2010, നവംബർ 16, ചൊവ്വാഴ്ച

മാതാഹാരി അഥവാ പുലരിയുടെ കണ്ണ്

യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്‍ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്‍ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി. ഹിന്ദുവായ ഇന്‍ഡ്യന്‍ നര്‍ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്‍മ്മന്‍ ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര്‍ വധിക്കുകയാണ് ചെയ്തത്. മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്‍ഡ്യന്‍ ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.

ഡച്ച് പട്ടണമായ ലീയുവാര്‍ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു. അയാള്‍ അവള്‍ക്ക് മാര്‍ഗരീത്ത ഗിര്‍ട്രീഡ എന്ന് നാമകരണം ചെയ്തു. പതിനാലുവയസായപ്പോള്‍ അവളെ ഒരു കോണ്‍‌വെന്റില്‍ ഗാര്‍ഹിക കലകള്‍ അഭ്യസിപ്പിക്കാന്‍ പറഞ്ഞയച്ചു. ഡച്ചു സമൂഹത്തിലെ മധ്യവര്‍ഗ്ഗ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ നിയോഗം അതായിരുന്നു. എന്നാല്‍ ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്‍ട്രീഡ. പത്തൊന്‍പതാം വയസില്‍ യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള്‍ ഭിന്നിച്ച് ഗിര്‍ട്രീഡ, തന്നെക്കാള്‍ ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല്‍ മക്‍ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും. മക്‍ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിര്‍ട്രീഡയെ ഇയാള്‍ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മകന്റെ ആകസ്മിക മരണവും ഭര്‍ത്താവില്‍ നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്‍ന്ന ഗിര്‍ട്രീഡ വിവാഹബന്ധം വേര്‍പെടുത്തി, മകളെ നെതര്‍ലാന്‍ഡ്സിലെ ബന്ധുക്കളെ ഏല്‍പ്പിച്ച് പാരീസിലേക്ക് പോയി.

വശ്യ മോഹന നഗരമായ പാരീസില്‍ പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്‍ട്രീഡ രംഗപ്രവേശം ചെയ്തത്. ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള്‍ അതിന് ഉപോല്‍‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു. ബാല്യപ്രസവത്തില്‍ മരിച്ചുപോയ കിഴക്കന്‍ ഇന്‍ഡ്യയിലെ ഒരു ക്ഷേത്രനര്‍ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.

വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്‍, ഇളം നിറം- ഒരു ഇന്‍ഡ്യന്‍ സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്. പുതിയ ലാവണത്തിന് ചേര്‍ന്നൊരു പേരും അവള്‍ തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്‍ത്ഥം.

പാരീസിലെ തെരുവീഥികളില്‍ ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‍‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്‍ന്നു. ചടുല ചലനങ്ങളിലൂടെ പുരുഷന്‍‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്‍ക്ക് നാള്‍ വര്‍ധിച്ചു. അവള്‍ ചോദിക്കുന്നതെന്തും നല്‍കാന്‍ കാമുകര്‍ തമ്മില്‍ മല്‍‌സരമായി. വേദികള്‍ വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി. മോണ്ടികാര്‍ലോ, ബര്‍ലിന്‍, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‍‌മാരെ അവള്‍ കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജര്‍മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‍‌സ്വിക്ക് പ്രഭു തുടങ്ങിയവര്‍ അവളുടെ വലയില്‍ കുടുങ്ങിയ പ്രഗല്‍ഭന്‍‌മാരില്‍ ചിലര്‍ മാത്രമാണ്. 1914 ആഗസ്റ്റില്‍ യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്‍മ്മന്‍ പോലിസ് മേധാവിയോടൊപ്പം കാറില്‍ ബര്‍ലിന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!

യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ മാ‍താഹാരി പാരീസില്‍ തിരിച്ചെത്തി. ഈ വരവില്‍ താനൊരു ഇന്‍ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്‍മ്മന്‍ ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. ജര്‍മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള്‍ സംശയത്തിന്റെ പേരില്‍ പിടികൂടി ചോദ്യം ചെയ്തു. താനൊരു ജര്‍മ്മന്‍ ഏജന്റാണെന്ന ആരോപണം അവള്‍ ശക്തിയായി നിഷേധിച്ചു. തന്നെയുമല്ല ആവശ്യമെങ്കില്‍ ഫ്രാന്‍സിന്റെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും വാഗ്ദാനം നല്‍കി. ഫ്രഞ്ച് സര്‍ക്കാര്‍ ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്‍മ്മനിയിലേക്ക് പറഞ്ഞയച്ചു. അവിടെ പ്രാഗല്‍ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര്‍ ഇവരുടെ കപ്പല്‍ തടഞ്ഞു നിര്‍ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു. ജര്‍മ്മന്‍ ചാരവനിത ക്ലാരാ ബെന്‍ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല്‍ ഫ്രാന്‍സിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര്‍ അവളെ നിരുപാധികം വിട്ടയച്ചു. സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള്‍ ലംഘിച്ച് ജര്‍മ്മന്‍ കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ടു. ഫ്രാന്‍സിനുവേണ്ടി സ്പെയിനിലെത്തിയ അവള്‍ ജര്‍മ്മനു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു. കാരണം കണക്കില്‍ കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു.

1917 ആയപ്പോള്‍ ജര്‍മ്മന്‍ സൈനിക ഉദ്യോഗസ്ഥര്‍ അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്‍മ്മന്‍ ഡബിള്‍ ഏജന്റായി പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മാതാഹാരിയുടെ ഹോട്ടല്‍ മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില്‍ അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്‍മ്മന്‍‌കാര്‍ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര്‍ കാട്ടിയ തെളിവുകള്‍ ഇവയായിരുന്നു.

യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര്‍ ജയിലിലെ പന്ത്രണ്ടാം നമ്പര്‍ സെല്ലിലടച്ചു. തുടര്‍ന്ന് മാസങ്ങളോളം നീണ്ട കോര്‍ട്ട് മാര്‍ഷലില്‍ മാതാഹാരി തന്റെ നിരപരാധിത്വത്തില്‍ ഉറച്ചു നിന്നു.

ട്യൂബില്‍ നിറച്ച ദ്രാവകം ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്‍ത്തനങ്ങള്‍ക്കല്ല മറിച്ച് ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ക്ക് താന്‍ നല്‍കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള്‍ നിസങ്കോചം പറഞ്ഞു. ഫ്രാന്‍സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള്‍ അതോടെ അസാധുവായി.

കോര്‍ട്ട് മാര്‍ഷല്‍ പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള്‍ പറഞ്ഞു‌-

“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില്‍ നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില്‍ ചിലര്‍ ഫ്രാന്‍സിനോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ പോലും ഞാന്‍ നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്‍, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു “

പാരീസില്‍ 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില്‍ തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന്‍ ഫ്രാന്‍സിന്റെ പക്കല്‍ തെളിവുകള്‍ ഒന്നും അവശേഷിച്ചില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ പാനല്‍ അംഗങ്ങളായ ജഡ്ജിമാര്‍ രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്‍ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ കുറ്റാരോപണങ്ങള്‍ക്ക് അവര്‍ നിരത്തിയ തെളിവുകള്‍ ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതിനു പിന്നില്‍ ഫ്രാന്‍സിന്റെ കുതന്ത്രങ്ങളായിരുന്നു. യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്‍ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന്‍ ഒരു ബലിയാട് ആവശ്യമായിരുന്നു. ജര്‍മ്മനിക്കെതിരെ മുന്നേറാന്‍ കഴിയാതെ സഖ്യകക്ഷികള്‍ നേരിട്ട തടസങ്ങള്‍ക്ക് കാരണം ആരുടേയെങ്കിലും തലയില്‍കെട്ടിവയ്ക്കേണ്ടത് ഫ്രാന്‍സിന്റെ ആവശ്യമായിരുന്നു. അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന്‍ ഫ്രാന്‍സ് തീരുമാനിക്കുകയായിരുന്നു.

1917 ഒക്ടോബര്‍ 15 വെളുപ്പിന് അവള്‍ വിളിച്ചുണര്‍ത്തപ്പെട്ടു. ആ വെളുപ്പിന് അവള്‍ മരിക്കാന്‍ പോവുകയാണെന്ന് ജയിലര്‍ ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു. നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന്‍ അണിഞ്ഞൊരുങ്ങി. തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില്‍ അണിയാനായി തിരഞ്ഞെടുത്തത്. ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള്‍ വലിയൊരു തൊപ്പി ധരിച്ചു. ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള്‍ സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.

വിന്‍‌സെന്നയിലെ റൈഫിള്‍ റെയ്ഞ്ചില്‍ പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാല്‍‌വെയ്പുകളോടെ അവള്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പായി പ്രതിക്ക് നല്‍കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല്‍ കൈകള്‍ ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്‍ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള്‍ എതിര്‍ത്തു. നിര്‍ന്നിമേഷയായി, തന്റെ നേര്‍ക്ക് വെടിയുണ്ട ഉതിര്‍ക്കാന്‍ നില്‍ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്‍ക്കാനാണ് അവള്‍ ആഗ്രഹിച്ചത്. ഉദ്യോഗസ്ഥര്‍ അതിന് അനുവാദം നല്‍കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില്‍ നിന്നും മാറി. നിമിഷങ്ങള്‍.........

കമാന്‍ഡര്‍ കയ്യുയര്‍ത്തി സൂചന നല്‍കി...

നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള്‍ മുഴങ്ങി.....

ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്‍ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള്‍ അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്‍ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......

‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില്‍ കുഴഞ്ഞു വീണു.........ചിത്രങ്ങക്ക് കടപ്പാട്: ഗൂഗിള്‍

2010, നവംബർ 8, തിങ്കളാഴ്‌ച

വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ?

മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.
 • പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
 • അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
 • അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
 • ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
 • മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
 • ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
 • വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
 • ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
 • വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
 • ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
 • വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
 • ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
 • ഭര്‍ത്താവിന്റെ തൊഴില്‍‌പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
 • മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
 • പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
 • പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താ‍ന്‍ പറ്റുന്നില്ല്ല)
 • ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
 • പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാ‍ല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
 • സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
 • കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
 • കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
 • ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
 • യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
 • പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
 • സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
 • വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാ‍നും തീരുമാനിക്കും
 • ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
 • അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
 • വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
 • ഓര്‍മ്മക്കുറവിനാ‍ല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
 • സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
 • അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
 • ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
 • അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
 • നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
 • ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
 • പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
 • പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
 • നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
 • അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
 • വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ?  ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
 • വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.

അങ്ങനെ പോകുന്നു വാചകങ്ങള്‍...

ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,
 • എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാ‍ണ്!
 • ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
 • 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.
അപ്പൊ വായനക്കാരാ, നിങ്ങള്‍ എന്തുപറയുന്നു? അഭിപ്രായങ്ങള്‍ പോരട്ടേ..