2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക് വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല. (മലയാളത്തിനു ക്ലാസ്സികള്‍ പദവിയും, മലയാളം സര്‍വകലാശാലയും ഉണ്ടാക്കാന്‍ നടക്കുന്ന ഭാഷാസ്നേഹികള്‍ ഇത് കണ്ടില്ലെന്നു നടിച്ചുവോ?)
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .
91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ .ഇ .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, ഈ രാജ്യം പവിത്രമെന്നു കരുതുന്ന മൂല്യങ്ങളെയും അവഹേളിക്കരുത്. കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ ഈ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ് വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരണയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന ഈ പരിസ്ഥിതിപാതകം ചെയ്യുമോ?
സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.(ആര്‍ഷ സംസ്കാരത്തിന്റെ കവല്ഭാടന്മാര്‍ എന്ന് സ്വയം ഉദ്ഖോഷിക്കുന്ന സംഘടനകളും വ്യക്തികളും എവിടെ പോയി ഒളിച്ചു)

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍ കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .
മലയാളത്തിലെ ഒരു മാധ്യമം പോലും ഈ ആടംബരതിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല എന്നത് തികച്ചും നിരാശാജനകം തന്നെ. പകരം അവിശ്വസനീയമായ പ്രചാരമാണ് അവര്‍ അതിനു നല്‍കിയത്. (paid news എന്ന മാധ്യമലോകത്തെ ഭയങ്കര വൈറസ്‌  മലയാളത്തിനെയും  ബാധിച്ചു തുടങ്ങിയോ എന്നു സംശയിച്ചു പോകുന്നു)
എന്ത്  പറയാന്‍ അല്ലെ...."ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദേശിയ അവാര്‍ഡും കുറെ വിവാദങ്ങളും

2009 ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിവ് പോലെ കുറെ വിവാദങ്ങള്കും തിരി കൊളുത്തി . ഇനി ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും , വിമര്‍ശനങ്ങളും സര്‍വ മാധ്യമങ്ങളിലും നിറയും. എന്തായാലും എന്‍റെ വക കൂടി ഇരിക്കട്ടെ ഒരു വിമര്‍ശനം. 
ആദ്യം മികച്ച ചിത്രം തന്നെ എടുക്കാം. സംസ്ഥാന തലത്തില്‍ അത്രയൊന്നും പരിഗണിക്കപ്പെടാത്ത ചിത്രമായിരുന്നു ഷാജി എന്‍ കരുണിന്റെ മമ്മൂട്ടി ചിത്രം "കുട്ടിസ്രാന്ക്". മികച്ച ചിത്രത്തിനും, ചായഗ്രഹനവും, തിരക്കഥയും ഉള്‍പ്പടെ അഞ്ചു മികച്ച പുരസ്കാരങ്ങള്‍  നേടി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അത്രയൊന്നും പൈസയും, സ്വാധീനവും ഇല്ലാത്ത റിലയന്‍സിന്റെ ബിഗ്‌ പിക്ചേര്‍സ് അന്നെന്നുള്ളത് ഒന്ന് നോട്ട് ചെയ്തോളു. സംസ്ഥാനതലത്തില്‍ അവര്‍ക്ക് അത്രയ്ക്ക് സ്വാധീനം പോര എന്നുള്ളതയിരിക്കം ഇവിടെ ഈ ചിത്രം അവഗണിക്കപ്പെട്ടത്. പക്ഷെ ദേശിയ തലത്തില്‍ അതല്ലല്ലോ സ്ഥിതി. റിലയന്‍സ് എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് ഒരു ദേശിയ അവാര്‍ഡ്‌ ഒപ്പിചെടുക്കുക എന്നത് വളരെ ചെറിയ കാര്യം മാത്രം. അതും സര്‍ക്കാര്‍ പോലും അവരോടു കടപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, അമ്ബാനിമാര്‍ക്ക് ഒന്നല്ല ഒരായിരം അവാര്‍ഡുകള്‍ ദേശിയതലത്തില്‍ ലഭിച്ചേക്കാം. ഇപ്രാവശ്യത്തെ ഓസ്കാറിനു ഇന്ത്യയില്‍ നിന്നുള്ള ചിത്രം ചിലപ്പോള്‍ കുട്ടിസ്രാന്ക് ആയിരിക്കാം. എന്തായാലും ഈ ചിത്രം മലയാളത്തില്‍ ആയതുകൊണ്ട് നമുക്ക് മലയാളികള്‍ക്ക് സന്തോഷിക്കാം. 
മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മനസ്സിനാണ് അവാര്‍ഡു എന്നു ജൂറി. മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അംഗീകാരമില്ല. ബച്ചന് ഇനി ഒരു അങ്കത്തിനു ബാല്യമില്ല എന്നുള്ളതും ഒരു കാരണം ആയിരിക്കാം. നമ്മുടെ മമ്മൂട്ടിക്ക് ഇനിയും അതുല്യമായ ധാരാളം കഥാപാത്രങ്ങളെ നല്കാന്‍ കഴിയും , അതിനാല്‍ തന്നെ ഇനിയും ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു.  ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു  പരനഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരനഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, പഴശ്ശിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴശ്ശിരാജയാണ് മികച്ച സിനിമ എന്നും, പഴശ്ശിരാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിസ്രാന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴശ്ശിരാജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കുട്ടിസ്രാങ്കിന്റെ സംവിധായകനെ  തഴഞ്ഞു പഴശ്ശിരാജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടിസ്രാന്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
മലയാളത്തില്‍ നിറയെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പലേരി മാണിക്യം തീരെ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്നു അറിയില്ല. എല്ലാം കൊണ്ടും മികച്ച ഒരു ചലച്ചിത്ര അനുഭവമായിരുന്നു ഈ ചിത്രം. ഇത് അവഗണിക്കപ്പെട്ടത് തീര്‍ച്ചയായും വിഷമകരം തന്നെ. 
ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും........

