എന്‍റെ ചില സുഹൃത്തുക്കളുമായി നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്ന്
ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളും ചില ഉത്തരങ്ങളും താഴെ കൊടുക്കുന്നു....
നിങ്ങള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കുചേരാം ...നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യു....
മതവിശ്വാസവും വര്‍ഗ്ഗീയവാദവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്?
ആരാണ് അത് തീരുമാനിക്കേണ്ടത്? വ്യക്തിയോ സമൂഹമോ?
വര്‍ഗ്ഗീയവാദത്തില്‍ ചെന്നെത്താതെ മതവിശ്വാസത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്?
മതവിശ്വാസം നന്മ മാത്രം ഉണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ത് ചെയ്യണം?
ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും.
മതേതരമായ ഒരു സമൂഹത്തിനാണോ, അതോ മതനിരപേക്ഷമായ ഒരു സമൂഹത്തിനാണോ, വര്‍ഗ്ഗീയവാദത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക?
----------------------------------
മതവിശ്വാസവും വര്‍ഗ്ഗീയവാദവും ഇന്ന് ഒരുപോലെ തെറ്റിദ്ധരിക്കപെടുകയും, പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ്.
എന്നാല്‍ ഇവ രണ്ടും തീര്‍ച്ചയായും രണ്ടു മാനുഷിക അവസ്ഥകള്‍ തന്നെയാണ്.
ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ സാമുഹിക ജീവിതത്തിലും ബന്ധങ്ങളിലും ആ വിശ്വാസങ്ങള്‍ കൂടികലരാതെ നോക്കുന്നവരുമാണ് സാധാരണ മതവിശ്വാസികള്‍.
എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും ആ മതം മാത്രമാണ് സത്യം എന്ന് വിശ്വസിച്ചു, അന്യ മതസ്ഥരെ ശത്രുത മനോഭാവത്തോടെ കണ്ടു , സാമൂഹിക ജീവിതത്തില്‍ പ്രകടമായി അത്തരം വിശ്വാസങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് വര്‍ഗ്ഗീയവാദികള്‍.
എല്ലാ മതവിശ്വാസികളും വര്‍ഗ്ഗീയവാദികള്‍ അല്ല.
മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേരത്താണ്.
മതവിശ്വാസികളുടെ വിശ്വാസം അന്ധമായി മാറുമ്പോള്‍ അവര്‍ വര്‍ഗ്ഗീയവാദികള്‍ ആയി മാറാം.
അതുപോലെ വര്‍ഗ്ഗീയവാദികള്‍ മനപരിവര്‍ത്തനം വന്നു തിരികെ മതവിശ്വാസികള്‍ മാത്രമായും മാറാം.
എന്നാല്‍ ഈ നേര്‍ത്ത അതിര്‍വരമ്പ് എവിടെയാണ്?
------------------
സാധാരണക്കാരന്‍ ഒരു കടയില്‍ സാധനം വാങ്ങിക്കാന്‍ ചെല്ലുമ്പോള്‍, ആ കടക്കാരന്‍ ഇതു മതക്കാരനാണ് എന്നത് പരിഗണിക്കാറില്ല.
ടാക്സി വിളിക്കുമ്പോള്‍ ഡ്രൈവര്‍ ഏതു മതക്കാരനാണ് എന്ന് നോക്കാറില്ല.
പത്രക്കാരന്റെയോ, പാല്ക്കാരെന്റെയോ, മീന്‍ കച്ചവടക്കരെന്റെയോ മതം ഒരു വിഷയവുമല്ല.
ഓഫീസിലെ സഹപ്രവര്‍ത്തകന്റെ മതവും, കോളേജിലെ കുട്ടുകാരന്റെ മതവും അവരുമായുള്ള ഇടപെടലില്‍ പരിഗണിക്കാറില്ല.
ചുരുക്കത്തില്‍ ...
സാമൂഹികമായ ഇടപെടലുകളിലും, ബന്ധങ്ങളിലും മതം ഒരു ഘടകം ആയി വരുന്നില്ല.
................................
എന്നാല്‍ മതം ഒരു ഘടകം ആയി വരുന്നത് മറ്റു സാഹചര്യങ്ങളിലാണ്.
വിവാഹം, ജനനം, മരണം, ആഘോഷങ്ങള്‍, പ്രാര്‍ത്ഥന, ആചാരങ്ങള്‍ എന്നിവ വരുമ്പോള്‍ വ്യക്തിക്ക് മതം മുഖ്യ ഘടകം ആയി മാറുന്നു.
സ്വന്തം മകന്‍ അല്ലെങ്കില്‍ മകള്‍, ഒരു അന്യമതസ്ഥന്റെ ചങ്ങാത്തം സ്വീകരിക്കുന്നത് സാധാരണ എതിര്ക്കാത്തവരും, അന്യ മതസ്ഥനുമായുള്ള അവരുടെ വിവാഹത്തെ എതിര്‍ക്കും.
