വട്ടപ്പേരുകള്‍ അല്ലെങ്കില്‍ ഇരട്ടപ്പേരുകള്‍ നമുക്ക് മറ്റൊരു വ്യക്തിത്വം സമ്മാനിക്കും. ഒരു ഇരട്ടപ്പെരെങ്കിലും ഇല്ലാത്ത മലയാളികള്‍ കുറവാണ്. ഈ പേരുകള്‍ക്കെല്ലാം നമ്മുടെ രൂപവുമായോ, സ്വഭാവവുമായോ അല്ലെങ്കില്‍ ജീവിതത്തിലെ ചില സംഭവങ്ങളും ആയോ തീര്‍ച്ചയായും ബന്ധമുണ്ടാകും. ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളിലും ഓരോ പേര് ഉള്ളവരും ഉണ്ട്. ഒരേ സമയം തന്നെ മൂന്ന് നാലു വട്ടപ്പേരുകള്‍ കൊണ്ട് നടക്കുന്നവരും ഉണ്ട്. നാട്ടില്‍ ഒരു പേര്, ജോലി സ്ഥലത്ത് ഒരു പേര്, കൂട്ടുകാര്‍ക്കിടയില്‍ മറ്റൊരു പേര്. അങ്ങനെ അങ്ങനെ ലിസ്റ്റ് നീണ്ടു പോകും.
ഒരാളുടെ ഇരട്ടപ്പേരിന് അയാളുടെ ജീവിതവുമായി ബന്ധമുണ്ടെന്നു നേരത്തെ പറഞ്ഞുവല്ലോ?. അതുപോലെ എന്‍റെ ഒരു സുഹൃത്തിനു ഒരു വട്ടപ്പേര് വീണു കിട്ടിയ സംഭവം വളരെ രസകരമാണ്. നമ്മുടെ കഥാനായകന്‍ കണിച്ചുകുളങ്ങര ബോയ്സ് സ്കൂളില്‍ എന്‍റെ സഹപാഠി ആയിരുന്നു. കക്ഷിയായിരുന്നു നമ്മുടെ ക്ലാസ്സ് ലീഡര്‍ . ഞങ്ങളെ ഡ്രായിംഗ് പഠിപ്പിച്ചിരുന്ന തങ്കവേല് സര്‍ തമിഴന്‍ ആയിരുന്നു. നമ്മുടെ നായകന്‍ കുറച്ചു ഡംഭന്‍ ആയിരുന്നു എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ. എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്ക്കാന്‍ ആള്‍ക്ക് വല്യ ഉത്സാഹമാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ തങ്കവേല് സര്‍ ക്ലാസ്സില്‍ വന്നു. സാധാരണ അദ്ദേഹം വരുമ്പോള്‍ ചോക്ക് പീസ് കയ്യില്‍ കരുതാറുണ്ട്. അന്ന് എന്തുകൊണ്ടോ അദ്ദേഹം എടുത്തില്ല. വന്നു കുറച്ചു കഴിഞ്ഞു. അപ്പോഴാണ് സര്‍ ചോക്കിന്റെ കാര്യം ഓര്‍ത്തത്. ഉടന്‍ തന്നെ നമ്മുടെ ലീടരിനോട് അദ്ദേഹം പറഞ്ഞു. "ഡേയ്.. സ്റ്റാഫ് റൂമില്‍ പോയി ഒരു ചാക്കെടുത്തിട്ടു വാ". ഉടന്‍ തന്നെ നമ്മുടെ ലീഡര്‍ സ്റ്റാഫ് റൂമിലേക്ക് ഓടി. അല്‍പനേരം കഴിഞ്ഞു അവന്‍ തിരിച്ചു വന്നു വെറും കയ്യോടെ. സര്‍ ചോദിച്ചു " എന്നാച്ച്...ചാക്കില്ലെയാ അങ്കെ". ലീഡര്‍ പറഞ്ഞു "സര്‍ അവിടെ നിറയെ ചാക്കുണ്ട്. പക്ഷെ സാറിനു ചണ ചാക്ക് വേണോ .. അതോ പ്ലാസ്റ്റിക് ചാക്ക് മതിയോ എന്ന് ചോദിക്കാനാ വന്നത്". അത് കേട്ട സാറിന്റെ അവസ്ഥ എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും ആ സംഭവത്തിന് ശേഷം അവന്‍ "ചാക്ക്" എന്ന അപര നാമത്തില്‍ അറിയപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