സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 19, ശനിയാഴ്‌ച

പണ്ഡിറ്റ്‌ VS പണ്ഡിതന്മാര്‍


എവിടെ നോക്കിയാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഇതു ചാനല്‍ തുറന്നാലും സന്തോഷ്‌ പണ്ഡിറ്റ്‌. ഒടുവില്‍ ഒരു അവാര്‍ഡും. അതും ധീരതയ്ക്ക്. അവിരാമവും ഇന്ന് സന്തോഷ്‌ പണ്ടിറ്റിനെ കുറിച്ചാകട്ടെ. അയാളെക്കുറിച്ച് പറയരുത്, വെറുതെ എന്തിനാ അയാള്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത് എന്നൊക്കെ ചില പണ്ഡിതന്മാര്‍ പറയുന്നുണ്ട്. സന്തോഷ്‌ പണ്ടിട്ടിന്റെ കൃഷ്ണനും രാധയും എന്ന സിനിമയുടെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണ്, ആ സന്തോഷ്‌ പണ്ടിട്ടിനു വട്ടാണ് എന്നൊക്കെ ചില സിനിമ ബുദ്ധിജീവികള്‍ പറഞ്ഞത് ഞാനും കേട്ടു. എന്നാല്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയാതെ വയ്യ. 

സിനിമയില്‍ അഭിനയിക്കുക അല്ലെങ്കില്‍ സിനിമയുടെ ഭാഗമാകാന്‍ പറ്റുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ സിനിമ മോഹങ്ങള്‍ 90% മലയാളി ചെറുപ്പക്കാര്‍ക്കും ഉണ്ട്. പക്ഷെ അതില്‍ 20 % മാത്രമേ അതിനു വേണ്ടി കഷ്ടപ്പെടുകയുള്ളൂ. വളരെ കുറച്ചു പേര്‍ മാത്രമേ ലക്ഷ്യത്തില്‍ എത്തുകയുള്ളൂ. ബാക്കി ഉള്ളവര്‍ തങ്ങളുടെ ആ ആഗ്രഹം മനസ്സിലൊതുക്കി തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകും. ഇവരില്‍ കഴിവുള്ളവരും, കഴിവില്ലാത്തവരും, സുന്ദരന്മാരും, അല്ലാത്തവരും, വെളുത്തവരും, കറുത്തവരും എല്ലാവരും ഉണ്ടാകും. നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ എന്താണ് ചെയ്തത്. സ്വന്തമായി ഒരി സിനിമ നിര്‍മ്മിച്ച്‌, സംവിധാനവും, പാട്ടുകളും ഉള്‍പ്പടെ ഏതാണ്ടെല്ല ജോലിയും ഒറ്റയ്ക്ക് ചെയ്തു ഒരു സിനിമ പുറത്തിറക്കിയിരിക്കുന്നു. ഈ സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡോ സര്‍ക്കാരോ ഒരു വിലക്കും ഏര്‍പ്പെടുത്തിയില്ല. മാത്രമല്ല സിനിമ സൂപ്പര്‍ ഹിറ്റ്‌ ആവുകയും ചെയ്തു. ഒരു സിനിമ സൂപ്പര്‍ ഹിറ്റ്‌ ആകുന്നതു ജനം കാണുമ്പോഴും സാമ്പത്തികമായി ലാഭം കൊയ്യുംബോഴും ആണ്. അങ്ങനെ നോക്കിയാല്‍ ഈ ചിത്രം മെഗാ ഹിറ്റ്‌ ആണ്. ഭരതന്റെയും പദ്മരാജന്റെയും സിനിമ കാണുന്നത് പോലെ ഇത് കാണരുത്. കാരണം ഇത് ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍(ഒരു സിനിമ സെറ്റ് പോലും കണ്ടിട്ടില്ലത്തവന്‍) ചെയ്ത സിനിമയാണ്. വെറുതെ ചെയ്തതല്ല. മുഴുവന്‍ ജോലിയും ഒറ്റയ്ക്ക് ചെയ്തു. 

സി­നിമ എന്ന­ത്‌ ഒരു വലിയ സം­ഭ­വ­മ­ല്ലെ­ന്നും ആര്‍­ക്കും ചെ­യ്യാ­വു­ന്ന ഒരു സം­ഗ­തി­യാ­ണെ­ന്നും­ത­ന്നെ. അതി­ന്‌ സി­നി­മാ­സം­ഘ­ട­ന­ക­ളു­ടെ മു­ന്നില്‍ ഓച്ഛാ­നി­ച്ചു നില്‍­ക്കേ­ണ്ട­തി­ല്ലെ­ന്നും പണ്ഡി­റ്റ്‌ തെ­ളി­യി­ച്ചു. ന­മ്മു­ടെ സി­നി­മാ­ക്കാര്‍ ഉണ്ടാ­ക്കി­വ­യ്‌­ക്കു­ന്ന ചില തെ­റ്റി­ദ്ധാ­ര­ണ­ക­ളൊ­ക്കെ­യു­ണ്ട്‌. അതി­ന്റെ മേ­ലാ­ണ്‌ അവ­രു­ടെ നി­ല­നി­ല്‌­പു­ത­ന്നെ. സി­നി­മ­യെ­ന്ന­ത്‌ ഒരു കള­ക്‌­ടീ­വ്‌ എഫര്‍­ട്ടാ­ണെ­ന്നും ഫയ­ങ്കര പണി­യാ­ണെ­ന്നും അവര്‍ വരു­ത്തി­ത്തീര്‍­ത്തി­രി­ക്കു­ന്നു. ഓതര്‍ തി­യ­റി­യെ­യൊ­ക്കെ കട­പു­ഴ­ക്കി വളര്‍­ന്ന് യക്ഷ­രൂ­പം പ്രാ­പി­ച്ചു­നില്‍­ക്കു­ന്ന ഈ ധാ­ര­ണ­യു­ടെ പു­റം­പൂ­ച്ചി­ലാ­ണ്‌ നമ്മു­ടെ സി­നിമ നി­ല­കൊ­ള്ളു­ന്ന­ത്‌. അപ്പോ­ഴാ­ണ്‌, എത്ര­മേല്‍ അമ­ച്വ­റാ­യി­ട്ടാ­ണെ­ങ്കി­ലും സന്തോ­ഷ്‌ പണ്ഡി­റ്റ്‌, ക്യാ­മ­റ­യൊ­ഴി­ച്ചു­ള്ള സക­ല­നിര്‍­മാ­ണ­പ്ര­വര്‍­ത്ത­ന­ങ്ങ­ളും ഒറ്റ­യ്‌­ക്കു ചെ­യ്‌­തു­കൊ­ണ്ട്‌ ഒരു രണ്ടേ­മു­ക്കാല്‍ മണി­ക്കൂര്‍ ചി­ത്രം പൂര്‍­ത്തി­യാ­ക്കി­യി­രി­ക്കു­ന്ന­ത്‌.
'എനിക്കിങ്ങനെ മാത്രമേ സിനിമയെടുക്കാന്‍ അറിയൂ, എന്റെ സിനിമ കാണാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടോ' എന്ന് ചോദിക്കുന്ന മൌലിക സ്വാതന്ത്ര്യത്തിനു ഒരു സലാം പറയാതെ വയ്യ. സിനിമ നടന്‍ സുന്ദരനായിരിക്കണം, പാട്ടുകള്‍ രാഗസാന്ദ്രമായിരിക്കണം എന്നൊക്കെ വാശി പിടിക്കാന്‍ നമ്മളെ പഠിപ്പിച്ചവര്ക്ക് മുഖമടച്ചു ഒരു അടി കൊടുത്തിട്ട് മുന്നോട്ടു പോകുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ അത്രവലിയ ഒരു കോമാളിയാണെന്ന് അങ്ങനെ അങ്ങ് സമ്മതിക്കാന്‍ ആവില്ല. ഇന്‍റര്‍നെറ്റ് കാലത്ത് അടയാളപ്പെടുത്തപ്പെടേണ്ട ആള്‍ തന്നെയാണ് ശ്രീ പണ്ഡിറ്റ്‌‌. മലയാളസിനിമയിലെ സ്ഥിരം സന്ദര്‍ഭങ്ങളുടെയും ക്ലിഷേ നിമിഷങ്ങളുടെയും സങ്കരസങ്കീര്‍ത്തനമായിത്തീര്‍ന്നിട്ടുണ്ട്‌ കൃഷ്‌ണനും രാധയും. അതുതന്നെയാണ്‌ ഇതിന്റെ ആസ്വാദ്യതയും. ഇത്‌ അവനവനെത്തന്നെ നോക്കി ചിരിക്കാന്‍ നമ്മെ ഓരോ നിമിഷവും പ്രേരിപ്പിക്കും. അത്‌ പണ്ഡിറ്റ്‌ അറിഞ്ഞോ അറിയാതെതന്നെയോ ചെയ്‌തതാണെങ്കിലും അതുളവാക്കുന്ന ഫലം ഒന്നുതന്നെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരു മലയാളസിനിമയും ഇത്രയും ആസ്വാദനസന്തുഷ്ടിയോടെ കാണാന്‍ സാധിച്ചിട്ടില്ല."
ഇതര സംസ്ഥാനങ്ങളില്‍ ഒന്നുമില്ലാത്തവിധം 'വിവാഹ ആല്ബം' പിടിക്കുന്ന ഒരു സംസ്കാരം മലയാളിക്കുണ്ട്‌. കല്യാണം കഴിഞ്ഞുള്ള ഒരു ചെറിയ പ്രണയ നാടകം (പെണ്ണും ചെക്കനും സുന്ദരനാണോ സുന്ദരിയാണോ, ചെക്കന്റെ പല്ല് പൊങ്ങിയതാണോ എന്നത് ഇവിടെ വിഷയമല്ല). പ്രണയത്തെ അത്രകണ്ട് ഇന്നും അംഗീകരിച്ചു തരാത്ത മലയാളികള്ക്ക് ഈ വിവാഹ ആല്ബം വലിയ വീക്നെസ് ആണ്. ചില വീടുകളില്‍ ചെന്നാല്‍ മക്കളുടെ ഹണീമൂണ്‍ ഫോട്ടോ വീട്ടീല്‍ വരുന്നവരെ എല്ലാം ഇരുത്തി കാണിക്കും. വീട് സന്ദര്ശനങ്ങളിലെ ഒഴിവാക്കാന്‍ ആകാത്ത ഒരു ചടങ്ങ് കൂടി ആണ് ഇത്. വീണു കിടക്കുന്ന മരത്തിന്റെ മുകളില്‍ കയറി നിന്നും, കൈതക്കാട്ടിന്റെ ഓരത്ത് ഇരുന്നു മുള്ള് കടിച്ചുകൊണ്ടും നവവധുവിന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന പുത്തന്‍ ഭര്ത്താവും, ഭാര്യയുടെ കയ്യും പിടച്ചു അടുത്തുള്ള തോട്ടുവക്കത്തോ കുളത്തിന്റെ കരയിലോ ഒക്കെ പോയിരുന്നു ആടുന്ന...പാടുന്ന ശൃംഗാരചേഷ്ടകള്‍, റബ്ബര്‍ മരത്തിന്റെ ഇടയിലൂടെയും തെങ്ങിന്‍ തടത്തില്‍ നിന്നും ഒക്കെ നിന്നുകൊണ്ട് വീഡിയോ എടുക്കുന്ന - അത് അഭിമാനത്തോടെ അവതരിക്കപ്പെടുമ്പോള്‍ ആ വീട്ടുകാരില്‍ പ്രകടമാകുന്ന അഭിമാനത്തേക്കാള്‍ ചെറുതാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ അഭിമാനം എന്ന് കരുതുന്നത് മോശമല്ലേ?
വാല്‍ക്കഷ്ണം :- സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ഒരൊറ്റ ചിത്രത്തിലെ ഭേദപ്പെട്ട അഭിനയത്തിന്‍റെ പേരും പറഞ്ഞു നടന്‍ ബാബുരാജ്‌ സന്തോഷ്‌ പണ്ഡിറ്റ്‌നു എന്ത് തരം മനോരോഗം ആണെന്ന് ഒരു ഉളുപ്പും ഇല്ലാതെ ചോദിക്കുന്നു.പ്രസ്തുത ചിത്രം മാറ്റി വെച്ചാല്‍ പിന്നെ അദേഹം ഗുണ്ടയായും മറ്റും അഭിനയിച്ച തല്ലിപ്പൊളി ചിത്രങ്ങളുടെ നീണ്ട നിരയും. പോരാത്തതിനു നമ്മെയൊക്കെ സംവിധാനം ചെയ്തു അനുഗ്രഹിച്ച മനുഷ്യ മൃഗം ടൈപ്പ് പടങ്ങളും ആണ് ബാക്കി എന്നോര്‍ക്കുക.

