കൊണ്ടേയിരുന്നു...രണ്ടു - മരണം
ഞാന്‍ ജനിച്ചപ്പോള്‍ നീയും ജനിച്ചു
നീ എന്‍റെ ഇരട്ടയാണ്...
പക്ഷെ നമ്മള്‍ മുഖതാവില്‍ കണ്ടതേയില്ല
എന്‍റെ വളര്‍ച്ചയില്‍ നീ തളര്‍ന്നു
നിന്റെ വളര്‍ച്ചയില്‍ ഞാനും
അങ്ങനെ നമ്മള്‍ മത്സരിച്ചു വളര്‍ന്നു വളര്‍ന്നു ..
നീയെന്നെ തോല്പിച്ചപ്പോള്‍ ഞാന്‍ ഇല്ലാതായി.

2010, ജൂലൈ 21, ബുധനാഴ്‌ച

തോറ്റവരുടെ സുവിശേഷം

എന്ന പോസ്റ്റിനു മറുപടിയായി സുമേഷില്‍ നിന്നും നിറയെ വിമര്‍ശനങ്ങള്‍ എനിക്ക് ലഭിച്ചു.  അതിനുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
നമ്മുടെ വിദ്യാഭാസ രീതിയിലെ പിഴവുകള്‍ പകല്‍ പോലെ സ്പഷ്ടമാണ്
 സാഹിത്യത്തില്‍ P.G. യോ, പോസ്റ്റ് ഡോക്ടറല്‍ ബിരുദമോ നേടിയാലും ഒരു വരിപോലും എഴുതാന്‍ കഴിയാ ത്തവരെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ സൃഷ്ടിച്ചു വിടുന്നത്. ഏതുവിഷയത്തിലാണെങ്കിലും ഇതു തന്നെ അവസ്ഥ. ഇന്നത്തെ വിദ്യാഭ്യാസം കേവലം വിവരശേഖരണത്തില്‍ മാത്രം ഒതുങ്ങുന്നു. ഇതിന് ഓര്‍മ്മശക്തിമാത്രം മതി, ബുദ്ധിയുടേയും പ്രതിഭയുടേയും ആവശ്യമില്ല. പരീക്ഷാരീതിയും ഓര്‍മ്മയെ മാത്രം പരിശോധിക്കലാണ്. കൂടുതല്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ളവന്‍ മിടുക്കന്‍, അല്ലാതെ ബുദ്ധിയിലോ, പ്രതിഭയിലോ ഉള്ള മിടുക്കല്ല. ഇത് മാറ്റപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.ഏതൊരു വിഷയം പഠിക്കുമ്പോഴും അതിന് മൂന്ന് തലങ്ങളുണ്ടെന്ന് അറിഞ്ഞിരിക്കണം. ഒന്ന് അറിവിന്റെ തലം (knowing) രണ്ട് പ്രവര്‍ത്തിയുടെ തലം അറിഞ്ഞത് പ്രയോഗിക്കല്‍ (doing) മൂന്ന് പ്രവര്‍ത്തിയുടെ ഫലം, സുഖം, സംതൃപ്തി (enjoying).നമുക്ക് നല്ലൊരു ഭക്ഷണം ഉണ്ടാക്കി കഴിക്കണം. അതിന് ആദ്യം എന്തൊക്കെ ചേരുവകള്‍ വേണം, എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന അറിവുവേണം (knowing) രണ്ടാമത് പാചകം ചെയ്യുക എന്ന പ്രവര്‍ത്തി (doing) ഇത് ആദ്യ ത്തേതിനെ അപേക്ഷിച്ച് ദീര്‍ഘവും, ശാരീരിക അധ്വാനം  വേണ്ടതുമാണ്. മൂന്നാമതായി ഇതിന്റെ ഫലം അനുഭവിക്കലാണ്. അതില്‍ നിന്ന് സംതൃപ്തി, സന്തോഷം ഉണ്ടാകുന്നു. (enjoying) ഇതാണ് ഏതൊ ന്നിന്റേയും അടിസ്ഥാനപരമായ ഘടന. ആദ്യം നാം knower ആയിരിക്കണം, പിന്നെ doer ആയിരിക്കണം പിന്നീടാണ് enjoyer ആകുന്നത്. knower+ doer = enjoyer. ഏതൊരു സുഖത്തിന്റേയും അടിസ്ഥാന ഘടകം ഇതാണ്.ജീവിതത്തിന്റെ വിജയവും, പരാജയവും ഈ മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അറിയല്‍ ശരിയായി നടന്നാലേ, ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ശരിയായി അറിഞ്ഞാല്‍ മാത്രം പോരാ ശരിയായി പ്രവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. ശരിയായി അറിയുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ആഗ്രഹിക്കുന്ന രീതിയില്‍ ഫലം കിട്ടുകയും അതില്‍ നിന്ന് സന്തോഷമുണ്ടാവുകയും ചെയ്യുകയുള്ളൂ.

2010, ജൂലൈ 20, ചൊവ്വാഴ്ച

കോമാളിയുടെ മുഖം മൂടിക്കു പിന്നില്‍

എന്ന പോസ്റ്റിനു ധാരാളം പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഈ പോസ്റ്റ്‌ വായിച്ചതിനും പീതികരിച്ചതിനും നന്ദി. സത്യസായി ബാബാ ദൈവത്തിന്റെ അവതാരമാണെന്നും അദ്ദേഹത്തിനെ അറിയാന്‍ ശ്രമിക്കണമെന്നും ഒക്കെ ചിലര്‍ പ്രതികരിച്ചു. സായിബാബ നിറയെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് എന്നും അതുപോലെ മറ്റാര്‍ക്കും കഴിയില്ല എന്നുമൊക്കെയാണ് അവരുടെ വാദങ്ങള്‍.  അവര്‍ക്ക് വേണ്ടിയുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
കുറച്ചു നാളുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഒരു ആള്‍ദൈവ ശുദ്ധികലശം നടന്നത് എല്ലാവര്‍ക്കും ഓര്‍മയുണ്ടല്ലോ. സന്തോഷ്‌മാധവനും, തോക്ക് സ്വാമിയും പിന്നെ കുറെ ആസ്വാമിമാരും, കുറെ പാസ്ടര്‍ മാരും, തങ്ങളുമാരുമൊക്കെ പിടിക്കപ്പെട്ടല്ലോ. 
അച്ചടി,ദൃശ്യ മാധ്യമങ്ങള്‍ കപടസന്യാസിമാരെന്നും കള്ളദൈവമെന്നും ആക്ഷേപിക്കുന്നവര്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഇവരെല്ലാം തന്നെ സായിബാബയെപോലെയും അമൃതാനന്ദമയിയെ പോലെയും ഒക്കെ ആയിത്തീരുമായിരുന്നു. സായിബാബയെ ദൈവത്തെ  പോലെ പുകഴ്ത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.ദാവൂദ് ഇബ്രാഹിമും ജീവകാരുണ്യത്തിന് കാശ് ചെലവഴിക്കുന്നുണ്ട്.ബുഷ് ഭരണകൂടവും ഒരുപാട് ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട് .സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തെന്ത് കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുമായിരുന്നില്ല!! തോക്കു സ്വാമയാണെങ്കില്‍ ആതുരസേവനത്തിന് ആശുപത്രി തുടങ്ങാന്‍ പരിപാടിയിടുന്നതിനിടയിലാണ് കസ്റ്റഡിയിലായത്.തങ്കുവും യോഹന്നാനും ഒക്കെ തന്നെ എന്തെല്ലാം പുണ്യ കര്മ്മങ്ങളാണ് ചെയ്തുകൊണ്ടിരിന്നത്! ആനിലയ്ക്ക് ഇവരെ സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ കേരളം സ്വര്ഗ്ഗമാക്കില്ലായിരുന്നോ?അവരും സയിബാബയെപോലെ സ്വന്തം ആശുപത്രികളും  സ്ഥാപനങ്ങളും സംഘടിപ്പിക്കില്ലായിരുന്നോ? 
പ്രസിഡന്‍റും പ്രധാനമന്ത്രിയും ആരാധിക്കുന്നതു കൊണ്ട് വ്യാജദൈവങ്ങള്‍ പുണ്യാത്മാക്കളാകുമോ? കുറേ നാള്‍ കൂടി സ്വതന്ത്രരായി വിട്ടിരുന്നെങ്കില്‍ മുമ്പ് പരാമര്ശിച്ച വ്യാജരുടെ കാലടിയിലും മടിയിലും പ്രസ്തുത പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ചെന്നു വീഴുമായിരുന്നു
 ഭൌതിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തനായവനാണ് യഥാര്‍ഥ സന്യാസി. അയാള്‍ കാമ, ക്രോധ, മോഹാദി സകല വികാരങ്ങളോടും നിസ്സംഗനാണ്. നിര്‍മ്മനും വിരക്തനുമാണ്. ഭാരതത്തിലെ ഇതിഹാസ കഥകളില്‍ സന്യാസിമാരുടെ സിദ്ധികള്‍ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ വെളിച്ചത്തില്‍ ജീവിച്ച ആധുനിക ഇന്ത്യയിലെ അറിയപ്പെട്ട സന്യാസിമാരായ സ്വാമിവിവേകാനന്ദനും ശ്രീനാരായണ ഗുരുവും നിത്യചൈതന്യയതിയുമൊന്നും തങ്ങളുടെ സിദ്ധിപ്രചരിപ്പിച്ചതോ മാര്‍ക്കറ്റില്‍ വില്പനക്ക് വെച്ചതോ ആയ ചരിത്രമില്ല.

