2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

പര്‍ണ്ണം എന്നു വച്ചാല്‍ ഇല എന്നാണ് അര്‍ത്ഥം .ഇല കൊണ്ടു നിര്‍മ്മിച്ച കുടില്‍, ഇലയും പുല്ലും കൊണ്ടു നിര്‍മ്മിച്ച കുടില്‍ എന്നൊക്കെയാണ് "പര്‍ണ്ണശാല"യുടെ അര്‍ത്ഥം .2010 ആഗസ്റ്റ്‌ 13 നു തിരുവനന്തപുരം പോത്തന്‍കോടുള്ള ശാന്തിഗിരി ആശ്രമത്തിലെ "പര്‍ണ്ണശാല " രാഷ്ട്രപതി മാനവരാശിക്ക് സമര്‍പ്പിച്ചു എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ധരിക്കുക ഏതോ കുടില്‍ ആയിരിക്കും സമര്‍പ്പിക്കപ്പെട്ടത് എന്നാണ്.മാര്‍ബിളില്‍ തീര്‍ത്ത ഭീമാകാരമായ മന്ദിരത്തെയാണ്‌ ,"പര്‍ണ്ണശാല" എന്ന, ആശ്രമാന്തരീക്ഷത്തിനു യോജിച്ച പേരിട്ടു ശാന്തിഗിരിയിലെ പബ്ലിസിറ്റി മാനേജര്‍മാര്‍ നാട്ടുകാരെ കബളിപ്പിച്ചത് .

നാട്ടുകാരെ പറ്റിയ്ക്കുന്ന കാര്യം വിടുക.അവര്‍ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് .ഭാഷയുടെ സ്ഥിതി അതല്ലല്ലോ .സമീപ കാലത്തൊന്നും ഇത്ര വലിയ പ്രചാരത്തോടെ മലയാളത്തില്‍ ഒരു വാക്ക് വ്യഭിച്ചരിക്കപ്പെട്ടിട്ടില്ല .ഒരുലക്ഷം ചതുരശ്ര അടി മാര്‍ബിള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ആഡംബര ഹര്മ്മ്യത്തെ "പര്‍ണ്ണശാല"എന്ന് വിശേഷിപ്പിക്കുന്നതില്‍ പരം വചന വ്യഭിചാരം ഭാഷയില്‍ ഉണ്ടാകാനില്ല. (മലയാളത്തിനു ക്ലാസ്സികള്‍ പദവിയും, മലയാളം സര്‍വകലാശാലയും ഉണ്ടാക്കാന്‍ നടക്കുന്ന ഭാഷാസ്നേഹികള്‍ ഇത് കണ്ടില്ലെന്നു നടിച്ചുവോ?)
ഭാഷയെ മാത്രമല്ല ആര്‍ഷ പാരമ്പര്യത്തെയും ഭാരതീയ മൂല്യങ്ങളെയും അവഹേളിക്കുക കൂടിയാണ് ശാന്തിഗിരിയിലെ കച്ചവടക്കാര്‍ (മരുന്നിന്റെയും ആത്മീയതയുടെയും മൊത്തവ്യാപാരികള്‍) ചെയ്തത് .
91അടി ഉയരവും 84അടി വ്യാസവും വരുന്ന 21ഇതള്‍ ഉള്ള താമരയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കൂറ്റന്‍ സൌധം ശാന്തിഗിരി ആശ്രമ സ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ആത്മാവിഷ്കാര മാണത്രേ!ഏറ്റവും വിലകൂടിയ മക്രാന മാര്‍ബിള്‍ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉള്‍വലയത്തില്‍ പിത്തള പതിപ്പിച്ചിരിക്കുന്ന ഇതിലെ പ്രകാശ വിന്യാസത്തിന് അത്യാധുനിക എല്‍ .ഇ .ഡി സംവിധാനമാണത്രെ ഉള്ളത് .

മരുന്നും മന്ത്രവും മറ്റു പലതും വിറ്റു കാശുണ്ടാക്കാന്‍ പഠിപ്പിച്ച ഗുരുവിനു ചേര്‍ന്ന സ്മാരകം ആകാം ശിഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ളത് .പക്ഷെ അതിന്റെ പേരില്‍ ഭാഷയെയും, ഈ രാജ്യം പവിത്രമെന്നു കരുതുന്ന മൂല്യങ്ങളെയും അവഹേളിക്കരുത്. കോടിക്കണക്കിനു രൂപ ചെലവാക്കി കെട്ടി ഉയര്‍ത്തിയ ഈ കൂറ്റന്‍ മാര്‍ബിള്‍ താമര, വഴിയെ പോകുന്നവര്‍ക്കെല്ലാം കാണുന്നതിനു വേണ്ടി തെങ്ങ് ഉള്‍പ്പടെ യുള്ള നിരവധി ഫലവൃക്ഷങ്ങളെയാണ് വെട്ടി നശിപ്പിച്ചത് .സന്യാസത്തെ കുറിച്ചോ സന്യാസിയുടെ ആവാസ സ്ഥാനമായ പര്‍ണ്ണശാലയെ കുറിച്ചോ അല്പമെങ്കിലും ധാരണയുള്ളവര്‍ ആധുനിക നഗരവാസിയെ തോല്പിക്കുന്ന ഈ പരിസ്ഥിതിപാതകം ചെയ്യുമോ?
സന്യാസിനി അല്ലാതിരുന്നിട്ടു കൂടി പര്‍ണ്ണ ശാലയില്‍ വളര്‍ന്ന ശകുന്തള ചെടികളെ നനയ്ക്കാതെ സ്വന്തം തൊണ്ട പോലും നനച്ചിരുന്നില്ല.അവയുടെ ഒരു തളിര് പോലും ഇറുത്തിരുന്നില്ല.അതാണ്‌ കള്ളസന്യാസിയല്ലാത്ത കണ്ണ്വമഹര്‍ഷി വളര്ത്തിയതിന്റെ ഗുണം.കണ്ണ്വാശ്രമ ത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും ബ്ലൂഫിലിം നിര്‍മ്മാണം ഭയന്ന്‍ ഒടിപ്പോയിട്ടുമില്ല.(ആര്‍ഷ സംസ്കാരത്തിന്റെ കവല്ഭാടന്മാര്‍ എന്ന് സ്വയം ഉദ്ഖോഷിക്കുന്ന സംഘടനകളും വ്യക്തികളും എവിടെ പോയി ഒളിച്ചു)

