2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വെയില്‍ തിന്ന പക്ഷിയുടെ പതനം

"ഞാന്‍ കുടിച്ചുകുടിച്ചു കരളു കലങ്ങി പലവട്ടം ആശുപത്രിയില്‍ കിടന്നിട്ടുണ്ട്‌. ഇനി കുടിച്ചാല്‍ ഞാന്‍ മരിക്കും എന്നു പല ഡോക്ടര്‍മാരും മുന്നറിയിപ്പു തന്നിട്ടുണ്ട്‌. അവരില്‍ ഒരാള്‍ ഈയടുത്ത കാലത്തു ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മാത്യു റോയി. ഞാന്‍ കുടി തുടരുന്നു. പക്ഷേ, ഇപ്പോഴും ജീവിച്ചിരിക്കുന്നു." 
ഇങ്ങനെ കുടി തുടര്‍ന്നാല്‍ പെട്ടെന്ന് മരിച്ചു  പോകും എന്നു ഉപദേശിച്ച ഒരു സുഹൃത്തിനോട്‌ കവി അയ്യപ്പന്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.
വ്യവസ്ഥാപിത സമൂഹത്തിന്റെ നിയമാവലികള്‍ തനിക്കു ബാധകമല്ലെന്ന് സ്വയം പ്രസ്താവിച്ചു കൊണ്ടു ജീവിച്ച ആ മഹാ കവി ഇന്നലെ മുതല്‍ ഇന്ന് ഉച്ച വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു അജ്ഞാത ശവമായി കിടന്നു. അവിടെയും അയ്യപ്പന്‍ വ്യസ്തനായി. 
ഇന്നലെ രാത്രി വാഹനാപകടത്തില്‍ പെട്ട്‌ അത്യാസന്ന നിലയിലാണ്‌ അയ്യപ്പനെ ആശുപത്രിയില്‍ എത്തിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി തന്നെ അദ്ദേഹം മരിച്ചിരുന്നുവെന്നാണ്‌ സൂചന. മൃതദ്ദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരുവനന്തപുരം തന്പാനൂരില്‍ ഒരു പ്രമുഖ തീയേറ്ററിനു മുന്‍പ്‌ അബോധാവസ്‌ഥയില്‍ കണ്ടെത്തിയ അയ്യപ്പനെ ഫ്‌ളൈയിങ്‌ സ്‌ക്വാഡാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. ആശുപത്രി അധികൃതര്‍ക്കും അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുവന്നവര്‍ക്കും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
അയ്യപ്പന്റെ കവിത എല്ലാ കാവ്യനിയമങ്ങളും ലംഘിച്ച്‌ എല്ലാ നിയമങ്ങള്‍ക്കുമതീതമായി കഴിഞ്ഞ നാല്‍പ്പതില്‍പ്പരം കൊല്ലങ്ങളായി മലയാള കാവ്യഭൂമികയുടെ തീരങ്ങളെ തഴുകിത്തലോടി നനച്ചു ഫലഭൂയിഷ്ഠമാക്കി ഒഴുകിക്കൊണ്ടേയിരുന്നു.
അയ്യപ്പനാകട്ടെ എപ്പോഴും എവിടെയും കടന്നുചെല്ലുവാനും ആരോടും  എപ്പോഴും എന്തും ചോദിക്കുവാനും  സ്വതന്ത്രം സ്വയം സൃഷ്ടിച്ചുകൊണ്ട്  മാളമില്ലാത്ത പാമ്പിനെപോലെ അലഞ്ഞുനടന്നും, തോന്നും പോലെ മദ്യപിച്ചും ജീവിച്ചു തീര്‍ത്തു. 
ആ മഹാകവിക്ക്‌ അവിരാമത്തിന്റെ ബാഷ്പാഞ്ജലി....
ഇനി ആദ്ദേഹം പരേതരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടട്ടെ....

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

പീപ്ളിയില്‍ നിന്ന് നേരിട്ട്....