ചുരുക്കത്തില്‍ ഒരാളുടെ മതവിശ്വാസം കൂടുതല്‍ വ്യക്തിപരവും, സാമൂഹികമായി വേറിട്ട് നില്‍ക്കുന്നതുമാണ്.
ഈ അതിര്‍വരമ്പ് തന്നെയാണ് ശരിക്കും മതവിശ്വാസിയും വര്‍ഗ്ഗീയവാദിയും തമ്മിലുള്ള അതിര്‍വരമ്പ്.
സ്വന്തം വ്യക്തിപരം ആയ മതവിശ്വാസത്തെ സാമൂഹികമായ മാനങ്ങളിലേക്ക് കൊണ്ട് വരുന്ന മതവിശ്വാസിയാണ്, ക്രമേണ വര്‍ഗ്ഗീയവാദിയായി രൂപാന്തരം പ്രാപിക്കുന്നത്.
തന്റെ മതം മാത്രമാണു വിശുദ്ധമെന്നു വിശ്വസിക്കാന്‍ തുടങ്ങുമ്പോൾള്‍ അയാളിലെ വര്‍ഗ്ഗീയത പൂര്‍ണ്ണമായി.
ആ വിശ്വാസം എന്ത് വില കൊടുത്തും പ്രയോഗത്തില്‍ വരുത്താന്‍ തുടങ്ങിയാല്‍ അയാള്‍ "Terrorist" ആയി മാറും എന്ന് കൂടി പൂരിപ്പികേണ്ടി വരും.
---------------------------------------------------
ഒരു മനുഷ്യന്‍ ഒന്നുകില്‍ ഒരു ദൈവ വിശ്വാസി ആകണം, അല്ലെങ്കില്‍ ഒരു നിരീശ്വരവാദി ആകണം എന്ന് പലപ്പോഴും സമൂഹം ശഠിക്കുന്നു.
ഇത് രണ്ടുമല്ലാത്ത ഒരു ജീവിതം എന്ത് കൊണ്ട് സാധ്യമല്ല?
ദൈവം ഉണ്ടെന്നതോ ഇല്ലെന്നതോ ഉള്ള വിശ്വാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കുകയെ ചെയ്യാത്ത ഒരു വിഷയം ആയി കരുതുന്ന ധാരാളം പേരുണ്ട്. അവര്‍ ദൈവവിശ്വാസികളും അല്ല നിരീശ്വരവാദികളും അല്ല.
ശാസ്ത്രം വളരുംതോറും ദൈവവിശ്വാസം പുറകോട്ടു പോകുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
ചന്ദ്രനില്‍ പോയി മനുഷ്യന്‍ കാലു കുത്തുന്നത് വരെ പല മതങ്ങള്‍ക്കും ചന്ദ്രന്‍ ദൈവം തന്നെയായിരുന്നു.
---------------------------------------------------------------------
ഓരോ പ്രവാചകനും, തന്റെ കാലഘട്ടത്തിനോട് കലഹിച്ചവനാണ്.
തന്റെ സമയത്തുള്ള ദൈവത്തെ എതിര്‍ത്തവരാണ്.
അത് തന്നെയാണ് അവരുടെ പ്രസക്തിയും.
ഒരു പ്രവാചകനും അന്ത്യ പ്രവാചകന്‍ ആകുന്നില്ല.
മനുഷ്യരാശി നിലനില്‍ക്കും വരെ പ്രവാചകന്മാര്‍ ഉണ്ടായികൊണ്ടിരിക്കും
-------------------------
ഒരു മതേതര സമൂഹം എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട് അവയ്ക്ക് തുല്യ പ്രാധാന്യം നല്‍കുന്നു.
ഒരു മതനിരപേക്ഷ സമൂഹമാകട്ടെ ഒരു മതത്തിനും യാതൊരു പ്രാധാന്യവും നല്‍കുന്നില്ല.
ഇവ രണ്ടും ഒന്നാണെന്ന് തോന്നാം.
പക്ഷെ തികച്ചും വ്യത്യസ്ത തലങ്ങളാണ് അവയ്ക്കുള്ളത്.
മതേതര സമൂഹത്തില്‍ മതങ്ങള്‍ക്ക് വലിയ പ്രാധാന്യം കിട്ടുമ്പോള്‍, മതനിരപേക്ഷ സമൂഹത്തില്‍ മതങ്ങള്‍ പൂര്‍ണ്ണമായും മാറ്റിനിര്തപ്പെടുന്നു.
ഒരു മതേതര സമൂഹം സാമൂഹികമായ ഇടപെടലുകളില്‍ നിന്ന് പൂര്‍ണ്ണമായും മതെത്തെ ഒഴിവാക്കുകയാണെങ്കില്‍ അത് മതനിരപേക്ഷമായി മാറും.