2010, ജൂലൈ 19, തിങ്കളാഴ്‌ച

ചിത്രകാരന്‍

ഞാന്‍ ഒരു സാഹസത്തിനു തയ്യാറായി.......
ദൈവത്തെ വരയ്ക്കാന്‍ ശ്രമിച്ചു...

ജീവിതത്തിന്‍റെ തീവ്രവേഗതയില്‍ താഴ്ത്തപ്പെട്ട ഞാന്‍ 
ഒരു ദിവസം എളുപ്പത്തില്‍ വരഞ്ഞു...

ഒരു ശവപ്പെട്ടി....

പിന്നീടു വിശദീകരിച്ചു..
ദൈവം ഇതില്‍ ഉറങ്ങുന്നു...

2010, ജൂലൈ 14, ബുധനാഴ്‌ച

തോറ്റവര്‍ - ഒരു കുട്ടികവിത


നാലാം ക്ലാസില്‍
മലയാളത്തിന്
അഞ്ച്
മാര്‍ക്കായിരുന്നു...

എന്നിട്ടും
ഞാന്‍
മലയാളത്തിന്
തോറ്റില്ല...

അന്നമ്പതു
കിട്ടിയവര്‍ക്കിന്നു
ഞാന്‍
മലയാളത്തിന്
ട്യൂഷനെടുക്കുന്നു....

2010, ജൂലൈ 12, തിങ്കളാഴ്‌ച

District 9 - വംശീയ വിവേചനങ്ങളുടെ പുതിയ മുഖം

അന്യഗ്രഹ ജീവികള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന ഏതാണ്ടെല്ലാ സിനിമകളും മനുഷ്യനോടും മനുഷ്യകുലത്തിനോടും അവര്‍ ചെയ്യാന്‍ സാധ്യതയുള്ള ദ്രോഹങ്ങളെ സംബന്ധിച്ചാണ് എന്നതുയാദൃച്ഛികമല്ല. അപരസ്വത്വങ്ങളെപ്രതിയുള്ള ആഴമേറിയ ഭയങ്ങളില്‍ വിരലോടിച്ച് രസമുളവാക്കുക എന്ന പ്രയോഗിച്ചു പഴകിയ വിദ്യ. അതിനെ തലകീഴായി നിര്‍ത്തുന്ന ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തമാകാറുണ്ട്. സ്പീല്‍ബര്‍ഗിന്റെ E.T. (എക്സ്റ്റ്രാ ടെറെസ്ട്രിയല്‍ ) അങ്ങനെയൊരു കീഴ്മേല്‍ മറിയലിനുദാഹരണമാണ്. അതേ വിഷയം ആയിരം മടങ്ങ് രൂക്ഷവും പരുഷവുമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഈ ഓഗസ്റ്റില്‍ ഇറങ്ങിയ ഡിസ്ട്രിക്റ്റ് 9. ഈ ചിത്രം അന്വേഷിക്കുന്നത് അവര്‍ നമ്മോട് എന്ത് ചെയ്തു എന്നല്ല, നമ്മള്‍ അവരോട് എന്ത് ചെയ്തു എന്നാണ്. തട്ടുപൊളിപ്പന്‍ ഗണ്‍ ഫൈറ്റുകളും ചോരക്കളിയുടെ ക്രൗര്യവും വകഞ്ഞുമാറ്റിയാല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരുതരം സ്വാഭാവികതയോടെ ആ അന്വേഷണം മനുഷ്യകുലത്തിലേയ്ക്ക് തന്നെ തിരിച്ചു പിടിച്ച കണ്ണാടിയാണ് എന്നയിടത്താണ് ഈ ചിത്രം ഒരു സയന്‍സ് ഫാന്റസി ക്ലാസിക് ആകുന്നത്. 
വാന്‍കുവര്‍ ഫിലിം സ്കൂളിന്റെ ഉല്പന്നവും ത്രിമാന ആനിമേഷന്‍ വിദഗ്ധനെന്ന നിലയ്ക്ക് - വിശേഷിച്ച് വിഡിയോ ഗെയിം രംഗത്ത് - പ്രസിദ്ധനുമായ ദക്ഷിണാഫ്രിക്കക്കാരന്‍ നീല്‍ ബ്ലോംകാമിന്റെ (Neill Blomkamp) കന്നി സംരംഭമാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ തന്നെ പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള Alive in Joburg എന്ന ഹ്രസ്വചിത്രത്തിന്റെ (2005) വികസിതരൂപമാണ് ഡിസ്ട്രിക്റ്റ് 9.

