അന്യഗ്രഹ ജീവികള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന ഏതാണ്ടെല്ലാ സിനിമകളും മനുഷ്യനോടും മനുഷ്യകുലത്തിനോടും അവര്‍ ചെയ്യാന്‍ സാധ്യതയുള്ള ദ്രോഹങ്ങളെ സംബന്ധിച്ചാണ് എന്നതുയാദൃച്ഛികമല്ല. അപരസ്വത്വങ്ങളെപ്രതിയുള്ള ആഴമേറിയ ഭയങ്ങളില്‍ വിരലോടിച്ച് രസമുളവാക്കുക എന്ന പ്രയോഗിച്ചു പഴകിയ വിദ്യ. അതിനെ തലകീഴായി നിര്‍ത്തുന്ന ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തമാകാറുണ്ട്. സ്പീല്‍ബര്‍ഗിന്റെ E.T. (എക്സ്റ്റ്രാ ടെറെസ്ട്രിയല്‍ ) അങ്ങനെയൊരു കീഴ്മേല്‍ മറിയലിനുദാഹരണമാണ്. അതേ വിഷയം ആയിരം മടങ്ങ് രൂക്ഷവും പരുഷവുമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഈ ഓഗസ്റ്റില്‍ ഇറങ്ങിയ ഡിസ്ട്രിക്റ്റ് 9. ഈ ചിത്രം അന്വേഷിക്കുന്നത് അവര്‍ നമ്മോട് എന്ത് ചെയ്തു എന്നല്ല, നമ്മള്‍ അവരോട് എന്ത് ചെയ്തു എന്നാണ്. തട്ടുപൊളിപ്പന്‍ ഗണ്‍ ഫൈറ്റുകളും ചോരക്കളിയുടെ ക്രൗര്യവും വകഞ്ഞുമാറ്റിയാല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരുതരം സ്വാഭാവികതയോടെ ആ അന്വേഷണം മനുഷ്യകുലത്തിലേയ്ക്ക് തന്നെ തിരിച്ചു പിടിച്ച കണ്ണാടിയാണ് എന്നയിടത്താണ് ഈ ചിത്രം ഒരു സയന്‍സ് ഫാന്റസി ക്ലാസിക് ആകുന്നത്.
വാന്‍കുവര്‍ ഫിലിം സ്കൂളിന്റെ ഉല്പന്നവും ത്രിമാന ആനിമേഷന്‍ വിദഗ്ധനെന്ന നിലയ്ക്ക് - വിശേഷിച്ച് വിഡിയോ ഗെയിം രംഗത്ത് - പ്രസിദ്ധനുമായ ദക്ഷിണാഫ്രിക്കക്കാരന്‍ നീല്‍ ബ്ലോംകാമിന്റെ (Neill Blomkamp) കന്നി സംരംഭമാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ തന്നെ പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള Alive in Joburg എന്ന ഹ്രസ്വചിത്രത്തിന്റെ (2005) വികസിതരൂപമാണ് ഡിസ്ട്രിക്റ്റ് 9.
1980കളുടെ ആദ്യം ജോഹാനസ് ബര്‍ഗിന്റെ മുകളില്‍ ഒരു പടുകൂറ്റന്‍ ബഹിരാകാശവാഹനം പ്രവര്‍ത്തനരഹിതമായി വന്ന് നില്‍ക്കുന്നു. മാസങ്ങളുടെ ഉദ്വേഗത്തിനു ശേഷം പേടകത്തില്‍ ബലമായി കടക്കുന്ന പട്ടാളം കാണുന്നത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണാസന്നരായ പത്തിരുപത് ലക്ഷം അന്യഗ്രഹജീവികളെയാണ്(എയ്ലിയനുകള്‍). കൊഞ്ചിനോട് സാദൃശ്യമുള്ള ഷഡ്പദ രൂപമുള്ളതിനാല്‍ ഇവയെ Prawns എന്ന് തദ്ദേശീയര്‍ വിളിക്കുന്നു. കൊഞ്ചുകളെന്ന ഈ വിളി പോലും അവഹേളനപരമാണ്, നിഗര്‍ എന്ന വിളിപോലെ. (ഒരുപക്ഷേ ഈ ബഹിരാകാശവാഹനം വഹിച്ചുകൊണ്ടു വന്നത് നാടുകടത്തപ്പെട്ടവരോ അടിമകളോ/ തൊഴിലാളികളോ ആയിരുന്ന ഏയ്ലിയനുകളാണെന്നും വരാം.)
