തമാശ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തമാശ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 നവംബർ 8, തിങ്കളാഴ്‌ച

വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ?

മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.
  • പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
  • അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
  • അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
  • ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
  • മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
  • ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
  • വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
  • ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
  • വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
  • ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
  • വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
  • ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
  • ഭര്‍ത്താവിന്റെ തൊഴില്‍‌പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
  • മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
  • പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
  • പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താ‍ന്‍ പറ്റുന്നില്ല്ല)
  • ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
  • പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാ‍ല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
  • സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
  • കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
  • കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
  • ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
  • യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
  • പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
  • സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
  • വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാ‍നും തീരുമാനിക്കും
  • ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
  • അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
  • വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
  • ഓര്‍മ്മക്കുറവിനാ‍ല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
  • സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
  • അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
  • ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
  • അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
  • നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
  • ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
  • പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
  • പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
  • നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
  • അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
  • വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ?  ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
  • വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.

അങ്ങനെ പോകുന്നു വാചകങ്ങള്‍...

ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,
  • എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാ‍ണ്!
  • ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
  • 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.
അപ്പൊ വായനക്കാരാ, നിങ്ങള്‍ എന്തുപറയുന്നു? അഭിപ്രായങ്ങള്‍ പോരട്ടേ..

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

ഒരു ചുണ്ടെലിക്കഥ

ഞാന്‍ എവിടെയോ കേട്ട ഒരു കഥയാണിതു്. ഇതു് വായിക്കാനും വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതു് കേട്ടിട്ടുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ!

ഒരു കര്‍ഷക ഭവനത്തിന്‍റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്‍റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു! എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.

ഗുണപാഠം:

1. നിന്‍റെ തലയില്‍ തൂറുന്നവനെല്ലാം നിന്‍റെ ശത്രു ആവണമെന്നില്ല.
2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്‍റെ മിത്രമാവണമെന്നില്ല.
3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം,  വാലുപൊക്കാതെയെങ്കിലുമിരിക്കുക!

2010 ജൂലൈ 31, ശനിയാഴ്‌ച

ആള്‍ ദൈവങ്ങളേ എന്നെക്കൂടി രക്ഷിക്കണേ.