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - ഒരു ചര്‍ച്ചയില്‍ നിന്ന്

 എന്‍റെ ചില സുഹൃത്തുക്കളുമായി നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്ന്
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും ചില ഉത്തരങ്ങളും താഴെ കൊടുക്കുന്നു....
നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കുചേരാം ...നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്യു....

മതവിശ്വാസവും വര്‍ഗ്ഗീയവാദവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്?
ആരാണ് അത് തീരുമാനിക്കേണ്ടത്? വ്യക്തിയോ സമൂഹമോ?
വര്‍ഗ്ഗീയവാദത്തില്‍ ചെന്നെത്താതെ മതവിശ്വാസത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്?
മതവിശ്വാസം നന്മ മാത്രം ഉണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ത് ചെയ്യണം?

ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും.
മതേതരമായ ഒരു സമൂഹത്തിനാണോ, അതോ മതനിരപേക്ഷമായ ഒരു സമൂഹത്തിനാണോ, വര്‍ഗ്ഗീയവാദത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക?
----------------------------------
മതവിശ്വാസവും വര്‍ഗ്ഗീയവാദവും ഇന്ന് ഒരുപോലെ തെറ്റിദ്ധരിക്കപെടുകയും, പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ്.

എന്നാല്‍ ഇവ രണ്ടും തീര്‍ച്ചയായും രണ്ടു മാനുഷിക അവസ്ഥകള്‍ തന്നെയാണ്.

ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ സാമുഹിക ജീവിതത്തിലും ബന്ധങ്ങളിലും ആ വിശ്വാസങ്ങള്‍ കൂടികലരാതെ നോക്കുന്നവരുമാണ് സാധാരണ മതവിശ്വാസികള്‍.

എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും ആ മതം മാത്രമാണ് സത്യം എന്ന് വിശ്വസിച്ചു, അന്യ മതസ്ഥരെ ശത്രുത മനോഭാവത്തോടെ കണ്ടു , സാമൂഹിക ജീവിതത്തില്‍ പ്രകടമായി അത്തരം വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് വര്‍ഗ്ഗീയവാദികള്‍.

എല്ലാ മതവിശ്വാസികളും വര്‍ഗ്ഗീയവാദികള്‍ അല്ല.

മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേരത്താണ്.

മതവിശ്വാസികളുടെ വിശ്വാസം അന്ധമായി മാറുമ്പോള്‍ അവര്‍ വര്‍ഗ്ഗീയവാദികള്‍ ആയി മാറാം.

അതുപോലെ വര്‍ഗ്ഗീയവാദികള്‍ മനപരിവര്‍ത്തനം വന്നു തിരികെ മതവിശ്വാസികള്‍ മാത്രമായും മാറാം.

എന്നാല്‍ ഈ നേര്‍ത്ത അതിര്‍വരമ്പ് എവിടെയാണ്?

------------------

സാധാരണക്കാരന്‍ ഒരു കടയില്‍ സാധനം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍, ആ കടക്കാരന്‍ ഇതു മതക്കാരനാണ് എന്നത് പരിഗണിക്കാറില്ല.

ടാക്സി വിളിക്കുമ്പോള്‍ ഡ്രൈവര്‍ ഏതു മതക്കാരനാണ് എന്ന് നോക്കാറില്ല.

പത്രക്കാരന്റെയോ, പാല്ക്കാരെന്റെയോ, മീന്‍ കച്ചവടക്കരെന്റെയോ മതം ഒരു വിഷയവുമല്ല.

ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മതവും, കോളേജിലെ കുട്ടുകാരന്റെ മതവും അവരുമായുള്ള ഇടപെടലില്‍ പരിഗണിക്കാറില്ല.

ചുരുക്കത്തില്‍ ...

സാമൂഹികമായ ഇടപെടലുകളിലും, ബന്ധങ്ങളിലും മതം ഒരു ഘടകം ആയി വരുന്നില്ല.
................................
എന്നാല്‍ മതം ഒരു ഘടകം ആയി വരുന്നത് മറ്റു സാഹചര്യങ്ങളിലാണ്.

വിവാഹം, ജനനം, മരണം, ആഘോഷങ്ങള്‍, പ്രാര്‍ത്ഥന, ആചാരങ്ങള്‍ എന്നിവ വരുമ്പോള്‍ വ്യക്തിക്ക് മതം മുഖ്യ ഘടകം ആയി മാറുന്നു.

സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍, ഒരു അന്യമതസ്ഥന്റെ ചങ്ങാത്തം സ്വീകരിക്കുന്നത് സാധാരണ എതിര്ക്കാത്തവരും, അന്യ മതസ്ഥനുമായുള്ള അവരുടെ വിവാഹത്തെ എതിര്‍ക്കും.

ചുരുക്കത്തില്‍ ഒരാളുടെ മതവിശ്വാസം കൂടുതല്‍ വ്യക്തിപരവും, സാമൂഹികമായി വേറിട്ട്‌ നില്‍ക്കുന്നതുമാണ്.

ഈ അതിര്‍വരമ്പ് തന്നെയാണ് ശരിക്കും മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ്.

സ്വന്തം വ്യക്തിപരം ആയ മതവിശ്വാസത്തെ സാമൂഹികമായ മാനങ്ങളിലേക്ക് കൊണ്ട് വരുന്ന മതവിശ്വാസിയാണ്, ക്രമേണ വര്‍ഗ്ഗീയവാദിയായി രൂപാന്തരം പ്രാപിക്കുന്നത്.

തന്റെ മതം മാത്രമാണു വിശുദ്ധമെന്നു വിശ്വസിക്കാന്‍ തുടങ്ങുമ്പോൾള്‍ അയാളിലെ വര്‍ഗ്ഗീയത പൂര്‍ണ്ണമായി.