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

പീപ്ളിയില്‍ നിന്ന് നേരിട്ട്....

'കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് പുലര്‍ച്ചെ 12ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവെച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ 45കാരനാണ് കുണ്ടൂര്‍ വിശ്വന്‍. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. വിശ്വന്‍ സകുടുംബം മരിക്കുമോ ഇല്ലയോ? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ ഇപ്പോള്‍ നമ്മോടൊപ്പം ലൈനിലുണ്ട്. ഇന്ത്യയുടെ 59ാം സ്വാതന്ത്യ്രദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും, ഇതില്‍ ആരാണ് കുറ്റക്കാര്‍?..കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണബാങ്ക് സെക്രട്ടറി മാധവന്‍ നായര്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് റിസര്‍ച്ച് ബ്യൂറോവിലെ ഉദ്യോഗസ്ഥന്‍ അലക്സ് പുന്നൂസ്, എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും വിശ്വന്‍ കുണ്ടൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലഫോണ്‍ ലൈനിലുമുണ്ട്. ന്യൂസ്ടൈം തുടരുന്നു. അതിനു മുമ്പ് ഒരിടവേള..''  
നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.
മൂലൂര്‍ ടവേഴ്സ് ആന്റ് റെസിഡന്‍സി, ബെറ്റര്‍ ലൊക്കേഷന്‍സ്, ബെറ്റര്‍ ലൈഫ് സ്റ്റൈല്‍
ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്
''ന്യൂസ് ടൈം തുടരുന്നു. ശ്രീ വിശ്വന്‍ കുണ്ടൂര്‍, കേള്‍ക്കാമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?''

(സന്തോഷ് ഏച്ചിക്കാനം, കൊമാല, പേജ് 26, ഡി.സി. ബുക്സ് കോട്ടയം)

ആമിര്‍ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി സംവിധാനം ചെയ്ത 'പീപ്ലി ലൈവ്' കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് 'കൊമാല' എന്ന കഥയാണ്. പ്രമേയപരമായി ഈ രണ്ടു രചനകള്‍ക്കും പ്രകടമായ സാമ്യമുണ്ട്. കലാകാരന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നതുകൊണ്ടുവന്ന സാദൃശ്യമാവാം. ഭാവനയുടെ ഒരേ സഞ്ചാരപഥങ്ങളില്‍ ഇരുവരും ഏതാണ്ട് ഒരേ സമയം അലഞ്ഞിരിക്കണം. 2006 ആഗസ്റ്റ് 15നാണ് 'കൊമാല' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. എന്‍.ഡി.ടി.വി ജേണലിസ്റ്റായ അനുഷ റിസ്വി മൂന്നുനാലു വര്‍ഷങ്ങളോളം ഈ കഥ സിനിമയാക്കാനുള്ള അഭ്യര്‍ഥനയുമായി ആമീര്‍ഖാനെ സമീപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായത് 2010ലാണെന്നു മാത്രം. അമേരിക്കയിലെ സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ജീവിതദുരിതങ്ങളെ ചിത്രം ലളിതവത്കരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.
ഗൌരവമുള്ള ഒരു വിഷയം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്. അതിഭാവുകത്വം കലര്‍ന്ന നാടകീയമായ മെലോഡ്രാമകളായിരുന്നു ഇന്ത്യന്‍ ജീവിതപ്രശ്നങ്ങള്‍ പ്രമേയമായ നമ്മുടെ പനോരമച്ചിത്രങ്ങളെല്ലാം. കറുത്ത ഫലിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കാനുള്ള സര്‍ഗാത്മകമായ ആര്‍ജവമുണ്ടായിരുന്നില്ല നമ്മുടെ പല ചലച്ചിത്രകാരന്മാര്‍ക്കും. അതുകൊണ്ടുതന്നെ സറ്റയര്‍ സിനിമ നമ്മുടെ സമാന്തരധാരയില്‍ വന്നതുമില്ല. ബാള്‍ക്കന്‍ മേഖലകളില്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് കുസ്തുറിക്ക എടുത്ത സിനിമകള്‍ ഓരോന്നും നോക്കുക. ഓരോ ഫ്രെയിമിലും ചിരിച്ചുലയാനുള്ള മരുന്നുണ്ടാവും. ആ ചിരിയിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ചലച്ചിത്രകാരന്‍ നമ്മെ വലിച്ചണയ്ക്കുന്നത്. കരയുന്ന കുറേ കഥാപാത്രങ്ങളെ നിര്‍വികാരമായി കണ്ടിരിക്കുന്നതിനേക്കാള്‍ വികാരവിമലീകരണം സാധ്യമാക്കുക ഹാസ്യരസപ്രധാനമായ ആവിഷ്കാരം തന്നെയാണ്. ഫാഷിസത്തെക്കുറിച്ച് ചലച്ചിത്രചരിത്രം ഇന്നോളം കണ്ട ഏറ്റവും രൂക്ഷമായ ദൃശ്യപ്രസ്താവനയായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കരുതി സഹോദരന്റെ പ്രേരണയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് നാഥാ. ഈ വാര്‍ത്തയറിയുമ്പോള്‍ മാധ്യമങ്ങള്‍ ആ കുടിലിനു ചുറ്റും തമ്പടിക്കുന്നു. ലൈവ് റിപ്പോര്‍ട്ടുകളുമായി ഒരു മാധ്യമ സര്‍ക്കസിന് അവിടെ തുടക്കമാവുന്നു. പ്രഭാതകൃത്യത്തിനു പോവുന്ന നാഥായെപ്പോലും ക്യാമറക്കണ്ണുകള്‍ വെറുതെ വിടുന്നില്ല. ഇതിനിടെ ചാനല്‍ച്ചര്‍ച്ചകളുടെ പൊടിപൂരം. വ്യവസായവത്കരണമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് നസിറുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന കേന്ദ്രകൃഷിമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തതിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവിടേക്കു വരുന്നു. ഒടുവില്‍ പൊടിമൂടിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് നാം നാഥായെ കാണുന്നത്. കൃഷിമന്ത്രി പറഞ്ഞതുപോലെ ഉപജീവനത്തിന് വ്യവസായവത്കരണത്തിന്റെ വഴിതന്നെ അയാള്‍ തേടുന്നു. സമീപകാലത്ത് കൃഷി വിട്ട് മറ്റു തൊഴിലുകളിലേക്കു മടങ്ങിയ കര്‍ഷകരുടെ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്ന വാചകത്തോടെ ചിത്രം അവസാനിക്കുന്നു. ബോളിവുഡ് ജനജീവിതത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണയക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അത് പതിവു പനോരമപ്പടങ്ങളുടെ വരണ്ട ആഖ്യാനമാവുന്നില്ല എന്നതും ആശ്വാസം പകരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഈ ചിത്രത്തില്‍ കാണാം. വരണ്ട ഗ്രാമങ്ങളിലെ വരണ്ട മനുഷ്യര്‍. ദൈന്യത മുറ്റിയ കണ്ണുകള്‍.
ഇംഗ്ലീഷ് ന്യൂസ്ചാനലുകളാണ് അനുഷ റിസ്വിയുടെ വിമര്‍ശനത്തിന് കൂടുതലും വിധേയമാവുന്നത്.അവരത് അര്‍ഹിക്കുന്നുണ്ടെന്നതും വാസ്തവം തന്നെ. ധോണിയുടെ വിവാഹത്തിന് പാപ്പരാസികള്‍ നടത്തിയ പടപ്പുറപ്പാട് നമ്മള്‍ കണ്ടതാണ്. കത്രീന കൈഫും സല്‍മാനും വേര്‍പിരിഞ്ഞത് അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. (അമൂല്യ എന്ന കന്നട നടിയുടെ ചുംബനം ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കാണൂ. http://www.youtube.com/watch?v=brMUwHfQfUo&feature=related. നെഞ്ചിടിപ്പോടെയുള്ള ന്യൂസ്റീഡറുടെ വായനക്കൊപ്പം റിപ്പോര്‍ട്ടറുടെ ആവേശകരമായ വിവരണം കേള്‍ക്കൂ. എന്നിട്ട് ലജ്ജിച്ച് ലജ്ജിച്ച് തല താഴ്ത്തൂ.) എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായിരുന്ന അനുഷ സ്വന്തം തൊഴില്‍രംഗത്തെ ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്ന വിധമാണ് വിചാരണ ചെയ്യുന്നത്.
ആമിര്‍ഖാന്‍ ഒരു സംഭവം തന്നെയാണ്. നമ്മുടെ താരരാജാക്കന്മാര്‍ കണ്ടു പഠിക്കണം. 1988 മുതല്‍ ബോളിവുഡിലെ മുന്‍നിര താരം. ദീപാമേത്തയുടെ 'എര്‍ത്തി'ല്‍ വേഷമിട്ട ശേഷം വ്യത്യസ്തമായ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. 2001ല്‍ ലഗാന്‍. ബോളിവുഡിന്റെ ദുഷ്പേരു മാറ്റിയ ചിത്രം. പിന്നീട് ദില്‍ ചാഹ്താ ഹൈ. ബോളിവുഡിന്റെ ചരിത്രത്തില്‍ അപ്പുറവും ഇപ്പുറവും എന്നു പറയാന്‍ ഒരു വിഭജനരേഖയായി മാറിയ ചിത്രം. 2005ല്‍ കേതന്‍ മേത്തയുടെ മംഗള്‍ പാണ്ഡേ. അടുത്ത വര്‍ഷം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, 2007ല്‍ താരേ സമീന്‍ പര്‍, 2009ല്‍ ത്രീ ഇഡിയറ്റ്സ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങളില്‍ മാത്രം വേഷമിടുന്നു. 'പീപ്ലി ലൈവ്'പോലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. സൂപ്പര്‍താര പദവി വേണ്ട, സ്തുതിപാഠകര്‍ വേണ്ട. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്‍ക്കുന്നു.എപ്പോഴാണ് നമ്മുടെ താരങ്ങള്‍ ഇങ്ങനെ കെട്ടുകാഴ്ചകളില്‍നിന്ന്, പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ സൂപ്പര്‍പദവികളില്‍നിന്ന് മണ്ണിലിറങ്ങുക? 