 പുരാണങ്ങള്‍ പ്രകാരം മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ആണത്രേ ഉള്ളത്. ഇത് പഴയ കണക്ക്. ഇപ്പോള്‍ ഇത്രയൊന്നുമല്ല. ദൈവങ്ങളുടെ ജനസംഖ്യയിലും (ദൈവസംഖ്യ ?) വന്‍ വര്‍ധനവ്‌ ആണ് ഉണ്ടായിരിക്കുന്നത്. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,02,87,37,436  ആണ്.  ഇപ്പോളത്  ഇരുപത് ശതമാനമെങ്കിലും കൂടിയിട്ടുണ്ടാവും. കഴിഞ്ഞ സെന്‍സസ് പ്രകാരം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 21.54 %. 2011 ലെ സെന്‍സസില്‍ ആള്‍ദൈവങ്ങളുടെ/സ്വാമിമാരുടെ  കണക്ക് കൂടി എടുക്കുകയാണെങ്കില്‍ ദൈവങ്ങളുടെ എണ്ണത്തിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ്‌ കൂടി മനസിലാക്കാനും അതിന് വ്യാപകമായ പ്രചാരം നല്‍കി ആത്മീയ - ഭക്തി ടൂറിസം വളര്‍ത്തുവാനും കഴിയുന്നതാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിനേക്കാളും അധികം ആയിരിക്കും ദൈവസംഖ്യാ വളര്‍ച്ചാ നിരക്ക് എന്നുള്ളതില്‍ സംശയമില്ല. എങ്കിലും വളര്‍ച്ചാ  ഗ്രാഫ് ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ ഇടക്കാലത്ത് ഒരു ഇടിവ് കാണാവുന്നതാണ്. അതിനു കാരണമായി വന്നത് സന്തോഷ്‌ മാധവ സ്വാമി, സ്വാമി ഹിമവല്‍ ഭദ്രാനന്ദ, മാതാ ദിവ്യാ ജോഷി തുടങ്ങിയവരുടെ ശനിദശ  ആണെന്ന്  കാണാം. സ്വാമി നിത്യാനന്ദ തിരുവടികള്‍  സന്യാസം താത്കാലികമായി ഉപേക്ഷിച്ചുവെന്നും കേള്‍ക്കുന്നു. ശിഷ്യ ഗണങ്ങള്‍ വഴിയാധാരമാകാതെ മറ്റേതെങ്കിലും ദൈവങ്ങള്‍ ഏറ്റെടുത്താല്‍ മതിയായിരുന്നു.
                ദൈവമില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആള്‍ദൈവങ്ങള്‍. കാണാം. സംസാരിക്കാം. അനുഗ്രഹങ്ങള്‍ വാങ്ങാം. ചില്ലറ ചെലവ് ഉണ്ടാവും. അത് പിന്നെ എല്ലാത്തിനും വിലക്കയറ്റം ഉള്ള കാലം അല്ലേ.  ആള്‍ദൈവങ്ങള്‍/അവതാര പുരുഷന്മാര്‍ ജനിച്ചത്‌ ഭൂമിയില്‍ സമാധാനം പുന:സ്ഥാപിക്കുവാനാണ് എന്നതില്‍ സംശയമില്ല. ഇത്തരം ആള്‍ദൈവ അവതാരപുരുഷന്മാര്‍ എല്ലാ മതങ്ങളിലും കാണപ്പെടുന്നു.ഇവര്‍ എല്ലാ മതവിഭാഗങ്ങളിലും പെടുന്നവരെ ശിഷ്യര്‍ ആയി സ്വീകരിച്ചു വരുന്നു.   ഇവര്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന സ്വാമി ഇടയ്ക്ക് എല്ലാ മതങ്ങളിലെയും ദൈവങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗാനം ആലപിക്കുന്നു. അതോടെ മത സൌഹാര്‍ദ്ദം ആയി.  എത്ര വിദേശ ശിഷ്യന്മാര്‍ ഉണ്ട് ? വിദേശങ്ങളില്‍ എത്ര ആശ്രമങ്ങള്‍ / ക്ഷേത്രങ്ങള്‍ ഉണ്ട് ? എന്നത് ഇത്തരം ദൈവങ്ങളുടെ പൊക്കം അളക്കുവാന്‍ ഉള്ള അളവുകോല്‍ ആയി പരിഗണിക്കപ്പെടുന്നു. ഇവരുടെ വാസസ്ഥാനങ്ങളെ ആശ്രമം / ക്ഷേത്രം (ഫൈവ് സ്റ്റാര്‍) എന്ന് വിളിക്കപ്പെടുന്നു.  ഇവരുടെ പ്രഥമ ശിഷ്യരായി സമൂഹത്തിലെ ഉന്നതകുല ജാതര്‍ വരുകയും തുടര്‍ന്ന് താഴെ തട്ടിലുള്ളവര്‍  അണി ചേരുകയും ചെയ്യുന്നു. കള്ളപ്പണക്കാരന്‍ മനശാന്തിക്കായി മുട്ടുകുത്തി കിടക്കുന്നതിനെ കാവ്യ നീതി ആയി കണക്കാക്കാവുന്നതാണ്.  രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, കായികതാരങ്ങള്‍, ബിസിനെസ്കാര്‍ തുടങ്ങിയവരെല്ലാം സ്വാമിയുടെ അനുഗ്രഹം വഴി കൂടുതലായി വല്ലതും തടഞ്ഞാലോ എന്ന് കരുതി ശിഷ്യത്വം കൈക്കൊള്ളുന്നു. ആശ്രമത്തിലെ ടെലിഫോണ്‍ ബൂത്ത്‌  ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍   പ്രസിഡന്റ്‌ വരെ  വരുന്നു.