ആ വിശ്വാസം എന്ത് വില കൊടുത്തും പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങിയാല്‍ അയാള്‍ "Terrorist" ആയി മാറും എന്ന് കൂടി പൂരിപ്പികേണ്ടി വരും.

---------------------------------------------------
ഒരു മനുഷ്യന്‍ ഒന്നുകില്‍ ഒരു ദൈവ വിശ്വാസി ആകണം, അല്ലെങ്കില്‍ ഒരു നിരീശ്വരവാദി ആകണം എന്ന് പലപ്പോഴും സമൂഹം ശഠിക്കുന്നു.
ഇത് രണ്ടുമല്ലാത്ത ഒരു ജീവിതം എന്ത് കൊണ്ട് സാധ്യമല്ല?

ദൈവം ഉണ്ടെന്നതോ ഇല്ലെന്നതോ ഉള്ള വിശ്വാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെ ചെയ്യാത്ത ഒരു വിഷയം ആയി കരുതുന്ന ധാരാളം പേരുണ്ട്. അവര്‍ ദൈവവിശ്വാസികളും അല്ല നിരീശ്വരവാദികളും അല്ല.

ശാസ്ത്രം വളരുംതോറും ദൈവവിശ്വാസം പുറകോട്ടു പോകുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

ചന്ദ്രനില്‍ പോയി മനുഷ്യന്‍ കാലു കുത്തുന്നത് വരെ പല മതങ്ങള്‍ക്കും ചന്ദ്രന്‍ ദൈവം തന്നെയായിരുന്നു.
---------------------------------------------------------------------
ഓരോ പ്രവാചകനും, തന്റെ കാലഘട്ടത്തിനോട് കലഹിച്ചവനാണ്.

തന്റെ സമയത്തുള്ള ദൈവത്തെ എതിര്‍ത്തവരാണ്.

അത് തന്നെയാണ് അവരുടെ പ്രസക്തിയും.

ഒരു പ്രവാചകനും അന്ത്യ പ്രവാചകന്‍ ആകുന്നില്ല.

മനുഷ്യരാശി നിലനില്‍ക്കും വരെ പ്രവാചകന്മാര്‍ ഉണ്ടായികൊണ്ടിരിക്കും
-------------------------
ഒരു മതേതര സമൂഹം എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട് അവയ്ക്ക് തുല്യ പ്രാധാന്യം നല്‍കുന്നു.

ഒരു മതനിരപേക്ഷ സമൂഹമാകട്ടെ ഒരു മതത്തിനും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.
ഇവ രണ്ടും ഒന്നാണെന്ന് തോന്നാം.
പക്ഷെ തികച്ചും വ്യത്യസ്ത തലങ്ങളാണ് അവയ്ക്കുള്ളത്.

മതേതര സമൂഹത്തില്‍ മതങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടുമ്പോള്‍, മതനിരപേക്ഷ സമൂഹത്തില്‍ മതങ്ങള്‍ പൂര്‍ണ്ണമായും മാറ്റിനിര്തപ്പെടുന്നു.

ഒരു മതേതര സമൂഹം സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായും മതെത്തെ ഒഴിവാക്കുകയാണെങ്കില്‍ അത് മതനിരപേക്ഷമായി മാറും.
------------------
ഉദയം, അസ്തമയം, ജനനം, മരണം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയെ ഒന്നും ഉണ്ടാകുന്നതിന്റെ കാരണം അറിയാത്ത ആദിമമനുഷ്യന്‍, ഇവയ്ക്കുള്ള ഉത്തരം തേടി, ആദ്യം ഉണ്ടാക്കിയത് ദൈവം എന്ന സങ്കല്പത്തെയാണ്.

ഒരേ സങ്കല്‍പ്പത്തെ ഒരുപാടു ആളുകള്‍ പിന്തുടരുമ്പോള്‍ അത് മതമായി മാറി.

