2010, ജൂൺ 28, തിങ്കളാഴ്‌ച

രാഹു "കാലനും" ചൊവ്വാദോഷനും

ഒരു വിവാഹ ചടങ്ങ്. അമ്പലത്തില്‍ വെച്ച് താലി കെട്ട്‌, മാലയിടല്‍, അമ്പലം ചുറ്റല്‍ തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷവും വിവാഹസംഘം അവിടെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്‌. അന്വേഷിച്ചപ്പോളാണ്‌ അറിഞ്ഞത്‌ ഒരു മണിക്കേ രാഹു കാലം തീരൂ. അതിനുശേഷമേ വീട്ടില്‍ കയറാന്‍ പറ്റൂ. അതാണീ ചുറ്റിപ്പറ്റി നില്‍ക്കലിന്റെ ചുരുക്കം.
കുട്ടപ്പന്‌ ജോലി കിട്ടി. കേന്ദ്ര സര്‍വീസില്‍ കനപ്പെട്ട ശമ്പളത്തില്‍ തന്നെ. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വാനശാസ്ത്രത്തില്‍ ഗവേഷണവും നടത്തിയിട്ടുണ്ട്‌ കുട്ടപ്പന്‍. ട്രെയിന്‍ പിടിക്കാന്‍ മണിക്കൂറുകള്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നു കുട്ടപ്പന്‌. രാഹുകാലത്തിനുമുമ്പേ വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കുഴപ്പമാകും.ഇനി കുട്ടപ്പന്‌ റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകള്‍ വാ പൊളിച്ചിരിക്കുക തന്നെ ശരണം.
ആരപ്പാ ഈ രാഹു! മനുഷ്യനെ ഇങ്ങനെ കണ്ണീല്‍ ചോരയില്ലാതെ ഉപദ്രവിക്കുന്ന പരമ ദ്രോഹി! ഇവനോടു നാം എന്ത്‌ തെറ്റു ചെയ്തു? ഭാരതീയ ജ്യോതിഷപ്രകാരം രാഹു ഒരു പാമ്പ്‌ ആണ്‌. ഇവന്‍ മൂലം മനുഷ്യന്‌ പല ഉപദ്രവങ്ങളും ഉണ്ടാകുന്നു. പലപ്പോളും ഈ ക്രൂരന്‍ സൂര്യനെ മൊത്തമായി വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്‌. ഇങ്ങനെ വിഴുങ്ങുമ്പോളാനെത്രെ സൂര്യഗ്രഹണം ഉണ്ടാകുന്നത്‌.

രാഹുവും കേതുവും
എന്താണ്‌ രാഹു? ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായി തോന്നുന്നു. ചന്ദ്രന്‍ ഭൂമിയെ വലം വെക്കുന്നുണ്ട്‌. പക്ഷെ ഇവ രണ്ടും ഒറേ വൃത്തത്തിലൂടെയല്ല സഞ്ചരിക്കുന്നത്. അവയുടെ ചഞ്ചാര പഥങ്ങള്‍ തമ്മില്‍ അല്പം ചെരിവുണ്ട്‌. ഈ സഞ്ചാര പദങ്ങള്‍ തമ്മില്‍ രണ്ടു വ്യത്യസ്ത ബിന്ദുക്കളില്‍ ഖണ്ടിക്കുന്നു. ഈ സാങ്കല്പ്പിക ബിന്ദുക്കള്‍ ഒന്നിനെ രാഹുവെന്നും മറ്റേതിനെ കേതുവെന്നും വിളി‍ക്കുന്നു. ആകാശത്തില്‍ ഇത്തരം ബിന്ദുക്കള്‍ ഒന്നുമില്ല എന്നതാണു യാഥര്‍ത്‍ഥ്യം. ഭൂമിയില്‍ നിന്നു നോക്കുന്ന നമ്മള്‍ക്കു അങ്ങനെ തോന്നുന്നു എന്നു മാത്രം. ഈ സാങ്കല്പിക ബിന്ദുക്കളാണ്‌ കല്യാണ പാര്‍ടികളെയും ജോലിക്കു പോകുന്ന കുട്ടപ്പന്മാരെയുമൊക്കെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന രാഹു-കേതുക്കള്‍. എത്ര വിചിത്രം അല്ലേ!!!!!

വാന ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ കുട്ടപ്പന്‌ ശാസ്ത്ര ജ്ഞാനമില്ലെന്ന്‌ പറയാനാകില്ല. പക്ഷേ ശസ്ത്ര ബോധം ഒട്ടുമില്ലതന്നെ. ഇത്തരത്തില്‍ ശാസ്ത്രബോധമില്ലാത്ത ശാസ്ത്ര വിദ്യാഭ്യാസമാണ്‌ യഥാര്‍ത്ഥ കുറ്റവാളി.

ചൊവ്വാദോഷം
സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ്‌ ചൊവ്വ. ഭൂമിയേക്കാള്‍ ചെരിയ ഒരു സാധാരണ ഗ്രഹം. ആകാശത്തില്‍ ചുവന്ന നിറത്തില്‍ നമുക്കു കാണാവുന്ന ചൊവ്വയിലേക്ക്‌ "പാത്ത്‌ ഫൈന്റര്‍" അയച്ച്‌ നാസയിലെ ശാസ്ത്രജ്ഞര്‍ പര്യവേഷനം നടത്തി. ടെലിവിഷനിലും പത്രങ്ങളിലും പാറയും മണ്ണും നിറഞ്ഞ ചൊവ്വയുടെ ഉപരിതലം നാം കണ്ടു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന ഗവേഷണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ചൊവ്വ നമുക്കെന്ത് ദോഷം ചെയ്തു? ആ!

ജാതകപ്രകാരം ചൊവ്വയുടെ അപഹാരമുള്ള വ്യക്തിക്കു പല ദോഷങ്ങളും ഉണ്ടാകുമെത്രെ. ക്രൂരനായ ചൊവ്വ മൂലം എത്രയോ പെണ്‍കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാകുന്നു. പാവം ചൊവ്വ ഇതൊന്നുമറിയുന്നില്ലെന്ന്‌ മാത്രം. ഭൂമിയിലെ കുറെ മണ്ടന്മാര്‍ തന്നെ പേടിച്ചു കാലം കഴിക്കുന്നതറിയാതെ ഇന്നും ചൊവ്വ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്നു.

നവഗ്രഹങ്ങള്‍-ശസ്ത്രത്തിലും, ജ്യോതിഷത്തിലും.
സൂര്യന്‌ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒമ്പത്‌ (ഇപ്പോള്‍ പ്ലൂട്ടോ പുറത്തായി) ഗ്രഹങ്ങളുണ്ടെന്ന്‌ ജ്യോതിശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്‌. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യഴം ശനി, യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവയാണവ. ഗ്രഹഫലംവെച്ച്‌ ഭാവി പറയുന്ന ജ്യോത്സ്യന്റെ രാശി ചക്രത്തിലും ഗ്രഹങ്ങള്‍ ഒമ്പതാണെന്നറിയുമ്പോള്‍ നിങ്ങള്‍ കരുതുന്നുവോ, ജ്യോതിഷം എത്ര ശസ്ത്രീയമെന്ന്‌? എന്നാല്‍ തെറ്റി. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യഴം, ശനി, രാഹു, കേതു എന്നിവയാണ്‌ ജ്യൊതിഷത്തിലെ നവഗ്രഹങ്ങള്‍. സത്യത്തില്‍ സൂര്യന്‍ ഒരു നക്ഷത്രമാണ്‌. ചന്ദ്രനോ വെറും ഒരു ഉപഗ്രഹവും. രാഹു, കേതു എന്നീ പേരില്‍ ഗ്രഹങ്ങള്‍ ഇല്ല. പക്ഷെ തെറ്റായ വസ്തുതകള്‍ വെച്ച്‌ ജ്യോത്സ്യന്‍ നടത്തുന്ന പ്രവചനങ്ങള്‍ ശരിയാണെന്ന്‌ ഇന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. കണക്കു കൂട്ടുമ്പോള്‍ ആദ്യത്തെ സ്റ്റെപ്പ് തന്നെ തെറ്റിയാല്‍ ഉത്തരം ശരിയാകുന്നതെങ്ങനെ?

മധ്യത്തില്‍ സൂര്യനോ, അതോ ഭൂമിയോ?
സൂര്യന്‍ ഭൂമിയെ ചുറ്റുന്നോ അതോ ഭൂമി സൂര്യനെ ചുറ്റുന്നോ? എന്തൊരു മണ്ടന്‍ ചോദ്യം അല്ലേ? എന്നാല്‍ സംശയിക്കണ്‍ട. ജ്യൊത്സ്യന്റെ രാശിചക്രത്തില്‍ മധ്യത്തില്‍ ഭൂമിതന്നെയാണ്‌.

ഭൂമി എങ്ങനെ മധ്യത്തിലായി?
16 ആം നൂറ്റാണ്‍ടില്‍ നിക്കോളാസ് കോപ്പര്‍ നിക്കസും, തുടര്‍ന്ന്‌ ഗലീലിയോയും സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ (ഇന്നേക്ക്‌ വെറും നാനൂറ്‌ വര്‍ഷം മുമ്പു വരെ) ജനങ്ങള്‍ വിശ്വസിച്ചിരുന്നത്‌ ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നായിരുന്നു. മൂന്നോ നലോ സഹസ്രാബ്ധങ്ങള്‍ക്കുമുമ്പ്‌ എഴുതപ്പെട്ട ജ്യൊതിഷ ഗ്രന്ഥങ്ങളില്‍ ഭൂമി മധ്യത്തിലായതില്‍ അല്‍ഭുതപ്പെടാനില്ല.

ഗലീലിയോയും ബ്രൂണോയും.

ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞാല്‍ അത്‌ ഒരു കുറ്റമാണോ? ആണെന്ന്‌ കത്തോലിക്കാനേതൃത്വം പറഞ്ഞു. പറയുക മാത്രമല്ല ഇക്കാര്യം പറഞ്ഞ ഗലീലിയോവിനെ ദൈവദൂഷ്യം പറയുന്നു എന്നാരോപിച്ച്‌ ഈ "സത്യകൃസ്ത്യാനികള്‍" മരണം വരെ തടവിലിടുകയും ചെയ്തു. ബ്രൂണോവിനെ ജീവനോടെ തീയിലിട്ടു ചുടുകയാണു ചെയ്തത്‌.

ജന്മ നക്ഷത്രം?
എന്താണ്‌ നക്ഷത്രം? അവ സൂര്യനെപ്പോലെ സ്വയം ജ്വലിക്കുന്ന ഗോളങ്ങളെത്രെ. ഭൂമിയില്‍ നിന്നു ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്‌. കോടിക്കണക്കിന്‌ ഗാലക്സികളിലായി കോടിക്കണക്കിനു നക്ഷത്രങ്ങളുണ്‍ട്‌. അതില്‍ നമുക്ക്‌ കണ്ണു കൊണ്ടു കാണാവുന്നവ ഏതാനും ആയിരങ്ങള്‍ മാത്രം. അയില്‍ തന്നെ ചുരുക്കം ചിലതിനെ മാത്രം ചില കൂട്ടങ്ങളായി കണക്കാക്കി അവക്ക്‌ 27 പേരുകള്‍ കൊടുത്തു. അതാണ്‌ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍. ഒരു കുഞ്ഞ്‌ ജനിക്കുന്ന സമയം നോക്കി ഈ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്നാണ്‌ കുഞ്ഞിന്റെ ജന്മ നക്ഷത്രമെന്ന്‌ ജ്യൊത്സ്യന്മാര്‍ പറയുന്നു. കുഞ്ഞു ജനിക്കുന്ന സമയത്ത്‌ ചന്ദ്രന്‍ ഏത്‌ നക്ഷത്ര ഗണത്തോടൊപ്പമാണോ ഭൂമിയില്‍നിന്ന്‌ കാണപ്പെടുക, അതാണു ജന്മ നക്ഷത്രം. സത്യത്തില്‍ ഭൂമിയില്‍ നിന്ന്‌ ഒന്നേകാല്‍ പ്രകാശ സെക്കന്റ്‌ മാത്രം തൊട്ടടുത്ത് നില്‍ക്കുന്ന ചന്ദ്രനും ആയിരക്കനക്കിന്‌ പ്രകാശ വര്‍ഷങ്ങള്‍ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഭൂമിയില്‍ നിന്നു നോക്കുന്ന നമുക്ക്‌ അവ അടുത്തടുത്തായി കാണുന്നു എന്നു മാത്രം.

