പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതികരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 19, ശനിയാഴ്‌ച

പണ്ഡിറ്റ്‌ VS പണ്ഡിതന്മാര്‍


എവിടെ നോക്കിയാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഇതു ചാനല്‍ തുറന്നാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഒടുവില്‍ ഒരു അവാര്‍ഡും. അതും ധീരതയ്ക്ക്. അവിരാമവും ഇന്ന് സന്തോഷ്‌ പണ്ടിറ്റിനെ കുറിച്ചാകട്ടെ. അയാളെക്കുറിച്ച് പറയരുത്, വെറുതെ എന്തിനാ അയാള്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത് എന്നൊക്കെ ചില പണ്ഡിതന്മാര്‍ പറയുന്നുണ്ട്. സന്തോഷ്‌ പണ്ടിട്ടിന്റെ കൃഷ്ണനും രാധയും എന്ന സിനിമയുടെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണ്, ആ സന്തോഷ്‌ പണ്ടിട്ടിനു വട്ടാണ് എന്നൊക്കെ ചില സിനിമ ബുദ്ധിജീവികള്‍ പറഞ്ഞത് ഞാനും കേട്ടു. എന്നാല്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാതെ വയ്യ. 

സിനിമയില്‍ അഭിനയിക്കുക അല്ലെങ്കില്‍ സിനിമയുടെ ഭാഗമാകാന്‍ പറ്റുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ സിനിമ മോഹങ്ങള്‍ 90% മലയാളി ചെറുപ്പക്കാര്‍ക്കും ഉണ്ട്. പക്ഷെ അതില്‍ 20 % മാത്രമേ അതിനു വേണ്ടി കഷ്ടപ്പെടുകയുള്ളൂ. വളരെ കുറച്ചു പേര്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ. ബാക്കി ഉള്ളവര്‍ തങ്ങളുടെ ആ ആഗ്രഹം മനസ്സിലൊതുക്കി തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകും. ഇവരില്‍ കഴിവുള്ളവരും, കഴിവില്ലാത്തവരും, സുന്ദരന്മാരും, അല്ലാത്തവരും, വെളുത്തവരും, കറുത്തവരും എല്ലാവരും ഉണ്ടാകും. നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്താണ് ചെയ്തത്. സ്വന്തമായി ഒരി സിനിമ നിര്‍മ്മിച്ച്‌, സംവിധാനവും, പാട്ടുകളും ഉള്‍പ്പടെ ഏതാണ്ടെല്ല ജോലിയും ഒറ്റയ്ക്ക് ചെയ്തു ഒരു സിനിമ പുറത്തിറക്കിയിരിക്കുന്നു. ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡോ സര്‍ക്കാരോ ഒരു വിലക്കും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവുകയും ചെയ്തു. ഒരു സിനിമ സൂപ്പര്‍ ഹിറ്റ്‌ ആകുന്നതു ജനം കാണുമ്പോഴും സാമ്പത്തികമായി ലാഭം കൊയ്യുംബോഴും ആണ്. അങ്ങനെ നോക്കിയാല്‍ ഈ ചിത്രം മെഗാ ഹിറ്റ്‌ ആണ്. ഭരതന്റെയും പദ്മരാജന്റെയും സിനിമ കാണുന്നത് പോലെ ഇത് കാണരുത്. കാരണം ഇത് ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍(ഒരു സിനിമ സെറ്റ് പോലും കണ്ടിട്ടില്ലത്തവന്‍) ചെയ്ത സിനിമയാണ്. വെറുതെ ചെയ്തതല്ല. മുഴുവന്‍ ജോലിയും ഒറ്റയ്ക്ക് ചെയ്തു. 

സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌.
'എനിക്കിങ്ങനെ മാത്രമേ സിനിമയെടുക്കാന്‍ അറിയൂ, എന്റെ സിനിമ കാണാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടോ' എന്ന് ചോദിക്കുന്ന മൌലിക സ്വാതന്ത്ര്യത്തിനു ഒരു സലാം പറയാതെ വയ്യ. സിനിമ നടന്‍ സുന്ദരനായിരിക്കണം, പാട്ടുകള്‍ രാഗസാന്ദ്രമായിരിക്കണം എന്നൊക്കെ വാശി പിടിക്കാന്‍ നമ്മളെ പഠിപ്പിച്ചവര്ക്ക് മുഖമടച്ചു ഒരു അടി കൊടുത്തിട്ട് മുന്നോട്ടു പോകുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ അത്രവലിയ ഒരു കോമാളിയാണെന്ന് അങ്ങനെ അങ്ങ് സമ്മതിക്കാന്‍ ആവില്ല. ഇന്‍റര്‍നെറ്റ് കാലത്ത് അടയാളപ്പെടുത്തപ്പെടേണ്ട ആള്‍ തന്നെയാണ് ശ്രീ പണ്ഡിറ്റ്‌‌. മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."
ഇതര സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്തവിധം 'വിവാഹ ആല്ബം' പിടിക്കുന്ന ഒരു സംസ്കാരം മലയാളിക്കുണ്ട്‌. കല്യാണം കഴിഞ്ഞുള്ള ഒരു ചെറിയ പ്രണയ നാടകം (പെണ്ണും ചെക്കനും സുന്ദരനാണോ സുന്ദരിയാണോ, ചെക്കന്റെ പല്ല് പൊങ്ങിയതാണോ എന്നത് ഇവിടെ വിഷയമല്ല). പ്രണയത്തെ അത്രകണ്ട് ഇന്നും അംഗീകരിച്ചു തരാത്ത മലയാളികള്ക്ക് ഈ വിവാഹ ആല്ബം വലിയ വീക്നെസ് ആണ്. ചില വീടുകളില്‍ ചെന്നാല്‍ മക്കളുടെ ഹണീമൂണ്‍ ഫോട്ടോ വീട്ടീല്‍ വരുന്നവരെ എല്ലാം ഇരുത്തി കാണിക്കും. വീട് സന്ദര്ശനങ്ങളിലെ ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങ് കൂടി ആണ് ഇത്. വീണു കിടക്കുന്ന മരത്തിന്റെ മുകളില്‍ കയറി നിന്നും, കൈതക്കാട്ടിന്റെ ഓരത്ത് ഇരുന്നു മുള്ള് കടിച്ചുകൊണ്ടും നവവധുവിന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന പുത്തന്‍ ഭര്ത്താവും, ഭാര്യയുടെ കയ്യും പിടച്ചു അടുത്തുള്ള തോട്ടുവക്കത്തോ കുളത്തിന്റെ കരയിലോ ഒക്കെ പോയിരുന്നു ആടുന്ന...പാടുന്ന ശൃംഗാരചേഷ്ടകള്‍, റബ്ബര്‍ മരത്തിന്റെ ഇടയിലൂടെയും തെങ്ങിന്‍ തടത്തില്‍ നിന്നും ഒക്കെ നിന്നുകൊണ്ട് വീഡിയോ എടുക്കുന്ന - അത് അഭിമാനത്തോടെ അവതരിക്കപ്പെടുമ്പോള്‍ ആ വീട്ടുകാരില്‍ പ്രകടമാകുന്ന അഭിമാനത്തേക്കാള്‍ ചെറുതാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ അഭിമാനം എന്ന് കരുതുന്നത് മോശമല്ലേ?
വാല്‍ക്കഷ്ണം :- സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ഒരൊറ്റ ചിത്രത്തിലെ ഭേദപ്പെട്ട അഭിനയത്തിന്‍റെ പേരും പറഞ്ഞു നടന്‍ ബാബുരാജ്‌ സന്തോഷ്‌ പണ്ഡിറ്റ്‌നു എന്ത് തരം മനോരോഗം ആണെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു.പ്രസ്തുത ചിത്രം മാറ്റി വെച്ചാല്‍ പിന്നെ അദേഹം ഗുണ്ടയായും മറ്റും അഭിനയിച്ച തല്ലിപ്പൊളി ചിത്രങ്ങളുടെ നീണ്ട നിരയും. പോരാത്തതിനു നമ്മെയൊക്കെ സംവിധാനം ചെയ്തു അനുഗ്രഹിച്ച മനുഷ്യ മൃഗം ടൈപ്പ് പടങ്ങളും ആണ് ബാക്കി എന്നോര്‍ക്കുക.