സങ്കല്പങ്ങള്‍ പലതായപ്പോള്‍ മതങ്ങളുടെയും എണ്ണം കൂടി.

മതങ്ങള്‍ക്കുള്ളില്‍ അധികാരം പുരോഹിതവര്‍ഗം കൈയടക്കി.

ഭരണകൂടങ്ങള്‍ ഉണ്ടായപ്പോള്‍ മതങ്ങള്‍ സാമൂഹിക അധികാരകേന്ദ്രങ്ങളായി മാറി.

പുരോഹിതവര്‍ഗം അവയെ നിയന്ത്രിക്കാനും തുടങ്ങി.

അധികാരം മതങ്ങളെ ദുഷിപ്പിച്ചു. ഭൌധിക സമ്പത്തിലെക്കുള്ള മാര്‍ഗമായി മതം മാറി.

ഇന്നാണെങ്കില്‍ ദൈവത്തിനേക്കാളും പ്രാധാന്യം മതത്തിനാണ്.

മതഅധികാര കേന്ദ്രങ്ങള്‍ക്കും, പുരോഹിതവര്‍ഗത്തിനും ശേഷമേ ഇന്ന് ദൈവത്തിനു സമൂഹത്തില്‍ സ്ഥാനമുള്ളൂ.

--------------------------------
എല്ലാ തീവ്രവാദവും വര്‍ഗ്ഗീയതയുടെ ഫലമാണെന്ന് പറയാന്‍ പറ്റില്ല.

പണത്തിനു വേണ്ടി നടത്തുന്ന തീവ്രവാദം , വര്‍ഗ്ഗീയതയെക്കാളും സ്വാര്‍ത്ഥതയുടെയും, പണക്കൊതിയുടെയും, ചിലപ്പോള്‍ ദാരിദ്ര്യത്തിന്റെയും ഫലമാണ്.

അതും വ്യാപകം ആണ്.
-------------------
ഹിന്ദു തീവ്രവാദം അഥവാ സംഘപരിവാര്‍:

ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തില്‍ ഇല്ല.
ഹിന്ദു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അത്തരം അധികാര കേന്ദ്രീകരണം അനുവദിക്കുന്നുമില്ല.
മറ്റു സംഘടിത മതങ്ങളെപോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തിലും സൃഷ്ട്ടിച്ചു, അതിനെ രാഷ്ട്രത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് സംഘപരിവാരത്തിന്റെ അന്തിമ ഉദ്ദേശം.

---------------------------------
മതത്തെ അധികാരതിനായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങളാണ് ജാതിവ്യവസ്ഥകളും, മനുസ്മിര്തിയും , വര്‍ണ്ണ നിയമങ്ങളും ഒക്കെ.

ഇന്നും സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍, രാജഭരണം നിലനില്‍ക്കുന്നത്, മതം എന്ന ഒറ്റബലത്തില്‍ തന്നെയാണ്.

രാജാവ് ദൈവത്തിന്റെ സ്വന്തം പ്രതിപുരുഷന്‍ ആണെന്നും, രാജാവിനെ എതിര്‍ക്കുന്നത് ദൈവവിരോധം കിട്ടുന്ന കാര്യമാണെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് അത്തരം ഭരണങ്ങളെ നില നിര്‍ത്തിക്കൊണ്ട് പോകുന്നത്.
-----------------------------

മതം എന്നത് തികച്ചും വ്യക്തിപരം ആയ ഒരു കാര്യം മാത്രമായി കാണുകയും, മറ്റു മതങ്ങള്‍ ഒരേ മാര്ഗ്ഗതിലെക്കുള്ള വ്യത്യസ്ത വഴികളാണെന്നു ഓരോ മതക്കാരനും മനസില്ലാക്കിയും, രാഷ്ട്ര ഭരണ കാര്യങ്ങളില്‍ നിന്ന് മതത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയും, ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മതനിരപേക്ഷ സമൂഹമാകും നമുക്ക് നല്ലത്.