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ദേശിയ അവാര്‍ഡും കുറെ വിവാദങ്ങളും

2009 ദേശിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പതിവ് പോലെ കുറെ വിവാദങ്ങള്കും തിരി കൊളുത്തി . ഇനി ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും , വിമര്‍ശനങ്ങളും സര്‍വ മാധ്യമങ്ങളിലും നിറയും. എന്തായാലും എന്‍റെ വക കൂടി ഇരിക്കട്ടെ ഒരു വിമര്‍ശനം. 
ആദ്യം മികച്ച ചിത്രം തന്നെ എടുക്കാം. സംസ്ഥാന തലത്തില്‍ അത്രയൊന്നും പരിഗണിക്കപ്പെടാത്ത ചിത്രമായിരുന്നു ഷാജി എന്‍ കരുണിന്റെ മമ്മൂട്ടി ചിത്രം "കുട്ടിസ്രാന്ക്". മികച്ച ചിത്രത്തിനും, ചായഗ്രഹനവും, തിരക്കഥയും ഉള്‍പ്പടെ അഞ്ചു മികച്ച പുരസ്കാരങ്ങള്‍  നേടി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അത്രയൊന്നും പൈസയും, സ്വാധീനവും ഇല്ലാത്ത റിലയന്‍സിന്റെ ബിഗ്‌ പിക്ചേര്‍സ് അന്നെന്നുള്ളത് ഒന്ന് നോട്ട് ചെയ്തോളു. സംസ്ഥാനതലത്തില്‍ അവര്‍ക്ക് അത്രയ്ക്ക് സ്വാധീനം പോര എന്നുള്ളതയിരിക്കം ഇവിടെ ഈ ചിത്രം അവഗണിക്കപ്പെട്ടത്. പക്ഷെ ദേശിയ തലത്തില്‍ അതല്ലല്ലോ സ്ഥിതി. റിലയന്‍സ് എന്ന ബഹുരാഷ്ട്ര കുത്തകയ്ക്ക് ഒരു ദേശിയ അവാര്‍ഡ്‌ ഒപ്പിചെടുക്കുക എന്നത് വളരെ ചെറിയ കാര്യം മാത്രം. അതും സര്‍ക്കാര്‍ പോലും അവരോടു കടപ്പെട്ടിരിക്കുന്ന ഈ അവസ്ഥയില്‍, അമ്ബാനിമാര്‍ക്ക് ഒന്നല്ല ഒരായിരം അവാര്‍ഡുകള്‍ ദേശിയതലത്തില്‍ ലഭിച്ചേക്കാം. ഇപ്രാവശ്യത്തെ ഓസ്കാറിനു ഇന്ത്യയില്‍ നിന്നുള്ള ചിത്രം ചിലപ്പോള്‍ കുട്ടിസ്രാന്ക് ആയിരിക്കാം. എന്തായാലും ഈ ചിത്രം മലയാളത്തില്‍ ആയതുകൊണ്ട് നമുക്ക് മലയാളികള്‍ക്ക് സന്തോഷിക്കാം. 
മൂന്നു ചിത്രങ്ങളില്‍ വ്യത്യസ്തമായ ഏഴു വേഷങ്ങള്‍ മികച്ച പ്രകടനം നടത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭ മമ്മൂട്ടിക്ക് അവാര്‍ഡില്ല, മേകപ്, മുഖം മൂടി വേഷത്തിലൂടെ അമിതാഭ് ബച്ചന് അവാര്‍ഡു. ബച്ചന്‍ ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാണിച്ച സന്മനസ്സിനാണ് അവാര്‍ഡു എന്നു ജൂറി. മൂന്നു ചിത്രങ്ങളില്‍ ഏഴു വേഷം ചെയ്യാന്‍ കഠിന ശ്രമം നടത്തിയതിനു അംഗീകാരമില്ല. ബച്ചന് ഇനി ഒരു അങ്കത്തിനു ബാല്യമില്ല എന്നുള്ളതും ഒരു കാരണം ആയിരിക്കാം. നമ്മുടെ മമ്മൂട്ടിക്ക് ഇനിയും അതുല്യമായ ധാരാളം കഥാപാത്രങ്ങളെ നല്കാന്‍ കഴിയും , അതിനാല്‍ തന്നെ ഇനിയും ധാരാളം അവാര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നു.  ദേശിയ അവാര്‍ഡില്‍ കുട്ടിസ്രാങ്ക് മികച്ച ചിത്രം, ഋതു  പരനഘോഷ് മികച്ച സംവിടയകന്‍, അപ്പോള്‍ പിന്നെയും സംശയം ബാക്കി മികച്ച ചിത്രമായ കുട്ടിസ്രാങ്കിന്റെ സംവിധായകന്‍ ഷാജിയാണോമികച്ച സംവിധായകന്‍ അതോ മികച്ച സംവിധായകന്‍ ആയ ഋതു പരനഘോഷിന്റെ ചിത്രമാണോ മികച്ച സിനിമ, പഴശ്ശിരാജയ്ക്ക് മികച്ച മലയാളചിത്രതിനുള്ള ദേശിയ അവാര്‍ഡു വന്നപ്പോള്‍ പിന്നെയും വാദം. ഇപ്പൊ മനസ്സിലായില്ലേ പഴശ്ശിരാജയാണ് മികച്ച സിനിമ എന്നും, പഴശ്ശിരാജയ്ക്ക് സുവര്‍ണകമലംകിട്ടാത്തത് അതിനെക്കാള്‍ മികച്ച സിനിമ ഉണ്ടായിരുന്നത് കൊണ്ടാണെന്നും, എങ്കിലും കുട്ടിസ്രാന്കിനു കിട്ടിയതില്‍ സന്തോഷമെന്നും പഴശ്ശിരാജയുടെ സംവിടയകന്റെ വാദം. പക്ഷെ ഈ കുട്ടിസ്രാങ്കിന്റെ സംവിധായകനെ  തഴഞ്ഞു പഴശ്ശിരാജയുടെ സംവിധാനത്തിന് തനിക്കു സംസ്ഥാന അവാര്‍ഡു കിട്ടിയപ്പോള്‍ കുട്ടിസ്രാന്കിനെ പറ്റി സങ്കടപ്പെടാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.
മലയാളത്തില്‍ നിറയെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പലേരി മാണിക്യം തീരെ അവഗണിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്നു അറിയില്ല. എല്ലാം കൊണ്ടും മികച്ച ഒരു ചലച്ചിത്ര അനുഭവമായിരുന്നു ഈ ചിത്രം. ഇത് അവഗണിക്കപ്പെട്ടത് തീര്‍ച്ചയായും വിഷമകരം തന്നെ. 
ഇങ്ങനെ അടുത്ത അവാര്‍ഡു പ്രഖ്യാപനം വരെ നമുക്ക് ചര്‍ച്ച തുടരാം. നഷ്ട്ടം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കും, പലേരിമാനിക്യം പോലുള്ള നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും........