2010 നവംബർ 8, തിങ്കളാഴ്‌ച

വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ?

മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.
  • പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
  • അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
  • അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
  • ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
  • മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
  • ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
  • വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
  • ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
  • വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
  • ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
  • വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
  • ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
  • ഭര്‍ത്താവിന്റെ തൊഴില്‍‌പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
  • മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
  • പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
  • പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താ‍ന്‍ പറ്റുന്നില്ല്ല)
  • ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
  • പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാ‍ല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
  • സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
  • കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
  • കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
  • ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
  • യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
  • പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
  • സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
  • വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാ‍നും തീരുമാനിക്കും
  • ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
  • അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
  • വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
  • ഓര്‍മ്മക്കുറവിനാ‍ല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
  • സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
  • അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
  • ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
  • അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
  • നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
  • ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
  • പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
  • പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
  • നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
  • അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
  • വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ?  ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
  • വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.

അങ്ങനെ പോകുന്നു വാചകങ്ങള്‍...

ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,
  • എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാ‍ണ്!
  • ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
  • 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.
അപ്പൊ വായനക്കാരാ, നിങ്ങള്‍ എന്തുപറയുന്നു? അഭിപ്രായങ്ങള്‍ പോരട്ടേ..

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക് വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല. (മലയാളത്തിനു ക്ലാസ്സികള്‍ പദവിയും, മലയാളം സര്‍വകലാശാലയും ഉണ്ടാക്കാന്‍ നടക്കുന്ന ഭാഷാസ്നേഹികള്‍ ഇത് കണ്ടില്ലെന്നു നടിച്ചുവോ?)
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .
91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ .ഇ .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, ഈ രാജ്യം പവിത്രമെന്നു കരുതുന്ന മൂല്യങ്ങളെയും അവഹേളിക്കരുത്. കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ ഈ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ് വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരണയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന ഈ പരിസ്ഥിതിപാതകം ചെയ്യുമോ?
സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.(ആര്‍ഷ സംസ്കാരത്തിന്റെ കവല്ഭാടന്മാര്‍ എന്ന് സ്വയം ഉദ്ഖോഷിക്കുന്ന സംഘടനകളും വ്യക്തികളും എവിടെ പോയി ഒളിച്ചു)

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍ കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .
മലയാളത്തിലെ ഒരു മാധ്യമം പോലും ഈ ആടംബരതിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല എന്നത് തികച്ചും നിരാശാജനകം തന്നെ. പകരം അവിശ്വസനീയമായ പ്രചാരമാണ് അവര്‍ അതിനു നല്‍കിയത്. (paid news എന്ന മാധ്യമലോകത്തെ ഭയങ്കര വൈറസ്‌  മലയാളത്തിനെയും  ബാധിച്ചു തുടങ്ങിയോ എന്നു സംശയിച്ചു പോകുന്നു)
എന്ത്  പറയാന്‍ അല്ലെ...."ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദേശിയ അവാര്‍ഡും കുറെ വിവാദങ്ങളും

2009 ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിവ് പോലെ കുറെ വിവാദങ്ങള്കും തിരി കൊളുത്തി . ഇനി ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും , വിമര്‍ശനങ്ങളും സര്‍വ മാധ്യമങ്ങളിലും നിറയും. എന്തായാലും എന്‍റെ വക കൂടി ഇരിക്കട്ടെ ഒരു വിമര്‍ശനം. 
ആദ്യം മികച്ച ചിത്രം തന്നെ എടുക്കാം. സംസ്ഥാന തലത്തില്‍ അത്രയൊന്നും പരിഗണിക്കപ്പെടാത്ത ചിത്രമായിരുന്നു ഷാജി എന്‍ കരുണിന്റെ മമ്മൂട്ടി ചിത്രം "കുട്ടിസ്രാന്ക്". മികച്ച ചിത്രത്തിനും, ചായഗ്രഹനവും, തിരക്കഥയും ഉള്‍പ്പടെ അഞ്ചു മികച്ച പുരസ്കാരങ്ങള്‍  നേടി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അത്രയൊന്നും പൈസയും, സ്വാധീനവും ഇല്ലാത്ത റിലയന്‍സിന്റെ ബിഗ്‌ പിക്ചേര്‍സ് അന്നെന്നുള്ളത് ഒന്ന് നോട്ട് ചെയ്തോളു. സംസ്ഥാനതലത്തില്‍ അവര്‍ക്ക് അത്രയ്ക്ക് സ്വാധീനം പോര എന്നുള്ളതയിരിക്കം ഇവിടെ ഈ ചിത്രം അവഗണിക്കപ്പെട്ടത്. പക്ഷെ ദേശിയ തലത്തില്‍ അതല്ലല്ലോ സ്ഥിതി. റിലയന്‍സ് എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് ഒരു ദേശിയ അവാര്‍ഡ്‌ ഒപ്പിചെടുക്കുക എന്നത് വളരെ ചെറിയ കാര്യം മാത്രം. അതും സര്‍ക്കാര്‍ പോലും അവരോടു കടപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, അമ്ബാനിമാര്‍ക്ക് ഒന്നല്ല ഒരായിരം അവാര്‍ഡുകള്‍ ദേശിയതലത്തില്‍ ലഭിച്ചേക്കാം. ഇപ്രാവശ്യത്തെ ഓസ്കാറിനു ഇന്ത്യയില്‍ നിന്നുള്ള ചിത്രം ചിലപ്പോള്‍ കുട്ടിസ്രാന്ക് ആയിരിക്കാം. എന്തായാലും ഈ ചിത്രം മലയാളത്തില്‍ ആയതുകൊണ്ട് നമുക്ക് മലയാളികള്‍ക്ക് സന്തോഷിക്കാം. 
മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മനസ്സിനാണ് അവാര്‍ഡു എന്നു ജൂറി. മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അംഗീകാരമില്ല. ബച്ചന് ഇനി ഒരു അങ്കത്തിനു ബാല്യമില്ല എന്നുള്ളതും ഒരു കാരണം ആയിരിക്കാം. നമ്മുടെ മമ്മൂട്ടിക്ക് ഇനിയും അതുല്യമായ ധാരാളം കഥാപാത്രങ്ങളെ നല്കാന്‍ കഴിയും , അതിനാല്‍ തന്നെ ഇനിയും ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു.  ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു  പരനഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരനഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, പഴശ്ശിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴശ്ശിരാജയാണ് മികച്ച സിനിമ എന്നും, പഴശ്ശിരാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിസ്രാന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴശ്ശിരാജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കുട്ടിസ്രാങ്കിന്റെ സംവിധായകനെ  തഴഞ്ഞു പഴശ്ശിരാജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടിസ്രാന്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
മലയാളത്തില്‍ നിറയെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പലേരി മാണിക്യം തീരെ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്നു അറിയില്ല. എല്ലാം കൊണ്ടും മികച്ച ഒരു ചലച്ചിത്ര അനുഭവമായിരുന്നു ഈ ചിത്രം. ഇത് അവഗണിക്കപ്പെട്ടത് തീര്‍ച്ചയായും വിഷമകരം തന്നെ. 
ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും........