ഈ അന്യഗ്രഹ ജീവികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അഭയാര്‍ത്ഥിക്യാമ്പാവുകയാണ് ഡിസ്ട്രിക്റ്റ് 9. Mother ship-ല്‍ നിന്നും താഴേയ്ക്ക് പതിച്ച് ദുരൂഹമായി നഷ്ടമാകുന്ന കമാന്‍ഡ് മൊഡ്യൂളാണ് പേടകം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ആദ്യനാളുകളിലെ കൌതുകം ക്രമേണ അവജ്ഞയ്ക്കും വെറുപ്പിനും വഴിമാറുന്നു. അന്യഗ്രഹജീവികള്‍ തങ്ങളുടെ വേലികെട്ടിത്തിരിക്കപ്പെട്ട അഭയാര്‍ത്ഥിക്ക്യാമ്പ് വിട്ട് ജനസമൂഹങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുന്നതോടെ നഗരത്തില്‍ പ്രതിഷേധവും തുടര്‍ന്ന് കലാപങ്ങളും തുടര്‍ക്കഥയാകുന്നു. “കൊഞ്ചുകളെ തിരികെ പറഞ്ഞുവിടുക” എന്നതാണ് ജനങ്ങളുടെ ആവശ്യം.
ആദ്യ സീന്‍ മുതല്‍ തിരശീലവീഴും വരെയും സ്ഥിരം ഹോളിവുഡ് മസാലകളില്‍ നിന്ന് സ്വയം വേര്‍തിരിഞ്ഞ് നില്‍ക്കാനുള്ള ശ്രമം സിനിമയില്‍ ശക്തമാണ്. സിനിമാറ്റിക് അന്യഗ്രഹ ജീവികളുടെ സ്ഥിരം ആക്രമണവേദിയായ ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ അല്ല, ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലാണ് അവരുടെ സ്പെയ്സ് ഷിപ്പ് വന്ന് നില്‍ക്കുന്നത്. അന്യഗ്രഹ ജീവികളെ പുനരധിവസിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്-9നിനു പോലുമുണ്ട് ഒരു അപാര്‍തൈഡിന്റെ (Apartheid) പരോക്ഷചരിത്രം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഡിസ്ട്രിക്റ്റ് - 6 എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആറാം മുന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് 1966ല്‍ വെള്ളക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്ത സര്‍ക്കാര്‍ അവിടുത്ത കൂറ്റന്‍ ചേരിയില്‍ താമസിച്ചിരുന്ന കറുത്തവരെ നിര്‍ബന്ധമായി ഒഴിപ്പിക്കുകയുണ്ടായി. ഈ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തലുമൊക്കെ മനുഷ്യാവകാശപ്രശ്നങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എല്ലാ ചേരികളുടെയും കഥ ഏറെക്കുറേ ഇതുതന്നെയാണ് എന്ന് മുംബൈയും ഡല്‍ഹിയും കല്‍ക്കത്തയും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
രണ്ടാം ലോകയുദ്ധകാലത്തോടടുത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയ ജൂതര്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ സിംബാബ്വേക്കാരും ഇന്ത്യയിലേയ്ക്ക് കടന്നു കയറുന്ന ബംഗ്ലാദേശികളും അങ്ങനെ അഭയാര്‍ത്ഥികളാക്കപ്പെട്ട് "അപരത്വം" പേറി മറ്റിടങ്ങളിലെ എതിര്‍പ്പുകളെ നേരിട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന ലോകത്തെ എല്ലാ ജനതകളെയും ഒരര്‍ത്ഥത്തില്‍ ഈ അന്യഗ്രഹജീവികള്‍ പ്രതിനിധീകരിക്കുന്നുണ്ട്.