'കടബാധ്യത മൂലം ഈ വരുന്ന ആഗസ്റ്റ് പതിനഞ്ചിന് പുലര്‍ച്ചെ 12ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന ബോര്‍ഡ് സ്വന്തം വീടിനു മുന്നില്‍ എഴുതിവെച്ച് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ 45കാരനാണ് കുണ്ടൂര്‍ വിശ്വന്‍. ഈ പരസ്യപ്രഖ്യാപനം വര്‍ത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികവും സാമൂഹികവും മാനസികവുമായ അസമത്വങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണ്. വിശ്വന്‍ സകുടുംബം മരിക്കുമോ ഇല്ലയോ? നമ്മുടെ ഉറക്കം കെടുത്തുന്ന ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ വിശ്വന്‍ ഇപ്പോള്‍ നമ്മോടൊപ്പം ലൈനിലുണ്ട്. ഇന്ത്യയുടെ 59ാം സ്വാതന്ത്യ്രദിനത്തില്‍ ഇത്തരം വിചിത്രമായ ഒരു ഭീഷണി യാഥാര്‍ഥ്യമായി തീര്‍ന്നാലുള്ള ഭവിഷ്യത്ത് എന്തായിരിക്കും, ഇതില്‍ ആരാണ് കുറ്റക്കാര്‍?..കേരളം ഉറ്റുനോക്കുന്ന ഈ പ്രശ്നത്തിന്റെ വിവിധ വശങ്ങളെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടി പ്രമുഖ മനഃശാസ്ത്രജ്ഞനും സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സി. നന്ദകുമാര്‍, വെള്ളൂര്‍ സഹകരണബാങ്ക് സെക്രട്ടറി മാധവന്‍ നായര്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് റിസര്‍ച്ച് ബ്യൂറോവിലെ ഉദ്യോഗസ്ഥന്‍ അലക്സ് പുന്നൂസ്, എന്നിവര്‍ നമ്മോടൊപ്പം സ്റ്റുഡിയോവിലും വിശ്വന്‍ കുണ്ടൂര്‍, അഡ്വക്കേറ്റ് ഫാത്തിമ ബീഗം എന്നിവര്‍ ടെലഫോണ്‍ ലൈനിലുമുണ്ട്. ന്യൂസ്ടൈം തുടരുന്നു. അതിനു മുമ്പ് ഒരിടവേള..''  
നിങ്ങളുടെ സ്വപ്നഭവനം സാക്ഷാത്കരിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും.
മൂലൂര്‍ ടവേഴ്സ് ആന്റ് റെസിഡന്‍സി, ബെറ്റര്‍ ലൊക്കേഷന്‍സ്, ബെറ്റര്‍ ലൈഫ് സ്റ്റൈല്‍
ക്രിയേഷന്‍സ് ഫോര്‍ ജനറേഷന്‍സ്
''ന്യൂസ് ടൈം തുടരുന്നു. ശ്രീ വിശ്വന്‍ കുണ്ടൂര്‍, കേള്‍ക്കാമോ? യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്? നിങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചൊന്നു ചുരുക്കിപ്പറയാമോ?''

(സന്തോഷ് ഏച്ചിക്കാനം, കൊമാല, പേജ് 26, ഡി.സി. ബുക്സ് കോട്ടയം)