2010 സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - ഒരു ചര്‍ച്ചയില്‍ നിന്ന്

 എന്‍റെ ചില സുഹൃത്തുക്കളുമായി നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്ന്
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും ചില ഉത്തരങ്ങളും താഴെ കൊടുക്കുന്നു....
നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കുചേരാം ...നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്യു....

മതവിശ്വാസവും വര്‍ഗ്ഗീയവാദവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്?
ആരാണ് അത് തീരുമാനിക്കേണ്ടത്? വ്യക്തിയോ സമൂഹമോ?
വര്‍ഗ്ഗീയവാദത്തില്‍ ചെന്നെത്താതെ മതവിശ്വാസത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്?
മതവിശ്വാസം നന്മ മാത്രം ഉണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ത് ചെയ്യണം?

ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും.
മതേതരമായ ഒരു സമൂഹത്തിനാണോ, അതോ മതനിരപേക്ഷമായ ഒരു സമൂഹത്തിനാണോ, വര്‍ഗ്ഗീയവാദത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക?
----------------------------------
മതവിശ്വാസവും വര്‍ഗ്ഗീയവാദവും ഇന്ന് ഒരുപോലെ തെറ്റിദ്ധരിക്കപെടുകയും, പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ്.

എന്നാല്‍ ഇവ രണ്ടും തീര്‍ച്ചയായും രണ്ടു മാനുഷിക അവസ്ഥകള്‍ തന്നെയാണ്.

ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ സാമുഹിക ജീവിതത്തിലും ബന്ധങ്ങളിലും ആ വിശ്വാസങ്ങള്‍ കൂടികലരാതെ നോക്കുന്നവരുമാണ് സാധാരണ മതവിശ്വാസികള്‍.

എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും ആ മതം മാത്രമാണ് സത്യം എന്ന് വിശ്വസിച്ചു, അന്യ മതസ്ഥരെ ശത്രുത മനോഭാവത്തോടെ കണ്ടു , സാമൂഹിക ജീവിതത്തില്‍ പ്രകടമായി അത്തരം വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് വര്‍ഗ്ഗീയവാദികള്‍.

എല്ലാ മതവിശ്വാസികളും വര്‍ഗ്ഗീയവാദികള്‍ അല്ല.

മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേരത്താണ്.

മതവിശ്വാസികളുടെ വിശ്വാസം അന്ധമായി മാറുമ്പോള്‍ അവര്‍ വര്‍ഗ്ഗീയവാദികള്‍ ആയി മാറാം.

അതുപോലെ വര്‍ഗ്ഗീയവാദികള്‍ മനപരിവര്‍ത്തനം വന്നു തിരികെ മതവിശ്വാസികള്‍ മാത്രമായും മാറാം.

എന്നാല്‍ ഈ നേര്‍ത്ത അതിര്‍വരമ്പ് എവിടെയാണ്?

------------------

സാധാരണക്കാരന്‍ ഒരു കടയില്‍ സാധനം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍, ആ കടക്കാരന്‍ ഇതു മതക്കാരനാണ് എന്നത് പരിഗണിക്കാറില്ല.

ടാക്സി വിളിക്കുമ്പോള്‍ ഡ്രൈവര്‍ ഏതു മതക്കാരനാണ് എന്ന് നോക്കാറില്ല.

പത്രക്കാരന്റെയോ, പാല്ക്കാരെന്റെയോ, മീന്‍ കച്ചവടക്കരെന്റെയോ മതം ഒരു വിഷയവുമല്ല.

ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മതവും, കോളേജിലെ കുട്ടുകാരന്റെ മതവും അവരുമായുള്ള ഇടപെടലില്‍ പരിഗണിക്കാറില്ല.

ചുരുക്കത്തില്‍ ...

സാമൂഹികമായ ഇടപെടലുകളിലും, ബന്ധങ്ങളിലും മതം ഒരു ഘടകം ആയി വരുന്നില്ല.
................................
എന്നാല്‍ മതം ഒരു ഘടകം ആയി വരുന്നത് മറ്റു സാഹചര്യങ്ങളിലാണ്.

വിവാഹം, ജനനം, മരണം, ആഘോഷങ്ങള്‍, പ്രാര്‍ത്ഥന, ആചാരങ്ങള്‍ എന്നിവ വരുമ്പോള്‍ വ്യക്തിക്ക് മതം മുഖ്യ ഘടകം ആയി മാറുന്നു.

സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍, ഒരു അന്യമതസ്ഥന്റെ ചങ്ങാത്തം സ്വീകരിക്കുന്നത് സാധാരണ എതിര്ക്കാത്തവരും, അന്യ മതസ്ഥനുമായുള്ള അവരുടെ വിവാഹത്തെ എതിര്‍ക്കും.

ചുരുക്കത്തില്‍ ഒരാളുടെ മതവിശ്വാസം കൂടുതല്‍ വ്യക്തിപരവും, സാമൂഹികമായി വേറിട്ട്‌ നില്‍ക്കുന്നതുമാണ്.

ഈ അതിര്‍വരമ്പ് തന്നെയാണ് ശരിക്കും മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ്.

സ്വന്തം വ്യക്തിപരം ആയ മതവിശ്വാസത്തെ സാമൂഹികമായ മാനങ്ങളിലേക്ക് കൊണ്ട് വരുന്ന മതവിശ്വാസിയാണ്, ക്രമേണ വര്‍ഗ്ഗീയവാദിയായി രൂപാന്തരം പ്രാപിക്കുന്നത്.

തന്റെ മതം മാത്രമാണു വിശുദ്ധമെന്നു വിശ്വസിക്കാന്‍ തുടങ്ങുമ്പോൾള്‍ അയാളിലെ വര്‍ഗ്ഗീയത പൂര്‍ണ്ണമായി.

ആ വിശ്വാസം എന്ത് വില കൊടുത്തും പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങിയാല്‍ അയാള്‍ "Terrorist" ആയി മാറും എന്ന് കൂടി പൂരിപ്പികേണ്ടി വരും.

---------------------------------------------------
ഒരു മനുഷ്യന്‍ ഒന്നുകില്‍ ഒരു ദൈവ വിശ്വാസി ആകണം, അല്ലെങ്കില്‍ ഒരു നിരീശ്വരവാദി ആകണം എന്ന് പലപ്പോഴും സമൂഹം ശഠിക്കുന്നു.
ഇത് രണ്ടുമല്ലാത്ത ഒരു ജീവിതം എന്ത് കൊണ്ട് സാധ്യമല്ല?

ദൈവം ഉണ്ടെന്നതോ ഇല്ലെന്നതോ ഉള്ള വിശ്വാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെ ചെയ്യാത്ത ഒരു വിഷയം ആയി കരുതുന്ന ധാരാളം പേരുണ്ട്. അവര്‍ ദൈവവിശ്വാസികളും അല്ല നിരീശ്വരവാദികളും അല്ല.