സാധാരണ സിനിമകളില്‍ കണ്ടു പരിചയിച്ച ആക്രമണകാരിയായ ഭീകരരല്ല ഇതിലെ അന്യഗ്രഹജീവികള്‍ .വലുപ്പത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരമുണ്ടെന്നതൊഴിച്ചാല്‍ മനുഷ്യന്റെ സാദാ തോക്കിനും ലാത്തിക്കും അവരെ മുറിപ്പെടുത്താന്‍ കഴിയും. ദ്വിലിംഗികളായ ഇവ മുട്ടയിട്ട് പ്രത്യേക യന്ത്ര സജ്ജീകരണങ്ങളിലാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. യന്ത്ര സാങ്കേതികവിവരത്തില്‍ മനുഷ്യനെക്കാള്‍ പുരോഗതിനേടിയവരാണിവര്‍. എന്നാല്‍ ഒരു പ്രധാന പ്രത്യേകത ആയുധങ്ങളടക്കം ഇവരുണ്ടാക്കുന്ന യന്ത്രങ്ങളെല്ലാം തന്നെ ഇവരുടെ ഡി.എന്‍.ഏയുമായി അജ്ഞാതമായ രീതിയില്‍ sync ചെയ്യുന്നു എന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ അവരുണ്ടാക്കുന്ന ആയുധങ്ങളും യന്ത്രങ്ങളും മനുഷ്യന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല.
എന്ത് കൊണ്ട് 1982ന് ശേഷമുള്ള ഇരുപത് വര്‍ഷത്തോളം ഇവരെ തിരികെയയക്കാന്‍ സര്‍ക്കാരും ലോകനേതാക്കളും മുതിരുന്നില്ല എന്ന് സിനിമയില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ഈ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റി വളരുന്ന ഒരു അധോലോകവും ആയുധകരിഞ്ചന്തയുമൊക്കെ അതിനു ഭാഗികമായ ഉത്തരങ്ങളാണ്. അന്യഗ്രഹജീവികളുണ്ടാക്കുന്ന ആയുധങ്ങള്‍ മനുഷ്യരുടേതിനേക്കാള്‍ പതിന്മടങ്ങ് നശീകരണ ശേഷിയുള്ളവയാണ്. അവ വാങ്ങിക്കൂട്ടുകയും ഏയ്ലിയനുകളെ അടിമകളെന്ന പോലെ പണിയെടുപ്പിക്കുകായുമാണ് ക്യാമ്പിനു ചുറ്റുമുള്ള മനുഷ്യസമൂഹവും സര്‍ക്കാരുമൊക്കെ ചെയ്യുന്നത്. പൂച്ചയ്ക്ക് കൊടുക്കുന്ന ക്യാനിലടച്ച ആഹാരം അന്യഗ്രഹജീവികളെ അജ്ഞാതമായ കാരണങ്ങളാല്‍ ആകര്‍ഷിക്കുന്നു. Cat food-നോടുള്ള അഡിക്ഷന്‍ ചൂഷണം ചെയ്ത് ഡിസ്ട്രിക്റ്റ്-9ലെ അഭയാര്‍ത്ഥിക്യാമ്പിനു ചുറ്റും നൈജീരിയന്‍ ഗുണ്ടാസംഘങ്ങളുടെ ഒരു അധോലോകം തന്നെ രൂപപ്പെടുന്നു. ഇവര്‍ അന്യഗ്രഹജീവികളില്‍ നിന്നും ആയുധം വാങ്ങി പകരമവര്‍ക്ക് ക്യാനുകളിലെ Cat food നല്‍കുന്നു. ഏയ്ലിയന്‍ ടെക്നോളജിയുടെ വിപത്തിനെപ്പറ്റിയറിയാവുന്ന സര്‍ക്കാര്‍ ഏയ്ലിയനുകള്‍ കമ്പ്യൂട്ടറടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും മുട്ടവിരിയിക്കാന്‍ കറണ്ടുപയോഗിക്കുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എങ്കിലും തങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഗുണ്ടാസംഘങ്ങള്‍ ഏയ്ലിയന്‍ ആയുധങ്ങള്‍ Cat food നല്‍കി വാങ്ങിക്കൂട്ടുന്നു. ഈ അധോലോകത്തിന്റെ തലവനായ ഓബസാഞ്ചോ (Obesandjo) വിശ്വസിക്കുന്നത് എയ്ലിയന്‍ ശരീരഭാഗങ്ങള്‍ തിന്നാല്‍ ആയുസ്സുകൂടും, ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നൊക്കെയാണ്. കൂടെക്കൂടെ അയാളുടെ ആളുകള്‍ Cat foodവാങ്ങാനെത്തുന്ന അന്യഗ്രഹജീവികളെ കൊന്ന് ശരീരഭാഗാങ്ങള്‍ വെട്ടി കരിഞ്ചന്തയില്‍ ഇതുമ്പറഞ്ഞ് വില്‍ക്കുന്നുമുണ്ട് !