ഗ്രഹങ്ങള്‍ ദേവതകള്‍?
പ്രാചീന മനുഷ്യനു പാമ്പ്‌, കാറ്റ്‌, ഇടിമിന്നല്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍ എവയെല്ലാം ദേവതകളായിരുന്നു, ശസ്ത്ര വളര്‍ച്ചയില്‍ ഈ ദേവതകളെല്ലാം അപ്രത്യക്ഷരായി. എന്നാല്‍ ജ്യൊതിഷപ്രകാരം ഗ്രഹങ്ങളെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളാണ്‌. അവയെ പ്രീതിപ്പെടുത്തി സുഖ സൗകര്യങ്ങള്‍ നേടാം. അല്ലറ ചില്ലറ കൈക്കൂലി കൊടുത്ത്‌ പ്രീതിപ്പെടുത്തുകയമാകാം.
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ജീവിച്ച മനുഷ്യന്‍ അന്നത്തെ അറിവിവെച്ചു രൂപപ്പെടുത്തിയ ജ്യൊതിഷം ആധുനി ശസ്ത്ര വളര്‍ച്ചക്കു മുമ്പില്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്‌. എന്നാല്‍ ഇന്നും അന്ധവിസ്വാസത്തില്‍ കഴിയുന്ന ജനങ്ങളുടെ അജ്ഞാനത്തെ ചൂഷണം ചെയ്ത് ജ്യൊത്സ്യന്മാരും അവരുടെ കൂട്ടു കച്ചവടക്കാരായ മന്ത്രവാദികളും അരങ്ങു തകര്‍ക്കുകയാണ്‌. ചില സ്ഥാപിത താല്പര്യക്കാര്‍ അവയ്ക്ക്‌ വളം വെക്കുകയും ചെയ്യുന്നു.
കമ്പ്യൂട്ടര്‍ യുഗമെന്നു വിളിക്കുന്ന പുതു നൂറ്റാണ്ടില്‍ കമ്പ്യൂട്ടറിനെപ്പോലും പോലും കൂട്ടു പിടിച്ച്‌ ശസ്ത്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌.
ജ്യോതിഷം നിരുപദ്രവമായ ഒരു വിശ്വാസമല്ല. അതു ജനങ്ങളുടെ ജീവിതം അന്ധതയില്‍ തളച്ചിടുന്നു. ജനങ്ങള്‍ക്കു ബോധം വെച്ചാല്‍ തങ്ങളുടെ അന്നംമുട്ടുമെന്ന്‌ ജ്യോതിഷികള്‍ക്കറിയാം. ഭരണ- ജുഡീഷ്യറിഅടക്കമുള്ള ഉന്നത മേഖലകളില്‍ വിഹരിക്കുന്ന സമുന്നത വ്യക്തികള്‍ പോലും ഈ അന്ധവിസ്വാസത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാതാണ്‌ കഷ്ടമായ കാര്യം. ശാസ്ത്രത്തിന്റെ ഉന്നത സങ്കേതിക വിദ്യയായ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ തേങ്ങയുടയ്ക്കുന്നത്‌ ഇന്ത്യയുടെ ശാപവും.

നിരക്ഷരന്‍ അന്ധവിശ്വാസിയായാല്‍ അവനാണു കോട്ടം. എന്നാല്‍ ശാസ്ത്ര ജ്ഞാനികള്‍ അന്ധവിശ്വാസികളായാലോ, അവര്‍ സമൂഹത്തെ ഒന്നാകെ മലീമസമാക്കും എന്നു പറഞ്ഞത് എത്ര ശരി!!!

2010, ജൂൺ 25, വെള്ളിയാഴ്‌ച

ചില കോള്‍ സെന്‍റര്‍ തമാശകള്‍

ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുവാന്‍ പ്രത്യേകിച്ച് വിദ്യാഭാസ യോഗ്യത ഒന്നും ആവശ്യമില്ല. അത്യാവശ്യം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാവുന്ന ആര്‍ക്കും അവിടെ ജോലി ലഭിക്കും.വളരെ മാന്യമായ രീതിയിലുള്ള ശമ്പളവും ലഭിക്കും. ഈ കാരണങ്ങളെല്ലാം കൊണ്ട് തന്നെ എനിക്കും കോള്‍ സെന്‍റര്‍ ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി. അങ്ങനെ പഠിത്തം പോലും മുഴുമിപ്പിക്കാതെ ഞാന്‍ ഒരു കോള്‍ സെന്ററില്‍ ജോലിക്ക് ചേര്‍ന്നു. കൊച്ചി നഗരത്തിലെ അതി പ്രശസ്തമായ ഒരു കമ്പനി. നല്ല ശമ്പളം. നല്ല അന്തരീക്ഷം. ഒരു കുഴപ്പം മാത്രം ജോലി രാത്രിയാണ്. കാരണം എന്താണെന്നു വെച്ചാല്‍ നമ്മള്‍ എടുക്കുന്ന കോളുകള്‍ എല്ലാം അമേരിക്കയില്‍ നിന്നും ഉള്ളതാണ്. അങ്ങനെ സായിപ്പിന്റെ മദാമ്മേടെം ചീത്തവിളി കേള്‍ക്കുക അതാണ് ജോലി. അവര്‍ എത്ര ചൂടായാലും, തന്തക്കു വിളിച്ചാലും ചിരിച്ചു കൊണ്ട് മറുപടി പറയുക. നമുക്ക് നമ്മുടെ പേര് പോലും പറയാന്‍ അധികാരമില്ല. സാം, ബോബ്, റിക്ക്, ഡേവിഡ്‌, ഫ്രെഡ്....ഇങ്ങനെയുള്ള സായിപ്പിന്റെ പേര് (pusedo names) തന്നെ നമ്മള്‍ പറയണം. സായിപ്പിന്റെ മദാമ്മേടെം ചീത്ത വിളികല്‍ക്കിടെ ധാരാളം രസകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് എന്‍റെ ബ്ലോഗ്‌ വായിക്കുന്ന മാന്യദേഹങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്നു.

സംഭവം നമ്പര്‍ 1 

Caller: "Can you give me the telephone number for Jack?" (ജാക്കിന്റെ ഫോണ്‍ നമ്പര്‍ എനിക്ക് തരാമോ?)
ME: "I'm sorry, sir, I don't understand who you are talking about". (ക്ഷേമിക്കണം സര്‍, താങ്കള്‍ പറയുന്നത് എന്താണെന്നു എനിക്ക് മനസ്സിലാകുന്നില്ല)
(പിന്നെ ഡെല്‍ കമ്പ്യൂട്ടറിന്റെ കസ്ടമര്‍ കെയറില്‍ വിളിച്ചു ജാക്കിന്റെ നമ്പര്‍ ചോദിച്ചാല്‍ എന്ത് പറയണം )
Caller: "On page 1, section 5, of the user guide it clearly states that I need to unplug the fax machine from the AC wall socket and telephone Jack before  cleaning. Now, can you give me the number for Jack?" (മനസ്സിലായി ക്കാണുമല്ലോ? ടെലിഫോണ്‍ ജാക്കും AC പ്ലഗ്ഗും ഊരിയിട്ട് മാത്രമേ ക്ലീന്‍ ചെയ്യാവു എന്ന് നിര്‍ദേശങ്ങളില്‍ എഴുതിയിട്ടുന്ടെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ തന്നെ ജാക്കിന്റെ ടെലിഫോണ്‍ നമ്പര്‍ കൊടുക്കണമത്രേ? എന്ത് ചെയ്യാന്‍..ഇംഗ്ലീഷ്കാര്‍ക്കും വിവരം ഇല്ലെങ്കില്‍....)
ME: "I think it means the telephone point on the wall".(ഞാന്‍ അത് വ്യക്തമാക്കി കൊടുത്തു..വിവരം കേട്ട കൂട്ടര്‍..)

സംഭവം നമ്പര്‍ 2

Me: “I need you to right-click on the Open Desktop.”(കമ്പ്യൂട്ടറിന്റെ ഡസ്ക് ടോപ്പില്‍ right-ക്ലിക്ക് ചെയ്യ്.)(അതായതു മൌസിലുള്ള വലതു വശത്തെ ബട്ടന്‍ അമര്‍ത്താന്‍)
Customer “Ok.”(ശെരി)
Me: “Did you get a pop-up menu?”(ഇപ്പോള്‍ ഒരു പോപ്‌-അപ്പ്‌ മെനു വന്നോ?)
Customer: “No.”(ഇല്ല)
Me: “Ok. Right click again. Do you see a pop-up menu?”(ശെരി എങ്കില്‍ ഒന്ന് കൂടി right-ക്ലിക്ക് ചെയ്യ്. ഇപ്പോള്‍ പോപ്‌-അപ്പ്‌ മെനു വന്നോ?)
Customer “No.”(ഇല്ല)
Me:: “Ok, sir. Can you tell me what you have done up until this point?” ( ശെരി സര്‍ ഇപ്പോള്‍ ഇത് വരെ എന്ത് ചെയ്തു എന്ന് പറയാമോ?)(ശോ ഇവനെ ക്കൊണ്ട് തോറ്റല്ലോ?)
Me: “Sure, you told me to write ‘click’ and I wrote ‘click’.” (പിന്നെന്ത പറയാല്ലോ താങ്കള്‍ എന്നോട് ക്ലിക്ക് എന്ന് എഴുതാന്‍ പറഞ്ഞു, ഞാന്‍ എഴുതി) എന്‍റെ ദൈവമേ..എന്തൊരു ചതി..ഞാന്‍ പറഞ്ഞത് Right click അവന്‍ ഉദ്ദേശിച്ചത് write click ..അത്രക്കൊണ്ട് അമേരിക്കകാരന്റെ വിവരം...

സംഭവം നമ്പര്‍ 3 

Customer : How can I use CD in my newly bought Computer  ( എന്‍റെ പുതിയ കമ്പ്യൂട്ടറില്‍ CD എങ്ങനെ ഉപയോഗിക്കും എന്ന് പറയാമോ?)
Me : Ok maam, do you know what is a CPU ? (ശെരി മാം , CPU എന്താണെന്നു അറിയാമല്ലോ അല്ലെ?)
Customer : What !!??(എന്ത്!!!!!ഇതുവരെ അങ്ങനെ ഒരു സാധനം കേട്ടിട്ടില്ലാത്ഥപോലെ ) എന്റമ്മോ ഇവര്‍ക്ക് നാടകത്തീലാണോ ജോലി?)
Me : Ok, Maam, do you see your computer is a set of three main peices, the monitor, keyboard and a rectangular cabinet with power and reset buttons on it ? ( ശെരി മാം, നാം കാണുന്ന  കമ്പ്യൂട്ടര്‍ മൂന്ന് ഭാഗങ്ങള്‍ ചേര്‍ന്നതാണല്ലോ. ഒരു മോണിട്ടര്‍, കീ ബോര്‍ഡ്, പിന്നെ പവര്‍ രിസെട് തുടങ്ങിയ ബട്ടനുകള്‍ ഉള്ള ഒരു ചതുര പെട്ടി)
Customer : Yes, I see it.(അതേ എനിക്ക്‌ കാണാം )
Me: Ok, can you see on top right side of your front of cabinet, there is a small button ? Press that gently once. (ശെരി ആ പെട്ടിയുടെ മുകളില്‍ വലത്ത് ഭാഗത്തായി ഒരു ചെറിയ ബട്ടന്‍ കാണാമോ? അതു പതുക്കെ ഒന്നു പ്രസ്സ് ചെയ്യാമോ?)
Customer : Ok, its already open, what about it ? I use it daily.(ശെരി,  അതു തുറന്നു തന്നെയാണ് ഇരിക്കുന്നത്‌. അതു എന്താണു?..) ദൈവമേ CD tray തുറന്നു വെച്ചിട്ടാണോ സീഡീ എവിടെ ഇടണമെന്നു എന്നോട്‌ ചോദിക്കുന്നത്‌?
Me : Thats your CD tray, place a CD... (interrupts) (അതാണ് മാം CD tray. CD അതില്‍ വെക്കു)
Customer : Ohhhhh!!!! I thought its a coffee tray !!!!  (ഓ........... ഞാന്‍ വിചാരിച്ചു അത്‌ കോഫീ ട്രേ ആണെന്ന്)

അങ്ങനെ CD trayude  ഒരു പുതിയ ഉപയോഗം കൂടി അന്നത്ോടെ എനിക്ക് മനസ്സിലായി





2010, ജൂൺ 24, വ്യാഴാഴ്‌ച

ധാർമ്മികതക്ക് ദൈവവിശ്വാസം വേണോ?"