ശാസ്ത്രം വളരുംതോറും ദൈവവിശ്വാസം പുറകോട്ടു പോകുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

ചന്ദ്രനില്‍ പോയി മനുഷ്യന്‍ കാലു കുത്തുന്നത് വരെ പല മതങ്ങള്‍ക്കും ചന്ദ്രന്‍ ദൈവം തന്നെയായിരുന്നു.
---------------------------------------------------------------------
ഓരോ പ്രവാചകനും, തന്റെ കാലഘട്ടത്തിനോട് കലഹിച്ചവനാണ്.

തന്റെ സമയത്തുള്ള ദൈവത്തെ എതിര്‍ത്തവരാണ്.

അത് തന്നെയാണ് അവരുടെ പ്രസക്തിയും.

ഒരു പ്രവാചകനും അന്ത്യ പ്രവാചകന്‍ ആകുന്നില്ല.

മനുഷ്യരാശി നിലനില്‍ക്കും വരെ പ്രവാചകന്മാര്‍ ഉണ്ടായികൊണ്ടിരിക്കും
-------------------------
ഒരു മതേതര സമൂഹം എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട് അവയ്ക്ക് തുല്യ പ്രാധാന്യം നല്‍കുന്നു.

ഒരു മതനിരപേക്ഷ സമൂഹമാകട്ടെ ഒരു മതത്തിനും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.
ഇവ രണ്ടും ഒന്നാണെന്ന് തോന്നാം.
പക്ഷെ തികച്ചും വ്യത്യസ്ത തലങ്ങളാണ് അവയ്ക്കുള്ളത്.

മതേതര സമൂഹത്തില്‍ മതങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടുമ്പോള്‍, മതനിരപേക്ഷ സമൂഹത്തില്‍ മതങ്ങള്‍ പൂര്‍ണ്ണമായും മാറ്റിനിര്തപ്പെടുന്നു.

ഒരു മതേതര സമൂഹം സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായും മതെത്തെ ഒഴിവാക്കുകയാണെങ്കില്‍ അത് മതനിരപേക്ഷമായി മാറും.
------------------
ഉദയം, അസ്തമയം, ജനനം, മരണം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയെ ഒന്നും ഉണ്ടാകുന്നതിന്റെ കാരണം അറിയാത്ത ആദിമമനുഷ്യന്‍, ഇവയ്ക്കുള്ള ഉത്തരം തേടി, ആദ്യം ഉണ്ടാക്കിയത് ദൈവം എന്ന സങ്കല്പത്തെയാണ്.

ഒരേ സങ്കല്‍പ്പത്തെ ഒരുപാടു ആളുകള്‍ പിന്തുടരുമ്പോള്‍ അത് മതമായി മാറി.

സങ്കല്പങ്ങള്‍ പലതായപ്പോള്‍ മതങ്ങളുടെയും എണ്ണം കൂടി.

മതങ്ങള്‍ക്കുള്ളില്‍ അധികാരം പുരോഹിതവര്‍ഗം കൈയടക്കി.

ഭരണകൂടങ്ങള്‍ ഉണ്ടായപ്പോള്‍ മതങ്ങള്‍ സാമൂഹിക അധികാരകേന്ദ്രങ്ങളായി മാറി.

പുരോഹിതവര്‍ഗം അവയെ നിയന്ത്രിക്കാനും തുടങ്ങി.

അധികാരം മതങ്ങളെ ദുഷിപ്പിച്ചു. ഭൌധിക സമ്പത്തിലെക്കുള്ള മാര്‍ഗമായി മതം മാറി.

ഇന്നാണെങ്കില്‍ ദൈവത്തിനേക്കാളും പ്രാധാന്യം മതത്തിനാണ്.

മതഅധികാര കേന്ദ്രങ്ങള്‍ക്കും, പുരോഹിതവര്‍ഗത്തിനും ശേഷമേ ഇന്ന് ദൈവത്തിനു സമൂഹത്തില്‍ സ്ഥാനമുള്ളൂ.

--------------------------------
എല്ലാ തീവ്രവാദവും വര്‍ഗ്ഗീയതയുടെ ഫലമാണെന്ന് പറയാന്‍ പറ്റില്ല.

പണത്തിനു വേണ്ടി നടത്തുന്ന തീവ്രവാദം , വര്‍ഗ്ഗീയതയെക്കാളും സ്വാര്‍ത്ഥതയുടെയും, പണക്കൊതിയുടെയും, ചിലപ്പോള്‍ ദാരിദ്ര്യത്തിന്റെയും ഫലമാണ്.

അതും വ്യാപകം ആണ്.
-------------------
ഹിന്ദു തീവ്രവാദം അഥവാ സംഘപരിവാര്‍:

ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തില്‍ ഇല്ല.
ഹിന്ദു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അത്തരം അധികാര കേന്ദ്രീകരണം അനുവദിക്കുന്നുമില്ല.
മറ്റു സംഘടിത മതങ്ങളെപോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തിലും സൃഷ്ട്ടിച്ചു, അതിനെ രാഷ്ട്രത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് സംഘപരിവാരത്തിന്റെ അന്തിമ ഉദ്ദേശം.

---------------------------------
മതത്തെ അധികാരതിനായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങളാണ് ജാതിവ്യവസ്ഥകളും, മനുസ്മിര്തിയും , വര്‍ണ്ണ നിയമങ്ങളും ഒക്കെ.

ഇന്നും സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍, രാജഭരണം നിലനില്‍ക്കുന്നത്, മതം എന്ന ഒറ്റബലത്തില്‍ തന്നെയാണ്.

രാജാവ് ദൈവത്തിന്റെ സ്വന്തം പ്രതിപുരുഷന്‍ ആണെന്നും, രാജാവിനെ എതിര്‍ക്കുന്നത് ദൈവവിരോധം കിട്ടുന്ന കാര്യമാണെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് അത്തരം ഭരണങ്ങളെ നില നിര്‍ത്തിക്കൊണ്ട് പോകുന്നത്.
-----------------------------

മതം എന്നത് തികച്ചും വ്യക്തിപരം ആയ ഒരു കാര്യം മാത്രമായി കാണുകയും, മറ്റു മതങ്ങള്‍ ഒരേ മാര്ഗ്ഗതിലെക്കുള്ള വ്യത്യസ്ത വഴികളാണെന്നു ഓരോ മതക്കാരനും മനസില്ലാക്കിയും, രാഷ്ട്ര ഭരണ കാര്യങ്ങളില്‍ നിന്ന് മതത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയും, ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മതനിരപേക്ഷ സമൂഹമാകും നമുക്ക് നല്ലത്.

2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ആരെങ്കിലും കാണം വിറ്റോ?