            ഇതൊക്കെ വായിച്ചു ഏതെങ്കിലും സ്വാമിയുടെ ശിഷ്യന്‍ ആയി ആശ്രമത്തില്‍ കഴിയാം എന്ന് കരുതി ചെല്ലുന്നവര്‍ ദയവായി താമസതിന്റെയും ഭക്ഷണത്തിന്റെയും ബില്‍ അടയ്ക്കുവാനുള്ള തുക കൂടി കരുതേണ്ടതാണ്. കാശ് ഇല്ലാത്തവര്‍ ശിഷ്യത്വം സ്വീകരിക്കുവാന്‍ യോഗ്യര്‍ അല്ലതന്നെ. ചില സ്വാമി/ ദൈവങ്ങളാകട്ടെ കോഴ്സുകള്‍ നടത്തുന്നു. പഠിക്കുവാന്‍ ഫീസ് കൊടുക്കേണ്ടതാണ്. എന്നാല്‍ സ്വാമിക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്ക് മൂല്യം പണം ആയി കണക്കാക്കുന്നതല്ല. അത് ഗുരുസേവ ഇനത്തില്‍ വരവ് വെക്കുന്നതാണ്. അന്തരീക്ഷത്തില്‍ നിന്ന് ഭസ്മം എടുക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയെങ്കിലും ചിലരൊക്കെ ഇപ്പോഴും ഫീല്‍ഡില്‍ ഉണ്ട്. അതുമല്ല, ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് പോലെ വല്ല അരിയോ ഗോതമ്പോ തരാന്‍ പറഞ്ഞാല്‍ വലഞ്ഞത്‌ തന്നെ. (മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ ജഗതി സ്വാമി ഇങ്ങനെ ഒരു കെണിയില്‍  പെട്ടിരുന്നു )
           സ്വദേശത്തു നിന്നും വിദേശത്ത് നിന്നും കിട്ടുന്ന കോടികളുടെ കണക്ക് ആരും ചോദിക്കാത്തത് കൊണ്ട് മാത്രമാണ് പറയാത്തത്. അധ്വാനിച്ചു ഉണ്ടാക്കുന്നതിനു മതിയല്ലോ ടാക്സ് കൊടുക്കുന്നത്. കിട്ടുന്ന കോടികളുടെ ഒരു അഞ്ച് - പത്ത് ശതമാനം ആശുപത്രി, സ്കൂള്‍ എന്നൊക്കെ പറഞ്ഞു ചെലവാക്കാറുണ്ട്‌. അതൊരു ചൂണ്ട ആണ്. ചെറിയ മീനിട്ട് വലിയ മീനെ പിടിക്കുന്ന രീതി. ദാനവുമായി, ധര്‍മവുമായി. എന്തൊക്കെ വേലത്തരങ്ങള്‍ ആണെങ്കിലും ഇത്രയൊക്കെ പൊതുജന സേവനം ചെയ്യുന്നില്ലേ എന്ന് പൊതുജനം. മോഷണ മുതലില്‍ കുറെ ദാനം ചെയ്തുവെന്ന് വച്ച് മോഷണം മോഷണമല്ലാതെ ആകുന്നില്ലല്ലോ. അതല്ല, ഒരു സംശയം. എന്തിനാണ് സര്‍വസംഗ പരിത്യാഗികള്‍ ആയ സന്യാസി വര്യന്മാര്‍ക്ക് ഇത്ര പണം ?  ഫിലിപൈന്സിലെ ഇമെല്ട മാര്‍കോസിനെ തോല്‍പ്പിക്കുന്ന ആഡംബരങ്ങള്‍ ? 
           തുടങ്ങിയിടത് നിന്ന് വഴി മാറിപ്പോയി. ആള്‍ദൈവങ്ങളുടെ എണ്ണത്തെ പറ്റി ആയിരുന്നു പറഞ്ഞു വന്നത്. സ്വാമിമാരുടെ മാന്ദ്യ കാലം കഴിഞ്ഞുവെന്നും ഭാവി നല്ലതായിരിക്കുമെന്നും കരുതാം.  ഇപ്പോള്‍ മുക്കിനു മുക്കിനു സപ്താഹം തുടങ്ങിയത് കാരണം പ്രഭാഷണത്തിന് ആളെ കിട്ടാതായത് ചെറിയ സ്വാമിമാര്‍ക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അല്പം പുരാണം, അല്പം ഇതിഹാസം, അല്പം സംസ്കൃതം പിന്നെ ഇതൊക്കെ ശാസ്ത്രീയം എന്ന് സ്ഥാപിക്കുവാന്‍ കുറച്ചു സയന്‍സ് - അതും ഇംഗ്ലീഷില്‍. ഇത്രയൊക്കെ മതി.  ലോക്കല്‍ സ്വാമിമാരും ആള്‍ദൈവങ്ങളും ഫസ്റ്റ് ഗ്രേഡ് ആകുന്ന കാലം വിദൂരമല്ല. ആള്‍ ദൈവങ്ങളേ എന്നെ രക്ഷിക്കണേ. 