(ദൈവ)വിശ്വാസം എന്നത് മനശ്ശാസ്ത്രപരമായി (മരണം പോലുള്ള)അറിയപ്പെടാത്തതിനെക്കുറിച്ചുള്ള ഭയം, ചിന്തിയ്ക്കാൻ കഴിവുള്ളതുമൂലം അനുഭവപ്പെടുന്ന ആത്മാവിന്റെ ഏകാന്തത എന്നിങ്ങനെയുള്ള കാര്യങ്ങൾ കൊണ്ടുണ്ടായതാൺ. അത്തരം കാരണങ്ങൾ ധാറ്മ്മികതയിലേയ്ക്ക് നേരിട്ട് നയിക്കുകയില്ല, അത് വിശ്വാസത്തിലും കൂടിപ്പോയാൽ അന്ധവിശ്വാസത്തിലും ചെന്നു നിൽക്കും.
ദൈവഭയവും പരലോകവിശ്വാസവുമാണ് മനുഷ്യനെ ധാർമ്മികജീവിതത്തിനു പ്രേരിപ്പിക്കുന്നത് എന്ന ധാരണ പരത്താന്‍ മതവക്താക്കള്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്.സ്നേഹം,ദയ,കാരുണ്യം,സഹകരണമനോഭാവം തുടങ്ങിയ സല്‍ഗുണങ്ങള്‍ വിശ്വാസത്തില്‍നിന്നുണ്ടായതാണെന്നും,വിശ്വാസികളല്ലാത്തവര്‍ വെറും നികൃഷ്ടരും അസാന്മാർഗ്ഗികളും ആണെന്നാണ് വിശ്വാസികള്‍ നിരന്തരം പ്രചരിപ്പിക്കുന്നത്.എന്താണ് ധാർമ്മികത?ധാർമ്മികത മത/ദൈവ വിശ്വാസത്തിന്റെ ഫലമാണോ?
  ധാർമ്മികത നാം മറ്റു മനുഷരില്‍നിന്നു പ്രതീക്ഷിക്കുന്നു,കുട്ടികളെ ധാർമ്മികബോധമുള്ളവരായി വളര്‍ത്താന്‍ ശ്രമിക്കുന്നു,മഹാന്മാരുടെ ധാർമ്മികതയെ പുകഴ്ത്തുന്നു,രാഷ്ട്രീയത്തിലെ അധാർമ്മികതയേക്കുറിച്ച് രോഷം കൊള്ളുന്നു.ധാർമ്മികത അവരുടെ കുത്തകയായി മതങ്ങൾ പ്രഖ്യാപിക്കുന്നു.ശരിതെറ്റുകൾ തിരിച്ചറിയാനുള്ള കഴിവ് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായാണ് വിശ്വാസികള്‍ വിലയിരുത്തുന്നത്.അപ്പോള്‍ ധാർമ്മികതയുടെ ജൈവശാസ്ത്രം എന്നുപറയുമ്പോൾ അത് ധാർമ്മികതയുടെ വിലയിടിക്കുകയാണ് എന്ന് ചിലരെങ്കിലും കരുതാം.

ധാർമികതയ്‌ക്ക്‌ ദൈവവിശ്വാസത്തിന്റെ ആവശ്യമുണ്ട്‌ എന്ന്‌ ഞാൻ വിശ്വാസിക്കുന്നില്ല. അവിശ്വാസികൾക്കും ധാർമികതയുണ്ട്‌. ധാർമികതയുടെ മൊത്തകച്ചവടം മതമോ അല്ലെങ്ങിൽ മതമില്ലാത്തവരോ ഏറ്റെടുക്കേണ്ടതില്ല.
എന്റെ ധാർമികത രൂപപ്പെടുന്നത്‌ എന്റെ യുക്തിയിൽ നിന്ന്‌ (ബുദ്ധി എന്നൊ തലച്ചോർ എന്നോ എന്തു വേണമെങ്ങിലും വിളിക്കാം), ഈ ധാർമികത രൂപപ്പെടുന്നതിൽ എന്റെ സാഹചര്യങ്ങൾ സഹായിക്കുന്നുണ്ട്‌. ഈ സാഹചര്യങ്ങളിൽ എന്റെ വീട്ടുകാർ, കൂട്ടുകാർ, സമൂഹം ഇതിന്റെയെല്ലാം കൂടെ എന്റെ മത വിശ്വാസവും. മതവിശ്വാസം ഇവിടെ ഇങ്ങനെ വായിക്കുക - പാവങ്ങളെ സഹായിച്ചാൽ നിനക്ക്‌ സ്വർഗ്ഗരാജ്യം ലഭിക്കും (ശരിയൊ തെറ്റൊ ആവട്ടെ) എന്ന്‌ വിശ്വാസ്സിച്ച്‌ ഒരു ദൈവവിശ്വാസി ദാനധർമം ചെയ്താൽ ധാർമികതയ്‌ക്ക്‌ ദൈവവിശ്വാസവും ഒരു കൈതാങ്ങ്‌ അല്ലെ?എന്റെ ധാർമികതയിൽ മതത്തിന്റെ ഒരു വേലികെട്ടും ഞാൻ അനുഭവിച്ചിട്ടില്ല.
 
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, ഒരു ദൂരയാത്രക്കിടെ കൂടെ വന്ന 2 സുഹൃത്തുക്കളുമായി ഒരു സംവാദം ഉണ്ടായിരുന്നു. രണ്ടു പേരും ദൈവവിശ്വാസികള്‍, രണ്ടു വ്യത്യസ്ത മതക്കാര്‍. പ്രപഞ്ചത്തെ ഭരിക്കുന്ന ഒരു ശക്തിയുടെ അസ്തിത്വത്തെ കുറിച്ചു ഒരു ആശയക്കുഴപ്പത്തിലായിരുന്ന ഞാന്‍ ഒരു പൂര്‍ണ നിരീശ്വരവാദിയായത് ഈ യാത്രയിലാണ്; അതായത് ഈ മാസം. ഞാന്‍ അവരോടു ചോദിച്ച ചോദ്യം ഇതായിരുന്നു: "അറിഞ്ഞോ അറിയാതെയോ എന്റെ മനസ്സ് പറയുന്നതിനനുസ്സരിച്ചു ഞാന്‍ ജീവിക്കുന്നത് വേദഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന പോലെയാണ്. ഒരാള്‍ക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. ഞാന്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തിയും അന്യനു കൂടി ഗുണം ആയി ഭവിക്കണം എന്ന ചിന്തയുമുണ്ട്. മതവിശ്വാസികളായ നിങ്ങള്‍ നോക്കുന്നത് പോലെ ഞാന്‍ അന്യസ്ത്രീകളെ നോക്കാറില്ല(ചുമ്മാ പറഞ്ഞത്). എന്നാല്‍ വേദഗ്രന്ഥത്തിലെ ദൈവത്തില്‍ തീരെ വിശ്വസിക്കുന്നില്ല. അത് പരസ്യമായി പ്രകടിപ്പിക്കുന്നു. ഒരായുസ്സ് മുഴുവന്‍ സല്ക്കര്‍മങ്ങള്‍ ചെയ്ത ശേഷം അത്തരം ഒരാള്‍ മരിക്കുമ്പോള്‍ ദൈവത്തില്‍ വിശ്വസിച്ചില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് ദൈവം അവനെ നരകത്തിലേക്ക് അയക്കുമോ?"

ഇതിനു കൂട്ടുകാരില്‍ സ്വന്തം മതഗ്രന്ഥം വായിച്ചു പഠിച്ചയാള്‍ പറഞ്ഞത്, എല്ലാ അവിശ്വാസികളും നരകത്തില്‍ പോകും എന്നാണു. "ദൈവം നിങ്ങള്‍ക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തു തന്നു. ഈ ഭൂമിയില്‍ ജനിപ്പിച്ചു, കയ്യും കാലും കണ്ണും ജീവനും തന്നു. എന്നിട്ട് നിങ്ങള്‍ അദ്ദേഹത്തെ അവഹേളിക്കുമ്പോള്‍ എന്തിനു അദ്ദേഹം സഹിക്കണം?"

ഈയൊരൊറ്റ ഉത്തരം ധാരാളം മതിയായിരുന്നു എനിക്കു, egoistic ആയ അത്തരം ഒരു ദൈവത്തെ നിരസിക്കാന്‍.

ധാര്‍മികതയുടെ ഉറവിടം ഒരു ദൈവമാണെങ്കില്‍ (അങ്ങനെയൊന്നുണ്ടെങ്കില്‍) അത് നരഭോജിയിലും, മനുഷ്യഹത്യ നടത്താന്‍ കൈ വിറക്കാത്ത വരിലും, ദയാലുവും സാധുവുമായ ഒരു മനുഷ്യനിലും വ്യത്യസ്ഥമാകുമായിരുന്നില്ല. ജന്മ സിദ്ധമായ ദയയും സാഹചര്യങ്ങളില്‍ നിന്നു രൂപപ്പെടുന്ന ധാര്‍മികബോധവും ചേര്‍ന്നതാണ്‌ ഒരു മനുഷ്യന്റെ മൊത്തം ധാര്‍മികത സ്വന്തം അനുഭവത്തില്‍ നിന്നറിയാം, ധാര്‍മികതയും ദൈവവിചാരവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വന്തം മനസ്സിനെയും സഹജീവികളെയും തള്ളിപ്പറയല്‍ ആണെന്ന്. ഒരു സങ്കല്‍പ്പ ശക്തി 70ഓ 80ഓ വര്‍ഷം കഴിഞ്ഞ് മറ്റൊരു ലോകത്ത് വെച്ച് തരാന്‍ സാധ്യതയുള്ള ശിക്ഷയെ പേടിച്ചാണ് നിങ്ങള്‍ സ്വന്തം സഹജീവിയെ സഹായിക്കുന്നത് എങ്കില്‍, നിങ്ങള്‍ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തിയല്ല. നാസി അധികാരികള്‍ ഹിറ്റ്ലെര്‍ പറഞ്ഞ ആശയങ്ങളില്‍ വിശ്വസിച്ചു/ ഹിറ്റ്ലെറെ പേടിച്ചു ജൂതന്മാരെ കൊന്നതും ഇതു പോലെ തന്നെ ആണ്. അങ്ങനെ ഒരു ഗ്രേറ്റ്‌ ഡിക്റ്റേറ്ററെ പേടിച്ചിട്ടു മാത്രമാണ്സെമെടിക് മതവിശ്വാസികള്‍ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നത്.

2010, ജൂൺ 22, ചൊവ്വാഴ്ച

ഒരു പേരിടീല്‍ ചടങ്ങ്

വട്ടപ്പേരുകള്‍ അല്ലെങ്കില്‍ ഇരട്ടപ്പേരുകള്‍ നമുക്ക് മറ്റൊരു വ്യക്തിത്വം സമ്മാനിക്കും. ഒരു ഇരട്ടപ്പെരെങ്കിലും ഇല്ലാത്ത മലയാളികള്‍ കുറവാണ്. ഈ പേരുകള്‍ക്കെല്ലാം നമ്മുടെ രൂപവുമായോ, സ്വഭാവവുമായോ അല്ലെങ്കില്‍ ജീവിതത്തിലെ ചില സംഭവങ്ങളും ആയോ തീര്‍ച്ചയായും ബന്ധമുണ്ടാകും. ജീവിതത്തിലെ ഓരോ  കാലഘട്ടങ്ങളിലും  ഓരോ പേര് ഉള്ളവരും ഉണ്ട്. ഒരേ സമയം തന്നെ മൂന്ന് നാലു വട്ടപ്പേരുകള്‍ കൊണ്ട് നടക്കുന്നവരും ഉണ്ട്. നാട്ടില്‍ ഒരു പേര്, ജോലി സ്ഥലത്ത് ഒരു പേര്, കൂട്ടുകാര്‍ക്കിടയില്‍ മറ്റൊരു പേര്. അങ്ങനെ അങ്ങനെ ലിസ്റ്റ് നീണ്ടു പോകും.
                                ഒരാളുടെ ഇരട്ടപ്പേരിന് അയാളുടെ ജീവിതവുമായി ബന്ധമുണ്ടെന്നു നേരത്തെ പറഞ്ഞുവല്ലോ?. അതുപോലെ എന്‍റെ ഒരു സുഹൃത്തിനു ഒരു വട്ടപ്പേര് വീണു കിട്ടിയ സംഭവം വളരെ രസകരമാണ്. നമ്മുടെ കഥാനായകന്‍ കണിച്ചുകുളങ്ങര ബോയ്സ് സ്കൂളില്‍  എന്‍റെ സഹപാഠി ആയിരുന്നു. കക്ഷിയായിരുന്നു നമ്മുടെ ക്ലാസ്സ്‌ ലീഡര്‍ . ഞങ്ങളെ ഡ്രായിംഗ് പഠിപ്പിച്ചിരുന്ന തങ്കവേല് സര്‍ തമിഴന്‍ ആയിരുന്നു. നമ്മുടെ നായകന്‍ കുറച്ചു ഡംഭന്‍ ആയിരുന്നു എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കാന്‍ ആള്‍ക്ക് വല്യ ഉത്സാഹമാണ്. 
                                  അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ തങ്കവേല് സര്‍ ക്ലാസ്സില്‍ വന്നു. സാധാരണ അദ്ദേഹം വരുമ്പോള്‍ ചോക്ക് പീസ്‌ കയ്യില്‍ കരുതാറുണ്ട്‌. അന്ന് എന്തുകൊണ്ടോ അദ്ദേഹം എടുത്തില്ല. വന്നു കുറച്ചു കഴിഞ്ഞു. അപ്പോഴാണ് സര്‍ ചോക്കിന്റെ കാര്യം ഓര്‍ത്തത്‌. ഉടന്‍ തന്നെ നമ്മുടെ ലീടരിനോട് അദ്ദേഹം പറഞ്ഞു. "ഡേയ്.. സ്റ്റാഫ്‌ റൂമില്‍ പോയി ഒരു ചാക്കെടുത്തിട്ടു വാ". ഉടന്‍ തന്നെ നമ്മുടെ ലീഡര്‍ സ്റ്റാഫ്‌ റൂമിലേക്ക് ഓടി. അല്‍പനേരം കഴിഞ്ഞു അവന്‍ തിരിച്ചു വന്നു വെറും കയ്യോടെ. സര്‍ ചോദിച്ചു " എന്നാച്ച്‌...ചാക്കില്ലെയാ അങ്കെ". ലീഡര്‍ പറഞ്ഞു "സര്‍ അവിടെ നിറയെ ചാക്കുണ്ട്. പക്ഷെ സാറിനു ചണ ചാക്ക് വേണോ .. അതോ പ്ലാസ്റ്റിക്‌ ചാക്ക് മതിയോ എന്ന് ചോദിക്കാനാ വന്നത്". അത് കേട്ട  സാറിന്റെ അവസ്ഥ എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും ആ സംഭവത്തിന്‌ ശേഷം അവന്‍ "ചാക്ക്" എന്ന അപര നാമത്തില്‍ അറിയപ്പെട്ടു.