കാണം വിറ്റും ഓണം ഉണ്ണുന്നതൊക്കെ പഴഞ്ചൊല്ലില്‍. ഇന്ന് ആള്‍ക്കാര്‍ ഓണമുണ്ണാന്‍ "കോണം" പോലും വിലക്കില്ല. കാരണം ജനങ്ങളുടെ ജീവിത നിലവാരം വളരെയധികം ഉയര്‍ന്നിരിക്കുന്നു. പക്ഷെ അവര്‍ക്ക് കാണം വില്‍ക്കേണ്ടി വരുന്നത് വിവിധ ഓണം ഓഫറുകള്‍ സ്വന്തമാക്കാനാണ്.
പണക്കാര്‍ കൂടുതല്‍ പണക്കാരായും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായും മാറുകയും ഇടത്തരക്കാര്‍ ഇടത്തരക്കാരായി തന്നെ തുടരുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തില്‍ ഉപഭോഗസംസ്കാരത്തിന്റെ ഏറ്റവും വലിയ വിപണിയായി തീര്‍ന്നിരിക്കുകയാണ് ഓണക്കാലം. മൊബൈല്‍ഫോണ്‍ മുതല്‍ ചപ്പാത്തിക്കോല് വരെ വാങ്ങാന്‍ ഞാനുള്‍പ്പെടുന്ന മലയാളികള്‍ ഓണക്കാലം കാത്തിരിക്കുന്നു... വില്‍ക്കാന്‍ സൌജന്യങ്ങളുമായി വ്യാപാരികളും കമ്പനികളും.
ഓണക്കാലത്ത് പണ്ട് കുറേക്കാലമായി മാഗസിനുകളിലും ഇപ്പോള്‍ ബ്ലോഗിലും നിറയുന്ന ഒന്നാണ് പഴയ പോലെ ഓണം ഇന്നില്ലെന്ന നഷ്ടബോധം. ഇതിലിത്ര ചിന്തിക്കാനെന്തിരിക്കുന്നു? ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരാഘോഷത്തിന്‍റെ പേര് മാത്രമല്ല, മറിച്ച് ഐശ്വര്യസമൃദ്ധമായ ഒരു ജീവിതത്തിന്‍റെ പര്യായം കൂടിയാണ്. മാവേലിയുടെ കഥ മേമ്പൊടിയായി ചേര്‍ത്തിട്ടുണ്ടെങ്കിലും(കേരളം ഭരിച്ച മാവേലിയുടെ കഥ നടക്കാന്‍ കാരണമായ വാമനാവതാരത്തിന് ശേഷമാണ് കേരളം സൃഷ്ടിച്ച പരശുരാമാവതാരം ഉണ്ടായതെന്നത് എല്ലാര്‍ക്കും അറിയാമല്ലോ) ഓണം അടിസ്ഥാനപരമായി ഒരു കൊയ്ത്തുത്സവം തന്നെയാണ്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാര്‍ക്ക് വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുന്ന ദിവസം. എന്നാല്‍ എന്നും മൃഷ്ടാന്നഭോജനം നടത്തുന്ന ഇന്നുള്ളവര്‍ക്ക് എന്നും ഓണം തന്നെയല്ലേ? അതുകൊണ്ട് തന്നെയാണ് ഓണം ഓണമായി തോന്നാത്തത്. അത് കൊണ്ട് നമുക്ക് ഇനിയും കുറേക്കാലം കൂടി ഇങ്ങനെയൊക്കെ അങ്ങോട്ട്‌ ആഘോഷിക്കാം... "എന്താ ഈ ഓണം?" എന്ന് ചോദിക്കുന്ന ഒരു തലമുറ വരുന്നത് വരെയെങ്കിലും.
ഇങ്ങനെയൊക്കെ ആണെങ്കിലും കേരളീയര്‍ ഇന്നും ഓണം ഓണമായിതന്നെ ആഘോഷിക്കുന്നുണ്ടെന്നതിനു തെളിവാണല്ലോ ആ കോടികള്‍. ഏത്? ചാലക്കുടി, കരുനാഗപ്പള്ളി... ഇത് തന്നെ മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഫീലിംഗ് ഉണ്ടാക്കുന്ന ഒരേയൊരു ഓണം അനുഭവം.
(വാര്‍ത്ത‍:  ഓണക്കാലത്ത്  കേരളത്തില്‍  റെക്കോഡ് മദ്യ വില്പന. ചാലക്കുടിയും കരുനഗപ്പള്ളിയും മുന്‍പില്‍)

2010 ഓഗസ്റ്റ് 5, വ്യാഴാഴ്‌ച

പടരുന്നത്‌ പൊങ്കാലപ്പനി

 ..കുരീപുഴ ശ്രീകുമാര്‍ ..
അമ്മദൈവങ്ങളുമായി ബന്ധപ്പെട്ട കേരളത്തിലെ ക്ഷേത്രങ്ങൾക്ക്‌ മറ്റ്‌ ആരാധനാലയങ്ങളെ അപേക്ഷിച്ച്‌ വളരെ പഴക്കവും ചരിത്രപരമായ പ്രാധാന്യവുമുണ്ട്‌.മേല്‍വസ്ത്രം ധരിക്കാത്ത ദൈവങ്ങള്‍ പണ്ടു കാലത്തെ കേരളീയരുടെ ഉടയാടരീതികളെയും പ്രതിഫലിപ്പിക്കുന്നുന്ടു .അമ്മദൈവങ്ങളെ പ്രീതിപ്പെടുത്താനായി മനുഷ്യനെയോ ആടിനെയോ കോഴിയെയോ ബലി കൊടുത്താൽ കാര്യം സാധിക്കാമെന്നും പണ്ടുള്ളവര്‍ കരുതി.

മനുഷ്യക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും മനുഷ്യരുടെ തന്നെ എതിര്‍പ്പ് മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാല്‍ നിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാന്‍ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികള്‍.തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളര്‍ത്ത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ മനുഷ്യന്‍ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.കാളയെ ബലി കൊടുത്താല്‍ ദൈവം വന്നു നിലം ഉഴുത്‌ തരില്ലെന്നും പശുവിനെ ബലി കൊടുത്താല്‍ ഭദ്രകാളി പാലു ചുരത്തിത്തരില്ലെന്നും മനുഷ്യൻ പണ്ടെ മനസ്സിലാക്കിയിരുന്നു.

മനുഷ്യരായി കരുതിയിടില്ലാത്തതിനാൽ വരമ്പുറയ്ക്കാനും മറ്റും ദലിതരെയാണു ബലി ഖോടുത്ത്തിരുന്നത് .തെയ്യങ്ങലുറെ മുന്നിലൊഴികെ മറ്റെല്ലാ സ്ഥലത്തും കുമ്പളങ്ങയാണു ഇപ്പോൾ മുറിച്ച്‌ ബലി അർപ്പിക്കുന്നത്‌.കുമ്പളങ്ങ മുറിച്ചാൽ ചുവന്ന നിറമുള്ള ചോര വരില്ലല്ലോ.അതിനായി മഞ്ഞളും ചുണ്ണാമ്പും കലർത്തി ചോപ്പുണ്ടാക്കുകയാണു ചെയ്യുന്നത്‌.അമ്മ ദൈവങ്ങള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല.

അമ്പലമുറ്റത്ത്‌ കോഴിക്കൊല നിരോധിച്ചിട്ടുള്ളതിനാൽ നേർച്ചയായി കിട്ടുന്ന കോഴികളെ ലേലം ചെയ്യുകയോ ഭരവാഹികൾ കറി വച്ചു കഴിക്കുകയോ ആണു ചെയ്യുന്നത്‌.എന്നാൽ ദുർഗ്ഗ ക്ഷേത്രത്തിന്റെ ഉടമസ്തർ തന്നെ ശ്രീഗുർഗ്ഗാ ഹോട്ടൽ തുറന്ന് നേർച്ചയായി കിട്ടുന്ന കോഴികളെ പൊരിച്ചും കറിവച്ചും വിൽക്കുന്ന വ്യാപാര തന്ത്രവും കേരളത്തിലുണ്ട്‌.