 1980കളുടെ ആദ്യം ജോഹാനസ് ബര്‍ഗിന്റെ മുകളില്‍ ഒരു പടുകൂറ്റന്‍ ബഹിരാകാശവാഹനം പ്രവര്‍ത്തനരഹിതമായി വന്ന് നില്‍ക്കുന്നു. മാസങ്ങളുടെ ഉദ്വേഗത്തിനു ശേഷം പേടകത്തില്‍ ബലമായി കടക്കുന്ന പട്ടാളം കാണുന്നത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണാസന്നരായ പത്തിരുപത് ലക്ഷം അന്യഗ്രഹജീവികളെയാണ്(എയ്ലിയനുകള്‍). കൊഞ്ചിനോട് സാദൃശ്യമുള്ള ഷഡ്പദ രൂപമുള്ളതിനാല്‍ ഇവയെ Prawns എന്ന് തദ്ദേശീയര്‍ വിളിക്കുന്നു. കൊഞ്ചുകളെന്ന ഈ വിളി പോലും അവഹേളനപരമാണ്, നിഗര്‍ എന്ന വിളിപോലെ. (ഒരുപക്ഷേ ഈ ബഹിരാകാശവാഹനം വഹിച്ചുകൊണ്ടു വന്നത് നാടുകടത്തപ്പെട്ടവരോ അടിമകളോ/ തൊഴിലാളികളോ ആയിരുന്ന ഏയ്ലിയനുകളാണെന്നും വരാം.)