2010, ജൂൺ 21, തിങ്കളാഴ്‌ച

വഴിയോര കച്ചവടം

വഴിയില്‍ തിരക്ക് കൂടുന്നതെ ഉള്ളു. വഴിയോരകച്ചവടക്കാര്‍ എല്ലാം അവരവരുടെ കച്ചവട സാധനങ്ങള്‍ യാത്രക്കാര്‍ക്ക് കാണാന്‍ പാകത്തില്‍ നിരത്തി വെച്ചുകൊണ്ടിരിക്കുന്നു. ഒറ്റക്കും കൂട്ടമായും സഞ്ചാരികള്‍ ആ വഴി കടന്നു പോകുന്നുണ്ട്. നദി കടലില്‍ പതിക്കുന്ന ഈ മനോഹര സ്ഥലം സന്ദര്‍ശിക്കാന്‍ സ്വദേശികളും വിദേശികളുമായ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. ഈ വര്ഷം മഴ നേരത്തെ തുടങ്ങിയതിനാല്‍ സഞ്ചാരികളുടെ എണ്ണം പതിവിലും കുറവാണ്. റോഡിലെ ഗട്ടറില്‍ മഴവെള്ളം നിറഞ്ഞു കിടക്കുന്നു. പുഴയോരത്തുകൂടി കടലിന്റെ മുഖം വരെ എത്തുന്ന ഈ പാതയുടെ രണ്ടു വക്കതും നിറയെ കച്ചവടക്കാരാണ്. മുത്തും ചിപ്പിയും കൊണ്ടുള്ള  മാലകളും മറ്റു അലങ്കാരവസ്തുക്കളും തുണിത്തരങ്ങളും ഇലനീര്പന്തലും എന്ന് വേണ്ട  സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ട എല്ലാ സാധനങ്ങളും വില്‍ക്കാന്‍ കച്ചവടക്കാര്‍ ഉണ്ട്. ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ വരുന്ന എല്ലാ സഞ്ചാരികളും ഈ നദി സാഗര സംഗമം കാണാതെ മടങ്ങാറില്ല എന്നതാണ് സത്യം. ആ പ്രദേശമാകെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാകത്തില്‍ മോഡി പിടിപ്പിച്ചിരിക്കുകയാണ്.

പണ്ട് അവിടെ ഉണ്ടായിരുന്ന മത്സ്യ ബന്ധന തൊഴിലാളികളുടെ കൊച്ചു കുടിലുകള്‍ക്ക് പകരം ഇപ്പോള്‍ എല്ലാ സുഖ സൌകര്യങ്ങളോടും കൂടിയ ഹോടലുകള്‍ പൊന്തിയിരിക്കുന്നു. സഞ്ചാരികള്‍ക്കും ,  കച്ചവടക്കാര്‍ക്കും എപ്പോഴും തലവേദന സൃഷ്ടിക്കുന്ന കുറെ തെരുവ് നായകളും, കുറെ തെരുവ് പിള്ളേരും മാത്രമാണ് അവിടെ കാണാന്‍ കഴിയുന്ന മറ്റൊരു കാഴ്ച. സഞ്ചാരികള്‍ക്ക് നിലക്കടല വില്‍ക്കുക, അവരോടു വയറില്‍ തടവി പൈസ തെണ്ടുക, പുഴയോരത്തിരുന്നു ചൂണ്ടയിട്ടു മീന്‍ പിടിക്കുക, തരാം കിട്ടുമ്പോള്‍ വഴികംബോളങ്ങളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുക തുടങ്ങിയവയാണ് അവിടെയുള്ള പിള്ളേരുടെ പ്രധാന ഹോബി. പണ്ട് അവിടങ്ങളില്‍ താമസിച്ചിരുന്ന മീന്‍ പിടുത്തക്കാരുടെ മക്കളോ ചെറു മക്കളോ ആവാം അവര്‍. പുഴയില്‍ നിന്നും മീന്‍ പിടിച്ചു അടുത്തുള്ള തട്ട് കടയിലോ, കല്ല്‌ ഷാപ്പിലോ കൊടുത്താല്‍ നല്ല കാശു കിട്ടും. അത് കൊണ്ട് കൂടുതല്‍ പിള്ളേരും പുഴവക്കത് ചൂണ്ടയിടലില്‍ ഏര്‍പ്പെട്ടിരിക്കും. രാവിലെ മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ സഞ്ചാരികള്‍ കുറവായതിനാല്‍ ആ സമയത്ത് തടസ്സങ്ങള്‍ ഇല്ലാതെ അവര്‍ക്ക് മീന്‍ പിടിക്കാം. മൂന്ന് മണി കഴിഞ്ഞാല്‍ അവിടെ വരുന്ന കച്ചവടക്കാരും ടുറിസം പോലീസുകാരും അവരെ ആട്ടിയോടിക്കും.
ഇപ്പോള്‍ സമയം മൂന്നര ആയിക്കഴിഞ്ഞു.
കുട്ടികള്‍ മിക്കവരും മീന്‍ പിടുത്തം കഴിഞ്ഞു പോയിരിക്കുന്നു. രണ്ടു മൂന്ന് പേര്‍ മാത്രം ഇപ്പോഴും അവിടെ ചൂണ്ട പുഴയിലേക്ക് നീട്ടി പുഴക്കും റോഡിനും ഇടയില്‍ കെട്ടിയുണ്ടാക്കിയ ഉയരം കുറഞ്ഞ മതിലില്‍ ഇരിക്കുന്നുണ്ട്‌. പെട്ടെന്നാണ് ഒരുവന്‍ വളരെ വേഗം ചൂണ്ട പുറത്തേക്കു വലിക്കുന്നത്. അതിന്റെ അറ്റത്ത്‌ സാമാന്യം വലുപ്പമുള്ള ഒരു മീനും ഉണ്ട്. ആ പയ്യന്‍ മീനിനെ ചൂണ്ടയില്‍ നിന്നും ഊരിയെടുത്ത്‌ തറയില്‍ ഇട്ടു. ആ മീനിന്റെ കണ്ണുകള്‍ക്ക്‌ താഴെ നിന്നും ചോര ഒളിക്കുന്നുണ്ട്. അത് താഴെ റോഡില്‍ കിടന്നു പിടക്കുകയാണ്. പുഴയുടെ നേര്‍ക്ക് നാലഞ്ചു വട്ടം അത് ചാടി നോക്കി. മതിലില്‍ ഇടിച്ചു വീണ്ടും റോഡില്‍ തന്നെ വീണു.  വീണ്ടും വീണ്ടും വാശിയോടെ തന്നെ അത് പിടച്ചു ചാടുന്നുണ്ട്. ആ പയ്യന്‍ താനെ ചൂണ്ടയില്‍ മണ്ണിരയെ കോര്‍ത്ത്‌ വീണ്ടും പുഴയിലേക്കെറിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മീന്‍ ചാട്ടം നിര്‍ത്തി. അത് കുറച്ചു നേരം അനങ്ങാതെ കിടന്നു. അപ്പോഴും തന്റെ വായ പലപ്പോഴായി അടച്ചു തുറക്കുന്നുണ്ട്. മീന്‍ കിടക്കുന്നതിന്റെ ഏതാണ്ട് ഒരു മീറ്റര്‍ ദൂരത്താണ് റോഡിലെ ഗട്ടര്‍. ഗട്ടര്‍ കണ്ടിട്ടാണോ എന്നറിയില്ല ആ മീന്‍ ഗട്ടരിനു നേരെ പിടച്ചു ചാടാന്‍ തുടങ്ങി. രണ്ടു ചാട്ടം കഴിനജ്പ്പോഴേ ഗട്ടരിന്റെ വക്കത്ത് അതെത്തി. ഇനി ഒരൊറ്റ ചാട്ടത്തിനു ഗട്ടരിലെ വെള്ളത്തില്‍ ആ മീനിനു ശ്വസിക്കം.

റോഡിന്റെ അക്കരെ  നിന്ന് ഒരു മദാമ്മ ഈ രംഗം കണ്ടു കൊണ്ട് നില്‍ക്കുന്നുണ്ട്. മീന്‍ ഗട്ടരിന്റെ അടുത്തെത്തിയത് കണ്ടു  അവരുടെ മുഖത്ത് ചെറിയ പുഞ്ചിരി നിഴലിക്കാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത്. ആ പയ്യന്‍ മതിലില്‍ നിന്നും ചാടി എഴുന്നേറ്റ് വന്നു മീനിനെ കാലു കൊണ്ട് ചവുട്ടി വീണ്ടും മതിലിന്റെ അടുത്തിട്ടു. മദാമ്മയുടെ മുഖം ചുവന്നു തുടുത്തു. അവര്‍ റോഡു മുറിച്ചു കടന്നു ആ പയ്യന്റെ അടുത്തെത്തി. അവനെ നോക്കി ഇംഗ്ലീഷില്‍ എന്തോ പറഞ്ഞു. അവന്‍ അവരുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ടിരുന്നു. ആ മദാമ്മ അടുത്തുള്ള കച്ചവടക്കാരനെ വിളിച്ചു വരുത്തി. അയാളോട് അവര്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പുലമ്പി. അയാള്‍ ഒരു അവഞ്ജയോടെ താഴെ കിടന്ന മീനിനെയും ആ പയ്യനെയും നോക്കി.
അയാള്‍ പയ്യനോട് ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു. 'എടാ..ഈ മീനിനെ പുഴയിലെ തിരിച്ച എറിയ്'.
പയ്യന്റെ മുഖം വിവര്‍ണമായി.
'പിന്നെ..രാവിലെ മുതല്‍ ഇരുന്നിട്ട് ഇപ്പോല ഒരെന്നതിനെ കിട്ടിയത് അതിനെ തിരിച്ചു തോട്ടിലെരിഞ്ഞാല്‍ ഞാനെന്തു ചെയ്യും'. അവന്‍ പുലമ്പിക്കൊണ്ട് മീനിനെ കയ്യിലെടുത്തു. തറയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ആ മീനിന്റെ കണ്ണുകള്‍ പുഴയിലേക്ക് തന്നെ തുരിച്ചിരുന്നു. അയാള്‍ അവനെ അടിക്കാന്‍ കൈ ഓങ്ങി ക്കൊണ്ട് പറഞ്ഞു. എടാ..നിന്നോടാ പറഞ്ഞത് അതിനെ തോട്ടിലെക്കെരിയാന്‍. അത് കണ്ട മദാമ്മ അയാളെ തടഞ്ഞിട്ടു നൂറു രൂപ നോട്ട് തന്‍റെ മണി പേര്‍സില്‍ നിന്നും എടുത്തി കാട്ടി. ആ പയ്യന്റെ മുഖം വിടര്‍ന്നു. പക്ഷെ അവന്‍ അവരോടെ ഫൈവ് എന്നു കൈ കൊണ്ട്‌ കാണിച്ചു. അവര്‍ക്ക് ആദ്യം ദേഷ്യം വന്നെങ്കിലും. പെര്‍സില്‍ നിന്നും അഞ്ഞൂറു രൂപാ നോട്ടെടുത്തു ആ പയ്യന്റെ കൈയില്‍ കൊടുത്തു. അവന്‍ സന്തോഷത്തോടെ ആ മീനിനെ പുഴയിലേക്കേരിഞ്ഞു. എന്നിട്ടു ഒന്നു തിരിഞ്ഞു പോലും നോക്കാതെ എങ്ങോട്ടോ ഓടി മറഞ്ഞു. ആ മദാമ്മയും കച്ചവടക്കാരനും കൂടി പുഴയിലേക്കു എത്തി നോക്കി.  നിര്‍ജീവമായി പുഴയിലെ ഒഴുക്കിനൊപ്പം പൊങ്ങിതാഴുന്ന ആ മീനിന്റെ കണ്ണുകള്‍ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

2010, ജൂൺ 17, വ്യാഴാഴ്‌ച

മതങ്ങള്‍ സൃഷ്ടിച്ചവന്‍ (ഒരു കവിത )

അവന്‍ പറഞ്ഞു..
എനിക്ക് ഒരു മുള്ള് വേലി ആവശ്യമുണ്ട്
ഒത്തൊരുമിച്ചു വസിക്കുന്ന മര്‍ത്യകുലത്തെ വേര്‍തിരിക്കുവാന്‍...
എനിക്ക് നല്ലൊരു മുഖം മൂടി പണിയണം..
അത്  വിശ്വാസങ്ങള്‍ കൊണ്ട് അലങ്കരിക്കണം.
തുടര്‍ച്ചയായി യുദ്ധങ്ങള്‍ ഉണ്ടാവണം, ഈ വിശ്വാസങ്ങള്‍ കൊമ്പ് കോര്‍ക്കുമ്പോള്‍
വിവേചന ബുദ്ധിയുടെ വേരരുക്കണം  , വിശ്വാസങ്ങള്‍ നിലനില്‍ക്കുവാന്‍.
ചൂഷണങ്ങള്‍ അരങ്ങു വാഴണം, രോഗ പീഡകള്‍ പടര്‍ന്നു പിടിക്കണം
എങ്കിലേ എന്റെ ശബ്ദങ്ങള്‍ ലോകത്തിലെങ്ങും മുഴങ്ങിക്കേള്‍ക്കു.
എങ്കിലേ എന്റെ ആവശ്യം മര്‍ത്യര്‍ മനസ്സിലാക്കൂ..
കോടി മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ അവര്‍ വിളിക്കണം ...എന്റെ ദൈവമേ.....
എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരം
എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റ വാക്ക്
എല്ലാവരും മുട്ടിലിഴയണം...