2010 ജൂലൈ 12, തിങ്കളാഴ്‌ച

District 9 - വംശീയ വിവേചനങ്ങളുടെ പുതിയ മുഖം

അന്യഗ്രഹ ജീവികള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന ഏതാണ്ടെല്ലാ സിനിമകളും മനുഷ്യനോടും മനുഷ്യകുലത്തിനോടും അവര്‍ ചെയ്യാന്‍ സാധ്യതയുള്ള ദ്രോഹങ്ങളെ സംബന്ധിച്ചാണ് എന്നതുയാദൃച്ഛികമല്ല. അപരസ്വത്വങ്ങളെപ്രതിയുള്ള ആഴമേറിയ ഭയങ്ങളില്‍ വിരലോടിച്ച് രസമുളവാക്കുക എന്ന പ്രയോഗിച്ചു പഴകിയ വിദ്യ. അതിനെ തലകീഴായി നിര്‍ത്തുന്ന ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വ്യത്യസ്തമാകാറുണ്ട്. സ്പീല്‍ബര്‍ഗിന്റെ E.T. (എക്സ്റ്റ്രാ ടെറെസ്ട്രിയല്‍ ) അങ്ങനെയൊരു കീഴ്മേല്‍ മറിയലിനുദാഹരണമാണ്. അതേ വിഷയം ആയിരം മടങ്ങ് രൂക്ഷവും പരുഷവുമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ഈ ഓഗസ്റ്റില്‍ ഇറങ്ങിയ ഡിസ്ട്രിക്റ്റ് 9. ഈ ചിത്രം അന്വേഷിക്കുന്നത് അവര്‍ നമ്മോട് എന്ത് ചെയ്തു എന്നല്ല, നമ്മള്‍ അവരോട് എന്ത് ചെയ്തു എന്നാണ്. തട്ടുപൊളിപ്പന്‍ ഗണ്‍ ഫൈറ്റുകളും ചോരക്കളിയുടെ ക്രൗര്യവും വകഞ്ഞുമാറ്റിയാല്‍ അസ്വസ്ഥതയുണര്‍ത്തുന്ന ഒരുതരം സ്വാഭാവികതയോടെ ആ അന്വേഷണം മനുഷ്യകുലത്തിലേയ്ക്ക് തന്നെ തിരിച്ചു പിടിച്ച കണ്ണാടിയാണ് എന്നയിടത്താണ് ഈ ചിത്രം ഒരു സയന്‍സ് ഫാന്റസി ക്ലാസിക് ആകുന്നത്. 
വാന്‍കുവര്‍ ഫിലിം സ്കൂളിന്റെ ഉല്പന്നവും ത്രിമാന ആനിമേഷന്‍ വിദഗ്ധനെന്ന നിലയ്ക്ക് - വിശേഷിച്ച് വിഡിയോ ഗെയിം രംഗത്ത് - പ്രസിദ്ധനുമായ ദക്ഷിണാഫ്രിക്കക്കാരന്‍ നീല്‍ ബ്ലോംകാമിന്റെ (Neill Blomkamp) കന്നി സംരംഭമാണ് ഈ ചിത്രം. അദ്ദേഹത്തിന്റെ തന്നെ പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള Alive in Joburg എന്ന ഹ്രസ്വചിത്രത്തിന്റെ (2005) വികസിതരൂപമാണ് ഡിസ്ട്രിക്റ്റ് 9.

 1980കളുടെ ആദ്യം ജോഹാനസ് ബര്‍ഗിന്റെ മുകളില്‍ ഒരു പടുകൂറ്റന്‍ ബഹിരാകാശവാഹനം പ്രവര്‍ത്തനരഹിതമായി വന്ന് നില്‍ക്കുന്നു. മാസങ്ങളുടെ ഉദ്വേഗത്തിനു ശേഷം പേടകത്തില്‍ ബലമായി കടക്കുന്ന പട്ടാളം കാണുന്നത് കടുത്ത പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരണാസന്നരായ പത്തിരുപത് ലക്ഷം അന്യഗ്രഹജീവികളെയാണ്(എയ്ലിയനുകള്‍). കൊഞ്ചിനോട് സാദൃശ്യമുള്ള ഷഡ്പദ രൂപമുള്ളതിനാല്‍ ഇവയെ Prawns എന്ന് തദ്ദേശീയര്‍ വിളിക്കുന്നു. കൊഞ്ചുകളെന്ന ഈ വിളി പോലും അവഹേളനപരമാണ്, നിഗര്‍ എന്ന വിളിപോലെ. (ഒരുപക്ഷേ ഈ ബഹിരാകാശവാഹനം വഹിച്ചുകൊണ്ടു വന്നത് നാടുകടത്തപ്പെട്ടവരോ അടിമകളോ/ തൊഴിലാളികളോ ആയിരുന്ന ഏയ്ലിയനുകളാണെന്നും വരാം.)