ഈ അന്യഗ്രഹ ജീവികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അഭയാര്‍ത്ഥിക്യാമ്പാവുകയാണ് ഡിസ്ട്രിക്റ്റ് 9. Mother ship-ല്‍ നിന്നും താഴേയ്ക്ക് പതിച്ച് ദുരൂഹമായി നഷ്ടമാകുന്ന കമാന്‍ഡ് മൊഡ്യൂളാണ് പേടകം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ആദ്യനാളുകളിലെ കൌതുകം ക്രമേണ അവജ്ഞയ്ക്കും വെറുപ്പിനും വഴിമാറുന്നു.  അന്യഗ്രഹജീവികള്‍  തങ്ങളുടെ വേലികെട്ടിത്തിരിക്കപ്പെട്ട അഭയാര്‍ത്ഥിക്ക്യാമ്പ് വിട്ട് ജനസമൂഹങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുന്നതോടെ നഗരത്തില്‍ പ്രതിഷേധവും തുടര്‍ന്ന് കലാപങ്ങളും തുടര്‍ക്കഥയാകുന്നു. “കൊഞ്ചുകളെ തിരികെ പറഞ്ഞുവിടുക” എന്നതാണ് ജനങ്ങളുടെ ആവശ്യം.
ആദ്യ സീന്‍ മുതല്‍ തിരശീലവീഴും വരെയും സ്ഥിരം ഹോളിവുഡ് മസാലകളില്‍ നിന്ന് സ്വയം വേര്‍തിരിഞ്ഞ് നില്‍ക്കാനുള്ള ശ്രമം സിനിമയില്‍ ശക്തമാണ്. സിനിമാറ്റിക് അന്യഗ്രഹ ജീവികളുടെ സ്ഥിരം ആക്രമണവേദിയായ ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ അല്ല, ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലാണ് അവരുടെ സ്പെയ്സ് ഷിപ്പ് വന്ന് നില്‍ക്കുന്നത്. അന്യഗ്രഹ  ജീവികളെ പുനരധിവസിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്-9നിനു പോലുമുണ്ട് ഒരു അപാര്‍തൈഡിന്റെ (Apartheid) പരോക്ഷചരിത്രം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഡിസ്ട്രിക്റ്റ് - 6 എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആറാം മുന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് 1966ല്‍ വെള്ളക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്ത സര്‍ക്കാര്‍ അവിടുത്ത കൂറ്റന്‍ ചേരിയില്‍ താമസിച്ചിരുന്ന കറുത്തവരെ നിര്‍ബന്ധമായി ഒഴിപ്പിക്കുകയുണ്ടായി. ഈ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തലുമൊക്കെ മനുഷ്യാവകാശപ്രശ്നങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എല്ലാ ചേരികളുടെയും കഥ ഏറെക്കുറേ ഇതുതന്നെയാണ് എന്ന് മുംബൈയും ഡല്‍ഹിയും കല്‍ക്കത്തയും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രണ്ടാം ലോകയുദ്ധകാലത്തോടടുത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയ ജൂതര്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ സിംബാബ്വേക്കാരും ഇന്ത്യയിലേയ്ക്ക് കടന്നു കയറുന്ന ബംഗ്ലാദേശികളും അങ്ങനെ അഭയാര്‍ത്ഥികളാക്കപ്പെട്ട് "അപരത്വം" പേറി മറ്റിടങ്ങളിലെ എതിര്‍പ്പുകളെ നേരിട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന ലോകത്തെ എല്ലാ ജനതകളെയും ഒരര്‍ത്ഥത്തില്‍ ഈ അന്യഗ്രഹജീവികള്‍ പ്രതിനിധീകരിക്കുന്നുണ്ട്.
സാധാരണ സിനിമകളില്‍ കണ്ടു പരിചയിച്ച ആക്രമണകാരിയായ ഭീകരരല്ല ഇതിലെ അന്യഗ്രഹജീവികള്‍ .വലുപ്പത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരമുണ്ടെന്നതൊഴിച്ചാല്‍ മനുഷ്യന്റെ സാദാ തോക്കിനും ലാത്തിക്കും അവരെ മുറിപ്പെടുത്താന്‍ കഴിയും. ദ്വിലിംഗികളായ ഇവ മുട്ടയിട്ട് പ്രത്യേക യന്ത്ര സജ്ജീകരണങ്ങളിലാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. യന്ത്ര സാങ്കേതികവിവരത്തില്‍ മനുഷ്യനെക്കാള്‍ പുരോഗതിനേടിയവരാണിവര്‍. എന്നാല്‍ ഒരു പ്രധാന പ്രത്യേകത ആയുധങ്ങളടക്കം ഇവരുണ്ടാക്കുന്ന യന്ത്രങ്ങളെല്ലാം തന്നെ ഇവരുടെ ഡി.എന്‍.ഏയുമായി അജ്ഞാതമായ രീതിയില്‍ sync ചെയ്യുന്നു എന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ അവരുണ്ടാക്കുന്ന ആയുധങ്ങളും യന്ത്രങ്ങളും മനുഷ്യന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല.