ഇത്രയൊക്കെയായിട്ടും ഒരു നാഥനില്ലാക്കളരിയാണ് എയ്ലിയനുകള്‍ താമസിക്കുന്ന പടുകൂറ്റന്‍ ചേരി. ഇരുപതു കൊല്ലം കൊണ്ട് അവര്‍ പെറ്റുപെരുകി ഏതാണ്ട് 20 ലക്ഷത്തോളം ജനസംഖ്യയിലെത്തുന്നുവെങ്കിലും മനുഷ്യര്‍ക്കെതിരേ കൂട്ടം ചേര്‍ന്നുള്ള ഒരു ചെറുത്തു നില്പോ ആക്രമണമോ ഇവരില്‍ നിന്നുണ്ടാകുന്നില്ല. ആഹാരത്തിനും അവശ്യസൌകര്യങ്ങള്‍ക്കും വേണ്ടി ചില്ലറ അക്രമങ്ങള്‍ കാണിക്കുന്നുവെങ്കിലും ആകെത്തുകയില്‍ ഏയ്ലിയനുകള്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവരുടെ ഭാഷ ബാണ്ടു വര്‍ഗക്കാരുടെ ക്ലിക് ഭാഷയോട് നല്ല സാമ്യമുള്ള ഒന്നാണ്. കൊളോണിയല്‍ വര്‍ണവിവേചനക്കാലത്ത് വളരെയധികം അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗം കൂട്ടിയാണ് ബാണ്ടു എന്നതും മറ്റൊരു പരോക്ഷ രാഷ്ട്രീയസൂചനയായിക്കാണാം.
എം.എന്‍.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിനാഷ്നല്‍ യുനൈറ്റഡ് എന്ന ബഹുരാഷ്ട്ര സ്വകാര്യ പട്ടാളക്കമ്പനിക്കാണ് അന്യഗ്രഹജീവികളെ അധിവസിപ്പിച്ചിരിക്കുന്ന ചേരികളുടെ ഭരണവും നിയന്ത്രണവും. (അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളില്‍ പങ്കുവഹിച്ച ബ്ലാക് വാട്ടര്‍ പോലുള്ള സ്വകാര്യ അമേരിക്കന്‍ പട്ടാള കമ്പനികളെ ഓര്‍ക്കുക.) തൊഴില്‍പരവും സാംസ്കാരികവുമായ നൂറുകണക്കിനു നിയമങ്ങളുടെ നിയന്ത്രണത്തിനുള്ളിലാണ് ഈ ചേരികളിലെ പ്രോണുകളുടെ ജീവിതം. മനുഷ്യവാസമുള്ളിടത്ത് പോകാന്‍ പാടില്ല, വൈദ്യുതിക്ക് നിയന്ത്രണം, ഇലക്ട്രോനിക് സാധനങ്ങള്‍ ഉണ്ടാക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നതിന് പ്രത്യേക ലൈസന്‍സ്, എന്തിന് കുട്ടികളെ (മുട്ടയിട്ട് ) വിരിയിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. മറ്റേതൊരു സ്വകാര്യ നിക്ഷേപകനെയും പോലെ എം.എന്‍.യൂവിനും കണ്ണ് ഏയ്ലിയന്‍ ആയുധ ടെക്നോളജിയിലും അതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാകാവുന്ന അളവില്ലാത്ത സ്വീകാര്യതയിലുമാണ്. സ്വാഭാവികമായും നാറ്റ്സികള്‍ ജൂതരെയെന്നപോലെ എം.എന്‍.യൂവും ഭരണകൂടവും ഏയ്ലിയനുകളെ രഹസ്യ പരീക്ഷണങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കുമൊക്കെ വിധേയമാക്കുന്നുണ്ട്.
ബഹുജനപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഡിസ്ട്രിക്ട്ട് -9 ലെ മുംബൈ മോഡല്‍ ചേരിയില്‍ നിന്നും ഇവരെ കുടിയിറക്കി 240 കിലോമീറ്ററപ്പുറമുള്ള ഡിസ്ട്രിക്റ്റ്- 10 ലെ പുതിയ അഭയാര്‍ത്ഥിക്ക്യാമ്പിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള ബൃഹദ് പദ്ധതി എം.എന്‍.യൂവും സര്‍ക്കാരും ആഗോള സമൂഹവും ചേര്‍ന്ന് തയാറാക്കുന്നു. കമ്പനിയുടെ തലവന്മാരിലൊരാളുടെ മരുമകന്‍ എന്ന ബലത്തില്‍ കേന്ദ്ര കഥാപാത്രമായ വിക്കസ് ഫന്‍ ഡെ മെര്‍വു (Sharlto Copley) ഈ ബൃഹദ് ദൌത്യത്തിന്റെ തലപ്പത്ത് വരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഒഴിപ്പിക്കാന്‍ ചെല്ലുന്നവര്‍ക്ക് ചേരിനിവാസികളായ ഏയ്ലിയനുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വന്‍ പട്ടാള സന്നാഹങ്ങളുടെ മുന്നില്‍ പക്ഷേ ‘കൊഞ്ചുകള്‍ ’ കീഴടങ്ങുകയും ഒഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു. ഒഴിക്കുന്ന വീടുകളിലെ ഏയ്ലിയന്‍ മുട്ടകളെ ഒട്ടൊരു ആനന്ദത്തോടെയാണ് വിക്കസും കൂട്ടരും അഗ്നിക്കിരയാക്കുന്നതും അതിലെ ജീവന്റെ പിടച്ചിലുകണ്ട് രസിക്കുന്നതും. അതിനിടെ രണ്ട് മുതിര്‍ന്ന ഏയ്ലിയനുകള്‍ തങ്ങളുടെ ചെറ്റപ്പുരയിലെ രഹസ്യ ലാബറട്ടറിയില്‍ സ്വരുക്കൂട്ടി വയ്ക്കുന്ന ഒരു കറുത്ത ദ്രാവകം വിക്കസ് റെയ്ഡിനിടെ പിടിച്ചെടുക്കുന്നു. അബദ്ധത്തില്‍ അതില്‍ നിന്ന് അല്പം അയാളുടെ മുഖത്ത് ചീറ്റിത്തെറിക്കുകയും അന്ന് വൈകുന്നേരത്തോടെ അയാളുടെ ഇടത് കൈപ്പത്തിയില്‍ രൂപമാറ്റം സംഭവിച്ച് അയാള്‍ ഒരു ഏയ്ലിയനായി മാറാനാരംഭിക്കുകയും ചെയ്യുന്നു.
ഏയ്ലിയന്‍ ആയുധം കൈകാര്യം ചെയ്യാന്‍ വിക്കസിന് സംഭവിച്ച ഈ രൂപമാറ്റം മൂലം സാധിക്കുമെന്ന് തിരിച്ചറിയുന്ന കമ്പനിയധികൃതര്‍ അയാളെ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. ഏയ്ലിയന്‍ ആയുധം ഉപയോഗിച്ച് ആദ്യം മൃഗജഡങ്ങളിലും പിന്നെ ജീവനോടെ പിടിച്ചുകൊണ്ട് വരുന്ന ഏയ്ലിയനുകളിലും അയാളെക്കൊണ്ട് നിറയൊഴിപ്പിക്കുന്നു. ഒടുവില്‍ ഒരു ഓപ്പന്‍ ഹാര്‍ട്ട് സര്‍ജ്ജറിക്കായി അയാളെ വെട്ടിപിളര്‍ക്കും മുന്‍പ് വിക്കസ് കമ്പനി ലാബില്‍ നിന്ന് രക്ഷപ്പെട്ട് ഡിസ്ട്രിക്റ്റ്-9ലെ തന്നെ ഏയ്ലിയനുകളുടെ ചെറ്റപ്പുരകളിലൊന്നില്‍ അഭയം തേടുന്നു.
