മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.
- പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
- അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
- അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
- ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
- മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
- ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
- വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
- ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
- വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
- ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
- വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
- ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
- ഭര്‍ത്താവിന്റെ തൊഴില്‍പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
- മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
- പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
- പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല്ല)
- ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
- പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
- സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
- കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
- കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
- ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
- യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
- പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
- സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
- വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാനും തീരുമാനിക്കും
- ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
- അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
- വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
- ഓര്‍മ്മക്കുറവിനാല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
- സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
- അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
- ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
- അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
- നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
- ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
- പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
- പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
- നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
- അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
- വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ? ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
- വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.
അങ്ങനെ പോകുന്നു വാചകങ്ങള്‍...
ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,
- എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാണ്!
- ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
- 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.
സെല്‍ഫ് കോണ്ഫിടന്സ് ഇല്ലാത്തവര്‍, മണ്ടന്മാര് ഒക്കെ വായിക്കും :)
മറുപടിഇല്ലാതാക്കൂ