ഈ അന്യഗ്രഹ ജീവികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്ന അഭയാര്‍ത്ഥിക്യാമ്പാവുകയാണ് ഡിസ്ട്രിക്റ്റ് 9. Mother ship-ല്‍ നിന്നും താഴേയ്ക്ക് പതിച്ച് ദുരൂഹമായി നഷ്ടമാകുന്ന കമാന്‍ഡ് മൊഡ്യൂളാണ് പേടകം പ്രവര്‍ത്തനരഹിതമാകാന്‍ കാരണം. ആദ്യനാളുകളിലെ കൌതുകം ക്രമേണ അവജ്ഞയ്ക്കും വെറുപ്പിനും വഴിമാറുന്നു.  അന്യഗ്രഹജീവികള്‍  തങ്ങളുടെ വേലികെട്ടിത്തിരിക്കപ്പെട്ട അഭയാര്‍ത്ഥിക്ക്യാമ്പ് വിട്ട് ജനസമൂഹങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങുന്നതോടെ നഗരത്തില്‍ പ്രതിഷേധവും തുടര്‍ന്ന് കലാപങ്ങളും തുടര്‍ക്കഥയാകുന്നു. “കൊഞ്ചുകളെ തിരികെ പറഞ്ഞുവിടുക” എന്നതാണ് ജനങ്ങളുടെ ആവശ്യം.
ആദ്യ സീന്‍ മുതല്‍ തിരശീലവീഴും വരെയും സ്ഥിരം ഹോളിവുഡ് മസാലകളില്‍ നിന്ന് സ്വയം വേര്‍തിരിഞ്ഞ് നില്‍ക്കാനുള്ള ശ്രമം സിനിമയില്‍ ശക്തമാണ്. സിനിമാറ്റിക് അന്യഗ്രഹ ജീവികളുടെ സ്ഥിരം ആക്രമണവേദിയായ ന്യൂയോര്‍ക്കിലോ വാഷിങ്ടണിലോ അല്ല, ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലാണ് അവരുടെ സ്പെയ്സ് ഷിപ്പ് വന്ന് നില്‍ക്കുന്നത്. അന്യഗ്രഹ  ജീവികളെ പുനരധിവസിപ്പിക്കുന്ന ഡിസ്ട്രിക്റ്റ്-9നിനു പോലുമുണ്ട് ഒരു അപാര്‍തൈഡിന്റെ (Apartheid) പരോക്ഷചരിത്രം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ഡിസ്ട്രിക്റ്റ് - 6 എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആറാം മുന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് 1966ല്‍ വെള്ളക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്ത സര്‍ക്കാര്‍ അവിടുത്ത കൂറ്റന്‍ ചേരിയില്‍ താമസിച്ചിരുന്ന കറുത്തവരെ നിര്‍ബന്ധമായി ഒഴിപ്പിക്കുകയുണ്ടായി. ഈ ഒഴിപ്പിക്കലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തലുമൊക്കെ മനുഷ്യാവകാശപ്രശ്നങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എല്ലാ ചേരികളുടെയും കഥ ഏറെക്കുറേ ഇതുതന്നെയാണ് എന്ന് മുംബൈയും ഡല്‍ഹിയും കല്‍ക്കത്തയും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രണ്ടാം ലോകയുദ്ധകാലത്തോടടുത്ത് അമേരിക്കയിലേയ്ക്ക് കുടിയേറിയ ജൂതര്‍ മുതല്‍ ദക്ഷിണാഫ്രിക്കയിലേയ്ക്ക് കുടിയേറിയ സിംബാബ്വേക്കാരും ഇന്ത്യയിലേയ്ക്ക് കടന്നു കയറുന്ന ബംഗ്ലാദേശികളും അങ്ങനെ അഭയാര്‍ത്ഥികളാക്കപ്പെട്ട് "അപരത്വം" പേറി മറ്റിടങ്ങളിലെ എതിര്‍പ്പുകളെ നേരിട്ട് കഴിഞ്ഞുകൂടേണ്ടിവരുന്ന ലോകത്തെ എല്ലാ ജനതകളെയും ഒരര്‍ത്ഥത്തില്‍ ഈ അന്യഗ്രഹജീവികള്‍ പ്രതിനിധീകരിക്കുന്നുണ്ട്.
സാധാരണ സിനിമകളില്‍ കണ്ടു പരിചയിച്ച ആക്രമണകാരിയായ ഭീകരരല്ല ഇതിലെ അന്യഗ്രഹജീവികള്‍ .വലുപ്പത്തില്‍ സാമാന്യത്തില്‍ കവിഞ്ഞ ഉയരമുണ്ടെന്നതൊഴിച്ചാല്‍ മനുഷ്യന്റെ സാദാ തോക്കിനും ലാത്തിക്കും അവരെ മുറിപ്പെടുത്താന്‍ കഴിയും. ദ്വിലിംഗികളായ ഇവ മുട്ടയിട്ട് പ്രത്യേക യന്ത്ര സജ്ജീകരണങ്ങളിലാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. യന്ത്ര സാങ്കേതികവിവരത്തില്‍ മനുഷ്യനെക്കാള്‍ പുരോഗതിനേടിയവരാണിവര്‍. എന്നാല്‍ ഒരു പ്രധാന പ്രത്യേകത ആയുധങ്ങളടക്കം ഇവരുണ്ടാക്കുന്ന യന്ത്രങ്ങളെല്ലാം തന്നെ ഇവരുടെ ഡി.എന്‍.ഏയുമായി അജ്ഞാതമായ രീതിയില്‍ sync ചെയ്യുന്നു എന്നതാണ്. ഇക്കാരണം കൊണ്ടുതന്നെ അവരുണ്ടാക്കുന്ന ആയുധങ്ങളും യന്ത്രങ്ങളും മനുഷ്യന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല.
എന്ത് കൊണ്ട് 1982ന് ശേഷമുള്ള ഇരുപത് വര്‍ഷത്തോളം ഇവരെ തിരികെയയക്കാന്‍ സര്‍ക്കാരും ലോകനേതാക്കളും മുതിരുന്നില്ല എന്ന് സിനിമയില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ഈ അന്യഗ്രഹജീവികളെ ചുറ്റിപ്പറ്റി വളരുന്ന ഒരു അധോലോകവും ആയുധകരിഞ്ചന്തയുമൊക്കെ അതിനു ഭാഗികമായ ഉത്തരങ്ങളാണ്. അന്യഗ്രഹജീവികളുണ്ടാക്കുന്ന ആയുധങ്ങള്‍ മനുഷ്യരുടേതിനേക്കാള്‍ പതിന്മടങ്ങ് നശീകരണ ശേഷിയുള്ളവയാണ്. അവ വാങ്ങിക്കൂട്ടുകയും ഏയ്ലിയനുകളെ അടിമകളെന്ന പോലെ പണിയെടുപ്പിക്കുകായുമാണ് ക്യാമ്പിനു ചുറ്റുമുള്ള മനുഷ്യസമൂഹവും സര്‍ക്കാരുമൊക്കെ ചെയ്യുന്നത്. പൂച്ചയ്ക്ക് കൊടുക്കുന്ന ക്യാനിലടച്ച ആഹാരം അന്യഗ്രഹജീവികളെ  അജ്ഞാതമായ കാരണങ്ങളാല്‍ ആകര്‍ഷിക്കുന്നു. Cat food-നോടുള്ള അഡിക്ഷന്‍ ചൂഷണം ചെയ്ത് ഡിസ്ട്രിക്റ്റ്-9ലെ അഭയാര്‍ത്ഥിക്യാമ്പിനു ചുറ്റും നൈജീരിയന്‍ ഗുണ്ടാസംഘങ്ങളുടെ ഒരു അധോലോകം തന്നെ രൂപപ്പെടുന്നു. ഇവര്‍ അന്യഗ്രഹജീവികളില്‍  നിന്നും ആയുധം വാങ്ങി പകരമവര്‍ക്ക് ക്യാനുകളിലെ Cat food നല്‍കുന്നു. ഏയ്ലിയന്‍ ടെക്നോളജിയുടെ വിപത്തിനെപ്പറ്റിയറിയാവുന്ന സര്‍ക്കാര്‍ ഏയ്ലിയനുകള്‍ കമ്പ്യൂട്ടറടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും മുട്ടവിരിയിക്കാന്‍ കറണ്ടുപയോഗിക്കുന്നതിനും മറ്റും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എങ്കിലും തങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഗുണ്ടാസംഘങ്ങള്‍ ഏയ്ലിയന്‍ ആയുധങ്ങള്‍ Cat food നല്‍കി വാങ്ങിക്കൂട്ടുന്നു. ഈ അധോലോകത്തിന്റെ തലവനായ ഓബസാഞ്ചോ (Obesandjo) വിശ്വസിക്കുന്നത് എയ്ലിയന്‍ ശരീരഭാഗങ്ങള്‍ തിന്നാല്‍ ആയുസ്സുകൂടും, ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാം എന്നൊക്കെയാണ്. കൂടെക്കൂടെ അയാളുടെ ആളുകള്‍ Cat foodവാങ്ങാനെത്തുന്ന അന്യഗ്രഹജീവികളെ കൊന്ന് ശരീരഭാഗാങ്ങള്‍ വെട്ടി കരിഞ്ചന്തയില്‍ ഇതുമ്പറഞ്ഞ് വില്‍ക്കുന്നുമുണ്ട് !
ഇത്രയൊക്കെയായിട്ടും ഒരു നാഥനില്ലാക്കളരിയാണ് എയ്ലിയനുകള്‍ താമസിക്കുന്ന പടുകൂറ്റന്‍ ചേരി. ഇരുപതു കൊല്ലം കൊണ്ട് അവര്‍ പെറ്റുപെരുകി ഏതാണ്ട് 20 ലക്ഷത്തോളം ജനസംഖ്യയിലെത്തുന്നുവെങ്കിലും മനുഷ്യര്‍ക്കെതിരേ കൂട്ടം ചേര്‍ന്നുള്ള ഒരു ചെറുത്തു നില്പോ ആക്രമണമോ ഇവരില്‍ നിന്നുണ്ടാകുന്നില്ല. ആഹാരത്തിനും അവശ്യസൌകര്യങ്ങള്‍ക്കും വേണ്ടി ചില്ലറ അക്രമങ്ങള്‍ കാണിക്കുന്നുവെങ്കിലും ആകെത്തുകയില്‍ ഏയ്ലിയനുകള്‍ മൃഗതുല്യമായ ജീവിതമാണ് നയിക്കുന്നത്. ഇവരുടെ ഭാഷ ബാണ്ടു വര്‍ഗക്കാരുടെ ക്ലിക് ഭാഷയോട് നല്ല സാമ്യമുള്ള ഒന്നാണ്. കൊളോണിയല്‍ വര്‍ണവിവേചനക്കാലത്ത് വളരെയധികം അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗം കൂട്ടിയാണ് ബാണ്ടു എന്നതും മറ്റൊരു പരോക്ഷ രാഷ്ട്രീയസൂചനയായിക്കാണാം.
എം.എന്‍.യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിനാഷ്നല്‍ യുനൈറ്റഡ് എന്ന ബഹുരാഷ്ട്ര സ്വകാര്യ പട്ടാളക്കമ്പനിക്കാണ് അന്യഗ്രഹജീവികളെ അധിവസിപ്പിച്ചിരിക്കുന്ന ചേരികളുടെ ഭരണവും നിയന്ത്രണവും. (അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളില്‍ പങ്കുവഹിച്ച ബ്ലാക് വാട്ടര്‍ പോലുള്ള സ്വകാര്യ അമേരിക്കന്‍ പട്ടാള കമ്പനികളെ ഓര്‍ക്കുക.) തൊഴില്‍പരവും സാംസ്കാരികവുമായ നൂറുകണക്കിനു നിയമങ്ങളുടെ നിയന്ത്രണത്തിനുള്ളിലാണ് ഈ ചേരികളിലെ പ്രോണുകളുടെ ജീവിതം. മനുഷ്യവാസമുള്ളിടത്ത് പോകാന്‍ പാടില്ല, വൈദ്യുതിക്ക് നിയന്ത്രണം, ഇലക്ട്രോനിക് സാധനങ്ങള്‍ ഉണ്ടാക്കുകയോ ശേഖരിക്കുകയോ ചെയ്യുന്നതിന് പ്രത്യേക ലൈസന്‍സ്, എന്തിന് കുട്ടികളെ (മുട്ടയിട്ട് ) വിരിയിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. മറ്റേതൊരു സ്വകാര്യ നിക്ഷേപകനെയും പോലെ എം.എന്‍.യൂവിനും കണ്ണ് ഏയ്ലിയന്‍ ആയുധ ടെക്നോളജിയിലും അതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉണ്ടാകാവുന്ന അളവില്ലാത്ത സ്വീകാര്യതയിലുമാണ്. സ്വാഭാവികമായും നാറ്റ്സികള്‍ ജൂതരെയെന്നപോലെ എം.എന്‍.യൂവും ഭരണകൂടവും ഏയ്ലിയനുകളെ രഹസ്യ പരീക്ഷണങ്ങള്‍ക്കും കൂട്ടക്കൊലയ്ക്കുമൊക്കെ വിധേയമാക്കുന്നുണ്ട്.
ബഹുജനപ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഡിസ്ട്രിക്ട്ട് -9 ലെ മുംബൈ മോഡല്‍ ചേരിയില്‍ നിന്നും ഇവരെ കുടിയിറക്കി 240 കിലോമീറ്ററപ്പുറമുള്ള ഡിസ്ട്രിക്റ്റ്- 10 ലെ പുതിയ അഭയാര്‍ത്ഥിക്ക്യാമ്പിലേയ്ക്ക് പുനരധിവസിപ്പിക്കാനുള്ള ബൃഹദ് പദ്ധതി എം.എന്‍.യൂവും സര്‍ക്കാരും ആഗോള സമൂഹവും ചേര്‍ന്ന് തയാറാക്കുന്നു. കമ്പനിയുടെ തലവന്മാരിലൊരാളുടെ മരുമകന്‍ എന്ന ബലത്തില്‍ കേന്ദ്ര കഥാപാത്രമായ വിക്കസ് ഫന്‍ ഡെ മെര്‍വു (Sharlto Copley) ഈ ബൃഹദ് ദൌത്യത്തിന്റെ തലപ്പത്ത് വരുന്നിടത്താണ് കഥയാരംഭിക്കുന്നത്. ഒഴിപ്പിക്കാന്‍ ചെല്ലുന്നവര്‍ക്ക് ചേരിനിവാസികളായ ഏയ്ലിയനുകളില്‍ നിന്നും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വന്‍ പട്ടാള സന്നാഹങ്ങളുടെ മുന്നില്‍ പക്ഷേ ‘കൊഞ്ചുകള്‍ ’ കീഴടങ്ങുകയും ഒഴിപ്പിക്കല്‍ തുടരുകയും ചെയ്യുന്നു. ഒഴിക്കുന്ന വീടുകളിലെ ഏയ്ലിയന്‍ മുട്ടകളെ ഒട്ടൊരു ആനന്ദത്തോടെയാണ് വിക്കസും കൂട്ടരും അഗ്നിക്കിരയാക്കുന്നതും അതിലെ ജീവന്റെ പിടച്ചിലുകണ്ട് രസിക്കുന്നതും. അതിനിടെ രണ്ട് മുതിര്‍ന്ന ഏയ്ലിയനുകള്‍ തങ്ങളുടെ ചെറ്റപ്പുരയിലെ രഹസ്യ ലാബറട്ടറിയില്‍ സ്വരുക്കൂട്ടി വയ്ക്കുന്ന ഒരു കറുത്ത ദ്രാവകം വിക്കസ് റെയ്ഡിനിടെ പിടിച്ചെടുക്കുന്നു. അബദ്ധത്തില്‍ അതില്‍ നിന്ന് അല്പം അയാളുടെ മുഖത്ത് ചീറ്റിത്തെറിക്കുകയും അന്ന് വൈകുന്നേരത്തോടെ അയാളുടെ ഇടത് കൈപ്പത്തിയില്‍ രൂപമാറ്റം സംഭവിച്ച് അയാള്‍ ഒരു ഏയ്ലിയനായി മാറാനാരംഭിക്കുകയും ചെയ്യുന്നു.
ഏയ്ലിയന്‍ ആയുധം കൈകാര്യം ചെയ്യാന്‍ വിക്കസിന് സംഭവിച്ച ഈ രൂപമാറ്റം മൂലം സാധിക്കുമെന്ന് തിരിച്ചറിയുന്ന കമ്പനിയധികൃതര്‍ അയാളെ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. ഏയ്ലിയന്‍ ആയുധം ഉപയോഗിച്ച് ആദ്യം മൃഗജഡങ്ങളിലും പിന്നെ ജീവനോടെ പിടിച്ചുകൊണ്ട് വരുന്ന ഏയ്ലിയനുകളിലും അയാളെക്കൊണ്ട് നിറയൊഴിപ്പിക്കുന്നു. ഒടുവില്‍ ഒരു ഓപ്പന്‍ ഹാര്‍ട്ട് സര്‍ജ്ജറിക്കായി അയാളെ വെട്ടിപിളര്‍ക്കും മുന്‍പ് വിക്കസ് കമ്പനി ലാബില്‍ നിന്ന് രക്ഷപ്പെട്ട് ഡിസ്ട്രിക്റ്റ്-9ലെ തന്നെ ഏയ്ലിയനുകളുടെ ചെറ്റപ്പുരകളിലൊന്നില്‍ അഭയം തേടുന്നു.
കമ്പനി മാത്രമല്ല ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്ന ഏയ്ലിയന്‍ ആയുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുള്ള ഓബസാഞ്ചോയുടെ ഗുണ്ടാ സംഘവും തുടര്‍ന്ന് വിക്കസിനെ വേട്ടയാടുകയാണ്. വിക്കസിന് അഭയം നല്‍കുന്ന ഏയ്ലിയന്‍ (ക്രിസ്റ്റഫര്‍ ജോണ്‍സണ്‍ എന്ന് സര്‍ക്കാര്‍ രേഖയില്‍ വിളിപ്പേരുള്ള ഏയ്ലിയന്‍) തങ്ങളുടെ പ്രവര്‍ത്തനരഹിതമായി നഗരത്തിനു മുകളില്‍ തങ്ങി നില്‍ക്കുന്ന Mother shipന്റെ കമാന്റ് മൊഡ്യൂളിലേയ്ക്കുള്ള ഇന്ധനമാണ് വിക്കസിന്റെ രൂപമാറ്റത്തിനു കാരണമായ ദ്രാവകം എന്ന് വെളിപ്പെടുത്തുന്നു.എം.എന്‍.യു ലാബില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് നടുവിലിരിക്കുന്ന ആ ഇന്ധനം എടുത്ത് നല്‍കാമെങ്കില്‍ വിക്കസിനെ തിരികെ മനുഷ്യരൂപിയാക്കാന്‍ പറ്റുമെന്ന് ക്രിസ്റ്റഫര്‍ പറയുന്നു. തുടര്‍ന്നുള്ള തത്രപ്പാടിന്റെയും അടിപിടികളുടെയും അവസാനം ഇന്ധനം ക്രിസ്റ്റഫറിന് ലഭിക്കുന്നുവെങ്കിലും ഓബസാഞ്ചോയുടെ ഗുണ്ടകളുടെയും എം.എന്‍.യു വിക്കസിനെ വേട്ടയാടി പിടിക്കാന്‍ നിയോഗിച്ച കൂബുസ് വെന്റര്‍ (Koobus Venter) എന്ന പട്ടാള സ്ക്വാഡ് തലവന്റെയും നടുക്ക് പെട്ടുപോകുന്ന വിക്കസ് ഒരു നിമിഷത്തെ മനംമാറ്റത്തിനൊടുവില്‍ ക്രിസ്റ്റഫറിനെയും മകന്‍ ലിറ്റില്‍ സി.ജെയേയും രക്ഷപ്പെടാനാണ് സഹായിക്കുന്നത്.
ഓരോ മനുഷ്യനും ഓരോ അന്യഗ്രഹജീവിയും മരിച്ചുവീഴുമ്പോള്‍ വിഡിയോ ഗെയിം കളിക്കുന്ന ആവേശത്തോടെ "സബാഷ് !" എന്ന്‍ കൈയ്യടിക്കാനല്ല മറിച്ച് "എന്തിനിങ്ങനെ നിങ്ങള്‍ പരസ്പരം കൊന്നുതള്ളുന്നു ?" എന്ന സങ്കടവും നിരാശയും കലര്‍ന്ന ചോദ്യം നമ്മെക്കൊണ്ട് ചോദിപ്പിക്കുക എന്ന ദൗത്യമാണ് ഇവിടെ ചലച്ചിത്രകാരനുള്ളത്. അതുതന്നെയാണ് സാദാ ഏയ്ലിയന്‍ മൂവികളില്‍ നിന്ന് ഡിസ്ട്രിക്റ്റ് 9നെ വ്യതിരിക്തമാക്കുന്നതും.
ക്രിസ്റ്റഫറിനും മകനും ചേരിയിലെ ഒരു ഭൂഗര്‍ഭ അറയില്‍ മറച്ചുവച്ചിരുന്ന കമാന്റ് മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനും തുടര്‍ന്ന് നഗരത്തിനു മുകളില്‍ തങ്ങിനില്‍ക്കുന്ന പ്രധാന വാഹനവുമായി അതിനെ ബന്ധിപ്പിക്കാനും സാധിക്കുന്നു. കൂബുസ് വെന്ററിന്റെ കൈയ്യാല്‍ വിക്കസ് മരണത്തിന് തൊട്ടു തൊട്ടില്ലായെന്നാവുമ്പോള്‍ ഏയ്ലിയനുകള്‍ കൂട്ടമായി വന്ന് ആക്രമിച്ച് വെന്ററെ കൊല്ലുന്നു.