ഇങ്ങനെയൊക്കെയാണെങ്കിലും പൊങ്കാലയിടല്‍ എന്ന കഞ്ഞിവെപ്പു നേർച്ച അമ്മയമ്പലങ്ങളിൽ ഇല്ലായിരുന്നു.മകരമാസത്തിലെ ഒന്നാമത്തെ ഞായറാഴ്ച മുറ്റത്തു കുഴി കുത്തി അടുപ്പുണ്ടാക്കി പായസം വച്ചു സൂര്യനെ ധ്യാനിക്കുന്ന മകരപ്പൊങ്കലും അപൂർവ്വമായി ചന്ദ്ര പ്പൊങ്കലും ഉണ്ടായിരുന്നു.ഇതെല്ലാം വീടുള്ളവർ അവരവരുടെ വീട്ടുമുടത്താണു നടത്തിയിരുന്നത്‌.

ഇക്കാലത്ത്‌ കേരളവ്യാപകമായി കഞ്ഞിവെപ്പുത്സവങ്ങൾ പടർന്നു പിടിക്കുകയാണ്‌.ഓരോ ദിവസവും ഓരൊ ദേവീക്ഷേത്രങ്ങളിൽ പൊങ്കാല.ക്ഷേത്രങ്ങളിൽ എന്നു പറഞ്ഞാൽ ക്ഷേത്ര പരിസരത്തുള്ള രോഡുകളിലും വീട്ടുമുറ്റങ്ങളിലും എല്ലാം സ്ത്രീകളടുപ്പു കൂട്ടി പൊങ്കാലയിടുകയാണ്‌.

തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാലക്ക്‌ കഴിഞ്ഞ വർഷം കാൽ കോടിയിലധികം കലങ്ങൾ നിറഞ്ഞതായാൺ റിപ്പോർട്ട്‌. അതുടാക്കുന്ന ഗതാഗത പ്രശ്നങ്ങളും പുകയും തീയും ഒരു സ്ഥലത്ത്‌ കേന്ദ്രീകരിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ശ്രദ്ധിക്കാൻ ആരും തയ്യാറാകുന്നില്ല.

അറ്റുകാൽ പോംകാലക്ക് വലിയ പ്രായമുന്റെന്നു തോന്നുന്നില്ല.എന്നാലും അവിടെ ഉള്ള തോറ്റ അം പാട്ടെന്ന അൻഷ്ഠാന കലാരൂപവുമായി പൊങ്കാലക്ക്‌ ബന്ധമുണ്ട്‌.ഒന്നാം ദിവസം കൊടുങ്ങല്ലൂരമ്മയെ ക്ഷണിച്ചുവത്തി കുടിയിരുത്തുകയും രണ്ടാം ദിവസം ത്രിക്കല്ല്യാണം പാടുകയും മൂന്നം ദിവസം കോവൽൻ കണ്ണകിയെ കല്ല്യ്യാണിക്കുന്നത്‌ അവതരിപ്പിക്കുകയും നലാം ദിവസം ചിലമ്പ്‌ വിൽക്കാൻ മധുരക്കള്ള യാത്രയും അഞ്ചാം ദിവസം രാജസദസ്സിലെ പരിഹാസവും ആറാം ദിവസം കോവലവധവും ഏഴാം ദിവസം കണ്ണകി കോവലനെ ജീവിപ്പിക്കുന്നതും എട്ടം ദിവസം പെർം തട്ടാനെ കൊല്ലുന്നതും ഒൻപതാം ദിനം പാൻഡ്യ രാജാവിനെ കൊന്ന കണ്ണകിയെ ജനങ്ങൾ പൊങ്കാലയിട്ടു വരവേൽക്കുന്നതുമാൺ തോട്ടം പാട്ടിന്റെ ഇതിവൃത്തം.ഈ തോറ്റം പാട്ടിനു സൌണ്ടര്യശാസ്ത്ര പരമായ ചില മൂല്യ്ങ്ങൾ ഉണ്ടെങ്കിലും ആ മൂല്യതോടുള്ള ആദരവു മാറ്റി വച്ച്‌ അന്ദ്ധ വിശ്വാസത്തിന്റെ ആകാശത്തേക്കാണ്‌പൊങ്കാല പുരോഗമിച്ചത്‌.

അഭീഷ്ടങ്ങൾ സാധിക്കാൻ വേണ്ടിയാണു കേരള വ്യാപകമായി ഇപ്പോൾ പൊങ്കാല ഇടുന്നത്‌.സ്ത്രീകളുടെ അഭീഷ്ടങ്ങളൊന്നും പൊങ്കാല കൊണ്ട്‌ സഫലമാകുന്നില്ലെന്ന് ഓർക്കേണ്ടതാണ്‌.ഇശ്ടമാങ്ങല്യം മുതൽ കൈ കാണിച്ചാൽ ബസ്സ്‌ നിറുത്തുന്ന കാര്യം വരെ സാധിതമാകുന്നത്‌ പൊങ്കാലയിടുന്നതു കൊണ്ടല്ല.പൊങ്കാല പണ്ടില്ലാത്ത കോളറ പോലെ പടർന്നു പിടിച്ചിട്ടും സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും രക്ഷിക്കാൻ ചുമതലപ്പെട്ട അമ്മദൈവങ്ങൾ അതു നിർവഹിക്കുന്നുമില്ല.

പൊങ്കാലയിടൽ കൊണ്ട്‌ മൺകല നിർമ്മാണത്തെ അലുമിനിയം-സ്റ്റീൽ പത്ര നിർമ്മാതാക്കൾ അട്ടിമറിച്ചു.മൺകലം നിർമ്മിക്കുന്ന സമർഥരെ ഒരു അമ്മദൈവവും രക്ഷിച്ചില്ല.പൊങ്കാൽ പടർന്നു പിടിക്കണമെന്നു ആഗ്രഹിക്കുന്ന ഒരു വ്ഭാഗം മരുന്നു ഇർമ്മാതാക്കളാണ്‌.പൊങ്കാലക്കാലത്ത്‌ ആർത്തവം മാറ്റി വയ്ക്കാനുള്ള മരുന്നാണ്‌വരുടെ ഉൽപ്പന്നം.

കേരളത്തിൽ പടർന്നു പിടിക്കുന്ന പൊങ്കാലയുടെ മറ്റൊരപകടം ഒപ്പം കൊണ്ടുവരുന്ന വർഗ്ഗീയതയുറ്റേതാണ്‌.പൊങ്കാല ഒരിക്കലും ഒരു മതേതര മഹോൽസവമല്ല..ഏതു മലയിടുക്കുകളിലും കടന്നു ചെല്ലുന്ന ചില മദാമ്മമാർ പൊങ്കാലയെ ഫോട്ടോയായും പ്രബന്ധമായും പ്രയോജനപ്പെടുത്ത്മെന്നു മാത്രം.ഒരു നഗ്ന കവിതചൊല്ലി ഇന്നത്തെ വർത്തമാനം അവസാനിപ്പിക്കാം.
അംബികാനായര്‍
അൻപതു കലത്തിൽ
പൊങ്കാലയിട്ടു.
അമ്മിണിയക്കച്ചി
ഒറ്റക്കലത്തിലും
അംബികാനായരുടെ അടുക്കള
പഴയതുപോലെ സുഭിക്ഷം
ദോഷം പറയരുതല്ലൊ
അമ്മ ദൈവത്തിന്റെ അനുഗ്രഹത്താൽ
അമ്മിണി അക്കച്ച്ചിയുറെ കുടിലടുപ്പും
പഴയതു പോലെ തന്നെ
പുകഞ്ഞിട്ടേയില്ല.