കമ്പനി മാത്രമല്ല ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്ന ഏയ്ലിയന്‍ ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുള്ള ഓബസാഞ്ചോയുടെ ഗുണ്ടാ സംഘവും തുടര്‍ന്ന് വിക്കസിനെ വേട്ടയാടുകയാണ്. വിക്കസിന് അഭയം നല്‍കുന്ന ഏയ്ലിയന്‍ (ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ എന്ന് സര്‍ക്കാര്‍ രേഖയില്‍ വിളിപ്പേരുള്ള ഏയ്ലിയന്‍) തങ്ങളുടെ പ്രവര്‍ത്തനരഹിതമായി നഗരത്തിനു മുകളില്‍ തങ്ങി നില്‍ക്കുന്ന Mother shipന്റെ കമാന്റ് മൊഡ്യൂളിലേയ്ക്കുള്ള ഇന്ധനമാണ് വിക്കസിന്റെ രൂപമാറ്റത്തിനു കാരണമായ ദ്രാവകം എന്ന് വെളിപ്പെടുത്തുന്നു.എം.എന്‍.യു ലാബില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നടുവിലിരിക്കുന്ന ആ ഇന്ധനം എടുത്ത് നല്‍കാമെങ്കില്‍ വിക്കസിനെ തിരികെ മനുഷ്യരൂപിയാക്കാന്‍ പറ്റുമെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. തുടര്‍ന്നുള്ള തത്രപ്പാടിന്റെയും അടിപിടികളുടെയും അവസാനം ഇന്ധനം ക്രിസ്റ്റഫറിന് ലഭിക്കുന്നുവെങ്കിലും ഓബസാഞ്ചോയുടെ ഗുണ്ടകളുടെയും എം.എന്‍.യു വിക്കസിനെ വേട്ടയാടി പിടിക്കാന്‍ നിയോഗിച്ച കൂബുസ് വെന്റര്‍ (Koobus Venter) എന്ന പട്ടാള സ്ക്വാഡ് തലവന്റെയും നടുക്ക് പെട്ടുപോകുന്ന വിക്കസ് ഒരു നിമിഷത്തെ മനംമാറ്റത്തിനൊടുവില്‍ ക്രിസ്റ്റഫറിനെയും മകന്‍ ലിറ്റില്‍ സി.ജെയേയും രക്ഷപ്പെടാനാണ് സഹായിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ അന്യഗ്രഹജീവിയും മരിച്ചുവീഴുമ്പോള്‍ വിഡിയോ ഗെയിം കളിക്കുന്ന ആവേശത്തോടെ "സബാഷ് !" എന്ന്‍ കൈയ്യടിക്കാനല്ല മറിച്ച് "എന്തിനിങ്ങനെ നിങ്ങള്‍ പരസ്പരം കൊന്നുതള്ളുന്നു ?" എന്ന സങ്കടവും നിരാശയും കലര്‍ന്ന ചോദ്യം നമ്മെക്കൊണ്ട് ചോദിപ്പിക്കുക എന്ന ദൗത്യമാണ് ഇവിടെ ചലച്ചിത്രകാരനുള്ളത്. അതുതന്നെയാണ് സാദാ ഏയ്ലിയന്‍ മൂവികളില്‍ നിന്ന് ഡിസ്ട്രിക്റ്റ് 9നെ വ്യതിരിക്തമാക്കുന്നതും.
ക്രിസ്റ്റഫറിനും മകനും ചേരിയിലെ ഒരു ഭൂഗര്‍ഭ അറയില്‍ മറച്ചുവച്ചിരുന്ന കമാന്റ് മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനും തുടര്‍ന്ന് നഗരത്തിനു മുകളില്‍ തങ്ങിനില്‍ക്കുന്ന പ്രധാന വാഹനവുമായി അതിനെ ബന്ധിപ്പിക്കാനും സാധിക്കുന്നു. കൂബുസ് വെന്ററിന്റെ കൈയ്യാല്‍ വിക്കസ് മരണത്തിന് തൊട്ടു തൊട്ടില്ലായെന്നാവുമ്പോള്‍ ഏയ്ലിയനുകള്‍ കൂട്ടമായി വന്ന് ആക്രമിച്ച് വെന്ററെ കൊല്ലുന്നു.
ഏയ്ലിയന്‍ മദര്‍ ഷിപ്പ് ക്രിസ്റ്റഫറിനെയും മകനെയും വഹിച്ചു ഭൂമിയില്‍ നിന്നും യാത്രയാകുമ്പോഴും വിക്കസിനെന്ത് സംഭവിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നില്ല. ബാക്കി ഏയ്ലിയനുകളെ ഡിസ്ട്രിക്ക്റ്റ് 10ലേയ്ക്ക് ഏറെ സംഘര്‍ഷത്തിനു ശേഷം ഏതാണ്ട് മുഴുവനായും മാറ്റി താമസിപ്പിച്ചതായി ന്യൂസ് റിപ്പോര്‍ട്ട് പോലെ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ സിനിമ വീണ്ടും ആദ്യഭാഗത്തേത് പോലെ ചോര്‍ത്തിക്കിട്ടിയ ന്യൂസ് ഫുട്ടേജും ക്ലിപ്പിങ്ങുകളും വച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയുടെ രൂപമെടുക്കുകയാണ്. വിക്കസിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂവില്‍ തന്റെ വാതില്‍ക്കല്‍ നിന്ന് കിട്ടിയ തകരക്കഷ്ണങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു റോസാപ്പൂവിന്റെ കരകൗശലമാതൃകയെപ്പറ്റി അവര്‍ പറയുന്നു. അടുത്ത് സീനില്‍ ഒരു ജങ്ക് യാഡില്‍ തകരക്കഷ്ണങ്ങള്‍ ചേര്‍ത്ത് പൂവുണ്ടാക്കി അതിലേയ്ക്ക് നിര്‍നിമേഷനായി നോക്കുന്ന ഒരു ‘കൊഞ്ചി’നേയും കാണിക്കുന്നു.