എന്ത് കൊണ്ട് 1982ന് ശേഷമുള്ള ഇരുപത് വര്‍ഷത്തോളം ഇവരെ തിരികെയയക്കാന്‍ സര്‍ക്കാരും ലോകനേതാക്കളും മുതിരുന്നില്ല എന്ന് സിനിമയില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ഈ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റി വളരുന്ന ഒരു അധോലോകവും ആയുധകരിഞ്ചന്തയുമൊക്കെ അതിനു ഭാഗികമായ ഉത്തരങ്ങളാണ്. അന്യഗ്രഹജീവികളുണ്ടാക്കുന്ന ആയുധങ്ങള്‍ മനുഷ്യരുടേതിനേക്കാള്‍ പതിന്മടങ്ങ് നശീകരണ ശേഷിയുള്ളവയാണ്. അവ വാങ്ങിക്കൂട്ടുകയും ഏയ്ലിയനുകളെ അടിമകളെന്ന പോലെ പണിയെടുപ്പിക്കുകായുമാണ് ക്യാമ്പിനു ചുറ്റുമുള്ള മനുഷ്യസമൂഹവും സര്‍ക്കാരുമൊക്കെ ചെയ്യുന്നത്. പൂച്ചയ്ക്ക് കൊടുക്കുന്ന ക്യാനിലടച്ച ആഹാരം അന്യഗ്രഹജീവികളെ  അജ്ഞാതമായ കാരണങ്ങളാല്‍ ആകര്‍ഷിക്കുന്നു. Cat food-നോടുള്ള അഡിക്ഷന്‍ ചൂഷണം ചെയ്ത് ഡിസ്ട്രിക്റ്റ്-9ലെ അഭയാര്‍ത്ഥിക്യാമ്പിനു ചുറ്റും നൈജീരിയന്‍ ഗുണ്ടാസംഘങ്ങളുടെ ഒരു അധോലോകം തന്നെ രൂപപ്പെടുന്നു. ഇവര്‍ അന്യഗ്രഹജീവികളില്‍  നിന്നും ആയുധം വാങ്ങി പകരമവര്‍ക്ക് ക്യാനുകളിലെ Cat food നല്‍കുന്നു. ഏയ്ലിയന്‍ ടെക്നോളജിയുടെ വിപത്തിനെപ്പറ്റിയറിയാവുന്ന സര്‍ക്കാര്‍ ഏയ്ലിയനുകള്‍ കമ്പ്യൂട്ടറടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും മുട്ടവിരിയിക്കാന്‍ കറണ്ടുപയോഗിക്കുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എങ്കിലും തങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഗുണ്ടാസംഘങ്ങള്‍ ഏയ്ലിയന്‍ ആയുധങ്ങള്‍ Cat food നല്‍കി വാങ്ങിക്കൂട്ടുന്നു. ഈ അധോലോകത്തിന്റെ തലവനായ ഓബസാഞ്ചോ (Obesandjo) വിശ്വസിക്കുന്നത് എയ്ലിയന്‍ ശരീരഭാഗങ്ങള്‍ തിന്നാല്‍ ആയുസ്സുകൂടും, ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നൊക്കെയാണ്. കൂടെക്കൂടെ അയാളുടെ ആളുകള്‍ Cat foodവാങ്ങാനെത്തുന്ന അന്യഗ്രഹജീവികളെ കൊന്ന് ശരീരഭാഗാങ്ങള്‍ വെട്ടി കരിഞ്ചന്തയില്‍ ഇതുമ്പറഞ്ഞ് വില്‍ക്കുന്നുമുണ്ട് !
ഇത്രയൊക്കെയായിട്ടും ഒരു നാഥനില്ലാക്കളരിയാണ് എയ്ലിയനുകള്‍ താമസിക്കുന്ന പടുകൂറ്റന്‍ ചേരി. ഇരുപതു കൊല്ലം കൊണ്ട് അവര്‍ പെറ്റുപെരുകി ഏതാണ്ട് 20 ലക്ഷത്തോളം ജനസംഖ്യയിലെത്തുന്നുവെങ്കിലും മനുഷ്യര്‍ക്കെതിരേ കൂട്ടം ചേര്‍ന്നുള്ള ഒരു ചെറുത്തു നില്പോ ആക്രമണമോ ഇവരില്‍ നിന്നുണ്ടാകുന്നില്ല. ആഹാരത്തിനും അവശ്യസൌകര്യങ്ങള്‍ക്കും വേണ്ടി ചില്ലറ അക്രമങ്ങള്‍ കാണിക്കുന്നുവെങ്കിലും ആകെത്തുകയില്‍ ഏയ്ലിയനുകള്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവരുടെ ഭാഷ ബാണ്ടു വര്‍ഗക്കാരുടെ ക്ലിക് ഭാഷയോട് നല്ല സാമ്യമുള്ള ഒന്നാണ്. കൊളോണിയല്‍ വര്‍ണവിവേചനക്കാലത്ത് വളരെയധികം അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗം കൂട്ടിയാണ് ബാണ്ടു എന്നതും മറ്റൊരു പരോക്ഷ രാഷ്ട്രീയസൂചനയായിക്കാണാം.
എം.എന്‍.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിനാഷ്നല്‍ യുനൈറ്റഡ് എന്ന ബഹുരാഷ്ട്ര സ്വകാര്യ പട്ടാളക്കമ്പനിക്കാണ് അന്യഗ്രഹജീവികളെ അധിവസിപ്പിച്ചിരിക്കുന്ന ചേരികളുടെ ഭരണവും നിയന്ത്രണവും. (അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളില്‍ പങ്കുവഹിച്ച ബ്ലാക് വാട്ടര്‍ പോലുള്ള സ്വകാര്യ അമേരിക്കന്‍ പട്ടാള കമ്പനികളെ ഓര്‍ക്കുക.) തൊഴില്‍പരവും സാംസ്കാരികവുമായ നൂറുകണക്കിനു നിയമങ്ങളുടെ നിയന്ത്രണത്തിനുള്ളിലാണ് ഈ ചേരികളിലെ പ്രോണുകളുടെ ജീവിതം. മനുഷ്യവാസമുള്ളിടത്ത് പോകാന്‍ പാടില്ല, വൈദ്യുതിക്ക് നിയന്ത്രണം, ഇലക്ട്രോനിക് സാധനങ്ങള്‍ ഉണ്ടാക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നതിന് പ്രത്യേക ലൈസന്‍സ്, എന്തിന് കുട്ടികളെ (മുട്ടയിട്ട് ) വിരിയിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. മറ്റേതൊരു സ്വകാര്യ നിക്ഷേപകനെയും പോലെ എം.എന്‍.യൂവിനും കണ്ണ് ഏയ്ലിയന്‍ ആയുധ ടെക്നോളജിയിലും അതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാകാവുന്ന അളവില്ലാത്ത സ്വീകാര്യതയിലുമാണ്. സ്വാഭാവികമായും നാറ്റ്സികള്‍ ജൂതരെയെന്നപോലെ എം.എന്‍.യൂവും ഭരണകൂടവും ഏയ്ലിയനുകളെ രഹസ്യ പരീക്ഷണങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കുമൊക്കെ വിധേയമാക്കുന്നുണ്ട്.
ബഹുജനപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഡിസ്ട്രിക്ട്ട് -9 ലെ മുംബൈ മോഡല്‍ ചേരിയില്‍ നിന്നും ഇവരെ കുടിയിറക്കി 240 കിലോമീറ്ററപ്പുറമുള്ള ഡിസ്ട്രിക്റ്റ്- 10 ലെ പുതിയ അഭയാര്‍ത്ഥിക്ക്യാമ്പിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള ബൃഹദ് പദ്ധതി എം.എന്‍.യൂവും സര്‍ക്കാരും ആഗോള സമൂഹവും ചേര്‍ന്ന് തയാറാക്കുന്നു. കമ്പനിയുടെ തലവന്മാരിലൊരാളുടെ മരുമകന്‍ എന്ന ബലത്തില്‍ കേന്ദ്ര കഥാപാത്രമായ വിക്കസ് ഫന്‍ ഡെ മെര്‍വു (Sharlto Copley) ഈ ബൃഹദ് ദൌത്യത്തിന്റെ തലപ്പത്ത് വരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഒഴിപ്പിക്കാന്‍ ചെല്ലുന്നവര്‍ക്ക് ചേരിനിവാസികളായ ഏയ്ലിയനുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വന്‍ പട്ടാള സന്നാഹങ്ങളുടെ മുന്നില്‍ പക്ഷേ ‘കൊഞ്ചുകള്‍ ’ കീഴടങ്ങുകയും ഒഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു. ഒഴിക്കുന്ന വീടുകളിലെ ഏയ്ലിയന്‍ മുട്ടകളെ ഒട്ടൊരു ആനന്ദത്തോടെയാണ് വിക്കസും കൂട്ടരും അഗ്നിക്കിരയാക്കുന്നതും അതിലെ ജീവന്റെ പിടച്ചിലുകണ്ട് രസിക്കുന്നതും. അതിനിടെ രണ്ട് മുതിര്‍ന്ന ഏയ്ലിയനുകള്‍ തങ്ങളുടെ ചെറ്റപ്പുരയിലെ രഹസ്യ ലാബറട്ടറിയില്‍ സ്വരുക്കൂട്ടി വയ്ക്കുന്ന ഒരു കറുത്ത ദ്രാവകം വിക്കസ് റെയ്ഡിനിടെ പിടിച്ചെടുക്കുന്നു. അബദ്ധത്തില്‍ അതില്‍ നിന്ന് അല്പം അയാളുടെ മുഖത്ത് ചീറ്റിത്തെറിക്കുകയും അന്ന് വൈകുന്നേരത്തോടെ അയാളുടെ ഇടത് കൈപ്പത്തിയില്‍ രൂപമാറ്റം സംഭവിച്ച് അയാള്‍ ഒരു ഏയ്ലിയനായി മാറാനാരംഭിക്കുകയും ചെയ്യുന്നു.
ഏയ്ലിയന്‍ ആയുധം കൈകാര്യം ചെയ്യാന്‍ വിക്കസിന് സംഭവിച്ച ഈ രൂപമാറ്റം മൂലം സാധിക്കുമെന്ന് തിരിച്ചറിയുന്ന കമ്പനിയധികൃതര്‍ അയാളെ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. ഏയ്ലിയന്‍ ആയുധം ഉപയോഗിച്ച് ആദ്യം മൃഗജഡങ്ങളിലും പിന്നെ ജീവനോടെ പിടിച്ചുകൊണ്ട് വരുന്ന ഏയ്ലിയനുകളിലും അയാളെക്കൊണ്ട് നിറയൊഴിപ്പിക്കുന്നു. ഒടുവില്‍ ഒരു ഓപ്പന്‍ ഹാര്‍ട്ട് സര്‍ജ്ജറിക്കായി അയാളെ വെട്ടിപിളര്‍ക്കും മുന്‍പ് വിക്കസ് കമ്പനി ലാബില്‍ നിന്ന് രക്ഷപ്പെട്ട് ഡിസ്ട്രിക്റ്റ്-9ലെ തന്നെ ഏയ്ലിയനുകളുടെ ചെറ്റപ്പുരകളിലൊന്നില്‍ അഭയം തേടുന്നു.
കമ്പനി മാത്രമല്ല ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്ന ഏയ്ലിയന്‍ ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുള്ള ഓബസാഞ്ചോയുടെ ഗുണ്ടാ സംഘവും തുടര്‍ന്ന് വിക്കസിനെ വേട്ടയാടുകയാണ്. വിക്കസിന് അഭയം നല്‍കുന്ന ഏയ്ലിയന്‍ (ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ എന്ന് സര്‍ക്കാര്‍ രേഖയില്‍ വിളിപ്പേരുള്ള ഏയ്ലിയന്‍) തങ്ങളുടെ പ്രവര്‍ത്തനരഹിതമായി നഗരത്തിനു മുകളില്‍ തങ്ങി നില്‍ക്കുന്ന Mother shipന്റെ കമാന്റ് മൊഡ്യൂളിലേയ്ക്കുള്ള ഇന്ധനമാണ് വിക്കസിന്റെ രൂപമാറ്റത്തിനു കാരണമായ ദ്രാവകം എന്ന് വെളിപ്പെടുത്തുന്നു.എം.എന്‍.യു ലാബില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നടുവിലിരിക്കുന്ന ആ ഇന്ധനം എടുത്ത് നല്‍കാമെങ്കില്‍ വിക്കസിനെ തിരികെ മനുഷ്യരൂപിയാക്കാന്‍ പറ്റുമെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. തുടര്‍ന്നുള്ള തത്രപ്പാടിന്റെയും അടിപിടികളുടെയും അവസാനം ഇന്ധനം ക്രിസ്റ്റഫറിന് ലഭിക്കുന്നുവെങ്കിലും ഓബസാഞ്ചോയുടെ ഗുണ്ടകളുടെയും എം.എന്‍.യു വിക്കസിനെ വേട്ടയാടി പിടിക്കാന്‍ നിയോഗിച്ച കൂബുസ് വെന്റര്‍ (Koobus Venter) എന്ന പട്ടാള സ്ക്വാഡ് തലവന്റെയും നടുക്ക് പെട്ടുപോകുന്ന വിക്കസ് ഒരു നിമിഷത്തെ മനംമാറ്റത്തിനൊടുവില്‍ ക്രിസ്റ്റഫറിനെയും മകന്‍ ലിറ്റില്‍ സി.ജെയേയും രക്ഷപ്പെടാനാണ് സഹായിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ അന്യഗ്രഹജീവിയും മരിച്ചുവീഴുമ്പോള്‍ വിഡിയോ ഗെയിം കളിക്കുന്ന ആവേശത്തോടെ "സബാഷ് !" എന്ന്‍ കൈയ്യടിക്കാനല്ല മറിച്ച് "എന്തിനിങ്ങനെ നിങ്ങള്‍ പരസ്പരം കൊന്നുതള്ളുന്നു ?" എന്ന സങ്കടവും നിരാശയും കലര്‍ന്ന ചോദ്യം നമ്മെക്കൊണ്ട് ചോദിപ്പിക്കുക എന്ന ദൗത്യമാണ് ഇവിടെ ചലച്ചിത്രകാരനുള്ളത്. അതുതന്നെയാണ് സാദാ ഏയ്ലിയന്‍ മൂവികളില്‍ നിന്ന് ഡിസ്ട്രിക്റ്റ് 9നെ വ്യതിരിക്തമാക്കുന്നതും.
ക്രിസ്റ്റഫറിനും മകനും ചേരിയിലെ ഒരു ഭൂഗര്‍ഭ അറയില്‍ മറച്ചുവച്ചിരുന്ന കമാന്റ് മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനും തുടര്‍ന്ന് നഗരത്തിനു മുകളില്‍ തങ്ങിനില്‍ക്കുന്ന പ്രധാന വാഹനവുമായി അതിനെ ബന്ധിപ്പിക്കാനും സാധിക്കുന്നു. കൂബുസ് വെന്ററിന്റെ കൈയ്യാല്‍ വിക്കസ് മരണത്തിന് തൊട്ടു തൊട്ടില്ലായെന്നാവുമ്പോള്‍ ഏയ്ലിയനുകള്‍ കൂട്ടമായി വന്ന് ആക്രമിച്ച് വെന്ററെ കൊല്ലുന്നു.