അമ്മിണിയക്കച്ചിക്കു പ്രയോജനമുണ്ടായില്ലെങ്കിലും അമ്മദൈവങ്ങൾ ധനികരായി റബ്ബര്‍  തോട്ടങ്ങളായു വ്യാപാര സമുച്ച്യങ്ങളായും ആ ധനം പെറ്റുപെരുകുന്നുണ്ട്‌.

2010 ജൂലൈ 31, ശനിയാഴ്‌ച

ആള്‍ ദൈവങ്ങളേ എന്നെക്കൂടി രക്ഷിക്കണേ.

 പുരാണങ്ങള്‍ പ്രകാരം മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണത്രേ ഉള്ളത്. ഇത് പഴയ കണക്ക്. ഇപ്പോള്‍ ഇത്രയൊന്നുമല്ല. ദൈവങ്ങളുടെ ജനസംഖ്യയിലും (ദൈവസംഖ്യ ?) വന്‍ വര്‍ധനവ്‌ ആണ് ഉണ്ടായിരിക്കുന്നത്. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,02,87,37,436  ആണ്.  ഇപ്പോളത്  ഇരുപത് ശതമാനമെങ്കിലും കൂടിയിട്ടുണ്ടാവും. കഴിഞ്ഞ സെന്‍സസ് പ്രകാരം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 21.54 %. 2011 ലെ സെന്‍സസില്‍ ആള്‍ദൈവങ്ങളുടെ/സ്വാമിമാരുടെ  കണക്ക് കൂടി എടുക്കുകയാണെങ്കില്‍ ദൈവങ്ങളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ്‌ കൂടി മനസിലാക്കാനും അതിന് വ്യാപകമായ പ്രചാരം നല്‍കി ആത്മീയ - ഭക്തി ടൂറിസം വളര്‍ത്തുവാനും കഴിയുന്നതാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാളും അധികം ആയിരിക്കും ദൈവസംഖ്യാ വളര്‍ച്ചാ നിരക്ക് എന്നുള്ളതില്‍ സംശയമില്ല. എങ്കിലും വളര്‍ച്ചാ  ഗ്രാഫ് ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ ഇടക്കാലത്ത് ഒരു ഇടിവ് കാണാവുന്നതാണ്. അതിനു കാരണമായി വന്നത് സന്തോഷ്‌ മാധവ സ്വാമി, സ്വാമി ഹിമവല്‍ ഭദ്രാനന്ദ, മാതാ ദിവ്യാ ജോഷി തുടങ്ങിയവരുടെ ശനിദശ  ആണെന്ന്  കാണാം. സ്വാമി നിത്യാനന്ദ തിരുവടികള്‍  സന്യാസം താത്കാലികമായി ഉപേക്ഷിച്ചുവെന്നും കേള്‍ക്കുന്നു. ശിഷ്യ ഗണങ്ങള്‍ വഴിയാധാരമാകാതെ മറ്റേതെങ്കിലും ദൈവങ്ങള്‍ ഏറ്റെടുത്താല്‍ മതിയായിരുന്നു.
                ദൈവമില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആള്‍ദൈവങ്ങള്‍. കാണാം. സംസാരിക്കാം. അനുഗ്രഹങ്ങള്‍ വാങ്ങാം. ചില്ലറ ചെലവ് ഉണ്ടാവും. അത് പിന്നെ എല്ലാത്തിനും വിലക്കയറ്റം ഉള്ള കാലം അല്ലേ.  ആള്‍ദൈവങ്ങള്‍/അവതാര പുരുഷന്മാര്‍ ജനിച്ചത്‌ ഭൂമിയില്‍ സമാധാനം പുന:സ്ഥാപിക്കുവാനാണ് എന്നതില്‍ സംശയമില്ല. ഇത്തരം ആള്‍ദൈവ അവതാരപുരുഷന്മാര്‍ എല്ലാ മതങ്ങളിലും കാണപ്പെടുന്നു.ഇവര്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ശിഷ്യര്‍ ആയി സ്വീകരിച്ചു വരുന്നു.   ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന സ്വാമി ഇടയ്ക്ക് എല്ലാ മതങ്ങളിലെയും ദൈവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം ആലപിക്കുന്നു. അതോടെ മത സൌഹാര്‍ദ്ദം ആയി.  എത്ര വിദേശ ശിഷ്യന്മാര്‍ ഉണ്ട് ? വിദേശങ്ങളില്‍ എത്ര ആശ്രമങ്ങള്‍ / ക്ഷേത്രങ്ങള്‍ ഉണ്ട് ? എന്നത് ഇത്തരം ദൈവങ്ങളുടെ പൊക്കം അളക്കുവാന്‍ ഉള്ള അളവുകോല്‍ ആയി പരിഗണിക്കപ്പെടുന്നു. ഇവരുടെ വാസസ്ഥാനങ്ങളെ ആശ്രമം / ക്ഷേത്രം (ഫൈവ് സ്റ്റാര്‍) എന്ന് വിളിക്കപ്പെടുന്നു.  ഇവരുടെ പ്രഥമ ശിഷ്യരായി സമൂഹത്തിലെ ഉന്നതകുല ജാതര്‍ വരുകയും തുടര്‍ന്ന് താഴെ തട്ടിലുള്ളവര്‍  അണി ചേരുകയും ചെയ്യുന്നു. കള്ളപ്പണക്കാരന്‍ മനശാന്തിക്കായി മുട്ടുകുത്തി കിടക്കുന്നതിനെ കാവ്യ നീതി ആയി കണക്കാക്കാവുന്നതാണ്.  രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, കായികതാരങ്ങള്‍, ബിസിനെസ്കാര്‍ തുടങ്ങിയവരെല്ലാം സ്വാമിയുടെ അനുഗ്രഹം വഴി കൂടുതലായി വല്ലതും തടഞ്ഞാലോ എന്ന് കരുതി ശിഷ്യത്വം കൈക്കൊള്ളുന്നു. ആശ്രമത്തിലെ ടെലിഫോണ്‍ ബൂത്ത്‌  ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍   പ്രസിഡന്റ്‌ വരെ  വരുന്നു.
            ഇതൊക്കെ വായിച്ചു ഏതെങ്കിലും സ്വാമിയുടെ ശിഷ്യന്‍ ആയി ആശ്രമത്തില്‍ കഴിയാം എന്ന് കരുതി ചെല്ലുന്നവര്‍ ദയവായി താമസതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കുവാനുള്ള തുക കൂടി കരുതേണ്ടതാണ്. കാശ് ഇല്ലാത്തവര്‍ ശിഷ്യത്വം സ്വീകരിക്കുവാന്‍ യോഗ്യര്‍ അല്ലതന്നെ. ചില സ്വാമി/ ദൈവങ്ങളാകട്ടെ കോഴ്സുകള്‍ നടത്തുന്നു. പഠിക്കുവാന്‍ ഫീസ് കൊടുക്കേണ്ടതാണ്. എന്നാല്‍ സ്വാമിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്ക് മൂല്യം പണം ആയി കണക്കാക്കുന്നതല്ല. അത് ഗുരുസേവ ഇനത്തില്‍ വരവ് വെക്കുന്നതാണ്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയെങ്കിലും ചിലരൊക്കെ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. അതുമല്ല, ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് പോലെ വല്ല അരിയോ ഗോതമ്പോ തരാന്‍ പറഞ്ഞാല്‍ വലഞ്ഞത്‌ തന്നെ. (മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ ജഗതി സ്വാമി ഇങ്ങനെ ഒരു കെണിയില്‍  പെട്ടിരുന്നു )
           സ്വദേശത്തു നിന്നും വിദേശത്ത് നിന്നും കിട്ടുന്ന കോടികളുടെ കണക്ക് ആരും ചോദിക്കാത്തത് കൊണ്ട് മാത്രമാണ് പറയാത്തത്. അധ്വാനിച്ചു ഉണ്ടാക്കുന്നതിനു മതിയല്ലോ ടാക്സ് കൊടുക്കുന്നത്. കിട്ടുന്ന കോടികളുടെ ഒരു അഞ്ച് - പത്ത് ശതമാനം ആശുപത്രി, സ്കൂള്‍ എന്നൊക്കെ പറഞ്ഞു ചെലവാക്കാറുണ്ട്‌. അതൊരു ചൂണ്ട ആണ്. ചെറിയ മീനിട്ട് വലിയ മീനെ പിടിക്കുന്ന രീതി. ദാനവുമായി, ധര്‍മവുമായി. എന്തൊക്കെ വേലത്തരങ്ങള്‍ ആണെങ്കിലും ഇത്രയൊക്കെ പൊതുജന സേവനം ചെയ്യുന്നില്ലേ എന്ന് പൊതുജനം. മോഷണ മുതലില്‍ കുറെ ദാനം ചെയ്തുവെന്ന് വച്ച് മോഷണം മോഷണമല്ലാതെ ആകുന്നില്ലല്ലോ. അതല്ല, ഒരു സംശയം. എന്തിനാണ് സര്‍വസംഗ പരിത്യാഗികള്‍ ആയ സന്യാസി വര്യന്മാര്‍ക്ക് ഇത്ര പണം ?  ഫിലിപൈന്സിലെ ഇമെല്ട മാര്‍കോസിനെ തോല്‍പ്പിക്കുന്ന ആഡംബരങ്ങള്‍ ? 
           തുടങ്ങിയിടത് നിന്ന് വഴി മാറിപ്പോയി. ആള്‍ദൈവങ്ങളുടെ എണ്ണത്തെ പറ്റി ആയിരുന്നു പറഞ്ഞു വന്നത്. സ്വാമിമാരുടെ മാന്ദ്യ കാലം കഴിഞ്ഞുവെന്നും ഭാവി നല്ലതായിരിക്കുമെന്നും കരുതാം.  ഇപ്പോള്‍ മുക്കിനു മുക്കിനു സപ്താഹം തുടങ്ങിയത് കാരണം പ്രഭാഷണത്തിന് ആളെ കിട്ടാതായത് ചെറിയ സ്വാമിമാര്‍ക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അല്പം പുരാണം, അല്പം ഇതിഹാസം, അല്പം സംസ്കൃതം പിന്നെ ഇതൊക്കെ ശാസ്ത്രീയം എന്ന് സ്ഥാപിക്കുവാന്‍ കുറച്ചു സയന്‍സ് - അതും ഇംഗ്ലീഷില്‍. ഇത്രയൊക്കെ മതി.  ലോക്കല്‍ സ്വാമിമാരും ആള്‍ദൈവങ്ങളും ഫസ്റ്റ് ഗ്രേഡ് ആകുന്ന കാലം വിദൂരമല്ല. ആള്‍ ദൈവങ്ങളേ എന്നെ രക്ഷിക്കണേ. 