2010, ജൂൺ 16, ബുധനാഴ്‌ച

സ്വാമി ജീവിതം

സ്വാമിജി ദര്‍ശനത്തിനായി എണ്ണമറ്റ ആരാധകരെ വരവേല്‍ക്കുവാനായി സജ്ജമാക്കിയി ശീതികരിച്ച ആഡംബര ഹാള്‍. അവിടെ ഇവന്‍റ് മാനേജ്മെന്റ് വിദഗ്ദ്ധന്മാര്‍ തയ്യാറാക്കിയ ഹൈ ടെക് സ്റ്റേജ്. സ്റ്റെജിലേക്ക് കടത്തി വിടുന്ന കന്നഞ്ചിപ്പിക്കും വര്‍ണ്ണങ്ങളുടെ മിന്നല്‍ പിണരുകള്‍ . വിശാലമായ സ്റ്റേജിന്റെ ഒരു മൂലയില്‍ ശുഭ്രവസ്ത്രധാരികളായ സുന്ദരിമാരുടെ ഗാനാലാപനം. സ്വാമിജിക്ക് ആരാധകരുടെ മുമ്പില്‍ പ്രത്യക്ഷേപ്പെടാനുള്ള സമയമായി. ഷാമ്പൂ തേച്ചു മിനുക്കിയെടുത്ത നീണ്ട താടി, നീട്ടി വളര്‍ത്തിയ മുടി, ദിസൈനെര്‍സ് തയ്യാറാക്കിയ എക്സ്ക്ലുസിവ് ജുബ്ബ, അതിനൊത്ത മേലങ്കി, മുഖത്ത് നിന്ന് മായാത്ത മന്ദസ്മിതം; ശിഷ്യകളായ സുന്ദരിമാര്‍ സ്വാമിജിയെ സ്റ്റെജിലേക്ക് ആനയിക്കുന്നു. തുടര്‍ന്ന് ഗാനാലാപം ഉച്ചസ്ഥായിയില്‍ എത്തും. ആരാധകര്‍ക്ക് ആനന്ദനൃത്തം ചെയ്യുവാന്‍ പാകത്തിലാണ് ഗാനങ്ങള്‍. നിര്‍വ്രുതിയിലാണ്ട ആരാധകരോട് ശാന്തരാകുവാന്‍ സ്വാമിജി കൈ കൊണ്ട് താളാത്മകമായി ആംഗ്യം കാണിക്കുമെങ്കിലും ഈയവസ്ഥ അഞ്ചു മിനിട്ടെങ്കിലും തുടരുകയാണ് പതിവ്.
                                           അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയാല്‍ സ്വിച് ഓഫ് ചെയ്തത് പോലെ പെട്ടെന്ന് ഹാള്‍ നിശബ്ദമാകും. പ്രഭാഷണം തുടങ്ങിയാല്‍ സ്റ്റേജില്‍ സ്വാമിജി മാത്രം. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ ഭഗവത്ഗീതയെ ഉദ്ധരിച്ചു കൊണ്ട് നാടകീയമായി വ്യാഖാനിക്കും. മാതൃഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കുമെങ്കിലും അത് നാവിനു വഴങ്ങതതുപോലെ അഭിനയിച്ചു ഇംഗ്ലീഷില്‍ പ്രഭാഷണം തുടരും. ഇടയ്ക്കിടെ ചില സംസ്കൃത ശ്ലോകങ്ങള്‍ ഉരുവിടുന്നത് നിര്‍ബന്ധമാണ്‌. പാശ്ചാത്യ ചിന്തകരുടെ ഉദ്ധരണികള്‍ ആണ് ഒഴിച്ചുകൂടാനാവാത്ത ചേരുവ. പ്രഭാഷനത്തിനിടെ സ്റ്റേജിന്റെ വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി ഒരുക്കുന്ന ദീപ പ്രഭ സ്വാമിജിയുടെ മുഖത്തെ വലയം ചെയ്തിരിക്കും. അത് ഇഷ്ടപെടാത്തത് പോലെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുമെങ്കിലും അതൊന്നും വകവെക്കാതെ വലയം സൃഷ്ടിക്കല്‍ തുടരും.
                                               പ്രഭാഷണത്തിന് ശേഷം നേരത്തെ ചുമതലപ്പെടുതിയിരിക്കുന്ന വ്യക്തികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിക്കും. 'പകലിന്‍റെ നിറം എന്താണ്', 'മരണാനന്തരം ജീവിതമുണ്ടോ", 'ആതാസക്ഷാല്‍ക്കാരത്തിനുള്ള  മാര്‍ഗമെന്ത്?'. തുടങ്ങിയവയാണ് പതിവ്. സ്റ്റേജിലെ സിംഹാസനം പോലുള്ള ഇരിപ്പിടത്തില്‍ ഇരുന്നാണ് മറുപടി നല്‍കുക. ഉത്തരങ്ങള്‍ നല്‍കുന്നതിനിടെ ചിലപ്പോള്‍ സ്വാമിജി വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കും. ചിലപ്പോള്‍ ആരോടെന്നില്ലാതെ പുഞ്ചിരിക്കും. ചിലപ്പോള്‍ കൈ വിരലുകള്‍ കൊണ്ട് എന്തെങ്കിലും ആംഗ്യങ്ങള്‍ കാണിചെന്നുമിരിക്കും. ഈ ഭാവങ്ങളുടെ എല്ലാം പൊരുളുകള്‍ വ്യാഖാനിച്ചു കൊടുക്കേണ്ട ചുമതല അടുത്ത ശിഷ്യന്മാരുടെതാണ്. ചടങ്ങുകള്‍ അവസാനിപ്പിച്ച്‌ വിട പറയുന്ന സന്ദര്‍ഭം നാടകീയമാണ്‌. സ്വാമിജിയെ ഒന്ന് തൊടാന്‍, കാല്‍ക്കല്‍ വീഴാന്‍, മുന്‍പില്‍ ചെന്ന് പൊട്ടിക്കരയാന്‍, ഈ രംഗങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനായി ദാരിദ്രരെന്നു തോന്നാവുന്ന ഏതാനും വൃദ്ധകളും വാവിട്ടു കരയാനായി നിലയുരപ്പിച്ചിട്ടുണ്ടാവും. ഇതെല്ലം അകലെ നിന്ന് കണ്ടു ആനന്ദബാഷ്പം ചോരിയുവാനായി ഒരുപറ്റം വിദേശികള്‍ ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥലം പിടിച്ചിരിക്കും. ആരാധകരെ തള്ളി മാറ്റാന്‍ ശ്രമിക്കുന്ന അങ്ങരക്ഷകരോട് അരുതെന്ന് ആംഗ്യ ഭാഷയില്‍ സ്വാമിജി താക്കീത് ചെയ്യുന്നത് കാണുമ്പൊള്‍ ആരാധകര്‍ ഇളകി മറിയും. വില പിടിച്ച വിദേശ കാറിന്റെ പിന്‍സീറ്റിലേക്ക് കാലെടുത്തു വെക്കുന്നതിനു മംപായി ഒന്ന് കൂടി തിരിഞ്ഞുനിന്ന് ആരാധകരെ നോക്കി സൌമ്യമായി കൈകൂപ്പി തൊഴുതു കൊണ്ടാണ് സ്വാമിജി വിട പറയുക.   

ഇത് ഹൈടെക് കാലത്തെ സ്വമിജീവിതത്തിന്റെ മാതൃകയാണ്. പഞ്ചനക്ഷത്ര സൌകര്യങ്ങളോട് കൂടിയ ആശ്രമങ്ങള്‍ സ്വദേശത്തും വിദേശത്തും തരമാക്കി കൊടുക്കുവാന്‍ സ്വമിജിമാര്‍ക്ക് ആരാധകര്‍ ഇഷ്ടം പോലെയാണ്. സെക്രട്ടേറിയത്തില്‍ മുഖ്യമന്ത്രി മുതല്‍ ശിപായിമാര്‍ വരെ വിവധ ഗ്രേഡില്‍ ഉള്ള വ്യക്തികള്‍ ഉള്ളതുപോലെ സ്വമിമാര്‍ക്കിടയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഉന്നത ബിരുദങ്ങള്‍ നേടി  സ്വാമി ജീവിതം തിരഞ്ഞെടുക്കുന്നവര്‍ ഹൈ ടെക് ലൈനിലൂടെ സഞ്ചരിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ സ്വാമിമാര്‍ അവരവരുടെ വീട്ടില്‍ തന്നെ പൂജ മുറികള്‍ ഉണ്ടാക്കി ഭാജനങ്ങളും കീര്‍ത്തനങ്ങളും അത്യാവശ്യം ബാധ ഒഴിപ്പിക്കലും വന്ധ്യതക്ക് പരിഹാരവും ചെയ്തു അവരുടെ ആനന്ദത്തിലേക്കുള്ള വഴി കണ്ടെത്തും. പഞ്ചാംഗങ്ങള്‍ നല്‍കുന്ന അത്യാവശ്യം ജ്യോതിഷവും ഭാവിഫലപ്രവച്ചനവുമാണ് ഇവരുടെ തുരുപ്പു ചീട്ടുകള്‍. ഏതെങ്കിലും രണ്ടു വരി സംസ്കൃത ശ്ലോകം കാണാതെ പഠിച്ചു സന്ദര്‍ഭമനുസരിച്ച്‌ തിരിച്ചും മറിച്ചും വ്യഖാനിക്കാന്‍ പഠിച്ചാല്‍ മഹാജ്ഞാനിയുമാകം.

ചാറ്റിംഗ് - ചില നൂതന ആശയങ്ങള്‍

ചാറ്റിങ്ങ് ക്ലാസ്സ് - 4500 നൂതനാശയങ്ങള്‍ കിട്ടി

ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്‍ക്ക് അത് ജന്മാനാ തന്നെ പൈതൃക
ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ
ആര്‍ജ്ജിച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന
വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് .


അധ്യായം - ഡാ

നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്‍ക്കണം..എന്നാലെ
നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ്
, അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍
തെറ്റിദ്ധരിക്കും

for ex : - iam going da , you come da , poda , same to you da , good
morning da ,

നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന്
വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ
കാലഘട്ടത്തില്‍ പെണ്‍കുട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..

for ex : ഇത് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള സംസാരമാണ് ,

A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daaa

ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും
തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് .


പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ
ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി
ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത്
buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ
ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി
പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന
വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്‍ത്ഥം " laughing out
loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും 
കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ
ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍
നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം ,
പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും
കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി
പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട്
പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്‍ത്ഥോം പര്യായൊമൊക്കെ .


for ex :


how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol




രണ്ടാം അധ്യായം - [chatting special മലയാളം ]


 “കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍
മലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന്
നിര്‍ബന്ധബുദ്ധിയുള്ള മലയാളികള്‍ക്ക് വേണ്ടി മലയാളത്തില്‍
പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍
മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും


good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്


മൂന്നാം അധ്യായം [ American english ]


ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും
മലയാളത്തില്‍ തെറി പോലെ
ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും
പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക ,


for ex - you wanna gonna for a food.

2010, ജൂൺ 14, തിങ്കളാഴ്‌ച

സ്വര്‍ണവും കേരള പെണ്ണുങ്ങളും

സ്വര്‍ണവും കേരള പെണ്ണുങ്ങളും. സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ് ദിനം പ്രതി. പാവപെട്ട രക്ഷിതാക്കള്‍ മകളുടെ സന്തോഷത്തിനു വേണ്ടി കിടക്കാടം പണയം വെച്ചും വട്ടി പലിശ എടുത്തും കല്യാണം നടത്തി അവസാനം ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം അവസ്സനിപ്പികുന്നു. ഉള്ള കിടപ്പാടം വട്ടിപലിശക്കാര്‍ കൊണ്ടുപോകുകയും ചെയ്യും. സ്വര്‍ണത്തിന്റെ വില താമസിയാതെ 15,000 കടക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട് ആരാണ് എന്താണ് നേടുന്നത്.

ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന് 50 പവന്റെ സ്വര്‍ണ്ണം എടുക്കുമ്പോള്‍ ആറു ലക്ഷം രൂപ ആകുമ്പോള്‍, കല്യാണം കഴിഞ്ഞു പത്തു ദിവസ്സവോ ഒരു മാസ്സം കഴിഞ്ഞോ വാങ്ങിയ കടയില്‍ കൊടുക്കുമ്പോള്‍ അവര്‍ തരുന്നത് അഞ്ചു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രവാന്. അതായത് കടക്കാരന് കിട്ടിയത് 50, 000 രൂപ. ഈ ആറു ലെക്ഷം രൂപ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ കുറഞ്ഞത് ആറായിരം രൂപ പലിശ കിട്ടിയേനെ. അതായതു 56,000 രൂപ ലാഭം. സ്വര്‍ണകടകള്‍ തടിച്ചു കൊഴുക്കുന്നു. ഒരു കട തുടങ്ങുന്നവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്‍പതു കടകള്‍ തുടങ്ങുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഒരു മിഥ്യ ധാരണയുണ്ട് അവര്‍ സ്വര്‍ണ്ണം ഇടുമ്പോള്‍ കൂടുതല്‍ സുന്ദരി ആകുവെന്നു. അത് വെറും തോനല്‍ മാത്രവാന്.

കല്യാണം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാര്‍ പറയുക, സ്വര്‍ണത്തിന് പകരം ആ ബപണം ബാങ്കില്‍ ഇട്ടാല്‍ മതിയെന്ന്. മാസ്സം ചെല്ലുതോറും അത് കൂടി കൂടി വരും, കള്ളന്മാരെയും പേടിക്കണ്ട.
സമുദായ നേതാന്ക്കന്മാര്‍ എന്തിനും ഏതിനും ജാതി പറയും. അത് അവരുടെ നിലനില്‍പ്പിന്റെ പ്രസ്നാവാന്. പക്ഷെ പാവപെട്ടവെന്റെ കാര്യത്തില്‍ മുഖം തിരിക്കും. അവര്‍ക്ക് ഈ കാര്യത്തില്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ചെയ്യില്ല. തന്റെ സമുദായത്തിലെ കല്യാണത്തിന് സ്ത്രീധനവായി അഞ്ചു പവനില്‍ കൂടുതല്‍ കൊടുക്കരുത്‌ എന്ന് സര്കുലര്‍ ഇറക്കാന്‍ ഇവര്‍ക്ക് കഴിയും. ഇതിനെ കുറിച്ച് വെള്ളാപ്പള്ളി: കേരളത്തിലും കര്‍ണാടകത്തിലും ആയി എനിക്ക് എട്ടു സ്വര്‍ണ്ണ കടകള്‍ ഉണ്ട്. കല്യാണത്തിന് അഞ്ചു പവനില്‍ കൂടുതല്‍ കൊടുക്കരുത്‌ എന്ന് ഞാന്‍ പറഞ്ഞാല്‍ എങ്ങനെ കച്ചവടം നടുക്കും?. മൈക്രോ ഫിനാന്‍സ് വഴി ഞാന്‍ ഈഴവ സമുദായത്തിലെ പാവപെട്ടവര്‍ക്ക് പണം കുറഞ്ഞ നിരക്കില്‍ കൊടുക്കുന്നുണ്ടല്ലോ. അത് വാങ്ങി അവര്‍ സ്വര്‍ണ്ണം വാങ്ങെട്ടെ. അല്ലാതെ ഈ പാവപെട്ട എന്റെ എട്ടു സ്വര്‍ണ്ണ കട എന്തിനാ അനിയ പൂട്ടികുന്നത്.

നാരായണ പണിക്കര്‍: NSS ന്റെ ബോര്‍ഡ്‌ മെമ്പര്‍ മാര്‍ പലരും സ്വര്‍ണ്ണ കട നടത്തുന്നവര്‍ ആണ്. എന്നെ എതിരില്ലാതെ തിരെഞ്ഞുടുക്കന്നതും അവര്‍ ആണ്. അപ്പോള്‍ ഞാന്‍ അഞ്ചു പവനില്‍ കൂടുതല്‍ സ്ത്രീധനം കൊടുക്കരുത്‌ എന്ന് എങ്ങനെയാണ് സര്കുലര്‍ ഇറക്കുന്നത്‌. സ്ത്രീധനം കൊടുക്കാന്‍ നിവര്തിയില്ലാത്ത വീടിലെ പെണ്‍കുട്ടികളോട് ആരുടെ കൂടെ എങ്കിലും ഒളിച്ചോടാന്‍ പറ. അപ്പോള്‍ തീര്നില്ലേ കാര്യം. അല്ലാതെ സ്വര്‍ണ്ണ കടക്കാരന്റെ കഞ്ഞിയില്‍ മണ്ണ് വാരി ഇടാന്‍ ഞാന്‍ ഇല്ല.

സ്ത്രീധനം കൊടുക്കുന്നത് ഹറാമ് എന്നല്ലേ മുസ്ലിയാരെ പരിശുദ്ധ ഖുറാനില്‍ ‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്ക്ക് ഒരു തീരുമാനം എടുത്തുകൂടെ? . അതുപോലെ പുരുഷന്‍ കല്യാണ സമയത്ത് സ്ത്രീ ക്ക് അല്ലെ കൊടുക്കണ്ടത് എന്ന് പരിശുദ്ധ ഖുറാനില്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീക്ക് കൊടുത്തില്ലെങ്കിലും വേണ്ടില്ല നിക്കാഹ് സമയത്ത് അഞ്ചു പവനില്‍ കൂടുതല്‍ ആകരുത് എന്ന് പറഞ്ഞുകൂടെ? മുസ്ലിയാര്‍: ഖുറാനില്‍ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ മാനവ രാശിയുടെ നല്ലതിന് വേണ്ടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ മഹല്ല് കമ്മറ്റിയുടെ തീരുമാനം കുറഞ്ഞത് നാല് കെട്ടാം എന്നുള്ളത് മാത്രം കര്‍ശനവായി നടപ്പാക്കിയാല്‍ മതിയെന്നാണ്. ബാക്ക്യുള്ള കാര്യത്തില്‍ ഞമ്മള്‍ എന്തിനാ മോനെ തലയിടുന്നത്. സ്വര്‍ണ്ണ കട നടത്തി പത്തു പൈസ ഉണ്ടാക്കുന്നവെന്റെ കഞ്ഞിയില്‍ എന്തിനാ വെറുതെ മണ്ണ് വാരി ഇടുന്നത്‌. ഓന്‍ ജീവിച്ചു പൊക്കോട്ടെ. പണിക്കരു ചേട്ടന്‍ പറഞ്ഞ മാതിരി പാവപെട്ട പെണ്‍കുട്ടികള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോട്ടെ. ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ സമുദായ നേതാക്കന്‍ മാര്‍ ഒറ്റ കെട്ട. മോന്‍ പോകാന്‍ നോക്ക്. ഹിമാറ്.

അച്ചോ, ഈ കല്യാണ സമയത്ത് ഈ സ്വര്‍ണ്ണം വാരി കോരി ഇടുന്നത്‌ ഒന്ന് നിര്തലാകി കൂടെ?. അഞ്ചു പവനില്‍ കൂടുതല്‍ ഇടാന്‍ പാടില്ല എന്ന് ഒരു ഇടയ ലേഖനം ഇറക്കി പാവപെട്ട വീട്ടുകാരെ ഒന്ന് രെക്ഷിച്ചുകൂടെ?. അച്ഛന്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടയുള്ളത് നമ്മുടെ സമുദായത്തിന് ആണ്. അവര്‍ നല്ലയൊരു എമോണ്ട് പള്ളിക്ക് തരുകയും ചെയ്യുന്നുണ്ട്. ഇടക്കിടെ ഓരോ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ആ അവരുടെ കട ഞാന്‍ അടപ്പിക്കണം ഇല്ലെ?. പിശാജെ, ദൂരെ പോ. നിന്നെ ഇനി ഈ പള്ളി പരിസ്സരത് കണ്ടാല്‍ തട്ടാന്‍ ഞാന്‍ ഇടയലേഖനം ഇറക്കും. പാവപെട്ട വീട്ടിലെ സ്ത്രീധനം കൊടുക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാ, മറ്റൊരു സമുദായത്തിലും ഇല്ലാത്ത ഈ കന്യാസ്ത്രീ മഠം എന്ന ഒന്ന് കോടികള്‍ മുടക്കി പണിഞ്ഞു ഇട്ടിരിക്കുന്നത്. അതുകൊണ്ട് കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ പറ. അവര്‍ക്ക് ഒരു ഉപഹാരവും ആകും മടത്തിലെ അച്ഛനമാര്‍ക്കു ഒരു പലഹാരവും ആകും. കര്‍ത്താവെ, കോട്ടൂര്‍ അച്ഛനോട് പൊരുതാലുമ് ഈ വന്നവനോട്‌ പൊറുക്കല്ലേ.
സുഹൃതക്കളെ, ഈ സമുദായ നേതാക്കന്മാര്‍ എന്ന, ജനങ്ങളെ ഊറ്റികുടിച്ചു വളരുന്ന ഇവരില്‍ നിന്നും നമ്മള്‍ നല്ലത് ഒന്നും നോക്കണ്ട. നിങ്ങള്‍ ചെയ്യണ്ടത്, കോളേജില്‍ ആണെങ്കില്‍ ഒരു ഒരു സ്വര്‍ണ രഹിത ക്യാമ്പസ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുക. വളര്‍ന്നു വരുന്ന തലമുറയെങ്കിലും സ്വര്‍ണ്ണ ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കട്ടെ.

2010, ജൂൺ 10, വ്യാഴാഴ്‌ച

ക്ലെപ്ടോമാനിയ

"ഹൈപെര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌" നഗരത്തിലെ ഏറ്റവും തിരക്കുള്ള സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ്. എല്ലാ ദിവസവും അഞ്ചു മണിമുതല്‍ ഒന്‍പതു മണി വരെയാണ് അവിടുത്തെ പീക്ക് ടൈം. നഗരത്തിലെ എല്ലാ ഹൈ ഫൈ തരുണീ മണികളും വീട്ടമ്മമാരും ആ സമയത്താണ് ഷോപ്പിംഗ്‌ എന്ന ഏറ്റവും ഭാരിച്ച ജോലിയില്‍ (അവരുടെ ഭാഷയില്‍) ഏര്‍പ്പെടുന്നത് ഈ സമയത്താണ്. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രിക്കുക എന്നത് സൂപ്പര്‍ മാര്‍ക്കെറ്റിലെ ജോലിക്കാര്‍ക്ക് ഭയങ്കര പ്രയാസമുള്ള ഒന്നായിരുന്നു. എന്നിരുന്നാലും ഹൈപെര്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ നഗരത്തിലെ മറ്റു കടകളെക്കാലും നല്ല സേവനം നല്‍കുന്നതില്‍ വിജയിച്ചിരുന്നു. തിരക്കിനിടയില്‍ പല സാധനങ്ങളും കളവു പോകാതിരിക്കുവാന്‍ വേണ്ടിയുള്ള ഉപകരണങ്ങള്‍ അവിടെ സ്ഥാപിച്ചിരുന്നു.

മാസവരുമാനം പതിനായിരത്തില്‍ താഴെ ഉള്ളവര്‍ക്ക് ഇവിടം ഇപ്പോഴും ഒരു ബലി കേറാമല തന്നെ ആയിരുന്നു. സമയം ഏതാണ്ട് ഏഴു മണിയോട് അടുക്കുന്നു. കടയില്‍ ഭയങ്കര തിരക്കാണു. കൊച്ചമ്മമാരും പിള്ളാരും എല്ലാരും ഷോപ്പിംഗ്‌ മാമാങ്കം നടത്തുന്നു. പെട്ടെന്നാണ് പുറത്തേക്കുള്ള വാതിലില്‍ നിന്നും ശക്തമായി അലാറം മുഴങ്ങാന്‍ തുടങ്ങിയത്. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. അവിടെ ഒരു പെണ്‍കുട്ടി ഏതാണ്ട് പതിനഞ്ചു വയസ്സ് വരുന്ന ഒരു പാവം പെണ്‍കുട്ടി. വിലകുറഞ്ഞ ചുരിദാറും ആഭരണങ്ങളുടെ ആഡംബരം ഒന്നും ഇല്ലാത്ത ഒരു പാവം. സെക്യൂരിറ്റി ഗാര്‍ഡ് ഉടന്‍ തന്നെ അവിടെ പാഞ്ഞെത്തി. ആ പാവത്തിന്റെ ഷാള്‍ പിടിച്ചു പറിക്കാന്‍ തുടങ്ങി. അതിനുള്ളില്‍ നിന്നും ഒരു പാക്കറ്റ് ബ്രെഡ്‌ താഴെ വീണു. ആളുകള്‍ കശപിശ പറയാന്‍ തുടങ്ങി..ഇതിനൊന്നും നാണം ഇല്ലേ..ഫൂ സംസ്കാരമില്ലാത്തവര്‍.....
സംഭവം സെക്യൂരിറ്റി ഗാര്‍ഡ് നന്നായി ഒതുക്കി തീര്‍ത്തു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ എല്ലാം പഴയത് പോലെ ആയി.

വക്കാ.....വക്കാ...... അഫ്രിക....