ആമിര്‍ഖാന്‍ നിര്‍മിച്ച് അനുഷ റിസ്വി സംവിധാനം ചെയ്ത 'പീപ്ലി ലൈവ്' കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്കു വന്നത് 'കൊമാല' എന്ന കഥയാണ്. പ്രമേയപരമായി ഈ രണ്ടു രചനകള്‍ക്കും പ്രകടമായ സാമ്യമുണ്ട്. കലാകാരന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നതുകൊണ്ടുവന്ന സാദൃശ്യമാവാം. ഭാവനയുടെ ഒരേ സഞ്ചാരപഥങ്ങളില്‍ ഇരുവരും ഏതാണ്ട് ഒരേ സമയം അലഞ്ഞിരിക്കണം. 2006 ആഗസ്റ്റ് 15നാണ് 'കൊമാല' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വന്നു. എന്‍.ഡി.ടി.വി ജേണലിസ്റ്റായ അനുഷ റിസ്വി മൂന്നുനാലു വര്‍ഷങ്ങളോളം ഈ കഥ സിനിമയാക്കാനുള്ള അഭ്യര്‍ഥനയുമായി ആമീര്‍ഖാനെ സമീപിച്ചിരുന്നു. അത് യാഥാര്‍ഥ്യമായത് 2010ലാണെന്നു മാത്രം. അമേരിക്കയിലെ സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് ഈ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. വിദര്‍ഭയിലെ കര്‍ഷകര്‍ ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയിരുന്നു. കര്‍ഷകരുടെ ജീവിതദുരിതങ്ങളെ ചിത്രം ലളിതവത്കരിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.
ഗൌരവമുള്ള ഒരു വിഷയം പറയാന്‍ ഗൌരവം വേണമെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ ആര്‍ട്ട്ഹൌസ് സിനിമക്കാര്‍ ഉണ്ടാക്കിവെച്ച ഒന്നാണ്. അതിഭാവുകത്വം കലര്‍ന്ന നാടകീയമായ മെലോഡ്രാമകളായിരുന്നു ഇന്ത്യന്‍ ജീവിതപ്രശ്നങ്ങള്‍ പ്രമേയമായ നമ്മുടെ പനോരമച്ചിത്രങ്ങളെല്ലാം. കറുത്ത ഫലിതത്തിന്റെ നാനാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രശ്നത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കാനുള്ള സര്‍ഗാത്മകമായ ആര്‍ജവമുണ്ടായിരുന്നില്ല നമ്മുടെ പല ചലച്ചിത്രകാരന്മാര്‍ക്കും. അതുകൊണ്ടുതന്നെ സറ്റയര്‍ സിനിമ നമ്മുടെ സമാന്തരധാരയില്‍ വന്നതുമില്ല. ബാള്‍ക്കന്‍ മേഖലകളില്‍ യുദ്ധം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളെക്കുറിച്ച് കുസ്തുറിക്ക എടുത്ത സിനിമകള്‍ ഓരോന്നും നോക്കുക. ഓരോ ഫ്രെയിമിലും ചിരിച്ചുലയാനുള്ള മരുന്നുണ്ടാവും. ആ ചിരിയിലൂടെയാണ് ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ചലച്ചിത്രകാരന്‍ നമ്മെ വലിച്ചണയ്ക്കുന്നത്. കരയുന്ന കുറേ കഥാപാത്രങ്ങളെ നിര്‍വികാരമായി കണ്ടിരിക്കുന്നതിനേക്കാള്‍ വികാരവിമലീകരണം സാധ്യമാക്കുക ഹാസ്യരസപ്രധാനമായ ആവിഷ്കാരം തന്നെയാണ്. ഫാഷിസത്തെക്കുറിച്ച് ചലച്ചിത്രചരിത്രം ഇന്നോളം കണ്ട ഏറ്റവും രൂക്ഷമായ ദൃശ്യപ്രസ്താവനയായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' തന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കരുതി സഹോദരന്റെ പ്രേരണയില്‍ ആത്മഹത്യക്കൊരുങ്ങുകയാണ് നാഥാ. ഈ വാര്‍ത്തയറിയുമ്പോള്‍ മാധ്യമങ്ങള്‍ ആ കുടിലിനു ചുറ്റും തമ്പടിക്കുന്നു. ലൈവ് റിപ്പോര്‍ട്ടുകളുമായി ഒരു മാധ്യമ സര്‍ക്കസിന് അവിടെ തുടക്കമാവുന്നു. പ്രഭാതകൃത്യത്തിനു പോവുന്ന നാഥായെപ്പോലും ക്യാമറക്കണ്ണുകള്‍ വെറുതെ വിടുന്നില്ല. ഇതിനിടെ ചാനല്‍ച്ചര്‍ച്ചകളുടെ പൊടിപൂരം. വ്യവസായവത്കരണമാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് നസിറുദ്ദീന്‍ ഷാ അവതരിപ്പിക്കുന്ന കേന്ദ്രകൃഷിമന്ത്രി. തെരഞ്ഞെടുപ്പ് അടുത്തതിന്റെ സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കളും വോട്ടുബാങ്ക് ലക്ഷ്യമിട്ട് അവിടേക്കു വരുന്നു. ഒടുവില്‍ പൊടിമൂടിയ ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് നാം നാഥായെ കാണുന്നത്. കൃഷിമന്ത്രി പറഞ്ഞതുപോലെ ഉപജീവനത്തിന് വ്യവസായവത്കരണത്തിന്റെ വഴിതന്നെ അയാള്‍ തേടുന്നു. സമീപകാലത്ത് കൃഷി വിട്ട് മറ്റു തൊഴിലുകളിലേക്കു മടങ്ങിയ കര്‍ഷകരുടെ സ്ഥിതിവിവരക്കണക്കുകള്‍ കാട്ടുന്ന വാചകത്തോടെ ചിത്രം അവസാനിക്കുന്നു. ബോളിവുഡ് ജനജീവിതത്തിന്റെ പ്രശ്നങ്ങളിലേക്ക് കണ്ണയക്കുന്നുവെന്നത് സ്വാഗതാര്‍ഹമായ ഒരു കാര്യമാണ്. അത് പതിവു പനോരമപ്പടങ്ങളുടെ വരണ്ട ആഖ്യാനമാവുന്നില്ല എന്നതും ആശ്വാസം പകരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച കാസ്റ്റിംഗ് ഈ ചിത്രത്തില്‍ കാണാം. വരണ്ട ഗ്രാമങ്ങളിലെ വരണ്ട മനുഷ്യര്‍. ദൈന്യത മുറ്റിയ കണ്ണുകള്‍.
ഇംഗ്ലീഷ് ന്യൂസ്ചാനലുകളാണ് അനുഷ റിസ്വിയുടെ വിമര്‍ശനത്തിന് കൂടുതലും വിധേയമാവുന്നത്.അവരത് അര്‍ഹിക്കുന്നുണ്ടെന്നതും വാസ്തവം തന്നെ. ധോണിയുടെ വിവാഹത്തിന് പാപ്പരാസികള്‍ നടത്തിയ പടപ്പുറപ്പാട് നമ്മള്‍ കണ്ടതാണ്. കത്രീന കൈഫും സല്‍മാനും വേര്‍പിരിഞ്ഞത് അവര്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു. (അമൂല്യ എന്ന കന്നട നടിയുടെ ചുംബനം ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കാണൂ. http://www.youtube.com/watch?v=brMUwHfQfUo&feature=related. നെഞ്ചിടിപ്പോടെയുള്ള ന്യൂസ്റീഡറുടെ വായനക്കൊപ്പം റിപ്പോര്‍ട്ടറുടെ ആവേശകരമായ വിവരണം കേള്‍ക്കൂ. എന്നിട്ട് ലജ്ജിച്ച് ലജ്ജിച്ച് തല താഴ്ത്തൂ.) എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായിരുന്ന അനുഷ സ്വന്തം തൊഴില്‍രംഗത്തെ ആത്മപരിശോധനക്കു പ്രേരിപ്പിക്കുന്ന വിധമാണ് വിചാരണ ചെയ്യുന്നത്.
ആമിര്‍ഖാന്‍ ഒരു സംഭവം തന്നെയാണ്. നമ്മുടെ താരരാജാക്കന്മാര്‍ കണ്ടു പഠിക്കണം. 1988 മുതല്‍ ബോളിവുഡിലെ മുന്‍നിര താരം. ദീപാമേത്തയുടെ 'എര്‍ത്തി'ല്‍ വേഷമിട്ട ശേഷം വ്യത്യസ്തമായ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. 2001ല്‍ ലഗാന്‍. ബോളിവുഡിന്റെ ദുഷ്പേരു മാറ്റിയ ചിത്രം. പിന്നീട് ദില്‍ ചാഹ്താ ഹൈ. ബോളിവുഡിന്റെ ചരിത്രത്തില്‍ അപ്പുറവും ഇപ്പുറവും എന്നു പറയാന്‍ ഒരു വിഭജനരേഖയായി മാറിയ ചിത്രം. 2005ല്‍ കേതന്‍ മേത്തയുടെ മംഗള്‍ പാണ്ഡേ. അടുത്ത വര്‍ഷം രാകേഷ് ഓംപ്രകാശ് മെഹ്റയുടെ രംഗ് ദേ ബസന്തി, 2007ല്‍ താരേ സമീന്‍ പര്‍, 2009ല്‍ ത്രീ ഇഡിയറ്റ്സ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മികച്ച ചിത്രങ്ങളില്‍ മാത്രം വേഷമിടുന്നു. 'പീപ്ലി ലൈവ്'പോലുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നു. സൂപ്പര്‍താര പദവി വേണ്ട, സ്തുതിപാഠകര്‍ വേണ്ട. മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍നിന്ന് കഴിയുന്നതും അകന്നുനില്‍ക്കുന്നു.എപ്പോഴാണ് നമ്മുടെ താരങ്ങള്‍ ഇങ്ങനെ കെട്ടുകാഴ്ചകളില്‍നിന്ന്, പൊയ്ക്കാലുകളില്‍ കെട്ടിയുയര്‍ത്തിയ സൂപ്പര്‍പദവികളില്‍നിന്ന് മണ്ണിലിറങ്ങുക? 

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ഒരു ചുണ്ടെലിക്കഥ

ഞാന്‍ എവിടെയോ കേട്ട ഒരു കഥയാണിതു്. ഇതു് വായിക്കാനും വായിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതു് കേട്ടിട്ടുള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഒരുപോലെ!

ഒരു കര്‍ഷക ഭവനത്തിന്‍റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്‍റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു! എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.

ഗുണപാഠം:

1. നിന്‍റെ തലയില്‍ തൂറുന്നവനെല്ലാം നിന്‍റെ ശത്രു ആവണമെന്നില്ല.
2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്‍റെ മിത്രമാവണമെന്നില്ല.
3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം,  വാലുപൊക്കാതെയെങ്കിലുമിരിക്കുക!