ഏയ്ലിയന്‍ മദര്‍ ഷിപ്പ് ക്രിസ്റ്റഫറിനെയും മകനെയും വഹിച്ചു ഭൂമിയില്‍ നിന്നും യാത്രയാകുമ്പോഴും വിക്കസിനെന്ത് സംഭവിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നില്ല. ബാക്കി ഏയ്ലിയനുകളെ ഡിസ്ട്രിക്ക്റ്റ് 10ലേയ്ക്ക് ഏറെ സംഘര്‍ഷത്തിനു ശേഷം ഏതാണ്ട് മുഴുവനായും മാറ്റി താമസിപ്പിച്ചതായി ന്യൂസ് റിപ്പോര്‍ട്ട് പോലെ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ സിനിമ വീണ്ടും ആദ്യഭാഗത്തേത് പോലെ ചോര്‍ത്തിക്കിട്ടിയ ന്യൂസ് ഫുട്ടേജും ക്ലിപ്പിങ്ങുകളും വച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയുടെ രൂപമെടുക്കുകയാണ്. വിക്കസിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂവില്‍ തന്റെ വാതില്‍ക്കല്‍ നിന്ന് കിട്ടിയ തകരക്കഷ്ണങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു റോസാപ്പൂവിന്റെ കരകൗശലമാതൃകയെപ്പറ്റി അവര്‍ പറയുന്നു. അടുത്ത് സീനില്‍ ഒരു ജങ്ക് യാഡില്‍ തകരക്കഷ്ണങ്ങള്‍ ചേര്‍ത്ത് പൂവുണ്ടാക്കി അതിലേയ്ക്ക് നിര്‍നിമേഷനായി നോക്കുന്ന ഒരു ‘കൊഞ്ചി’നേയും കാണിക്കുന്നു.
സ്ഥിരം സിനിമാ സങ്കല്പങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മറ്റൊരു മുഖ്യ സംഗതി ഇതിലെ നായകന്റെ "നായകത്വ"മാണ്. മുഖ്യ കഥാപാത്രമായ വിക്കസ് ഫന്‍ ഡെമെര്‍വു (Wikus van der Merwe)ന്റെ ഡച്ച് പൈതൃകം ദ്യോതിപ്പിക്കുന്ന surname ആയ van der Merwe തന്നെ ആഫ്രിക്കാന്‍സുകാര്‍ക്കിടയിലെ ഒരു തമാശക്കഥാപാത്രത്തില്‍ നിന്ന് കടം കൊണ്ടതാണ് - നമ്മുടെ മലബാര്‍ ഭാഗത്തെ സീതീഹാജിയെയും തിരുവിതാങ്കൂര്‍ ഭാഗത്തെ കൊച്ചപ്പിയേയും ഉത്തരേന്ത്യയിലെ സര്‍ദാര്‍ജിയെയുമൊക്കെ പോലെ. സര്‍ക്കസുകാരേക്കാള്‍ മെയ് വഴക്കമുള്ള, മുട്ടിനുമുട്ടിന് പഞ്ച് ഡയലോഗുകള്‍ കീച്ചുന്ന (trust me if you wanna live, 'Hasta la vista, baby') ധീരോദാത്തഗുണവാനല്ല, വിധിവൈപരീത്യം കൊണ്ട് ജീവിതം കുട്ടിച്ചോറായ, രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്ന, ഒരു അപ്പാവിയാണ് ചിത്രത്തില്‍ വിക്കസ് . വിജയശ്രീലാളിതനായ ലോകരക്ഷകനായല്ല മറിച്ച് ദുരൂഹമായ ഒരു ദുരന്തത്തിലാണ് അയാളുടെ കഥ തീരുന്നതും.
ചിത്രത്തിന്റെ നിര്‍മാതാവായ പീറ്റര്‍ ജാക്സണിന്റെ (The Lord of the Rings, King Kong) ആനിമേയ്ഷന്‍/സ്പെഷ്യല്‍ ഇഫക്റ്റ്സ് കമ്പനി ജെയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ Avatarന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഡിസ്ട്രിക്റ്റ്-9ന്റെ ആനിമേയ്ഷന്‍ ജോലികള്‍ തന്റെ ആനിമേഷന്‍ പാഠശാലയായ വാന്‍കൂവറിലേയ്ക്ക് തന്നെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു സംവിധായകന്‍ നീല്‍ ബ്ലോംകാം. ഇത് ചിത്രത്തിനെ ഹോളിവുഡ് ശൈലിയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതിന് ചില്ലറയൊന്നുമല്ല സഹായിച്ചത്. വാന്‍കൂവര്‍ ഫിലിം സ്കൂളിലെ തന്റെ നാല്പതോളം വരുന്ന സഹപാഠികളെ ബ്ലോംകാം ഡിസ്ട്രിക്റ്റ് - 9ന്റെ ജോലികള്‍ക്ക് ഉപയോഗിച്ചു. അന്യഗ്രഹ ജീവികളുള്‍പ്പെടുന്ന സമര രംഗങ്ങളും ലഹളയും പൊലീസ് വെടിവയ്പ്പുമൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
Blairwitch Project-നെയും Cloverfield-നെയും അവിടവിടെ ഓര്‍മ്മിപ്പിക്കുന്ന ക്യാമറാ ശൈലിയാണെങ്കിലും വമനേച്ഛയുണ്ടാക്കുംവിധമുള്ള ക്യാമറയുടെ നിരന്തര ചലനങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല മുഴുനീള ലൈവ് ആക്ഷന്‍ ഡോക്യുമെന്ററിയായല്ല സിനിമാ വെറീറ്റേ ശൈലിയില്‍ പാതി ഡോക്യുമെന്ററിയായും പാതി നേരിട്ടുള്ള ചിത്രീകരണമായും ആണ് ഡിസ്ട്രിക്റ്റ് - 9 ക്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ ഏയ്ലിയന്‍ ശരീരങ്ങളും അവരുടെ ബഹിരാകാശ വാഹനവും ആയുധങ്ങളുമൊക്കെ വളരെ വിശദമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ആ ആനിമേയ്ഷന്‍ മികവിനെ പ്രത്യേകമായി പൊലിപ്പിച്ച് ജാഡകാട്ടാനുള്ള ശ്രമം തീരെയില്ല, ചിത്രത്തിന്റെ ഡോക്യുമെന്ററി ശൈലിക്കാവശ്യമുള്ളതുമാത്രമേ കാട്ടുന്നുള്ളൂ. ഏയ്ലിയന്‍ രൂപങ്ങളെ ഒരളവ് വരെ അറപ്പുളവാക്കുന്ന ഷഡ്പദ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഇവര്‍ സാധു ജീവികളാണെന്ന് ഭാവഹാവാദികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. ക്ലൈമാക്സിനോടടുത്ത് സംഘര്‍ഷരംഗങ്ങള്‍ ഭീകരമാകുന്നുവെങ്കിലും ഏയ്ലിയന്‍ ചേരിയില്‍ വളരുന്ന 'ghettoism' നന്നായി പ്രതിഫലിപ്പിക്കുന്നവയാണ്. ചിത്രത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏയ്ലിയനുകളെപ്പറ്റിയുള്ള അഭിപ്രയമെന്തെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ 'ഇന്റര്‍വ്യൂകള്‍' മോക്യുമെന്ററി ശൈലിയില്‍ കാണിക്കുന്നുണ്ട്. വെറുപ്പോടെ ഏയ്ലിയനുകളുടെ 'ഭക്ഷണം', 'ഭാഷ', 'കുറ്റവാസന' തുടങ്ങിയവയെപ്പറ്റി സംസാരിച്ച പലരുടെയും ഇന്റര്‍വ്യൂ എടുത്തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഏയ്ലിയനുകളെപ്പറ്റിയാണ് ഷൂട്ടിംഗ് എന്നറിയിക്കാതെയാണ്. പകരം ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരായ നൈജീരിയക്കാരെയും മറ്റുള്ളവരെയും പറ്റിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിച്ചത് ! എഡിറ്റിംഗിന്റെ വൈദഗ്ധ്യവും ഇവിടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മനുഷ്യപ്രതികരണങ്ങളുടെ സങ്കീര്‍ണ്ണ സാധ്യതകളെ അങ്ങനെ സിനിമാന്ത്യത്തിലെ ഒരു കൂട്ടം കൂടിയുള്ള ആഘോഷത്തിലേയ്ക്ക് ചുരുക്കാനും പോന്ന ഒരു വിഡ്ഢിക്കഥയല്ല ഈ ചിത്രത്തിന് എന്നതുകൊണ്ടുതന്നെ തീര്‍ച്ചമൂര്‍ച്ചയുള്ള ഒരു പരിസമാപ്തിയെപ്പറ്റി ചിന്തിക്കുന്നതേ അബദ്ധമാവും. രക്ഷപ്പെട്ട ഏയ്ലിയനുകള്‍ സ്വന്തജനതയെ രക്ഷിക്കാന്‍ തിരിയെ വരുമോ ? വിക്കസ് എന്നെങ്കിലും തിരികെ മനുഷ്യനാകുമോ ? പുതിയ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ച ഏയ്ലിയനുകള്‍ക്ക് എന്തു സംഭവിക്കും ? ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കെല്പുള്ള ഒരു സങ്കര വര്‍ഗ്ഗത്തെ എം.എന്‍.യുക്കാര്‍ സൃഷ്ടിക്കുമോ ? ചോദ്യങ്ങള്‍ അനന്തമായി നീളുന്നു. വിക്കസ് ഭാര്യയ്ക്ക് തകരപ്പാട്ടയില്‍ നിന്നുണ്ടാക്കി സമ്മാനിക്കുന്നുവെന്ന് സൂചിപ്പിക്കപ്പെടുന്ന ലോഹപ്പൂവ് ഒരേസമയം ഒരു വേദനയും പ്രത്യാശയുമാവുന്നു.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

പ്രേമാനന്ദിന്റെ "സായിബാബയുടെ കിടപ്പറയിലെ കൊലപാതങ്ങള്‍"

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ് സായിബാബയുടെ ചെറുസര്‍പ്പ ചിന്തകള്‍ കേരളത്തില്‍ പത്തിയെടുത്തു തുടങ്ങിയത്. മറ്റു ദൈവങ്ങളെയെല്ലാം പ്രാര്‍ഥിച്ചു മടുത്തിരുന്ന കുറെ ആളുകളെങ്കിലും സായിമാര്‍ഗത്തിലേക്ക് മണികൊട്ടിയിറങ്ങി. 
ചില ചില്ലറ മാജിക്കുകളോടെയാണ് സായിമാര്‍ഗം ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റിയത്. സായിബാബയുടെ പടത്തിന്റെ ചോട്ടില്‍ വയ്ക്കുന്ന പാത്രത്തിലെ, തേയില വെള്ളത്തില്‍ കിടക്കുന്ന പത്തിരി ഇരട്ടിക്കുകയായിരുന്നു അതിലൊരു കണ്‍കെട്ടുവിദ്യ. ഒരുതരം നോട്ടിരട്ടിക്കലിന്റെ ക്രിമിനല്‍ തന്ത്രമാണ് ഈ പത്തിരിയിരട്ടിപ്പിലും അടങ്ങിയിരുന്നത്.
അതിനെക്കാള്‍ വിസ്മയം സായിബാബയുടെ ചിത്രത്തില്‍ നിന്ന് വിഭൂതി വര്‍ഷിക്കുകയായിരുന്നു. സായിബാബ, തന്നെ കാണാനെത്തുന്നവര്‍ക്കെല്ലാം അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുത്തുകൊടുത്ത് അനുഗ്രഹിക്കുക എന്ന മാജിക് കാട്ടിയിരുന്നു. സായിബാബയ്ക്ക് നേരിട്ടെത്താന്‍ കഴിയാത്ത സ്ഥലത്ത് ചിത്രം വച്ചാല്‍ കയ്യും കാലുമൊന്നും ചലിക്കാതെ തന്നെ ചിത്രത്തില്‍ നിന്ന് ഭസ്മം വീഴുമായിരുന്നു. ഇതുകണ്ട് അത്ഭുത പരതന്ത്രരായ ഭക്തജനങ്ങള്‍ മുടിപ്പുറ്റു വളര്‍ത്തിയ ആ തന്ത്രശാലിയുടെ ചിത്രത്തിനു മുന്നില്‍ സാഷ്ടാംഗം വീഴുകയും രക്ഷിക്കണേയെന്ന് ആര്‍ത്തു വിളിക്കുകയും ചെയ്തു.
അക്കാലത്ത് ഈ വിശേഷം കേട്ടവരെല്ലാം അത്ഭുതം കാണാന്‍ ഓടിക്കൂടുമായിരുന്നു. അമൃതാനന്ദമയിയുടെ കെട്ടിപ്പിടി തന്ത്രം വികസിച്ചിട്ടില്ലായിരുന്ന അക്കാലത്ത് സായി തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ വന്‍മാര്‍ക്കറ്റുണ്ടായി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് ഒരു വീട്ടിലും ഈ ഭസ്മാത്ഭുതമുണ്ടായി. കേട്ടവര്‍ കേട്ടവര്‍ ഓടിച്ചെന്ന് കണ്ണു രണ്ടും തള്ളി ഭക്തന്മാരായി. ദിവ്യാത്ഭുതത്തിന്റെ വശ്യതയില്‍ പുതിയ അന്ധവിശ്വാസത്തിന്റെ കരിങ്കുടകള്‍ നിവര്‍ന്നു.
അവിടെയുള്ള കുറച്ചു ചെറുപ്പക്കാര്‍ ഇതിന്റെ സത്യമെന്തെന്ന് അറിയാനും അത് ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചു. അവര്‍, കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരില്‍ നിന്നും ഒരാളെ കൊട്ടാരക്കരയിലെത്തിച്ചു. ബി പ്രേമാനന്ദ്. ഒരു ദിവ്യാത്ഭുതമെങ്കിലും കണ്ടിട്ടുമരിക്കണമെന്ന അഭിലാഷം പരസ്യമായി പ്രഖ്യാപിച്ച സത്യാന്വേഷകനായിരുന്നു ബി പ്രേമാനന്ദ്.
കൊട്ടാരക്കരയ്ക്കടുത്ത് മൈലം ജംഗ്ഷനില്‍ ജനമധ്യത്തു തന്നെ വേദിയൊരുങ്ങി. സായിബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മമുതിരുന്നതുകണ്ട് വിസ്മയപ്പെട്ട് കൈകൂപ്പിയ ജനങ്ങളാണ് ചുറ്റുമുള്ളത്. പ്രേമാനന്ദ്, അദ്ദേഹത്തിന്റെ ഒരു ചിത്രവും രാജീവ് ഗാന്ധിയുടെ ചിത്രവും ഒരു പട്ടിയുടെ ചിത്രവും ജനമധ്യത്തില്‍ സ്ഥാപിക്കുന്നു. സര്‍വജനങ്ങളെയും വിസ്മയ സ്തബ്ധരാക്കിക്കൊണ്ട് ചിത്രങ്ങളില്‍ നിന്നും ഭസ്മ ധൂളികള്‍ ഉതിരാന്‍ തുടങ്ങി.
അവകാശവാദങ്ങളൊന്നുമില്ലാത്ത പ്രേമാനന്ദിന്റെ ചിത്രത്തെയോ ഭസ്മമണിഞ്ഞ പട്ടിയുടെ ചിത്രത്തെയോ രാജീവ് ഗാന്ധിയുടെ ചിത്രത്തെയോ ആരും തൊഴുതില്ല. പ്രേമാനന്ദ് ജനങ്ങളോട് കാര്യം പറഞ്ഞു. ചിത്രങ്ങളിലെ അലുമിനിയം ഫ്രെയിമില്‍ മെര്‍ക്കുറി ക്ലോറൈഡ് പുരട്ടുക. അത് അലുമിനിയം ഓക്‌സൈഡ് ആയി മാറുകയും ധൂളികളായി ഉതിരുകയും ചെയ്യുന്നു. ഈ ലഘു ശാസ്ത്ര വിദ്യയാണ് ആളുകളെ പറ്റിക്കാനായി സായി വിദഗ്ധന്മാര്‍ ആസൂത്രണം ചെയ്തിരുന്നത്.
അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുത്തുകൊടുക്കുന്ന മാജിക്കും അന്ന് പ്രേമാനന്ദ് കാട്ടുകയും കഞ്ഞിവെള്ളത്തില്‍ ഭസ്മം ചാലിച്ചുണക്കി വിരലുകള്‍ക്കിടയില്‍ ഒളിച്ചുവയ്ക്കുന്ന കണ്‍കെട്ടു വിദ്യ ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അതുകണ്ടു വിസ്മയപ്പെട്ട ആര്‍ സി ബോസ് എന്ന യുവാവ് പില്‍ക്കാലത്ത് മജീഷ്യന്‍ എന്ന് ഖ്യാതി നേടുകയും ചെയ്തു.
കൈവെള്ളയില്‍ തൊട്ടാല്‍ മധുരിപ്പിക്കുന്ന സിദ്ധന്മാര്‍, കൈ വെള്ളയില്‍ സ്വീപിക്‌സ് ഗുളിക പൊടിച്ചിട്ടിരിക്കുന്ന വിദ്യയും അദ്ദേഹം തുറന്നുകാട്ടി. ആള്‍ ദൈവങ്ങളുടെ തട്ടിപ്പുകള്‍ തുറന്നു കാട്ടാന്‍ വേണ്ടിയാണ് പ്രേമാനന്ദ് സ്വന്തം ജീവിതം വിനിയോഗിച്ചത്.
കോഴിക്കോട്ടെ തിക്കോടിയില്‍ ജനിച്ച ബാസവ പ്രഭു പ്രേമാനന്ദും സഹോദരന്‍ ദയാനന്ദും സമരോത്സുക യുക്തിവാദത്തിന്റെ പ്രചാരകനായിരുന്ന ഡോ. എ ടി കോവൂരിന്റെ ശിഷ്യന്മാരായിരുന്നു. ഡോ. എ ടി കോവൂരിന്റെ പാത പിന്തുടര്‍ന്ന് ഇവരും അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഏറ്റെടുത്തു. കോയമ്പത്തൂരിലെ പ്രമുഖ യുക്തിവാദിയായിരുന്ന ജി ഡി നായിഡുവിന്റെ ചിന്തകളില്‍ ആകൃഷ്ടനായ പ്രേമാനന്ദ്, ലോക സമൂഹത്തെ അബദ്ധധാരണകളില്‍ നിന്നും വിമോചിപ്പിക്കാനായി അറുപതോളം രാജ്യങ്ങളിലാണ് പര്യടനം നടത്തിയത്. യൗവനാരംഭത്തില്‍ സന്ന്യാസത്തോട് താല്‍പര്യം തോന്നിയ പ്രേമാനന്ദ് സ്വന്തം ഗുരുനടത്തുന്ന ആത്മീയ ദിവ്യാത്ഭുത തട്ടിപ്പുകള്‍ മനസ്സിലാക്കിയതോടെയാണ്, ഇതിനെതിരെ ജീവിതം തിരിച്ചുവിടണമെന്നു തീരുമാനിച്ചത്.
ശാസ്ത്രാന്വേഷണ പരീക്ഷണങ്ങള്‍ക്കും ദിവ്യാത്ഭുത അനാവരണങ്ങള്‍ക്കും വലിയ വിലയാണ് പ്രേമാനന്ദിന് നല്‍കേണ്ടിവന്നത്. തോക്കു സൂക്ഷിക്കുന്ന സായിബാബയോടാണ് പ്രേമാനന്ദ് ശാസ്ത്ര വൈദഗ്ധ്യവുമായി ഏറ്റുമുട്ടിയത്. അദ്ദേഹം പോത്തന്നൂരെ ശാസ്ത്ര സത്യ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം ഏതെങ്കിലും തരത്തിലുള്ള ദിവ്യശക്തി തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്നതാണ്. മകന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ വലിയ വില തന്റെ സത്യാന്വേഷണ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രേമാനന്ദിനു നല്‍കേണ്ടിവന്നു.
സായിബാബയുടെ കണ്‍കെട്ടു വിദ്യകള്‍ അനാവരണം ചെയ്തുകൊണ്ട് പ്രേമാനന്ദ് പുറത്തിറക്കിയ വീഡിയോ സി ഡി വ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ശാസ്ത്ര പ്രചാരണത്തില്‍ പ്രേമാനന്ദിനുള്ള ആത്മാര്‍ഥതയും അതിപ്രയത്‌നവും മനസ്സിലാക്കിയ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഫെല്ലോഷിപ്പിനും പ്രേമാനന്ദ് അര്‍ഹനായി. അദ്ദേഹം പുറത്തിറക്കിയ "സായിബാബയുടെ കിടപ്പറയിലെ കൊലപാതങ്ങള്‍" എന്ന പുസ്തകം വളരെയേറെ കോളിളക്കം സൃഷ്ടിക്കുക തന്നെ ചെയ്തു.
പോത്തന്നൂരെ ശാസ്ത്രപഠന കേന്ദ്രത്തിലെ ഏറ്റവും വലിയ കൗതുകം പത്തടി നീളവും അഞ്ചടി വീതിയുമുള്ള നൂറു കണക്കിനു പെയിന്റിംഗുകളാണ്. ലോക ശാസ്ത്ര പ്രതിഭകളുടെ വിലപ്പെട്ട കണ്ടെത്തലുകള്‍ ഈ ചിത്രങ്ങളില്‍ വര്‍ണപ്പെടുത്തിയിരിക്കുന്നു.
ജീവിതം ശാസ്ത്രത്തിനുവേണ്ടിയുള്ള പ്രതിരോധ സമരമാക്കിയ ബി പ്രേമാനന്ദ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ അഭിലാഷ പ്രകാരം മൃതശരീരം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി കൊടുത്തു.
ഭരണഘടനാപരമായി ഇന്ത്യ ഒരു മതേതര രാജ്യമാണ്. ശാസ്ത്ര പ്രചാരണം ഭരണഘടനാ തത്വങ്ങള്‍ക്കു വിധേയവുമാണ്. അവിടെയാണ് എല്ലാ മതത്തിലും പെട്ട ദൈവവേഷം കെട്ടിയ മജീഷ്യന്മാര്‍ അഴിഞ്ഞാടുന്നത്. അസംഖ്യം പ്രേമാനന്ദുമാരെ ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്