------------------
ഉദയം, അസ്തമയം, ജനനം, മരണം, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയവയെ ഒന്നും ഉണ്ടാകുന്നതിന്റെ കാരണം അറിയാത്ത ആദിമമനുഷ്യന്‍, ഇവയ്ക്കുള്ള ഉത്തരം തേടി, ആദ്യം ഉണ്ടാക്കിയത് ദൈവം എന്ന സങ്കല്പത്തെയാണ്.
ഒരേ സങ്കല്‍പ്പത്തെ ഒരുപാടു ആളുകള്‍ പിന്തുടരുമ്പോള്‍ അത് മതമായി മാറി.
സങ്കല്പങ്ങള്‍ പലതായപ്പോള്‍ മതങ്ങളുടെയും എണ്ണം കൂടി.
മതങ്ങള്‍ക്കുള്ളില്‍ അധികാരം പുരോഹിതവര്‍ഗം കൈയടക്കി.
ഭരണകൂടങ്ങള്‍ ഉണ്ടായപ്പോള്‍ മതങ്ങള്‍ സാമൂഹിക അധികാരകേന്ദ്രങ്ങളായി മാറി.
പുരോഹിതവര്‍ഗം അവയെ നിയന്ത്രിക്കാനും തുടങ്ങി.
അധികാരം മതങ്ങളെ ദുഷിപ്പിച്ചു. ഭൌധിക സമ്പത്തിലെക്കുള്ള മാര്‍ഗമായി മതം മാറി.
ഇന്നാണെങ്കില്‍ ദൈവത്തിനേക്കാളും പ്രാധാന്യം മതത്തിനാണ്.
മതഅധികാര കേന്ദ്രങ്ങള്‍ക്കും, പുരോഹിതവര്‍ഗത്തിനും ശേഷമേ ഇന്ന് ദൈവത്തിനു സമൂഹത്തില്‍ സ്ഥാനമുള്ളൂ.
--------------------------------
എല്ലാ തീവ്രവാദവും വര്‍ഗ്ഗീയതയുടെ ഫലമാണെന്ന് പറയാന്‍ പറ്റില്ല.
പണത്തിനു വേണ്ടി നടത്തുന്ന തീവ്രവാദം , വര്‍ഗ്ഗീയതയെക്കാളും സ്വാര്‍ത്ഥതയുടെയും, പണക്കൊതിയുടെയും, ചിലപ്പോള്‍ ദാരിദ്ര്യത്തിന്റെയും ഫലമാണ്.
അതും വ്യാപകം ആണ്.
-------------------
ഹിന്ദു തീവ്രവാദം അഥവാ സംഘപരിവാര്‍:
ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തില്‍ ഇല്ല.
ഹിന്ദു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അത്തരം അധികാര കേന്ദ്രീകരണം അനുവദിക്കുന്നുമില്ല.
മറ്റു സംഘടിത മതങ്ങളെപോലെ പുരോഹിത,മത മേധാവികളുടെ ഒരു അധികാര കേന്ദ്രീകരണം ഹിന്ദു മതത്തിലും സൃഷ്ട്ടിച്ചു, അതിനെ രാഷ്ട്രത്തിന്റെ തന്നെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് സംഘപരിവാരത്തിന്റെ അന്തിമ ഉദ്ദേശം.
---------------------------------
മതത്തെ അധികാരതിനായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരങ്ങളാണ് ജാതിവ്യവസ്ഥകളും, മനുസ്മിര്തിയും , വര്‍ണ്ണ നിയമങ്ങളും ഒക്കെ.
ഇന്നും സൗദി അറേബ്യ ഉള്‍പ്പടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍, രാജഭരണം നിലനില്‍ക്കുന്നത്, മതം എന്ന ഒറ്റബലത്തില്‍ തന്നെയാണ്.
രാജാവ് ദൈവത്തിന്റെ സ്വന്തം പ്രതിപുരുഷന്‍ ആണെന്നും, രാജാവിനെ എതിര്‍ക്കുന്നത് ദൈവവിരോധം കിട്ടുന്ന കാര്യമാണെന്ന് സമൂഹത്തെ പഠിപ്പിക്കുന്ന പുരോഹിത വര്‍ഗ്ഗമാണ് അത്തരം ഭരണങ്ങളെ നില നിര്‍ത്തിക്കൊണ്ട് പോകുന്നത്.
-----------------------------
മതം എന്നത് തികച്ചും വ്യക്തിപരം ആയ ഒരു കാര്യം മാത്രമായി കാണുകയും, മറ്റു മതങ്ങള്‍ ഒരേ മാര്ഗ്ഗതിലെക്കുള്ള വ്യത്യസ്ത വഴികളാണെന്നു ഓരോ മതക്കാരനും മനസില്ലാക്കിയും, രാഷ്ട്ര ഭരണ കാര്യങ്ങളില്‍ നിന്ന് മതത്തെ പൂര്‍ണ്ണമായും ഒഴിവാക്കിയും, ഉണ്ടാക്കാന്‍ കഴിയുന്ന ഒരു മതനിരപേക്ഷ സമൂഹമാകും നമുക്ക് നല്ലത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