ഏയ്ലിയന്‍ മദര്‍ ഷിപ്പ് ക്രിസ്റ്റഫറിനെയും മകനെയും വഹിച്ചു ഭൂമിയില്‍ നിന്നും യാത്രയാകുമ്പോഴും വിക്കസിനെന്ത് സംഭവിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നില്ല. ബാക്കി ഏയ്ലിയനുകളെ ഡിസ്ട്രിക്ക്റ്റ് 10ലേയ്ക്ക് ഏറെ സംഘര്‍ഷത്തിനു ശേഷം ഏതാണ്ട് മുഴുവനായും മാറ്റി താമസിപ്പിച്ചതായി ന്യൂസ് റിപ്പോര്‍ട്ട് പോലെ പറയുന്നുണ്ട്. ഈ ഘട്ടത്തില്‍ സിനിമ വീണ്ടും ആദ്യഭാഗത്തേത് പോലെ ചോര്‍ത്തിക്കിട്ടിയ ന്യൂസ് ഫുട്ടേജും ക്ലിപ്പിങ്ങുകളും വച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയുടെ രൂപമെടുക്കുകയാണ്. വിക്കസിന്റെ ഭാര്യയുടെ ഇന്റര്‍വ്യൂവില്‍ തന്റെ വാതില്‍ക്കല്‍ നിന്ന് കിട്ടിയ തകരക്കഷ്ണങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഒരു റോസാപ്പൂവിന്റെ കരകൗശലമാതൃകയെപ്പറ്റി അവര്‍ പറയുന്നു. അടുത്ത് സീനില്‍ ഒരു ജങ്ക് യാഡില്‍ തകരക്കഷ്ണങ്ങള്‍ ചേര്‍ത്ത് പൂവുണ്ടാക്കി അതിലേയ്ക്ക് നിര്‍നിമേഷനായി നോക്കുന്ന ഒരു ‘കൊഞ്ചി’നേയും കാണിക്കുന്നു.
സ്ഥിരം സിനിമാ സങ്കല്പങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മറ്റൊരു മുഖ്യ സംഗതി ഇതിലെ നായകന്റെ "നായകത്വ"മാണ്. മുഖ്യ കഥാപാത്രമായ വിക്കസ് ഫന്‍ ഡെമെര്‍വു (Wikus van der Merwe)ന്റെ ഡച്ച് പൈതൃകം ദ്യോതിപ്പിക്കുന്ന surname ആയ van der Merwe തന്നെ ആഫ്രിക്കാന്‍സുകാര്‍ക്കിടയിലെ ഒരു തമാശക്കഥാപാത്രത്തില്‍ നിന്ന് കടം കൊണ്ടതാണ് - നമ്മുടെ മലബാര്‍ ഭാഗത്തെ സീതീഹാജിയെയും തിരുവിതാങ്കൂര്‍ ഭാഗത്തെ കൊച്ചപ്പിയേയും ഉത്തരേന്ത്യയിലെ സര്‍ദാര്‍ജിയെയുമൊക്കെ പോലെ. സര്‍ക്കസുകാരേക്കാള്‍ മെയ് വഴക്കമുള്ള, മുട്ടിനുമുട്ടിന് പഞ്ച് ഡയലോഗുകള്‍ കീച്ചുന്ന (trust me if you wanna live, 'Hasta la vista, baby') ധീരോദാത്തഗുണവാനല്ല, വിധിവൈപരീത്യം കൊണ്ട് ജീവിതം കുട്ടിച്ചോറായ, രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ എന്തൊക്കെയോ ചെയ്തുകൂട്ടുന്ന, ഒരു അപ്പാവിയാണ് ചിത്രത്തില്‍ വിക്കസ് . വിജയശ്രീലാളിതനായ ലോകരക്ഷകനായല്ല മറിച്ച് ദുരൂഹമായ ഒരു ദുരന്തത്തിലാണ് അയാളുടെ കഥ തീരുന്നതും.
ചിത്രത്തിന്റെ നിര്‍മാതാവായ പീറ്റര്‍ ജാക്സണിന്റെ (The Lord of the Rings, King Kong) ആനിമേയ്ഷന്‍/സ്പെഷ്യല്‍ ഇഫക്റ്റ്സ് കമ്പനി ജെയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ Avatarന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ ഡിസ്ട്രിക്റ്റ്-9ന്റെ ആനിമേയ്ഷന്‍ ജോലികള്‍ തന്റെ ആനിമേഷന്‍ പാഠശാലയായ വാന്‍കൂവറിലേയ്ക്ക് തന്നെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു സംവിധായകന്‍ നീല്‍ ബ്ലോംകാം. ഇത് ചിത്രത്തിനെ ഹോളിവുഡ് ശൈലിയില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതിന് ചില്ലറയൊന്നുമല്ല സഹായിച്ചത്. വാന്‍കൂവര്‍ ഫിലിം സ്കൂളിലെ തന്റെ നാല്പതോളം വരുന്ന സഹപാഠികളെ ബ്ലോംകാം ഡിസ്ട്രിക്റ്റ് - 9ന്റെ ജോലികള്‍ക്ക് ഉപയോഗിച്ചു. അന്യഗ്രഹ ജീവികളുള്‍പ്പെടുന്ന സമര രംഗങ്ങളും ലഹളയും പൊലീസ് വെടിവയ്പ്പുമൊക്കെ ഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
Blairwitch Project-നെയും Cloverfield-നെയും അവിടവിടെ ഓര്‍മ്മിപ്പിക്കുന്ന ക്യാമറാ ശൈലിയാണെങ്കിലും വമനേച്ഛയുണ്ടാക്കുംവിധമുള്ള ക്യാമറയുടെ നിരന്തര ചലനങ്ങള്‍ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്. മാത്രവുമല്ല മുഴുനീള ലൈവ് ആക്ഷന്‍ ഡോക്യുമെന്ററിയായല്ല സിനിമാ വെറീറ്റേ ശൈലിയില്‍ പാതി ഡോക്യുമെന്ററിയായും പാതി നേരിട്ടുള്ള ചിത്രീകരണമായും ആണ് ഡിസ്ട്രിക്റ്റ് - 9 ക്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിലെ ഏയ്ലിയന്‍ ശരീരങ്ങളും അവരുടെ ബഹിരാകാശ വാഹനവും ആയുധങ്ങളുമൊക്കെ വളരെ വിശദമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെങ്കിലും ആ ആനിമേയ്ഷന്‍ മികവിനെ പ്രത്യേകമായി പൊലിപ്പിച്ച് ജാഡകാട്ടാനുള്ള ശ്രമം തീരെയില്ല, ചിത്രത്തിന്റെ ഡോക്യുമെന്ററി ശൈലിക്കാവശ്യമുള്ളതുമാത്രമേ കാട്ടുന്നുള്ളൂ. ഏയ്ലിയന്‍ രൂപങ്ങളെ ഒരളവ് വരെ അറപ്പുളവാക്കുന്ന ഷഡ്പദ മാതൃകയിലാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും അടിസ്ഥാനപരമായി ഇവര്‍ സാധു ജീവികളാണെന്ന് ഭാവഹാവാദികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. ക്ലൈമാക്സിനോടടുത്ത് സംഘര്‍ഷരംഗങ്ങള്‍ ഭീകരമാകുന്നുവെങ്കിലും ഏയ്ലിയന്‍ ചേരിയില്‍ വളരുന്ന 'ghettoism' നന്നായി പ്രതിഫലിപ്പിക്കുന്നവയാണ്. ചിത്രത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏയ്ലിയനുകളെപ്പറ്റിയുള്ള അഭിപ്രയമെന്തെന്ന് സൂചിപ്പിക്കുന്ന ഒട്ടേറെ 'ഇന്റര്‍വ്യൂകള്‍' മോക്യുമെന്ററി ശൈലിയില്‍ കാണിക്കുന്നുണ്ട്. വെറുപ്പോടെ ഏയ്ലിയനുകളുടെ 'ഭക്ഷണം', 'ഭാഷ', 'കുറ്റവാസന' തുടങ്ങിയവയെപ്പറ്റി സംസാരിച്ച പലരുടെയും ഇന്റര്‍വ്യൂ എടുത്തിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഏയ്ലിയനുകളെപ്പറ്റിയാണ് ഷൂട്ടിംഗ് എന്നറിയിക്കാതെയാണ്. പകരം ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരായ നൈജീരിയക്കാരെയും മറ്റുള്ളവരെയും പറ്റിയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിച്ചത് ! എഡിറ്റിംഗിന്റെ വൈദഗ്ധ്യവും ഇവിടെ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മനുഷ്യപ്രതികരണങ്ങളുടെ സങ്കീര്‍ണ്ണ സാധ്യതകളെ അങ്ങനെ സിനിമാന്ത്യത്തിലെ ഒരു കൂട്ടം കൂടിയുള്ള ആഘോഷത്തിലേയ്ക്ക് ചുരുക്കാനും പോന്ന ഒരു വിഡ്ഢിക്കഥയല്ല ഈ ചിത്രത്തിന് എന്നതുകൊണ്ടുതന്നെ തീര്‍ച്ചമൂര്‍ച്ചയുള്ള ഒരു പരിസമാപ്തിയെപ്പറ്റി ചിന്തിക്കുന്നതേ അബദ്ധമാവും. രക്ഷപ്പെട്ട ഏയ്ലിയനുകള്‍ സ്വന്തജനതയെ രക്ഷിക്കാന്‍ തിരിയെ വരുമോ ? വിക്കസ് എന്നെങ്കിലും തിരികെ മനുഷ്യനാകുമോ ? പുതിയ അഭയാര്‍ത്ഥിക്യാമ്പിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ച ഏയ്ലിയനുകള്‍ക്ക് എന്തു സംഭവിക്കും ? ഏയ്ലിയന്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കെല്പുള്ള ഒരു സങ്കര വര്‍ഗ്ഗത്തെ എം.എന്‍.യുക്കാര്‍ സൃഷ്ടിക്കുമോ ? ചോദ്യങ്ങള്‍ അനന്തമായി നീളുന്നു. വിക്കസ് ഭാര്യയ്ക്ക് തകരപ്പാട്ടയില്‍ നിന്നുണ്ടാക്കി സമ്മാനിക്കുന്നുവെന്ന് സൂചിപ്പിക്കപ്പെടുന്ന ലോഹപ്പൂവ് ഒരേസമയം ഒരു വേദനയും പ്രത്യാശയുമാവുന്നു.