സ്ഥിരം സിനിമാ സങ്കല്പങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മറ്റൊരു മുഖ്യ സംഗതി ഇതിലെ നായകന്റെ "നായകത്വ"മാണ്. മുഖ്യ കഥാപാത്രമായ വിക്കസ് ഫന്‍ ഡെമെര്‍വു (Wikus van der Merwe)ന്റെ ഡച്ച് പൈതൃകം ദ്യോതിപ്പിക്കുന്ന surname ആയ van der Merwe തന്നെ ആഫ്രിക്കാന്‍സുകാര്‍ക്കിടയിലെ ഒരു തമാശക്കഥാപാത്രത്തില്‍ നിന്ന് കടം കൊണ്ടതാണ് - നമ്മുടെ മലബാര്‍ ഭാഗത്തെ സീതീഹാജിയെയും തിരുവിതാങ്കൂര്‍ ഭാഗത്തെ കൊച്ചപ്പിയേയും ഉത്തരേന്ത്യയിലെ സര്‍ദാര്‍ജിയെയുമൊക്കെ പോലെ. സര്‍ക്കസുകാരേക്കാള്‍ മെയ് വഴക്കമുള്ള, മുട്ടിനുമുട്ടിന് പഞ്ച് ഡയലോഗുകള്‍ കീച്ചുന്ന (trust me if you wanna live, 'Hasta la vista, baby') ധീരോദാത്തഗുണവാനല്ല, വിധിവൈപരീത്യം കൊണ്ട് ജീവിതം കുട്ടിച്ചോറായ, രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്ന, ഒരു അപ്പാവിയാണ് ചിത്രത്തില്‍ വിക്കസ് . വിജയശ്രീലാളിതനായ ലോകരക്ഷകനായല്ല മറിച്ച് ദുരൂഹമായ ഒരു ദുരന്തത്തിലാണ് അയാളുടെ കഥ തീരുന്നതും.
ചിത്രത്തിന്റെ നിര്‍മാതാവായ പീറ്റര്‍ ജാക്സണിന്റെ (The Lord of the Rings, King Kong) ആനിമേയ്ഷന്‍/സ്പെഷ്യല്‍ ഇഫക്റ്റ്സ് കമ്പനി ജെയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ Avatarന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഡിസ്ട്രിക്റ്റ്-9ന്റെ ആനിമേയ്ഷന്‍ ജോലികള്‍ തന്റെ ആനിമേഷന്‍ പാഠശാലയായ വാന്‍കൂവറിലേയ്ക്ക് തന്നെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു സംവിധായകന്‍ നീല്‍ ബ്ലോംകാം. ഇത് ചിത്രത്തിനെ ഹോളിവുഡ് ശൈലിയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതിന് ചില്ലറയൊന്നുമല്ല സഹായിച്ചത്. വാന്‍കൂവര്‍ ഫിലിം സ്കൂളിലെ തന്റെ നാല്പതോളം വരുന്ന സഹപാഠികളെ ബ്ലോംകാം ഡിസ്ട്രിക്റ്റ് - 9ന്റെ ജോലികള്‍ക്ക് ഉപയോഗിച്ചു. അന്യഗ്രഹ ജീവികളുള്‍പ്പെടുന്ന സമര രംഗങ്ങളും ലഹളയും പൊലീസ് വെടിവയ്പ്പുമൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
Blairwitch Project-നെയും Cloverfield-നെയും അവിടവിടെ ഓര്‍മ്മിപ്പിക്കുന്ന ക്യാമറാ ശൈലിയാണെങ്കിലും വമനേച്ഛയുണ്ടാക്കുംവിധമുള്ള ക്യാമറയുടെ നിരന്തര ചലനങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല മുഴുനീള ലൈവ് ആക്ഷന്‍ ഡോക്യുമെന്ററിയായല്ല സിനിമാ വെറീറ്റേ ശൈലിയില്‍ പാതി ഡോക്യുമെന്ററിയായും പാതി നേരിട്ടുള്ള ചിത്രീകരണമായും ആണ് ഡിസ്ട്രിക്റ്റ് - 9 ക്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ ഏയ്ലിയന്‍ ശരീരങ്ങളും അവരുടെ ബഹിരാകാശ വാഹനവും ആയുധങ്ങളുമൊക്കെ വളരെ വിശദമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ആ ആനിമേയ്ഷന്‍ മികവിനെ പ്രത്യേകമായി പൊലിപ്പിച്ച് ജാഡകാട്ടാനുള്ള ശ്രമം തീരെയില്ല, ചിത്രത്തിന്റെ ഡോക്യുമെന്ററി ശൈലിക്കാവശ്യമുള്ളതുമാത്രമേ കാട്ടുന്നുള്ളൂ. ഏയ്ലിയന്‍ രൂപങ്ങളെ ഒരളവ് വരെ അറപ്പുളവാക്കുന്ന ഷഡ്പദ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഇവര്‍ സാധു ജീവികളാണെന്ന് ഭാവഹാവാദികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. ക്ലൈമാക്സിനോടടുത്ത് സംഘര്‍ഷരംഗങ്ങള്‍ ഭീകരമാകുന്നുവെങ്കിലും ഏയ്ലിയന്‍ ചേരിയില്‍ വളരുന്ന 'ghettoism' നന്നായി പ്രതിഫലിപ്പിക്കുന്നവയാണ്. ചിത്രത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏയ്ലിയനുകളെപ്പറ്റിയുള്ള അഭിപ്രയമെന്തെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ 'ഇന്റര്‍വ്യൂകള്‍' മോക്യുമെന്ററി ശൈലിയില്‍ കാണിക്കുന്നുണ്ട്. വെറുപ്പോടെ ഏയ്ലിയനുകളുടെ 'ഭക്ഷണം', 'ഭാഷ', 'കുറ്റവാസന' തുടങ്ങിയവയെപ്പറ്റി സംസാരിച്ച പലരുടെയും ഇന്റര്‍വ്യൂ എടുത്തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഏയ്ലിയനുകളെപ്പറ്റിയാണ് ഷൂട്ടിംഗ് എന്നറിയിക്കാതെയാണ്. പകരം ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരായ നൈജീരിയക്കാരെയും മറ്റുള്ളവരെയും പറ്റിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിച്ചത് ! എഡിറ്റിംഗിന്റെ വൈദഗ്ധ്യവും ഇവിടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മനുഷ്യപ്രതികരണങ്ങളുടെ സങ്കീര്‍ണ്ണ സാധ്യതകളെ അങ്ങനെ സിനിമാന്ത്യത്തിലെ ഒരു കൂട്ടം കൂടിയുള്ള ആഘോഷത്തിലേയ്ക്ക് ചുരുക്കാനും പോന്ന ഒരു വിഡ്ഢിക്കഥയല്ല ഈ ചിത്രത്തിന് എന്നതുകൊണ്ടുതന്നെ തീര്‍ച്ചമൂര്‍ച്ചയുള്ള ഒരു പരിസമാപ്തിയെപ്പറ്റി ചിന്തിക്കുന്നതേ അബദ്ധമാവും. രക്ഷപ്പെട്ട ഏയ്ലിയനുകള്‍ സ്വന്തജനതയെ രക്ഷിക്കാന്‍ തിരിയെ വരുമോ ? വിക്കസ് എന്നെങ്കിലും തിരികെ മനുഷ്യനാകുമോ ? പുതിയ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ച ഏയ്ലിയനുകള്‍ക്ക് എന്തു സംഭവിക്കും ? ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കെല്പുള്ള ഒരു സങ്കര വര്‍ഗ്ഗത്തെ എം.എന്‍.യുക്കാര്‍ സൃഷ്ടിക്കുമോ ? ചോദ്യങ്ങള്‍ അനന്തമായി നീളുന്നു. വിക്കസ് ഭാര്യയ്ക്ക് തകരപ്പാട്ടയില്‍ നിന്നുണ്ടാക്കി സമ്മാനിക്കുന്നുവെന്ന് സൂചിപ്പിക്കപ്പെടുന്ന ലോഹപ്പൂവ് ഒരേസമയം ഒരു വേദനയും പ്രത്യാശയുമാവുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