ഗുരുത്വവും വളര്‍ത്തു ഗുണവും അവിടെ നില്‍ക്കട്ടെ.അത്യാഡംബര ഭീമ നിര്‍മ്മിതിയ്ക്ക് ആവശ്യമായ കോടികളുടെ ഉറവിടം ഏതാണെന്ന് അറിയുവാന്‍ മാലോകര്‍ക്ക് അവകാശമുണ്ട്‌.ഒരു സാധാരണക്കാരന്‍ പുതിയ വീട് വച്ചാല്‍ ,ഒരു കാറ് വാങ്ങിയാല്‍ അതിനുള്ള തുട്ടിന്റെ സ്രോതസ് തിരക്കി ഇറങ്ങുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഈ പഞ്ചനക്ഷത്ര മാര്‍ബിള്‍ കൂടാര നിര്‍മ്മിതിയ്ക്ക് പൊടിച്ച കോടികള്‍ എവിടെ നിന്നാണെന്നു അന്വേഷിക്കാന്‍ ചുമതലയില്ലേ? രാഷ്ട്രപതിയെ കൊണ്ടു ഉദ്ഘാടിക്കുന്നവര്‍ക്ക് നിയമങ്ങള്‍ ബാധകമല്ലേ?

ആള്‍ദൈവങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഉയരങ്ങളില്‍ എത്താനുള്ള ഏണിപ്പടികളായി നമ്മുടെ ഭരണാധികാരികള്‍ മാറുന്നത് വലിയ കഷ്ടമാണ്.ഇന്ത്യയുടെ പ്രസിഡന്റ് അങ്ങോട്ട്‌ ചെന്ന് ദര്‍ശനം നേടിയ കരുണാകര ഗുരുശിഷ്യ അമൃത ജ്ഞാനതപസ്വിനിയുടെ വാക്കുകള്‍ തന്നെ മതി ഗുരുവിന്റെയും ശിഷ്യയുടെയും ജ്ഞാനം മനസ്സിലാക്കാന്‍ ."സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മ "എന്ന് അവര്‍ രാഷ്ട്രപതിയെ ഉപദേശിച്ചത്രേ ."ലോകമേ തറവാട്" എന്ന് കരുതുന്ന ഭാരതീയ ദര്‍ശനം "തറവാടേ ലോകം" എന്ന് തിരുത്തുന്ന ജ്ഞാന തപസ്വിനിമാരുടെ കാല്‍ക്കല്‍ കുമ്പിടുന്ന വരെയോര്‍ത്തു ലജ്ജിക്കുകയല്ലാതെ എന്ത് വഴി?ഇമ്മാതിരി ശിഷ്യമാര്‍ മാര്‍ബിള്‍ കൊട്ടാരത്തിന് "പര്‍ണ്ണ ശാലയെന്നു പേരിട്ടതില്‍ അത്ഭുതപ്പെടാനില്ല.

ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.ലക്ഷോപ ലക്ഷം രോഗികള്‍ക്ക് അതുകൊണ്ടു പ്രയോജനമുണ്ടായി.ആര്‍ഷ ദര്‍ശനത്തെ പറ്റിയോ മാനവ വ്യഥയെ പറ്റിയോ യാതൊരു ഗ്രാഹ്യവും പരിഗണനയും ഇല്ലാത്ത വ്യാജദൈവങ്ങള്‍ അവിഹിതമായി സമ്പാദിച്ച സ്വത്ത് കൊണ്ടു പടുത്തുയര്‍ത്തിയ ഒരു ദുര്‍വ്യയ സ്മാരകം മാനവ രാശിക്ക് സമര്‍പ്പിച്ചിട്ട് ആര്‍ക്കെന്തു പ്രയോജനം ?ഒരു സര്‍ക്കാര്‍ സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കാനാണ് ഇന്ദിരാ ഗാന്ധി വന്നത്.പ്രതിഭാ പാട്ടീലോ ?സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ധൂര്‍ത്ത മന്ദിരത്തിനു വെള്ള പൂശാന്‍ .
മലയാളത്തിലെ ഒരു മാധ്യമം പോലും ഈ ആടംബരതിനെതിരെ ഒരു വാക്ക് പോലും മിണ്ടിയില്ല എന്നത് തികച്ചും നിരാശാജനകം തന്നെ. പകരം അവിശ്വസനീയമായ പ്രചാരമാണ് അവര്‍ അതിനു നല്‍കിയത്. (paid news എന്ന മാധ്യമലോകത്തെ ഭയങ്കര വൈറസ്‌  മലയാളത്തിനെയും  ബാധിച്ചു തുടങ്ങിയോ എന്നു സംശയിച്ചു പോകുന്നു)
എന്ത്  പറയാന്‍ അല്ലെ...."ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