2010 ജൂൺ 8, ചൊവ്വാഴ്ച

സന്തോഷത്തിന്‍റെ പിന്തുടര്‍ച്ച


ജീവിതം സുഖ ദുഃഖ സംമ്രിശ്രമാണ് എന്നൊക്കെ നമ്മള്‍ പറയാറുണ്ടെങ്കിലും സങ്കടങ്ങളില്‍ ഒരിക്കലെങ്കിലും പതറി പോകാത്ത മനുഷ്യര്‍ കുറവായിരിക്കും. ചിലര്‍ ആ സങ്കടങ്ങളെ ഉറച്ച തീരുമാനങ്ങളിലൂടെയും ആത്മവിശ്വസതോടെയുള്ള കധിനധ്വാനവും കൊണ്ട് നേരിടും. ചിലര്‍ തെറ്റുകളിലേക്ക് വഴുതിപ്പോകും. ചിലരാകട്ടെ ആ സങ്കടങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ട് തന്നെ ശിഷ്ട ജീവിതം തള്ളി നീക്കും. ഈ മൂന്നു വിഭാഗങ്ങളിലുള്ള മനുഷ്യരെ കൊണ്ട് നിറഞ്ഞതാണ്‌ ഈ ഭൂമി. ആദ്യ വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ജീവിതത്തില്‍ വിജയം നേടുന്നത്. അവരെ സന്തോഷം ഇപ്പോഴും പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും.