2010 ജൂലൈ 21, ബുധനാഴ്‌ച

തോറ്റവരുടെ സുവിശേഷം

എന്ന പോസ്റ്റിനു മറുപടിയായി സുമേഷില്‍ നിന്നും നിറയെ വിമര്‍ശനങ്ങള്‍ എനിക്ക് ലഭിച്ചു.  അതിനുള്ള എന്‍റെ മറുപടിയാണ്‌ ഈ പോസ്റ്റ്‌. 
നമ്മുടെ വിദ്യാഭാസ രീതിയിലെ പിഴവുകള്‍ പകല്‍ പോലെ സ്പഷ്ടമാണ്
 സാഹിത്യത്തില്‍ P.G. യോ, പോസ്റ്റ് ഡോക്ടറല്‍ ബിരുദമോ നേടിയാലും ഒരു വരിപോലും എഴുതാന്‍ കഴിയാ ത്തവരെയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ സൃഷ്ടിച്ചു വിടുന്നത്. ഏതുവിഷയത്തിലാണെങ്കിലും ഇതു തന്നെ അവസ്ഥ. ഇന്നത്തെ വിദ്യാഭ്യാസം കേവലം വിവരശേഖരണത്തില്‍ മാത്രം ഒതുങ്ങുന്നു. ഇതിന് ഓര്‍മ്മശക്തിമാത്രം മതി, ബുദ്ധിയുടേയും പ്രതിഭയുടേയും ആവശ്യമില്ല. പരീക്ഷാരീതിയും ഓര്‍മ്മയെ മാത്രം പരിശോധിക്കലാണ്. കൂടുതല്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിവുള്ളവന്‍ മിടുക്കന്‍, അല്ലാതെ ബുദ്ധിയിലോ, പ്രതിഭയിലോ ഉള്ള മിടുക്കല്ല. ഇത് മാറ്റപ്പെടേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.ഏതൊരു വിഷയം പഠിക്കുമ്പോഴും അതിന് മൂന്ന് തലങ്ങളുണ്ടെന്ന് അറിഞ്ഞിരിക്കണം. ഒന്ന് അറിവിന്റെ തലം (knowing) രണ്ട് പ്രവര്‍ത്തിയുടെ തലം അറിഞ്ഞത് പ്രയോഗിക്കല്‍ (doing) മൂന്ന് പ്രവര്‍ത്തിയുടെ ഫലം, സുഖം, സംതൃപ്തി (enjoying).നമുക്ക് നല്ലൊരു ഭക്ഷണം ഉണ്ടാക്കി കഴിക്കണം. അതിന് ആദ്യം എന്തൊക്കെ ചേരുവകള്‍ വേണം, എങ്ങനെയാണ് പാകം ചെയ്യുന്നത് എന്ന അറിവുവേണം (knowing) രണ്ടാമത് പാചകം ചെയ്യുക എന്ന പ്രവര്‍ത്തി (doing) ഇത് ആദ്യ ത്തേതിനെ അപേക്ഷിച്ച് ദീര്‍ഘവും, ശാരീരിക അധ്വാനം  വേണ്ടതുമാണ്. മൂന്നാമതായി ഇതിന്റെ ഫലം അനുഭവിക്കലാണ്. അതില്‍ നിന്ന് സംതൃപ്തി, സന്തോഷം ഉണ്ടാകുന്നു. (enjoying) ഇതാണ് ഏതൊ ന്നിന്റേയും അടിസ്ഥാനപരമായ ഘടന. ആദ്യം നാം knower ആയിരിക്കണം, പിന്നെ doer ആയിരിക്കണം പിന്നീടാണ് enjoyer ആകുന്നത്. knower+ doer = enjoyer. ഏതൊരു സുഖത്തിന്റേയും അടിസ്ഥാന ഘടകം ഇതാണ്.ജീവിതത്തിന്റെ വിജയവും, പരാജയവും ഈ മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അറിയല്‍ ശരിയായി നടന്നാലേ, ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. ശരിയായി അറിഞ്ഞാല്‍ മാത്രം പോരാ ശരിയായി പ്രവര്‍ത്തിക്കേണ്ടിയുമിരിക്കുന്നു. ശരിയായി അറിയുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ആഗ്രഹിക്കുന്ന രീതിയില്‍ ഫലം കിട്ടുകയും അതില്‍ നിന്ന് സന്തോഷമുണ്ടാവുകയും ചെയ്യുകയുള്ളൂ.