ലോകം മുഴുവന്‍ ഒരു ബോളായി ചുരുങ്ങുന്ന നാളുകള്‍. ഒരു മൈദാനവും അതിലെ ഇരുപത്തി രണ്ടു കളിക്കര്‍ക്കിടയിലെ ഒരു ചെറിയ പന്തിലേക്ക് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമയം വന്നെത്തി. നാല് വര്‍ഷത്തെ നീണ്ട കാതിരിപ്പിനോടുവല്‍ ലോക കപ്പ്‌ ഫുട് ബോള്‍ മാമാങ്കം സൌത്ത് അഫ്രികയില്‍ നാളെ കൊടിയേരുകയാണ്. മുപ്പത്തി രണ്ടു ടീമുകളിലെ കളിക്കാര്‍ക്കും അവരുടെ കോടിക്കണക്കിനു വരുന്ന ആരാധകര്‍ക്കും ഇനി വിശ്രമമില്ലാത്ത രാപ്പകലുകള്‍. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ എയിഡ്സ് എന്ന മാരക രോഗത്തിന് മാത്രം കുപ്പ്രസിദ്ധിയുള്ള സൌത്ത് ആഫ്രിക്കക്കു ഇത് തങ്ങളുടെ അന്തസ്സ് ഉയര്‍ത്തിക്കാട്ടാനുള്ള വേദി കൂടിയാണ് ഈ ലോക കപ്പ്‌.
ലോകകപ്പ് ഫുട് ബാളില്‍ പ്രവചനങ്ങള്‍ക്കു പ്രസക്തിയില്ല. എന്തും ഇപ്പോഴും എവിടെയും സംഭവിക്കാം. എല്ലാം ലോകോത്തര കളിക്കാര്‍ തന്നെ. മൂന്നാം താരമെന്ന് ഒരു ടീമിനെയും വേര്‍തിരിക്കാന്‍ ആവില്ല. അത്ഭുതങ്ങള്‍ സംഭവിക്കാം. ലോക കപ്പുകളില്‍ സ്ഥിരതയുള്ള പ്രകടനങ്ങള്‍ ഉള്ള ബ്രസ്സില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ടുള്ള ഒരു ടീം. പുറകെ തന്നെ മറഡോണയുടെ അര്‍ജെന്റിന ഉണ്ട്.
മറ്റുള്ള ഇതു ടീമിനെക്കാളും ആരാധകര്‍ ഉള്ളത് ഈ രണ്ടു ടീമുകള്‍ക്കാണ്. കേരളത്തിലെ അങ്ങോളമിങ്ങോലമുള്ള ഫുട്ബോള്‍ ആരാധകര്‍ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. അര്‍ജെന്റിനയും ബ്രസ്സിലും. എന്തുകൊണ്ടാണ് ഈ ലാറ്റിന്‍ അമേരികന്‍ രാജ്യങ്ങള്‍ക്ക് ഇത്രയധികം ആരാധകര്‍ കേരളത്തില്‍ ഉണ്ടായത്? മറഡോണയുടെയും പെലെയുടെയും സാന്നിധ്യം ഈ രണ്ടു ടീമുകളിലും ഉണ്ടായിരുന്നത് കൊണ്ടാണോ? ബാക്കിയുള്ള ടീമുകളിലൊന്നും ഇത്രയും പ്രതിഭാധനരായ കളിക്കാര്‍ ഉണ്ടായിട്ടില്ല എന്നത് വാസ്തവം ആണെങ്കിലും ഇത് മാത്രമല്ല കാരണം.
ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക് ലാറ്റിന്‍ അമേരികയോടുള്ള പ്രിയം തന്നെ ഒരു കാരണമാണ്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലും രാഷ്ട്രീയത്തിലും മലയാളിക്ക് ഒരു പ്രത്യേക താല്പര്യം തന്നെ ഉണ്ട്.
ബ്രസ്സിലോ അര്‍ജെന്റിനയോ ലോകകപ്പ്‌ നെടനെന്നഗ്രഹിക്കാത്ത ഒരു മലയാളിയും ഉണ്ടാവില്ല എന്ന് ചുരുക്കം.

2010, ജൂൺ 8, ചൊവ്വാഴ്ച

സന്തോഷത്തിന്‍റെ പിന്തുടര്‍ച്ച


ജീവിതം സുഖ ദുഃഖ സംമ്രിശ്രമാണ് എന്നൊക്കെ നമ്മള്‍ പറയാറുണ്ടെങ്കിലും സങ്കടങ്ങളില്‍ ഒരിക്കലെങ്കിലും പതറി പോകാത്ത മനുഷ്യര്‍ കുറവായിരിക്കും. ചിലര്‍ ആ സങ്കടങ്ങളെ ഉറച്ച തീരുമാനങ്ങളിലൂടെയും ആത്മവിശ്വസതോടെയുള്ള കധിനധ്വാനവും കൊണ്ട് നേരിടും. ചിലര്‍ തെറ്റുകളിലേക്ക് വഴുതിപ്പോകും. ചിലരാകട്ടെ ആ സങ്കടങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ട് തന്നെ ശിഷ്ട ജീവിതം തള്ളി നീക്കും. ഈ മൂന്നു വിഭാഗങ്ങളിലുള്ള മനുഷ്യരെ കൊണ്ട് നിറഞ്ഞതാണ്‌ ഈ ഭൂമി. ആദ്യ വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ജീവിതത്തില്‍ വിജയം നേടുന്നത്. അവരെ സന്തോഷം ഇപ്പോഴും പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും.

അങ്ങനെ തന്റെ ദുഖങ്ങളിലും കഷ്ടപ്പടുകളിലും സന്തോഷത്തെ പിന്തുടരാന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ ജീവിത കഥയാണ്‌ ഗബ്രിയേല്‍ മുച്ചിനോ സംവിധാനം ചെയ്തു ഹോളിവുഡ് ചിത്രമായ പര്സൂട്ട് ഓഫ് ഹാപ്പിനെസ് പറയുന്നത് . സ്ഥിരം ഹോളിവുഡ് മസാലകള്‍ ഒന്നുമില്ലാത്ത ഒരു ചെറിയ ചിത്രമാണ്‌ ഇത്. അമനുഷനായ നായകനോ, ദൃശ്യ സാങ്കേതിക വിസ്മയങ്ങലോ ഒന്നുമില്ലാത്ത ഈ ചെറിയ ചിത്രം എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ഹോളിവുഡ് സിനിമായത് എന്തുകൊണ്ടാണ്. ചിലപ്പോള്‍ ആ ക്രിസ് ഗാര്‍ഡ്നര്‍ എന്നാ നായകനില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയാവാം.

കഥ നടക്കുന്നത് സാന്‍ഫ്രാന്‍സിസ്കോയില്‍ ആണ്. കാലഘട്ടം 1981 . വളരെ വിദഗ്ധനായ ഒരു സേല്‍സ് മാനാണ് ക്രിസ് ഗാര്‍ഡ്നര്‍ . ഭാര്യ ലിണ്ടയ്ക്കും മകന്‍ ക്രിസ്ടഫരിനും ഒപ്പം സന്ഫ്രാന്‍സിസ്കൊയിലെ ഒരു വാടക വീട്ടിലാണ്‌ താമസം. ക്രിസ് തന്‍റെ മുഴുവന്‍ സമ്പാദ്യവും ഒരു ബോണ്‍ ടെന്‍സിടി സ്കാനര്‍ എന്ന യന്ത്രത്തിന്റെ ഡീലര്‍ ഷിപ്പിന് വേണ്ടി മുടക്കിയിരിക്കുകയാണ്. വളരെയേറെ പ്രതീക്ഷയോടെ ആണ് അവര്‍ ആ സംരംഭം തുടങ്ങിയത്. പക്ഷെ ഈ യന്ത്ര അവര്‍ പ്രതീക്ഷിച്ചത് പോലെ ക്രിസിനു വില്‍ക്കാന്‍ കഴിയാതെ വരുന്നു. അതോടെ കഷ്ടപ്പാടുകള്‍ തുടങ്ങുകയാണ്. മകന്‍റെ ഡേകെര്‍ ഫീസ്‌ കൊടുക്കനമെങ്കിലും, വീട്ടില്‍ പലചരക്ക് സാമാനങ്ങള്‍ വങ്ങനമെങ്കിലും , വാടക കൊടുക്കാനും, നികുതികള്‍ അടക്കാനുമെല്ലാം ക്രിസിനു കഴിയാതെ വരുന്നു. ഈ സമയത്ത് ഭാര്യ ലിണ്ട അവരെ വിട്ടു ന്യൂ യോര്‍കിലേക്ക് പോകുന്നു. കഷ്ടപ്പാടുകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. വീട്ടു വാടക കൊടുക്കതിരുന്നതിനാല്‍ വീട്ടുടമ ക്രിസിനെയും മകനെയും പുറത്താക്കുന്നു.

ആ സമയത്താണ് ക്രിസിനെ ഒരു സ്റ്റോക്ക്‌ ബ്രോക്കിംഗ് കമ്പനിയില്‍ പരിശീലനത്തിനായി ക്ഷണിക്കുന്നത്. ആറുമാസത്തെ ട്രെയിനിംഗ്. ശമ്പളമില്ല, ട്രെയിനിങ്ങില്‍ ഉള്ള ഇരുപതു പേരില്‍ ഒരാള്‍ക്ക് മാത്രമേ ജോലി നല്‍കുകയുള്ളൂ. അവിടേയ്ക്കുള്ള ഇന്‍റെര്‍വ്യൂവിന്‍റെ തലേദിവസം നമ്മുടെ ക്രിസിനു പോലിസ് സ്റ്റേഷനില്‍ കഴിയേണ്ടി വരുന്നു. രാവിലെ ഇന്‍റര്‍വ്യൂവിനു ഹാജരായത് ശെരിക്കും നല്ല വേഷത്തില്‍ ആയിരുന്നില്ല. പക്ഷെ അവിടെയും ക്രിസ് മനോധൈര്യം കൈവിടാതെ ചോദ്യങ്ങള്‍ക്കെല്ലാം നല്ല മറുപടി തന്നെ നല്‍കി. അങ്ങനെ ക്രിസിനു ട്രെയിനിംഗ് തുടങ്ങി.

ഈ അവസരത്തില്‍ താമസിക്കാന്‍ തിരഞ്ഞെടുത്ത ഹോട്ടലില്‍ നിന്നും ക്രിസിനെയും മകനെയും ഉടമ പുറത്താക്കുന്നു. അങ്ങനെ ഒരു രാത്രി മുഴുവന്‍ റെയില്‍വേ സ്റെഷനിലെ ബാത്ത് റൂമില്‍ അവര്‍ക്ക് ചിലവഴിക്കേണ്ടി വരുന്നു. ആ സമയത്ത് മാത്രമാണ് ക്രിസ് തന്‍റെ മകനെ നെഞ്ചോടു ചേര്‍ത്ത് കരയുന്നത്. അടുത്തരാത്രി മുതല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ള സര്‍ക്കാര്‍ വക വിശ്രമസന്കേതത്തില്‍ അവര്‍ക്ക് താമസിക്കേണ്ടി വരുന്നു. ആ സങ്കേതത്തിനു മുമ്പിലുള്ള നീണ്ട ക്യൂ കാണുമ്പോള്‍ ആ നഗരത്തില്‍ ഇത്രയേറെ വീടില്ലാത്തവര് ഉണ്ട് എന്ന് നമുക്ക് മനസ്സിലാകും. രാവിലെ മകനെ ഡേ കേരില്‍ വിട്ടതിനു ശേഷം ഓഫീസില്‍ ട്രെയിനിങ്ങിനായി ക്ര്രിസ് പോകുന്നു. അതിനു ശേഷം തന്‍റെ ബോണ്‍ സ്കാനരുമായി പലയിടത്തും സേല്സിനു പോകുന്നു. അത് കഴിഞ്ഞു കൃത്യം അഞ്ചു മണിക്ക് തന്നെ വിശ്രമ സങ്കേതത്തിലെ നീണ്ട ക്യൂവില്‍ സ്ഥാനം പിടിക്കുന്നു. അങ്ങനെ ജീവിതം ഒരു ഓട്ടപന്തയം ആകുന്ന സമയങ്ങള്‍. ഇതിനിടയില്‍ തന്‍റെ ഒരു സ്കാനര്‍ ഒരു ഹിപ്പി യുവതി മോഷ്ടിക്കുകയും ചെയ്യുന്നു. അത് പിന്നെ ക്രിസ് തന്നെ വീണ്ടെടുക്കുന്നു. ഈ കഷ്ടപ്പാടുകള്‍ക്കിടക്കും ക്രിസ് ഒരു നിമിഷം പോലും തെറ്റുകള്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവന്‍ റോഡിലൂടെ പോകുമ്പോള്‍ അവനെ കടന്നു പോകുന്ന ജനങ്ങളെല്ലാം എത്ര സന്തോഷത്തിലാണ് എന്ന് നോക്കി നെടുവീര്‍പെടുന്നത് വളരെ ഭംഗിയായി വില്‍ സ്മിത്ത് എന്ന നടന്‍ അവതരിപ്പിച്ചിട്ടുണ്ട്.