അങ്ങനെ തന്റെ ദുഖങ്ങളിലും കഷ്ടപ്പടുകളിലും സന്തോഷത്തെ പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ ജീവിത കഥയാണ്‌ ഗബ്രിയേല്‍ മുച്ചിനോ സംവിധാനം ചെയ്തു ഹോളിവുഡ് ചിത്രമായ പര്സൂട്ട് ഓഫ് ഹാപ്പിനെസ് പറയുന്നത് . സ്ഥിരം ഹോളിവുഡ് മസാലകള്‍ ഒന്നുമില്ലാത്ത ഒരു ചെറിയ ചിത്രമാണ്‌ ഇത്. അമനുഷനായ നായകനോ, ദൃശ്യ സാങ്കേതിക വിസ്മയങ്ങലോ ഒന്നുമില്ലാത്ത ഈ ചെറിയ ചിത്രം എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ഹോളിവുഡ് സിനിമായത് എന്തുകൊണ്ടാണ്. ചിലപ്പോള്‍ ആ ക്രിസ് ഗാര്‍ഡ്നര്‍ എന്നാ നായകനില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയാവാം.

കഥ നടക്കുന്നത് സാന്‍ഫ്രാന്‍സിസ്കോയില്‍ ആണ്. കാലഘട്ടം 1981 . വളരെ വിദഗ്ധനായ ഒരു സേല്‍സ് മാനാണ് ക്രിസ് ഗാര്‍ഡ്നര്‍ . ഭാര്യ ലിണ്ടയ്ക്കും മകന്‍ ക്രിസ്ടഫരിനും ഒപ്പം സന്ഫ്രാന്‍സിസ്കൊയിലെ ഒരു വാടക വീട്ടിലാണ്‌ താമസം. ക്രിസ് തന്‍റെ മുഴുവന്‍ സമ്പാദ്യവും ഒരു ബോണ്‍ ടെന്‍സിടി സ്കാനര്‍ എന്ന യന്ത്രത്തിന്റെ ഡീലര്‍ ഷിപ്പിന് വേണ്ടി മുടക്കിയിരിക്കുകയാണ്. വളരെയേറെ പ്രതീക്ഷയോടെ ആണ് അവര്‍ ആ സംരംഭം തുടങ്ങിയത്. പക്ഷെ ഈ യന്ത്ര അവര്‍ പ്രതീക്ഷിച്ചത് പോലെ ക്രിസിനു വില്‍ക്കാന്‍ കഴിയാതെ വരുന്നു. അതോടെ കഷ്ടപ്പാടുകള്‍ തുടങ്ങുകയാണ്. മകന്‍റെ ഡേകെര്‍ ഫീസ്‌ കൊടുക്കനമെങ്കിലും, വീട്ടില്‍ പലചരക്ക് സാമാനങ്ങള്‍ വങ്ങനമെങ്കിലും , വാടക കൊടുക്കാനും, നികുതികള്‍ അടക്കാനുമെല്ലാം ക്രിസിനു കഴിയാതെ വരുന്നു. ഈ സമയത്ത് ഭാര്യ ലിണ്ട അവരെ വിട്ടു ന്യൂ യോര്‍കിലേക്ക് പോകുന്നു. കഷ്ടപ്പാടുകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. വീട്ടു വാടക കൊടുക്കതിരുന്നതിനാല്‍ വീട്ടുടമ ക്രിസിനെയും മകനെയും പുറത്താക്കുന്നു.

ആ സമയത്താണ് ക്രിസിനെ ഒരു സ്റ്റോക്ക്‌ ബ്രോക്കിംഗ് കമ്പനിയില്‍ പരിശീലനത്തിനായി ക്ഷണിക്കുന്നത്. ആറുമാസത്തെ ട്രെയിനിംഗ്. ശമ്പളമില്ല, ട്രെയിനിങ്ങില്‍ ഉള്ള ഇരുപതു പേരില്‍ ഒരാള്‍ക്ക് മാത്രമേ ജോലി നല്‍കുകയുള്ളൂ. അവിടേയ്ക്കുള്ള ഇന്‍റെര്‍വ്യൂവിന്‍റെ തലേദിവസം നമ്മുടെ ക്രിസിനു പോലിസ് സ്റ്റേഷനില്‍ കഴിയേണ്ടി വരുന്നു. രാവിലെ ഇന്‍റര്‍വ്യൂവിനു ഹാജരായത് ശെരിക്കും നല്ല വേഷത്തില്‍ ആയിരുന്നില്ല. പക്ഷെ അവിടെയും ക്രിസ് മനോധൈര്യം കൈവിടാതെ ചോദ്യങ്ങള്‍ക്കെല്ലാം നല്ല മറുപടി തന്നെ നല്‍കി. അങ്ങനെ ക്രിസിനു ട്രെയിനിംഗ് തുടങ്ങി.

ഈ അവസരത്തില്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത ഹോട്ടലില്‍ നിന്നും ക്രിസിനെയും മകനെയും ഉടമ പുറത്താക്കുന്നു. അങ്ങനെ ഒരു രാത്രി മുഴുവന്‍ റെയില്‍വേ സ്റെഷനിലെ ബാത്ത് റൂമില്‍ അവര്‍ക്ക് ചിലവഴിക്കേണ്ടി വരുന്നു. ആ സമയത്ത് മാത്രമാണ് ക്രിസ് തന്‍റെ മകനെ നെഞ്ചോടു ചേര്‍ത്ത് കരയുന്നത്. അടുത്തരാത്രി മുതല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ള സര്‍ക്കാര്‍ വക വിശ്രമസന്കേതത്തില്‍ അവര്‍ക്ക് താമസിക്കേണ്ടി വരുന്നു. ആ സങ്കേതത്തിനു മുമ്പിലുള്ള നീണ്ട ക്യൂ കാണുമ്പോള്‍ ആ നഗരത്തില്‍ ഇത്രയേറെ വീടില്ലാത്തവര് ഉണ്ട് എന്ന് നമുക്ക് മനസ്സിലാകും. രാവിലെ മകനെ ഡേ കേരില്‍ വിട്ടതിനു ശേഷം ഓഫീസില്‍ ട്രെയിനിങ്ങിനായി ക്ര്രിസ് പോകുന്നു. അതിനു ശേഷം തന്‍റെ ബോണ്‍ സ്കാനരുമായി പലയിടത്തും സേല്സിനു പോകുന്നു. അത് കഴിഞ്ഞു കൃത്യം അഞ്ചു മണിക്ക് തന്നെ വിശ്രമ സങ്കേതത്തിലെ നീണ്ട ക്യൂവില്‍ സ്ഥാനം പിടിക്കുന്നു. അങ്ങനെ ജീവിതം ഒരു ഓട്ടപന്തയം ആകുന്ന സമയങ്ങള്‍. ഇതിനിടയില്‍ തന്‍റെ ഒരു സ്കാനര്‍ ഒരു ഹിപ്പി യുവതി മോഷ്ടിക്കുകയും ചെയ്യുന്നു. അത് പിന്നെ ക്രിസ് തന്നെ വീണ്ടെടുക്കുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടക്കും ക്രിസ് ഒരു നിമിഷം പോലും തെറ്റുകള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവന്‍ റോഡിലൂടെ പോകുമ്പോള്‍ അവനെ കടന്നു പോകുന്ന ജനങ്ങളെല്ലാം എത്ര സന്തോഷത്തിലാണ് എന്ന് നോക്കി നെടുവീര്‍പെടുന്നത് വളരെ ഭംഗിയായി വില്‍ സ്മിത്ത് എന്ന നടന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ട്രെയിനിംഗ് സ്ഥലത്തും അവനു വളരെ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നു. എല്ലാവരും അവനെ ഒരു രണ്ടാം തരമായിനോക്കി കാണുന്നു. ചായ മേടിക്കാനും, പിസ്സ മേടിക്കനുമൊക്കെ ഇപ്പോഴും ക്രിസിനു പോകേണ്ടി വരുന്നു. പക്ഷെ അവിടെയും അവന്‍ തന്‍റെ സത്യസന്ധതയും അര്‍പ്പണ മനോഭാവവും കൊണ്ട് മേലുദ്യോഗസ്ഥരുടെ പ്രശംസക്ക് പാത്രമാകുകയും ഒടുവില്‍ ആ ജോലി അവനു തന്നെ ലഭിക്കുകയും ചെയ്യുന്നു.

നാമെല്ലാം കാണുന്ന അമേരിക്കന്‍ ആര്‍ഭാട ജീവിതങ്ങല്‍ക്കിടക്ക് കഷ്ടപെടുന്ന ലക്ഷക്കണക്കിന്‌ ആളുകളും അവരുടെ സങ്കടങ്ങലുമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്. ക്രിസ് ഗാര്‍ഡ്നര്‍ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.