2010 ജൂൺ 16, ബുധനാഴ്‌ച

ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍

ചാറ്റിങ്ങ് ക്ലാസ്സ് - 4500 നൂതനാശയങ്ങള്‍ കിട്ടി

ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്‍ക്ക് അത് ജന്മാനാ തന്നെ പൈതൃക
ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ
ആര്‍ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന
വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .


അധ്യായം - ഡാ

നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്‍ക്കണം..എന്നാലെ
നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ്
, അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍
തെറ്റിദ്ധരിക്കും

for ex : - iam going da , you come da , poda , same to you da , good
morning da ,

നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന്
വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ
കാലഘട്ടത്തില്‍ പെണ്‍കുട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..

for ex : ഇത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സംസാരമാണ് ,

A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa

ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും
തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .


പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ
ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി
ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ
ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി
പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന
വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്‍ത്ഥം " laughing out
loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും 
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ
ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍
നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം ,
പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും
കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി
പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്‍ത്ഥോം പര്യായൊമൊക്കെ .


for ex :


how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol




രണ്ടാം അധ്യായം - [chatting special മലയാളം ]


 “കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍
മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന്
നിര്‍ബന്ധബുദ്ധിയുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍
പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍
മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും


good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്


മൂന്നാം അധ്യായം [ American english ]


ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും
മലയാളത്തില്‍ തെറി പോലെ
ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും
പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,


for ex - you wanna gonna for a food.

2010 ജൂൺ 7, തിങ്കളാഴ്‌ച

മഹാഭാരതത്തില്‍ ആരും ചോദിച്ചിട്ടില്ലാത്ത ഒരു സംശയം


പണ്ട് പണ്ട് ഒരു കുഗ്രാമത്തില്‍ ഒരു വിദ്യാലയം ഉണ്ടായിരുന്നു. അവിടെ വന്നിരുന്ന കുട്ടികള്‍ പലരും വളരെ പാവപ്പെട്ട വീടുകളില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. ഒരു ദിവസം അവിടുത്തെ മാഷ് കുട്ടികള്‍ക്ക് മഹാഭാരത കഥ പറഞ്ഞു കൊടുക്കകയായിരുന്നു .................
ശ്രീകൃഷ്ണ ജനനം വരെ എത്തി കഥ...
മാഷ് :- ദേവകിക്ക് വസുദേവരില്‍ പിറക്കുന്ന എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കും എന്ന അശരീരി കേട്ട് കോപാകുലനായ കംസന്‍ അവരെ കല്‍തുറുങ്കില്‍ അടച്ചു . അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞു ഒന്നാമത്തെ കുട്ടി ജനിച്ചു . കംസന്‍ അതിനെ കല്ലിലടിച്ച് കൊന്നു... കുറച്ചു നാള്‍ കഴിഞ്ഞു രണ്ടാമത്തെ കുഞ്ഞും പിറന്നു അതിനെയും കംസന്‍ വകവരുത്തി . കുറച്ചു നാള്‍ കഴിഞ്ഞു മൂന്നാമത്തെ കുഞ്ഞിനേയും അങ്ങനെ കംസന്‍ വധിച്ചു...അങ്ങനെ അങ്ങനെ ഏഴ് കുഞ്ഞുങ്ങളെയും ആ കൃരനായ കംസന്‍ നിര്‍ദയം കൊന്നു....

ഇത്രയുമായപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് ഒരു സംശയം.

അവനു അതങ്ങോട്ട് അന്ഗീകരിക്കുവാന്‍ കഴിയുന്നില്ല അവന്‍ മാഷിനോട് പറഞ്ഞു മാഷെ എനിക്ക് ഈ കഥയില്‍ ഒരു ഭയങ്കര തര്‍ക്കം ഉണ്ടു ..

അപ്പോള്‍ മാഷ് , കുട്ടി ഈ ഭാരതത്തില്‍ ആര്‍ക്കും മഹാഭാരത കഥയില്‍ ഒരു തര്‍ക്കവും ഇല്ല പിന്നെ നിനക്ക് മാത്രം എന്താ ഒരു സന്ദേഹം

നിഷ്കളങ്കതയോടെ ആ കുട്ടി മാഷിനോട് പറഞ്ഞു ...ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രന്‍ തന്നെ കൊല്ലുമെന്ന് കംസന് ആദ്യമേ അറിയാമായിരുന്നിട്ടും എന്തിനാണ് അവരെ ഒരു മുറിയില്‍ തന്നെ അടച്ചിട്ടത് ?????

മാഷ് അപ്പോള്‍ എന്ത് പറഞ്ഞു കാണും എന്ന് അറിയില്ല .......................