ട്രെയിനിംഗ് സ്ഥലത്തും അവനു വളരെ ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നു. എല്ലാവരും അവനെ ഒരു രണ്ടാം തരമായിനോക്കി കാണുന്നു. ചായ മേടിക്കാനും, പിസ്സ മേടിക്കനുമൊക്കെ ഇപ്പോഴും ക്രിസിനു പോകേണ്ടി വരുന്നു. പക്ഷെ അവിടെയും അവന്‍ തന്‍റെ സത്യസന്ധതയും അര്‍പ്പണ മനോഭാവവും കൊണ്ട് മേലുദ്യോഗസ്ഥരുടെ പ്രശംസക്ക് പാത്രമാകുകയും ഒടുവില്‍ ആ ജോലി അവനു തന്നെ ലഭിക്കുകയും ചെയ്യുന്നു.

നാമെല്ലാം കാണുന്ന അമേരിക്കന്‍ ആര്‍ഭാട ജീവിതങ്ങല്‍ക്കിടക്ക് കഷ്ടപെടുന്ന ലക്ഷക്കണക്കിന്‌ ആളുകളും അവരുടെ സങ്കടങ്ങലുമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്. ക്രിസ് ഗാര്‍ഡ്നര്‍ ഒരു ചെറിയ ഉദാഹരണം മാത്രമാണ്.

2010, ജൂൺ 7, തിങ്കളാഴ്‌ച

ചില മദ്യ വിചാരങ്ങള്‍


"നല്ല തേങ്ങയുള്ളൊരു തെങ്ങിന്‍റെ മോളിലും കള്ള് തന്നെ മനുജന്നു കൌതുകം"

മദ്യവ്യം മനുഷ്യനും തമ്മില്‍ വല്ലാത്ത ഒരു ആത്മ ബന്ധം ഉണ്ടു. മദ്യത്തിന്‍റെ കണ്ടു പിടുത്തമാണ് മനുഷ്യ രാശിയിലെ ഏറ്റവും ഉള്കൃഷ്ടമായത് എന്ന് മഹാനായ ബഷീര്‍ പറഞ്ഞത് വാസ്തവമാണ്. മദ്യമില്ലാതെ മനുഷ്യന് നിലനില്‍പ്പില്ല എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല സന്ദര്‍ഭങ്ങളിലും നമ്മെ ആ അത്ഭുത പാനീയം വളരെയേറെ സഹായിക്കാറുണ്ട്. അറിയപ്പെടുന്ന കലാകാരന്‍മാരും ഭൂരിപക്ഷം സാഹിത്യ കാരന്മാരും തികഞ്ഞ മദ്യപാനികള്‍ ആയിരുന്നു എന്ന് നമുക്കറിയാം. പലപ്പോഴും ചില മാന്യന്മാര്‍(മദ്യം കൈ കൊണ്ട് പോലും തോടാത്തവര്‍)ചോദിക്കാറുണ്ട് "ദുര്‍ഗന്ധം വമിക്കുന്നതും കയ്പ്പുള്ളതുമായ ഈ വിലകൂടിയ പാനീയം പാനം ചെയ്യുന്നത് കൊണ്ട് എന്ത് ഗുണമാണ് നമുക്ക് ലഭിക്കുന്നത്". ശെരിയാണ്‌ മദ്യത്തിന്‍റെ മണവും രുചിയും അത്ര സുഖമുള്ളതല്ല. അപ്പോള്‍ ഈ ലോകത്തുള്ള മദ്യപാനികള്‍ എത്രമാത്രം കഷ്ടപെട്ടാണ് ഇതു കുടിക്കുന്നത് എന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ? എല്ലാ മദ്യപനികള്‍ക്കും ധാരാളം മദ്യകഥകള്‍ പറയാന്‍ ഉണ്ടാവും. അവയൊക്കെ ലോകസാഹിത്യത്തില്‍ തന്നെ ഇടം പിടിക്കെണ്ടാവയാണ്. അങ്ങനെ ഉള്ള ഒരു ചെറിയ മദ്യകഥ ഇവിടെ ഞാന്‍ പറയുകയാണ്. ഈ കഥയ്ക്ക് ഈയുള്ളവന്റെ ജീവിതവുമായി മാത്രമേ ബന്ധമുള്ളൂ. അത് തികച്ചും മനപൂര്‍വം മാത്രമാണ്.

ഒരു തികഞ്ഞ മദ്യപാനിയെ വാര്‍ത്തെടുക്കുന്നത് അവന്‍റെ ചുറ്റുപാടുകള്‍ ആണ്. അങ്ങനെ ഉള്ള ചുറ്റുപാടുകള്‍ എനിക്ക് അധികമൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ഞാന്‍ ഒരു നല്ല മദ്യപാനി അല്ല. എങ്കിലും എന്റെ കലാലയ ദിവസങ്ങളില്‍ ചില മദ്യപനികളുമായി ചേര്‍ന്ന് അതിന്റെ രസം നുകരാന്‍ അവസരം ലഭിച്ചുട്ടുണ്ട്. അത്തരം അവസരങ്ങളില്‍ എങ്ങു നിന്നെന്നില്ലാത്ത ഒരു വിനയം എന്നെ ഭരിക്കാറുണ്ട് . ആരെയാണ് ബഹുമാനിക്കേണ്ടത് എന്ന് മദ്യപിക്കുന്ന അവസരങ്ങളില്‍ ഞാന്‍ കൂടുതല്‍ ബോധാവനകാറുണ്ട്. എന്‍റെ ഈ വിനയം കണ്ടാണ്‌ എന്‍റെ സുഹൃത്തുക്കള്‍ ഞാന്‍ മദ്യപിച്ചിട്ടുണ്ട്‌ എന്ന് കണ്ടെത്തുന്നത്.

അങ്ങനെ ഒരു ദിവസം ഞങ്ങളുടെ കോളേജിലെ പ്രിന്‍സിപ്പല്‍ കുമുദിനി ടീച്ചര്‍ എന്നെയും എന്റെ സഹ മദ്യപനികളെയും അറസ്റ്റ് ചെയ്തു സ്റ്റാഫ്‌ റൂമില്‍ നിര്‍ത്തി ഉപദേശിക്കുകയാണ്. ഞാന്‍ വിനയം കൊണ്ട് ഭൂമിയോളം താഴ്ന്നങ്ങനെ നില്‍കുകയാണ്‌. അവര്‍ പറഞ്ഞു..

'മദ്യപിക്കുന്നത് മോശമാണെന്ന് ഞാന്‍ പറയുന്നില്ല, മദ്യം മൂന്നുതരത്തില്‍ ആണ് മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് ". എന്റെ ദൈവമേ ഇവരെന്താ ഇലക്ട്രിക്കല്‍ ടെക്നോളജി ക്ലാസ്സ്‌ എടുക്കുന്നോ?? ഞാന്‍ വിചാരിച്ചു..അവര്‍ തുടര്‍ന്നു..
"ഒന്നാമത്തേത് അത് നമ്മുടെ ആരോഗ്യം നശിപ്പിക്കും എന്നത് തന്നെ. പക്ഷെ അത് സാരമാക്കാനില്ല കാരണം എത്ര ശ്രദ്ധിച്ചാലും നമ്മുടെ ആയുസ്സിന്‍റെ കാര്യത്തില്‍ നമുക്ക് ഒന്നും ചെയ്യാനില്ല എന്നത് തന്നെ. രണ്ടാമത്തെ കാര്യവും നിങ്ങള്ക്ക് അറിയാമായിരിക്കും. അത് മദ്യം നമ്മുടെ സമ്പത്ത് ചോര്‍ത്തും എന്നതാണ്. വാസ്തവത്തില്‍ അതും അത്ര കാര്യമാക്കേണ്ടതില്ല. പണം ഇന്ന് വരും നാളെ പോകും എന്നാണല്ലോ പറയുന്നത്. പക്ഷെ മൂന്നാമത്തെ കാര്യം വളരെ പ്രധാനപ്പെട്ട ഒന്നായി നിങ്ങളെ പോലുള്ളവര്‍ ചെറുപ്പക്കാര്‍ മനസ്സില്‍ വെക്കുന്നത് നന്നായിരിക്കും. അതിതാണ് - മദ്യപിചിരിക്കുമ്പോള്‍ ഏതു ഊചാളിയും വന്നു നമ്മളോട് തോളില്‍ കൈയിട്ടു സമന്‍മാരെ പോലെ പെരുമാറും. നോക്കിക്കോളു, നിങ്ങള്‍ മദ്യപാനം തുടര്‍ന്നാല്‍ ഒരു കാലത്ത് ഞാനീ പറയുന്നത് എന്താണെന്നു ശെരിക്കും മനസ്സിലാകും. ആത്മാദരം ഉള്ള ഒരാള്‍ക്ക് മരനതുല്യംയിരിക്കും ആ അനുഭവം"

അന്ന് അതിന്റെ അര്‍ഥം ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് മാത്രമല്ല അത് പറഞ്ഞതിന് അവരോടു പുച്ഛം തോന്നുകയും ചെയ്തു. എല്ലാ വേര്‍തിരിവുകളെയും മറന്നു മനുഷ്യനെ തോളോട് തോള്‍ ചേര്‍ക്കാന്‍ മദ്യത്തിനു കഴിയുമെങ്കില്‍ അത് മദ്യത്തിന്റെ മഹത്വത്തിനെ അല്ലെ സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ സ്വയം ചോദിക്കുകയും ചെയ്തു..

പക്ഷെ, ആ വാക്കുകളുടെ ഗുരുത എന്താണെന്നു ഇന്നെനിക്കറിയാം. മദ്യം പലപ്പോഴും മനുഷ്യന്റെ അന്തസ്സിനെ നശിപ്പിച്ചു കളയുന്നു. അന്തസ്സില്ലാത്ത മനുഷ്യന്‍ എഴുന്നേറ്റു നിന്ന് സംസാരിക്കുന്ന ശവമാല്ലാതെ മറ്റൊന്നുമല്ല.....
ഈ വാക്കുകളുടെ ശക്തിയാവം എന്നെ ഒരു മദ്യപാനി ആകുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്...

മഹാഭാരതത്തില്‍ ആരും ചോദിച്ചിട്ടില്ലാത്ത ഒരു സംശയം


പണ്ട് പണ്ട് ഒരു കുഗ്രാമത്തില്‍ ഒരു വിദ്യാലയം ഉണ്ടായിരുന്നു. അവിടെ വന്നിരുന്ന കുട്ടികള്‍ പലരും വളരെ പാവപ്പെട്ട വീടുകളില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. ഒരു ദിവസം അവിടുത്തെ മാഷ് കുട്ടികള്‍ക്ക് മഹാഭാരത കഥ പറഞ്ഞു കൊടുക്കകയായിരുന്നു .................
ശ്രീകൃഷ്ണ ജനനം വരെ എത്തി കഥ...
മാഷ് :- ദേവകിക്ക് വസുദേവരില്‍ പിറക്കുന്ന എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കും എന്ന അശരീരി കേട്ട് കോപാകുലനായ കംസന്‍ അവരെ കല്‍തുറുങ്കില്‍ അടച്ചു . അങ്ങനെ കുറച്ചുനാള്‍ കഴിഞ്ഞു ഒന്നാമത്തെ കുട്ടി ജനിച്ചു . കംസന്‍ അതിനെ കല്ലിലടിച്ച് കൊന്നു... കുറച്ചു നാള്‍ കഴിഞ്ഞു രണ്ടാമത്തെ കുഞ്ഞും പിറന്നു അതിനെയും കംസന്‍ വകവരുത്തി . കുറച്ചു നാള്‍ കഴിഞ്ഞു മൂന്നാമത്തെ കുഞ്ഞിനേയും അങ്ങനെ കംസന്‍ വധിച്ചു...അങ്ങനെ അങ്ങനെ ഏഴ് കുഞ്ഞുങ്ങളെയും ആ കൃരനായ കംസന്‍ നിര്‍ദയം കൊന്നു....

ഇത്രയുമായപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് ഒരു സംശയം.

അവനു അതങ്ങോട്ട് അന്ഗീകരിക്കുവാന്‍ കഴിയുന്നില്ല അവന്‍ മാഷിനോട് പറഞ്ഞു മാഷെ എനിക്ക് ഈ കഥയില്‍ ഒരു ഭയങ്കര തര്‍ക്കം ഉണ്ടു ..

അപ്പോള്‍ മാഷ് , കുട്ടി ഈ ഭാരതത്തില്‍ ആര്‍ക്കും മഹാഭാരത കഥയില്‍ ഒരു തര്‍ക്കവും ഇല്ല പിന്നെ നിനക്ക് മാത്രം എന്താ ഒരു സന്ദേഹം

നിഷ്കളങ്കതയോടെ ആ കുട്ടി മാഷിനോട് പറഞ്ഞു ...ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രന്‍ തന്നെ കൊല്ലുമെന്ന് കംസന് ആദ്യമേ അറിയാമായിരുന്നിട്ടും എന്തിനാണ് അവരെ ഒരു മുറിയില്‍ തന്നെ അടച്ചിട്ടത് ?????

മാഷ് അപ്പോള്‍ എന്ത് പറഞ്ഞു കാണും എന്ന് അറിയില്ല .......................